scorecardresearch

Weekly Horoscope, Dec. 24 - 30, 2023: വാരഫലം, മൂലം മുതൽ രേവതി വരെ

Weekly Horoscope: 2023 ഡിസംബർ 24 ഞായർ മുതൽ 30 ശനി വരെ ഉള്ള ഒരാഴ്ചത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാർക്ക് എങ്ങനെ എന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: 2023 ഡിസംബർ 24 ഞായർ മുതൽ 30 ശനി വരെ ഉള്ള ഒരാഴ്ചത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാർക്ക് എങ്ങനെ എന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope, Rashiphalam, Astrological Predictions December 24 to 30, 2023: ആദിത്യൻ ധനുരാശിയിൽ സഞ്ചരിക്കുന്നു. മൂലം ഞാറ്റുവേലയിലാണ് ആദിത്യൻ. വാരാന്ത്യം പൂരാടം ഞാറ്റുവേല തുടങ്ങും. ചന്ദ്രൻ വെളുത്തപക്ഷത്തിൽ സഞ്ചാരം തുടരുന്നു. ഡിസംബർ 26 ചൊവ്വാഴ്ച പൗർണമിയാണ്. പിറ്റേന്ന് മുതൽ കൃഷ്ണപക്ഷം ആരംഭിക്കുന്നു. ചൊവ്വയുടെ മൗഢ്യം തുടരുകയാണ്. ഡിസംബർ 27 ന്  ധനുരാശിയിൽ പ്രവേശിക്കുന്നു.

Advertisment

ഈയാഴ്ച ബുധൻ വക്രഗതിയായി വൃശ്ചികത്തിൽ പ്രവേശിക്കുന്നു. ശുക്രൻ തുലാത്തിൽ നിന്നും വാരാദ്യം വൃശ്ചികം രാശിയിൽ സംക്രമിക്കുന്നുണ്ട് എന്നതും പ്രസ്താവ്യമാണ്. ശനി കുംഭം രാശിയിൽ ചതയത്തിലാണ്. വ്യാഴം വക്രഗതിയായി മേടം രാശിയിൽ അശ്വതിയിൽ തുടരുന്നു. രാഹു മീനം രാശിയിലും കേതു കന്നിരാശിയിലും പിൻഗതിയായി യാത്ര തുടരുന്നു.

ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറും തിങ്കളും തുലാക്കൂറുകാർക്കും ചൊവ്വയും ബുധനും വ്യാഴം ഉച്ചവരെയും വൃശ്ചികക്കൂറുകാർക്കും വ്യാഴം ഉച്ചയ്ക്ക് ശേഷവും വെള്ളി, ശനി ദിവസങ്ങളിലും ധനുക്കൂറുകാർക്കും അഷ്ടമരാശിക്കൂറ് ആണ്. ജന്മരാശിയുടെ എട്ടാം രാശിയിൽ ചന്ദ്രൻ സഞ്ചരിക്കുന്ന ഏകദേശം രണ്ടേകാൽ ദിവസങ്ങളെയാണ് അഷ്ടമരാശിക്കൂറ് അഥവാ ചന്ദ്രാഷ്ടമം എന്ന് വ്യവഹരിക്കുന്നത്. പ്രായേണ ക്ലേശാനുഭവങ്ങളാവും പ്രസ്തുത ദിവസങ്ങളിലെ അനുഭവമെന്ന് പറയാം.
        
മുകളിൽ വിവരിച്ച ഗ്രഹസ്ഥിതിയുടെ പശ്ചാത്തലത്തിൽ  മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ വിശദമായി പരിശോധിക്കുന്നു.

മൂലം

പ്രണയികൾക്ക് ഹൃദയൈക്യം ഭവിക്കും. ദമ്പതികൾക്കിടയിലെ അനൈക്യത്തിന് ശമനം വരുന്നതാണ്. തൊഴിലിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ കരാറുകളെക്കുറിച്ച് ചിന്തിക്കും. മുതൽമുടക്കുകൾ ഗുണകരമാവുന്നതാണ്. കാര്യാലോചനസഭകളിൽ സ്വാഭിപായം ശക്തമായി അവതരിപ്പിക്കാൻ സാധിക്കും.
 മൃഷ്ടാന്ന ഭോജനസിദ്ധിയും സുഹൃത്തുക്കളുമൊത്ത് വിനോദയാത്രകളും മറ്റു ചില ഫലങ്ങളാണ്. വെള്ളി, ശനി ദിവസങ്ങൾക്ക് മെച്ചം കുറയും. ശുഭാരംഭങ്ങൾക്ക് ഉചിതദിവസങ്ങളല്ല.

പൂരാടം

ബുദ്ധിപരമായ മികവ് പ്രകടിപ്പിക്കും. സാധാരണകാര്യങ്ങൾ മുടക്കം കൂടാതെ നടക്കുന്നതാണ്. കർമ്മരംഗത്തെ ഉദാസീനത നീങ്ങി ഉണർവ്വുണ്ടാവും. വായ്പകളുടെ തിരിച്ചടവ് സാധ്യമാകുന്നതാണ്. കൂട്ടുകച്ചവടം സംബന്ധിച്ച ചർച്ചകളിൽ പുരോഗതിയുണ്ടാവും. ഗാർഹികാന്തരീക്ഷം സമാധാനപൂർണമാകും. കുടുംബയോഗങ്ങളിൽ സംബന്ധിക്കാനാവും. വാരാന്ത്യത്തിൽ സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വേണം. ആരോഗ്യപരമായി ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഉത്രാടം

വീടുവിട്ടു നിൽക്കുന്നവർക്ക് മടക്കം സാധ്യമാകും. യാത്രാതടസ്സം നീങ്ങുന്നതാണ്. സുഹൃൽസമാഗമം സന്തോഷമേകും. കൃത്യനിർവഹണത്തിൽ ഉദാസീനത വരാം. മേലധികാരികളുടെ അപ്രീതിനേടിയേക്കും. അത്യാവശ്യങ്ങൾക്ക് കൈവായ്പ വാങ്ങും. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിച്ചേക്കും.  അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം വീണ്ടും നിരത്തിലിറക്കാൻ സാധിക്കും. സാംക്രമിക രോഗങ്ങൾക്ക് മുൻകരുലെടുക്കണം. വാരാന്ത്യത്തിലെ ദിവസങ്ങളിൽ അലച്ചിലേറും. കലഹവാസന നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.

തിരുവോണം

വാരാദ്യത്തിൽ ചിന്താക്കുഴപ്പമുണ്ടാകും. പ്രതീക്ഷിച്ച കാര്യങ്ങൾ ഫലിക്കണമെന്നില്ല. ചെലവ് കൂടിയേക്കും. കുടുംബാംഗങ്ങൾ പിന്തുണക്കുന്നില്ല എന്ന് തോന്നും. ക്രമേണ സ്ഥിതി മാറിവരുന്നതാണ്. മാനസിക പിരിമുറുക്കത്തിന് അയവുണ്ടാവും.  ന്യായമായ ആവശ്യങ്ങൾക്ക് പണം വന്നെത്തും. ഉപാസനാദികൾക്ക് മുടക്കം വരില്ല. തീർത്ഥയാത്രകൾക്ക് സാധ്യതയുണ്ട്. പേരക്കുട്ടികളുമായി സമയം ചെലവഴിക്കും.

അവിട്ടം

സമ്മിശ്രഫലങ്ങളാവും അനുഭവത്തിൽ വരിക. മകരക്കൂറുകാർക്ക് ചെലവ് അധികരിക്കും. യാത്രകൾ കൊണ്ട് കാര്യസിദ്ധിയുണ്ടാവണമെന്നില്ല. കുംഭക്കൂറുകാർക്ക് ധനപരമായി ഉയർച്ച വന്നുചേരും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി പ്രയാസമില്ലാതെ കൈവരുന്നതാണ്. ദാമ്പത്യത്തിൽ സുഖവും സംതൃപ്തിയും സമാധാനവും ഉണ്ടാവും. അതിഥിസല്ക്കാരത്തിന് സന്ദർഭമുണ്ടാവും. സകുടുംബം ഉല്ലാസയാത്ര നടത്തും. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയാം.

ചതയം

കഴിഞ്ഞ ചില ആഴ്ചകളിലെ അദ്ധ്വാനത്തിന് ഫലം വന്നുചേരും.  ന്യായമായ ആവശ്യങ്ങൾക്ക് സാമ്പത്തികാനുകൂല്യം ഉണ്ടാവും. ബന്ധുക്കളെ സന്ദർശിക്കുവാൻ സമയം കണ്ടെത്തും.  പ്രതീക്ഷിക്കാത്ത വ്യക്തികളിൽ നിന്നും പിന്തുണ ലഭിച്ചേക്കും. കിടപ്പ് രോഗികൾക്ക് തെല്ല് ആശ്വാസം കിട്ടുന്ന വാരമാണ്.  ഗാർഹികജീവിതത്തിൽ സമാധാനം പുലരും.  നൃതനമായിട്ടുള്ള ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. ആത്മീയകാര്യങ്ങൾക്ക് സമയം കണ്ടെത്തും.

പൂരൂരുട്ടാതി

ചന്ദ്രന് ബലമുള്ള ആഴ്ചയാകയാൽ മാനസിക പിരിമുറുക്കം കുറയും. സമചിത്തതയുണ്ടാവും. കാര്യസാധ്യത്തിന് തടസ്സങ്ങളുണ്ടാവില്ല. സുഹൃത്തുക്കളുടെ ഒത്തുചേരൽ സന്തോഷത്തിന് കാരണമാകും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. ദിനചര്യകളിലെ കൃത്യത നഷ്ടമാകാനിടയുണ്ട്. ചിലരുടെ ഉപജാപങ്ങളെ മുൻകൂറായിത്തന്നെ പ്രതിരോധിക്കും. തീർത്ഥാടനത്തിന് അവസരം സിദ്ധിച്ചേക്കും. സാമ്പത്തികമായി ചില അനുകൂലതകൾ വരാം. കൈവായ്പകൾ മടക്കിക്കിട്ടാം.

ഉത്രട്ടാതി

മറ്റുള്ളവരുടെ വാക്കുകളിൽ പ്രകോപിതരാവാം. സമയനിഷ്ഠമായി പല കാര്യങ്ങളും പൂർത്തീകരിക്കാനായേക്കില്ല. മുൻതീരുമാനങ്ങളിൽ നിന്നും പിൻവലിയും. ആലസ്യം ബാധിക്കുന്നതാണ്. അകലങ്ങളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം കിട്ടും. നവമാധ്യമങ്ങളിലെ അഭിപ്രായങ്ങൾ വിമർശിക്കപ്പെടാം. കലാപരമായി സമയം അനുകൂലമാണ്. മാതൃബന്ധുക്കളുമായി അടുപ്പം കൂടും. ചെറുയാത്രകൾ വേണ്ടിവന്നേക്കും. ദമ്പതികൾക്കിടയിൽ പൊരുത്തക്കേടുകൾ വരാം.

രേവതി

സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലമായ മറുപടി ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് കൃത്യനിർവഹണത്തിൽ വിജയിക്കാനാവും. കുടുംബപ്രശ്നങ്ങൾക്ക് നല്ല പരിസമാപ്തി വന്നുചേരുന്നതാണ്. പിതാവിന്റെ ഇഷ്ടത്തിനനുസരിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടേക്കും. മനോബലവും ഉത്സാഹവും ഏറുന്നതാണ്. തർക്കങ്ങളിൽ തോറ്റുകൊടുക്കില്ല. വിദേശത്തുനിന്നും ശുഭവാർത്തകൾ വന്നെത്തും. വാഹനം ഉപയോഗിക്കുന്നതിൽ ഏറ്റവും ശ്രദ്ധ വേണം. 
സാംക്രമിക രോഗങ്ങൾക്കെതിരെ കരുതൽ വേണ്ടതുണ്ട്.

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: