/indian-express-malayalam/media/media_files/2025/07/26/weekly-july-2025-26-2025-07-26-13-52-46.jpg)
Weekly Horoscope, December 07-December 13
Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ തൃക്കേട്ട ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിലൂടെ കടന്നുപോവുന്നു. ചൊവ്വ 21 ന് ഞായറാഴ്ച് ധനു രാശിയിൽ പ്രവേശിക്കും. ചൊവ്വയുടെ മൗഢ്യം തുടരുകയാണ്. ബുധനും ശുക്രനും വൃശ്ചിക രാശിയിൽ സഞ്ചരിക്കുന്നു. 24 ന് ബുധനാഴ്ച ശുക്രന് മൗഢ്യം തുടങ്ങും.
വ്യാഴം മിഥുനത്തിൽ വക്രഗതിയിലാണ്. ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നു. രാഹു കുംഭത്തിൽ സ്വന്തം നക്ഷത്രമായ ചതയത്തിലാണ്. കേതു ചിങ്ങം രാശിയിൽ പൂരത്തിലും. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
അശ്വതി
സമ്മിശ്രഫലങ്ങൾ വന്നെത്തുന്ന വാരമാണ്. തീരുമാനിച്ച കാര്യങ്ങൾ ഒട്ടൊക്കെ നടന്നുകിട്ടും. 'പലതുള്ളി പെരുവെള്ളം' എന്ന ചൊല്ലുപോലെ ഒന്നൊന്നായി പല പല കാര്യങ്ങൾ പൂർത്തിയാക്കും. എന്നാൽ അമിതജോലിഭാരം ഉണ്ടാവില്ല. കൂടിയാലോചനകളിൽ ഉചിതമായ നിലപാടുകൾ കൈക്കൊള്ളുന്നതാണ്. ഒപ്പമുള്ളവരുടെ സഹകരണം കുറയില്ല. കുടുംബാന്തരീക്ഷത്തിൽ ചെറിയ സ്വൈരക്കേടുകൾ വന്നെത്താം. പുതുതലമുറക്കാരുടെ വാക്കും കർമ്മവും പ്രഹേളികയാവും. ബുധൻ, വ്യാഴം ദിവസങ്ങളിൽ നവാരംഭങ്ങൾ ഒഴിവാക്കുക ഉചിതം.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
ഭരണി
ആരംഭിച്ച കാര്യങ്ങൾ മുഴുമിപ്പിക്കാനവസരം കൈവരും. തൊഴിലിടത്തിൽ വലിയ സമ്മർദ്ദമുണ്ടാവില്ല. ഒരുപക്ഷേ സഹജമായ കഴിവുകൾ മുഴുവൻ പുറത്തെടുക്കാൻ കഴിഞ്ഞേക്കില്ല. കലാമത്സരങ്ങളിൽ വേണ്ടത്ര ശോഭിക്കാൻ സാധിക്കണമെന്നില്ല. സുഹൃത്തുക്കൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിജയിക്കും. സഹോദരാനുകൂല്യം ഉണ്ടാവും. ഗൃഹത്തിൽ സമാധാനം കുറയില്ലെങ്കിലും ഉറ്റവരുടെ നിർബന്ധശീലം ചൊടിപ്പിക്കാം. ചെലവുകൾ നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല. ചൊവ്വ മുതൽ വ്യാഴം വരെ മൂന്നുദിവസങ്ങൾ കൂടുതൽ കരുതൽ വേണം.
കാർത്തിക
സന്ദർഭത്തിൻ്റെ യാഥാർത്ഥ്യം ഉൾക്കൊണ്ട് പെരുമാറാനാവും. ചുമതലകൾ സമയബന്ധിതമായി പൂർത്തീകരിക്കും. ആത്മവിശ്വാസം വേണ്ടുവോളമുണ്ടായിരിക്കും. സഹപ്രവർത്തകർക്ക് ഉചിതമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്. സംഭാഷണ ശക്തി ആദരിക്കപ്പെടും. ബന്ധുക്കളുടെ ഇടയിൽ സ്വാധീനമേറുന്നതാണ്. തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ കുടുംബത്തിൻ്റെ അഭിപ്രായം ആരായാൻ മറക്കരുത്. കേതുചന്ദ്രയോഗം മനക്ലേശം സൃഷ്ടിക്കാം. വാഹനം ഉപയോഗിക്കുമ്പോൾ നല്ലശ്രദ്ധയുണ്ടാവണം. ആഴ്ചമധ്യത്തിൽ സമ്മർദ്ദങ്ങൾ കൂടാനിടയുണ്ട്.
രോഹിണി
ഔദ്യോഗികമായി സമ്മിശ്രമായ വാരമാണ്. നവാരംഭങ്ങൾ ഉണ്ടായേക്കില്ല. കൂടുതൽ കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് തീർക്കാൻ ബാധ്യസ്ഥരാവും. ബിസിനസ്സിൽ കൂടുതൽ പണം മുടക്കുന്നത് കരുതലോടെയാവണം. നിക്ഷേപങ്ങളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. ചർച്ചകളിൽ നന്നായി കാര്യങ്ങൾ വിശദീകരിക്കും. കുടുംബത്തൊടൊപ്പമുള്ള യാത്രകൾ സന്തോഷമുണ്ടാക്കുന്നതാണ്. ബന്ധുസമാഗമത്തിന് സന്ദർഭം ഭവിക്കും. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കുന്നത് നന്നായിരിക്കും.
മകയിരം
കാര്യവിജയം എളുപ്പമായേക്കില്ല. തൊഴിലിടത്തിൽ സമ്മർദ്ദം ഉണ്ടാവുന്നതാണ്. ആശയക്കുഴപ്പം തുടരുന്നതായിരിക്കും. സുഹൃത്തുക്കളുടെ വാക്കുകൾ വിശ്വസിക്കും. ചില ബന്ധുക്കളുമായുള്ള പിണക്കം തുടരുന്നതാണ്. വ്യാപാരത്തിൽ നിന്നുള്ള ആദായം മോശമാവില്ല. പലവഴിക്കായി പണം ചെലവഴിയുന്നത് തടുക്കാൻ വിഷമിക്കും. രാഷ്ട്രീയ നിലപാടുകൾ എതിർപ്പുകൾ വളർത്താം. ഗാർഹിക രംഗത്ത് സ്വൈരം കുറയും. പരുഷവാക്കുകൾ ഒഴിവാക്കണം. വായ്പകൾ അടച്ചുതീർക്കാൻ കിണഞ്ഞു ശ്രമിക്കുന്നതാണ്.
തിരുവാതിര
ജന്മത്തിൽ വ്യാഴവും ചന്ദ്രനും സഞ്ചരിക്കുകയാൽ വാരാദ്യം കേസരിയോഗം ഭവിക്കുന്നു. മനശ്ശക്തി, കാര്യവിജയം, ഭോഗസുഖം, ആദരണീയത ഇവ ഫലമായിപ്പറയാം. കിട്ടുവാനുള്ള ധനം കൈവശമെത്തുന്നതാണ്. ഒപ്പമുള്ളവരെക്കൊണ്ട് തൻ്റെ തീരുമാനങ്ങൾ നടപ്പിലാക്കിക്കാൻ കഴിഞ്ഞേക്കും. സഹോദരരുമായി ഭിന്നതയ്ക്ക് സാധ്യതയുണ്ട്. ഭൂമിവ്യവഹാരം തുടരപ്പെടുന്നതാണ്. ശത്രുക്കളുണ്ടോ എന്ന ഭയം അലട്ടാം. ധൈര്യപൂർവ്വം അഭിപ്രായം പറയും. രാഷ്ട്രീയ മത്സരങ്ങൾ കടുക്കാം. ആരോഗ്യ ജാഗ്രത അനിവാര്യമാണ്.
പുണർതം
ജന്മനക്ഷത്രത്തിലൂടെ ചന്ദ്രനും വ്യാഴവും സഞ്ചരിക്കുകയാൽ ഗുണദോഷഫലങ്ങൾ അനുഭവപ്പെടും. ഭക്ഷണ സംതൃപ്തി, മതിയായ വിശ്രമം ഇവ ലഭിക്കുന്നതാണ്.
ചില കാര്യങ്ങളിൽ ഉദ്വേഗമുണ്ടാവും. അധികാരികളുടെ അവഗണനയിൽ അസംതൃപ്തി വരുന്നതാണ്. മനസ്സിൻ്റെ ഏകാഗ്രത നിലനിർത്താൻ ശ്രമിക്കും. തൊഴിൽ മേഖലയിൽ ഉത്തരവാദിത്വം കൂടുന്നതാണ്. യാത്രകൾ കൂടും. പ്രയോജനവും പ്രതീക്ഷിക്കാം. നിലപാടുകൾ പരസ്യപ്പെടുത്താൻ മടിക്കില്ല. സാമ്പത്തികമായി മെച്ചമുണ്ടാവും. ശുപാർശകൾ കൊണ്ട് കാര്യസാധ്യമുണ്ടാവും.
പൂയം
തീരുമാനങ്ങളിൽ ചാഞ്ചല്യമുണ്ടാവാം. പ്രതീക്ഷിച്ച ഉപദേശം കിട്ടാത്തതിനാൽ ഉൽക്കണ്ഠക്ക് സാധ്യതയുണ്ട്. പുതിയ കാര്യങ്ങളെക്കുറിച്ച് ചർച്ച നടത്തും. സാങ്കേതിക പരിമിതികൾ മറികടക്കാനായേക്കും. ആഢംബരച്ചെലവുകൾ കുറയ്ക്കണം. വിദ്യാർത്ഥികളെ ആലസ്യം പിടികൂടുന്നതാണ്. എതിർപ്പുകളിൽ തളരില്ല. മറുപടികൾ കൃത്യമായി നൽകും. സഹോദരരെക്കൊണ്ട് ഗുണമുണ്ടാവും. ഉദ്യോഗാർത്ഥികൾ മത്സരപ്പരീക്ഷകൾക്ക് ഒരുക്കം തുടങ്ങുന്നതാണ്. മകളുടെ ജോലിസ്ഥലത്ത് മാതാപിതാക്കൾക്ക് പോയിനിൽക്കേണ്ടി വരാം. ഞായർ, വെള്ളി ദിവസങ്ങൾ ഗുണകരമാവില്ല.
ആയില്യം
ബുധശുക്രയോഗത്താൽ മക്കളുടെ കാര്യത്തിൽ ചില നല്ല തീരുമാനങ്ങൾ ഉണ്ടായേക്കും. ആലോചിച്ചുറപ്പിച്ച കാര്യങ്ങൾ ഭംഗിയായി പ്രാവർത്തികമാക്കാൻ കഴിയും. പന്ത്രണ്ടിലെ ചന്ദ്രഗുരുയോഗം നല്ല കാര്യങ്ങളിൽ ചെലവുണ്ടാക്കും. തീർത്ഥാടന സാധ്യത തള്ളിക്കളയാനാവില്ല. സർക്കാർ കാര്യങ്ങൾക്ക് ആവർത്തിത ശ്രമം വേണ്ടതായുണ്ട്. മനസ്സിനെ വൈക്ലബ്യം ബാധിക്കാതിരിക്കാൻ കരുതൽ വേണം. പ്രണയികൾക്കിടയിൽ തർക്കങ്ങൾ വരാം. ഗൃഹനവീകരണം പൂർത്തിയാവും. രാഷ്ട്രീയ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കാം.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
മകം
നല്ല അനുഭവങ്ങളോടുകൂടി തുടങ്ങുന്ന വാരമാവും. ഞായറാഴ്ച സുഹൽ സമാഗമം, വിരുന്നിൽ പങ്കെടുക്കൽ, ധനലാഭം ഇവയുണ്ടാവാം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അലച്ചിലിന് സാധ്യത കാണുന്നു. മനക്ലേശം വരും. ജോലിഭാരം കൂടുന്നതാണ്. ചെലവിന് പലവഴികൾ വന്നെത്തും. ബുധനും വ്യാഴനും സുഖഭോഗം, ഭക്ഷണതൃപ്തി, ബഹുമാന്യത, പാരിതോഷികലബ്ധി ഇവയുണ്ടാവും. ക്ഷേത്ര ദർശനത്തിന് അവസരം വരാം. വെള്ളി, ശനി ദിവസങ്ങളിൽ സ്വൈരം കുറയാം. സംഭാഷണം വിരോധികളെ സൃഷ്ടിക്കാനിടയുണ്ട്.
പൂരം
ഭാവിയെക്കുറിച്ച് ആലോചന കൂടും. പ്രവൃത്തികളിൽ ശുഷ്കാന്തി കുറയുന്നതാണ്. ഉത്തരവാദിത്വങ്ങൾ പകരക്കാരെ ഏല്പിക്കുന്നത് ദോഷകരമായി വരാം. കലാരംഗത്ത്, മത്സരങ്ങളിൽ വിജയിക്കാനാവും. പ്രണയികൾക്ക് ആഹ്ളാദിക്കാനുള്ള അവസരങ്ങൾ സംജാതമാകും. വ്യാപാരികൾക്കും വ്യവസായികൾക്കും ഈയാഴ്ച കരുതിയ പുരോഗതി ഉണ്ടായേക്കില്ല. കുടുംബകാര്യങ്ങൾക്ക് സമയം കിട്ടുന്നില്ലെന്ന് ഒഴികഴിവുകൾ കാണും. പഠനത്തിൽ ഏകാഗ്രത കുറയാം. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മയുണ്ടാവും.
ഉത്രം
കർമ്മമേഖലയിൽ ന്യായമായ വിധം മുന്നേറാൻ സാധിക്കും. സഹജമായ കഴിവുകൾ തുണയ്ക്കെത്തും. സമയോചിതമായ തീരുമാനങ്ങളും നിർവ്വഹണവും പ്രശംസിക്കപ്പെടും. പുതിയ കാര്യങ്ങൾ ബാലാരിഷ്ടകൾ പിന്നിട്ട് വളരാൻ തുടങ്ങുന്നതാണ്. ഗവേഷകർക്ക് പ്രബന്ധരചനയിൽ മുഴുകാനാവും. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്തുന്നതിൽ വിജയിക്കുന്നതാണ്. ധനവരവ് കുറയില്ല. എന്നാൽ ചെലവുകളിൽ മിതത്വം പാലിക്കുന്നത് ഗുണകരമാവും. ഗൃഹനിർമ്മാണം അല്പം മന്ദഗതിയിലായേക്കും. സുഹൃൽ സമാഗമത്തിൽ പങ്കെടുക്കുന്നതാണ്.
അത്തം
കാര്യങ്ങൾ ഒരുവിധം വരുതിയിലാവും. പ്രവർത്തനത്തിൽ ആത്മവിശ്വാസവും ഏകാഗ്രത പുലർത്തുവാൻ സാധിക്കും. മേലധികാരികളുടെ പ്രീതിനേടുന്നതാണ്. കുടുംബകാര്യങ്ങളിൽ സമാധാനം പ്രതീക്ഷിക്കാം. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ കിട്ടാനിടയുണ്ട്. വായ്പയുടെ തിരിച്ചടവ് സുഗമമാവും. വിരോധികളുടെ കാര്യത്തിൽ ശക്തമായ നിലപാടുകൾ കൈക്കൊള്ളുന്നതാണ്. ബന്ധുക്കളുടെ തർക്കങ്ങളിൽ സ്തുത്യർഹമാംവിധം മാധ്യസ്ഥം വഹിക്കുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെലവധികരിക്കാം.
ചിത്തിര
ഗുണാനുഭവങ്ങൾക്ക് മുൻതൂക്കം കിട്ടുന്ന വാരമാണ്. അറിവ് ആത്മവിശ്വാസമേകുന്നതാണ്. മിക്കകാര്യങ്ങളിലും സ്വതന്ത്രമായ സമീപനം കൈക്കൊള്ളും. ബിസിനസ്സുകാർക്ക് ലാഭം കൂടുന്നതാണ്. വിപണന തന്ത്രങ്ങൾ വിജയിച്ചതിൻ്റെ സന്തോഷമുണ്ടാവും. ചിലരുടെ കൃതഘ്നത വിഷമിപ്പിച്ചേക്കും. വ്യായാമത്തിന് സമയം മാറ്റിവെക്കുമെങ്കിലുംഇടക്കിടെ ആലസ്യം ബാധിക്കുന്നതാണ്. ഗൃഹനിർമ്മാണത്തിന് തയ്യാറെടുക്കും. അന്യദേശത്ത് കഴിയുന്നവരെ തൊഴിൽ പ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. അനാവശ്യമായ തിടുക്കം ഒഴിവാക്കേണ്ടതുണ്ട്.
ചോതി
ഏതാണ്ട് വാരം മുഴുവൻ അനുകൂലഫലങ്ങളാവും. വാഗ്ദാനം പാലിക്കാൻ കഴിയുന്നതിനാൽ സന്തോഷമുണ്ടാവും. സ്വന്തം സ്ഥാപനത്തിന് നവീനശാഖ തുടങ്ങാൻ വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. രാഷ്ട്രീയമായി മെച്ചം വരുന്നതാണ്. മത്സരങ്ങളിൽ മുൻതൂക്കം ഉണ്ടാവും. സാമ്പത്തികമായി സ്വാതന്ത്ര്യമുണ്ടാവും. സമ്മാനം/ പാരിതോഷികം ഇവ ലഭിക്കാം. വിവാദങ്ങളിൽ നിന്നും ബുദ്ധിപൂർവ്വം ഒഴിഞ്ഞു നിൽക്കും. പുതിയ തലമുറയെ കേൾക്കാൻ തയ്യാറായേക്കും. അനുരാഗികൾക്ക് ഭാവിതീരുമാനം കൈക്കൊള്ളാൻ സാധിക്കുന്നതാണ്.
വിശാഖം
കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. വ്യത്യസ്തങ്ങളായ കർമ്മമേഖലകളിൽ ശോഭിക്കുന്നതാണ്. വാക്കും കർമ്മവും ഒന്നായിരിക്കുന്നതിൽ വിജയിക്കും. എന്നാൽ വാക്കുകൾക്ക് പാരുഷ്യം വരാനിടയുണ്ട്. തന്മൂലം ശത്രുക്കളുടെ എണ്ണം കൂടുന്നതാണ്. നഷ്ടപ്പെട്ടുവെന്ന് കരുതിയ രേഖകൾ തിരിച്ചു കിട്ടാം. മത്സരങ്ങളിൽ നിലമെച്ചപ്പെടുത്തും. നറുക്കെടുപ്പ്, ചിട്ടി മുതലായവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. ഭാവിചിന്തകൾ സുഹൃത്തുക്കളോട് പങ്കുവെക്കുന്നതാണ്. വിട്ടുവീഴ്ചാമനോഭാവം ദാമ്പത്യത്തെ സംതൃപ്തമാക്കും.
അനിഴം
സ്ഥാനങ്ങൾക്കും പദവികൾക്കും അവകാശവാദമുന്നയിച്ചേക്കാം. ചിലപ്പോൾ നിയമസഹായം തേടുന്നതാണ്. ആത്മവിശ്വാസം അധികമാവരുത്. ഗവേഷകരുടെ വാക്കുകൾ ശ്രദ്ധിക്കപ്പെടുന്നതാണ്. ഉപകാരം ചെയ്തവർ തന്നെ വിരോധികളായേക്കും. വിവരസാങ്കേതികവിദ്യയിൽ ശോഭിക്കുവാൻ കഴിയുന്നതാണ്. ബിസിനസ്സിൽ നഷ്ടസാധ്യതയും കൂടി വിലയിരുത്തേണ്ടതുണ്ട്. അപരിചിതരുമായി കരാർ ഉറപ്പിക്കുന്നത് ആശാസ്യമല്ല. ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങൾക്ക് ശുഭത്വം കുറയുന്നതാണ്. മുടങ്ങിക്കിടക്കുന്ന വഴിപാടുകൾ നടത്താനാവും.
തൃക്കേട്ട
മത്സരപ്പരീക്ഷ, ഇൻ്റർവ്യൂ എന്നിവയിൽ നന്നായി തിളങ്ങും. ജോലിയില്ലാത്തവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാം. യാഥാർത്ഥ്യ ബോധത്തോടുകൂടിയ പ്രതികരണങ്ങളും നിലപാടുകളും കൈക്കൊള്ളുന്നതായിരിക്കും. പാരമ്പര്യ തൊഴിലുകളിൽ നൂതന സാങ്കേതികവിദ്യ അവലംബിക്കും. സുഹൃത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതാണ്. വാക്കുകൾക്ക് ശക്തി കൂടും. പലപ്പോഴും അപ്രസക്തമായ ആലോചനകളിൽ മുഴുകും. ചുമതലകൾ കുടുംബാംഗങ്ങളെ ഏല്പിക്കാൻ വൈമുഖ്യമുണ്ടാവും. ചൊവ്വാഴ്ച മുതൽ കൂടുതൽ നല്ലഫലങ്ങൾ പ്രതീഷിക്കാം.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മൂലം
സമർപ്പിക്കുന്ന പദ്ധതികൾക്ക് അവസാന നിമിഷം സർക്കാരിൻ്റെ അംഗീകാരം ലഭിക്കാം. ക്ലേശം സഹിച്ചും ദൗത്യം പൂർത്തിയാക്കും. സഹപ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതാണ്. ഊഹാപോഹങ്ങൾക്ക് ചെവികൊടുക്കരുത്. മത്സര വിജയം അനായാസമാവില്ല. മാതാപിതാക്കളുടെ അനിഷ്ടം സമ്പാദിക്കാനിടയുണ്ട്. സമാന ചിന്താഗതിക്കാരുമായി കൂട്ടുകൂടാനാവും. ഗതാഗത നിയമങ്ങൾ തെറ്റിക്കുകയാൽ പിഴ ചുമത്തപ്പെടും. തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് മേന്മ കുറയും. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും തുടരുന്നതാണ്.
പൂരാടം
ആത്മവിശ്വാസത്തോടെ ഉത്തരവാദിത്വം നിറവേറ്റുന്നതാണ്. ഉപജാപങ്ങൾക്ക് മറുപടി നൽകും. ആർഭാടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുമെങ്കിലും കഴിഞ്ഞേക്കില്ല. സ്ഥലം വാങ്ങുന്ന കാര്യത്തിൽ തീരുമാനം വൈകാം. കലാകാരന്മാർക്ക് പ്രതിഫലം കുറയാം. പഠനത്തിൽ ശ്രദ്ധ ചഞ്ചലമാവും. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവും. സഹോദരരുടെ സഹായം ലഭിക്കുന്നതാണ്. പിതാവിൻ്റെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഗാർഹികാധ്വാനം അമിതമായേക്കും. തിങ്കൾ, ചൊവ്വ അഷ്ടമരാശിയാകയാൽ ശുഭാരംഭങ്ങൾക്ക് ഉചിതമല്ല.
ഉത്രാടം
സാഹചര്യങ്ങൾ അനുകൂലമാണ്. കഠിനമെന്ന് കരുതിയ പലതും പ്രതീക്ഷിച്ചതിലും വേഗത്തിൽ ചെയ്യാനാവും. പണവരവ് മോശമാവില്ല. ബിസിനസ്സിൽ പാർട്ണർമാരെ ചേർക്കാൻ ശ്രമിക്കും. എന്നാൽ അക്കാര്യത്തിൽ ഇരുമനസ്സുണ്ടാവും. പൊതുപ്രവർത്തനത്തിൽ വഴിത്തിരിവുണ്ടാവും. കുടുംബത്തോടൊപ്പം ദൂരയാത്രകൾ ആസൂത്രണം ചെയ്യുന്നതാണ്. സഹപാഠികളുടെ യോഗത്തിൽ പങ്കെടുക്കുന്നതാണ്. ആഴ്ചമധ്യത്തിലെ ദിവസങ്ങൾക്ക് ശുഭത്വം കുറയും.
തിരുവോണം
വാരാദ്യം ഉത്സാഹം അനുഭവപ്പെടും. ശുഭവാർത്തകൾ കേൾക്കുന്നതാണ്. തൊഴിൽ രംഗത്ത് മുന്നേറുന്നതിന് അവസരങ്ങൾ ഉണ്ടാവുന്നതായിരിക്കും.ഏറ്റെടുത്ത ഉത്തരവാദിത്വം വിജയിപ്പിക്കും. സാങ്കേതിക വിഷയങ്ങളിൽ കൂടുതൽ അറിവ് സമ്പാദിക്കേണ്ട സ്ഥിതി വരുന്നതാണ്. കരാർ പണികൾ നീട്ടിക്കിട്ടുമോ എന്ന ആശങ്കയുണ്ടാവുന്നതാണ്. സന്ധിസംഭാഷണങ്ങൾക്ക് നിയോഗിക്കപ്പെടും. ഉപരിപഠനത്തിന് ഉതകുന്ന ഹ്രസ്വകാലകോഴ്സിൽ ചേർന്നേക്കും. കക്ഷിരാഷ്ട്രീയത്തോട് വിരക്തിയുണ്ടാവും. പിതൃധനം അനുഭവത്തിൽ വരുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയും.
അവിട്ടം
പാരമ്പര്യത്തെയും പുതുമയേയും സമന്വയിപ്പിക്കാൻ ശ്രമം തുടരുന്നതാണ്. വ്യത്യസ്ത കർമ്മമേഖലകളിൽ പ്രശോഭിക്കാനാവും. മേലധികാരികൾക്ക് കൃത്യമായ വിശദീകരണം നൽകുന്നതാണ്. എതിർ സ്വരങ്ങൾ അസ്വസ്ഥമാക്കാം. നിഷ്പക്ഷ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. ഏജൻസികളിൽ നിന്നും ലാഭം കിട്ടും.കൂടുതൽ നേരം ആലോചനകളിൽ മുഴുകും. കുടുംബകാര്യങ്ങളോർത്ത് അല്പം സന്തോഷം കുറയാം. സെമിനാറുകളിലും ചർച്ചകളിലും ശോഭിക്കുന്നതാണ്.അപ്രസക്ത കാര്യങ്ങൾക്ക് കൂടുതൽ നേരം ചെലവഴിക്കും.
ചതയം
പതിവ് കാര്യങ്ങൾ ഒരുവിധം ഭംഗിയായി നടന്നുകിട്ടും. നിഴൽ പോലെ ആലസ്യം ഉണ്ടാവുന്നതാണ്. അധികാരികളുടെ പ്രോൽസാഹനം ലഭിച്ചേക്കാം. ജീവിതച്ചെലവുകൾ കൂടുന്നതിനാൽ ക്ലേശമുണ്ടാവും. കാര്യനിർവഹണത്തിൽ തടസ്സങ്ങൾ വരാനിടയുണ്ട്. അഭിമാനത്തെ ചോദ്യം ചെയ്യുന്നു എന്ന തോന്നൽ മൂലം ചില കലഹങ്ങൾ ഉദയം ചെയ്യാം. സുതാര്യമായ സമീപനം ചിലർ ചൂഷണം ചെയ്തേക്കാം. ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാകുന്നതാണ്.മകൻ്റെ നിർബന്ധശീലം വ്യകുലതയുണ്ടാക്കും. ചെറുസംരംഭങ്ങളുമായി മുന്നോട്ടുപോകുന്നതാണ്.
പൂരൂരുട്ടാതി
ഉദ്യോഗസ്ഥർക്ക് കൃത്യസമയത്ത് ഓഫീസിൽ നിന്നുമിറങ്ങാൻ സാധിച്ചേക്കില്ല. സങ്കീർണ വിഷയങ്ങളിൽ അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശം സ്വീകരിക്കും. നിശ്ചയിച്ചുറച്ച വിഷയങ്ങളിൽ വ്യതിചലനം വരാം. ഭൂമിയിൽ നിന്നും അനുഭവഗുണം കുറയുന്നതാണ്. ബിസിനസ്സുകാരുടെ വിപണന തന്ത്രങ്ങൾ ഫലം കാണണമെന്നില്ല. കിടപ്പുരോഗികൾക്ക് ആശ്വാസമുണ്ടാവും. മത്സരങ്ങളിൽ ഒരുപാട് വിയർപ്പൊഴുക്കും. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനവസരം ഉണ്ടായേക്കില്ല. അന്യദേശത്തുനിന്നും തീർത്ഥയാത്രക്കായി ജന്മനാട്ടിലേക്ക് വരാം.
ഉത്രട്ടാതി
നീതിയുക്തമായി തീരുമാനങ്ങൾ കൈക്കൊള്ളുകയാൽ ജനകീയത ഉയരും. ഭരണസംവിധാനത്തിൻ്റെ ആനുകൂല്യം ലഭിക്കുന്നതാണ്. കാര്യവിജയത്തിൽ മതിമറക്കരുത്. ഗവേഷകർക്ക് കൂടുതൽ വിഷയങ്ങൾ അറിയേണ്ടായി വരും. ഗഹനമായ വിഷയങ്ങൾ ലളിതമാക്കാൻ ശ്രമം തുടരുന്നതാണ്. നവസംരംഭങ്ങൾക്ക് ഉചിത സന്ദർഭമല്ല. സാമ്പത്തിക അച്ചടക്കം പാലിക്കാനായേക്കില്ല. കലാമത്സരങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ പരിശീലനം ആവശ്യമായേക്കും. കരാറുകളിൽ ഒപ്പിടും മുൻപ് നിയമങ്ങൾ/ നിബന്ധനകൾ കൃത്യമായി അറിയേണ്ടതുണ്ട്.
രേവതി
അപ്രസക്ത കാര്യങ്ങൾ ആലോചിച്ച് കൂട്ടും. പ്രവർത്തനത്തെ ഉദാസീനതയും മടുപ്പും ബാധിച്ചേക്കാം. എല്ലാക്കാര്യങ്ങളിലും സത്യവസ്ഥ അറിഞ്ഞശേഷം പ്രതികരിക്കുകയാവും ഉചിതമാവുക. ആത്മവിശ്വാസം അമിതമാവരുത്. പ്രോജക്ടുകൾക്ക് രജിസ്ട്രേഷൻ ലഭിക്കുന്നതാണ്. വയോജനങ്ങളെ ശുശ്രൂഷിക്കാനായി സമയം കണ്ടെത്തുന്നതാണ്. വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാകാം. അർപ്പണ മനോഭാവം തിരിച്ചറിയപ്പെട്ടേക്കില്ല. വാരമധ്യം മുതൽ കൂടുതൽ നല്ലഫലം വന്നു ചേരുന്നതാണ്. കുടുംബസൗഖ്യത്തിന് വിട്ടുവീഴ്ച വേണ്ടിവന്നേക്കും. സംഘടനയിൽ സ്വാധീനം വർദ്ധിക്കാനിടയുണ്ട്.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us