Vrischikam Month 2022 Astrological Predictions for Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: വൃശ്ചികം മാസത്തിൽ സൂര്യൻ വൃശ്ചികം രാശിയിൽ സഞ്ചരിക്കുന്നു. മൂന്നാഴ്ചയോളം ബുധശുക്രന്മാർ വൃശ്ചികത്തിൽ തന്നെയാണ്. ചൊവ്വ വക്രഗതിയായി ഇടവത്തിലും വ്യാഴം മീനത്തിലും ശനി മകരത്തിലുമാണ്. രാഹുവും കേതുവും മേടത്തിലും തുലാത്തിലും സഞ്ചരിക്കുന്നു. വൃശ്ചികം ഒന്നിന് ചന്ദ്രൻ മകം നാളിൽ; മാസാന്ത്യത്തിൽ രാശിചക്രഭ്രമണം ഒരു വട്ടം പൂർത്തിയാക്കി പൂരം നാളിൽ പ്രവേശിക്കുന്നു.
മകരവും വൃശ്ചികവും ചെറിയ മാസങ്ങൾ. 29 ദിവസങ്ങളേയുള്ളൂ. 2022 നവംബർ 17 ന് തുടങ്ങുന്നു, ഡിസംബർ 15 ന് അവസാനിക്കുന്നു. മാസാദ്യം ബുധനും ശുക്രനും മൗഢ്യത്തിലാണ് . പകുതിയോടെ അതുതീരുന്നു. വ്യാഴത്തിന്റെ വക്രസഞ്ചാരം അവസാനിക്കുന്നു, മാസാന്ത്യത്തിൽ എന്നതും ശ്രദ്ധേയമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ വൃശ്ചികം മാസത്തെ നക്ഷത്രഫലം പരിശോധിക്കാം.
മകം: നിലപാടുകൾ മയപ്പെടുത്തേണ്ടിവന്നേക്കും. ദുഷ്കരമായ കടമകൾ ഒരുവിധം ഭംഗിയായി പൂർത്തിയാക്കാനാവും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ ലഭിക്കും. വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. ഗൃഹനിർമ്മാണത്തിനുള്ള അനുമതി അധികാര സ്ഥാപനങ്ങളിൽ നിന്നും നേടും. കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിന് മുഖ്യപങ്ക് വഹിക്കും. സുഖഭോഗങ്ങൾക്കും ആർഭാടത്തിനും ആയി ധനം കണ്ടെത്തും. കലാപരമായ നേട്ടങ്ങൾ, ചെറിയ ആരോഗ്യപ്രശ്നങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. തൊഴിൽരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമോപദേശം തേടാൻ ഇടയുണ്ട്.
പൂരം: കോട്ടങ്ങളും നേട്ടങ്ങളും ഇടകലരും. കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകാം. പഴയ സതീർത്ഥ്യരെ കാണാൻ കഴിയും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. വിജ്ഞാനസമ്പാദനം ശരിയായ ദിശയിലൂടെ നീങ്ങും. പ്രോജക്ടുകൾ സമയബന്ധിതമായി മുഴുമിപ്പിക്കും. എതിർപ്പുകളെ കൂസാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോകും. കിടപ്പുരോഗികൾക്ക് ചെറിയ ആശ്വാസം ലഭിക്കാം. അഷ്ടമവ്യാഴന്റെ പ്രതികൂലതമൂലം ഗുരുക്കന്മാരെ വിരോധിച്ചേക്കാം. സൽകർമ്മങ്ങളിൽ വിളംബം ഭവിക്കാം.
ഉത്രം: വിദ്യാർത്ഥികൾ പഠനത്തിൽ ഉയർച്ച നേടും. പൊതുരംഗത്തുള്ളവർക്ക് ജനങ്ങളുടെ വിശ്വാസം കൈവരും. തെരഞ്ഞെടുപ്പുകളിൽ വിജയിക്കും. ഉദ്യോഗസ്ഥർക്ക് ശമ്പളവർദ്ധന / സ്ഥാനക്കയറ്റം എന്നിവ ശക്തമായ സാധ്യതകളാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വായ്പ ലഭിച്ചേക്കും. പൈതൃക സ്വത്ത് അടുത്ത തലമുറകൾക്ക് നിയമപ്രകാരം കൈമാറാൻ ശ്രമം തുടങ്ങും. നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിച്ച ആദായം ഉണ്ടാവും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം പ്രതീക്ഷിക്കാം. വിവാദങ്ങളിൽ നിന്നും അകലം പാലിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
അത്തം: കർമ്മഗുണം ഉള്ള കാലമാണ്. പുതുസംരംഭങ്ങളുമായി മുന്നോട്ട് പോകും. വ്യാപാരികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യും. പ്രണയം, ഒരു പനിനീർചെടി പോലെ പരിമളം ചൊരിയും. ഗാർഹിക ജീവിതത്തിൽ ശാന്തിയും സന്തോഷവും നിറയും. ചെറുയാത്രകൾ പ്രയോജനമുള്ളതാവും. ധനസ്ഥിതി മോശമാവില്ല. ആത്മിക കാര്യങ്ങളിൽ ആലസ്യമോ തടസ്സമോ വരാം. വിദ്യാർത്ഥികൾ പഠനത്തിലെന്നപോലെ കലാകായിക മത്സരങ്ങളിലും കഴിവ് തെളിയിക്കും.
ചിത്തിര: പുതിയ സൗഹൃദങ്ങൾ പുലരും. കരാർ പണികളിൽ നിന്നും ധനാഭിവൃദ്ധി ഉണ്ടാകും. ആരോഗ്യമുള്ള മനസ്സിന്റെ ഉടമയാണെന്ന് അഭിമാനിക്കാവുന്ന സന്ദർഭങ്ങൾ സംജാതമാകും. സദസ്സുകളിൽ മധുരമായി സംസാരിക്കും. നവീനമായ ഗൃഹോപകരണങ്ങൾ വാങ്ങും. വിനോദപരിപാടികളിൽ സംബന്ധിക്കും. രോഗക്ലിഷ്ടർക്ക് ആശ്വാസത്തിന്റെ ദിനങ്ങളാണ്. ബുധശുക്ര ദശാപഹാരങ്ങളിലൂടെ കടന്നുപോകുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാം.
ചോതി: ജന്മകേതുവും അഷ്ടമകുജനും ചില അസന്തുഷ്ടികൾ സൃഷ്ടിച്ചേക്കാം. ആരോഗ്യപരമായി മെച്ചം കുറഞ്ഞകാലമാണ്. സ്വന്തം നിലപാടുകളെക്കുറിച്ച് സന്ദേഹികളാവും. കുടുംബാംഗങ്ങളുടെ പെരുമാറ്റം വിഷമിപ്പിച്ചേക്കാം. അവിവാഹിതർക്ക് അല്ലകാലം കൂടി കാത്തിരിപ്പ് തുടരേണ്ടിവരും. തൊഴിൽപരമായി ചില അനുകൂലതകൾ പ്രതീക്ഷിക്കാം. സാമ്പത്തികസ്ഥിതി ആശ്വാസം നൽകും. ഭൂമി, വസ്തു, വീട് ഇവയിൽ നിന്നും ആദായം കിട്ടാൻ ചെറിയ കാലം കൂടി കാത്തിരിക്കേണ്ടതുണ്ട്.
വിശാഖം: മുഖ്യതൊഴിലിനൊപ്പം ഉപതൊഴിൽ കൂടി ചെയ്യും. കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തും. ആർഭാടം വെട്ടിക്കുറച്ച് ചെലവ് നിയന്ത്രിക്കും. അധികാരികളുടെ സൗഹൃദം ആസ്വദിക്കും. വൃദ്ധജനങ്ങളുടെ പിന്തുണ സന്തോഷമേകും. മംഗളകർമ്മങ്ങളുടെ മുഖ്യ ചുമതല ഏറ്റെടുക്കും. മുഖരോഗങ്ങൾ (ഇ എൻ ടി) ഉപദ്രവിക്കാം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പ്രതീക്ഷിച്ചത്ര മാർക്ക് നേടാനാകാത്തതിൽ വിഷമം തോന്നാം. കരാർ പണികളിൽ നേട്ടമുണ്ടാകും. മക്കളുടെ കാര്യത്തിനായി ലഘു യാത്രകൾ വേണ്ടിവരാം.
അനിഴം: ജന്മരാശിയിലൂടെ മൂന്ന് ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ ചില ആശയക്കുഴപ്പങ്ങൾ വരാം. വ്യക്തിത്വത്തിൽ സംഘർഷങ്ങൾ ഉടലെടുത്തേക്കും. ആരോഗ്യപ്രശ്നങ്ങളെ വൈദ്യസഹായത്തോടെ നേരിടും. കുടുംബത്തിൽ ചില അനൈക്യങ്ങൾ തല പൊക്കിയേക്കും. ഏഴിലെ ചൊവ്വ പ്രണയികളെ നിരാശപ്പെടുത്താനിടയുണ്ട്. ലാഭഭാവത്തിലേക്കുള്ള ഗുരുദൃഷ്ടി ചെയ്യുന്ന തൊഴിലിൽ ലാഭം വർദ്ധിക്കും എന്നതിന്റെ സൂചനയാണ്. വൈകിയാലും ചിലരുടെ ഉറച്ച സഹകരണം ഉണ്ടാകും എന്നതിന് മൂന്നാം ഭാവത്തിലെ ശനിയാണ് കാരണമാകുന്നത്. വിവേകം കൈവിടാതിരിക്കാൻ പഞ്ചമഭാവത്തിലെ വ്യാഴം സഹായിക്കുന്നു.
തൃക്കേട്ട: മാസത്തിന്റെ ആദ്യ പകുതി കുറച്ചൊക്കെ നിഷ്ക്രിയമാവാം. തീരുമാനിച്ച കാര്യങ്ങൾ തുടങ്ങാൻ അമാന്തിക്കും. രണ്ടാംപകുതി ഏറെ സക്രിയമായിരിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കപ്പെടും. സ്വന്തം ഭാവനയും ബുദ്ധിയും കൃത്യമായി പ്രയോജനപ്പെടുത്തും. സമൂഹത്തിലെ പ്രധാനികളുടെ പിന്തുണ ആവശ്യപ്പെടാതെ തന്നെ വന്നുചേരും. സാങ്കേതിക കാര്യങ്ങളിൽ ഉറച്ച പരിശീലനം നേടും. ആശയ വിനിമയത്തിലൂടെ ഒപ്പമുള്ളവരുടെ ആശങ്കകളകറ്റും. എതിർപ്പുകളെ തൃണവൽഗണിക്കും. സാംക്രമിക രോഗങ്ങൾ, ഭക്ഷ്യവിഷബാധ എന്നിവ ചില സാധ്യതകളാണ്. ആരോഗ്യ ജാഗ്രത അനിവാര്യം.