scorecardresearch
Latest News

Vrischikam Month Horoscope 2022: വൃശ്ചിക മാസഫലം, അശ്വതി മുതൽ ആയില്യം വരെ

Vrischikam Month 2022 Astrological Predictions for Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യം വരെ നാളുകാരുടെ വൃശ്ചികം മാസത്തെ നക്ഷത്രഫലം പരിശോധിക്കാം

horoscope, astrology, iemalayalam

Vrischikam Month 2022 Astrological Predictions for Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: വൃശ്ചികം മാസത്തിൽ സൂര്യൻ വൃശ്ചികം രാശിയിൽ സഞ്ചരിക്കുന്നു. മൂന്നാഴ്ചയോളം ബുധശുക്രന്മാർ വൃശ്ചികത്തിൽ തന്നെയാണ്. ചൊവ്വ വക്രഗതിയായി ഇടവത്തിലും വ്യാഴം മീനത്തിലും ശനി മകരത്തിലുമാണ്. രാഹുവും കേതുവും മേടത്തിലും തുലാത്തിലും സഞ്ചരിക്കുന്നു. വൃശ്ചികം ഒന്നിന് ചന്ദ്രൻ മകം നാളിൽ; മാസാന്ത്യത്തിൽ രാശിചക്രഭ്രമണം ഒരു വട്ടം പൂർത്തിയാക്കി പൂരം നാളിൽ പ്രവേശിക്കുന്നു.

മകരവും വൃശ്ചികവും ചെറിയ മാസങ്ങൾ. 29 ദിവസങ്ങളേയുള്ളൂ. 2022 നവംബർ 17 ന് തുടങ്ങുന്നു, ഡിസംബർ 15 ന് അവസാനിക്കുന്നു. മാസാദ്യം ബുധനും ശുക്രനും മൗഢ്യത്തിലാണ് . പകുതിയോടെ അതുതീരുന്നു. വ്യാഴത്തിന്റെ വക്രസഞ്ചാരം അവസാനിക്കുന്നു, മാസാന്ത്യത്തിൽ എന്നതും ശ്രദ്ധേയമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ വൃശ്ചികം മാസത്തെ നക്ഷത്രഫലം പരിശോധിക്കാം.

അശ്വതി: ആദിത്യൻ അഷ്ടമത്തിലാണെന്നതിനാൽ സർക്കാർ ഇടപാടുകൾ, അനുമതി, ധനസഹായം , ആനുകൂല്യങ്ങൾ എന്നിവ എളുപ്പമാവില്ല. അവ നേടിയെടുക്കാൻ ഒരുപാട് സമയവും ഊർജ്ജവും ചെലവഴിക്കേണ്ടിവന്നേക്കും. ശിരോരോഗങ്ങൾ ഉപദ്രവിച്ചേക്കാം. പിതാവിന്റെ ആരോഗ്യസ്ഥിതി അത്ര മെച്ചപ്പെട്ടതാവില്ല. സ്വയം തൊഴിലിൽ നേട്ടങ്ങളുണ്ടാകും. കുടുംബബന്ധത്തിൽ ഐക്യവും അനൈക്യവും മാറി മാറി കടന്നുവരും. പണം ആവശ്യത്തിന് വന്നെത്തും. കുടുംബസമേതമുളള വിനോദയാത്രകൾ സന്തോഷമേകും. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും.

ഭരണി: ചില ഉൽക്കണ്ഠകൾ സ്വൈരം കെടുത്തും. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ കൂടാം. ആദർശം നടിക്കുന്നവരുടെ വലയിൽ വീഴാനിടയുണ്ട്. ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന പല സന്ദർഭങ്ങൾ വന്നുചേരും. കുടുംബജീവിതത്തിൽ സന്തോഷം ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വിദേശയാത്രയ്ക്ക് അനുമതി കിട്ടണം എന്നില്ല. കലാകാരന്മാർക്ക് അംഗീകാരം ലഭിക്കും. പാദരോഗങ്ങൾക്ക് ചികിത്സ വേണ്ടി വന്നേക്കും.

കാർത്തിക: മേടക്കൂറുകാർക്ക് രാഹുവും ഇടവക്കൂറുകാർക്ക് ചൊവ്വയും പ്രശ്നങ്ങളുടെ പ്രഭവ കേന്ദ്രങ്ങളായേക്കാം. അനാവശ്യമായ തിടുക്കം മൂലം ചില തിരിച്ചടികൾ ഉദയം ചെയ്യാം. പരുഷമായി സംസാരിക്കും. കലഹപ്രവണത കൂടും. ഭൂമിയിൽ നിന്നും ആദായം തുച്ഛമാകും. അവിവാഹിതരുടെ ദാമ്പത്യപ്രവേശം നീളാം. ചിലർക്ക് പ്രതീക്ഷിക്കാത്ത കാര്യങ്ങളിൽ വിജയവും വരുമാനവും ഭവിക്കുന്നതായിരിക്കും. ആരോഗ്യ പരിരക്ഷ അനിവാര്യമാണ്. അനാവശ്യമായ ക്ഷോഭവും സാഹസവും ഒഴിവാക്കുന്നതാവും ഉചിതം.

രോഹിണി: പ്രണയികൾക്ക് അനുരാഗച്ചെടി പുഷ്പസുരഭിലമാകുന്ന കാലമാണ്. തർക്കങ്ങൾ ചെറുതും വലുതും ആയി ആവർത്തിക്കും. ചില മര്യാദകേടുകൾക്ക് ചുട്ടമറുപടി നൽകും. കച്ചവടത്തിൽ നേട്ടങ്ങൾ കൂടും. ഗൃഹനിർമ്മാണം പൂർത്തിയാവും. സാംക്രമികരോഗങ്ങൾക്ക് മുൻകരുതലെടുക്കേണ്ട കാലമാണ്. പണച്ചെലവ് അധികമാവും. സഹോദരരുമായി വിയോജിപ്പുകൾ വരാം. മുൻകൂട്ടി തീരുമാനിക്കുന്ന കാര്യങ്ങൾ സാക്ഷാൽകരിക്കാൻ കഴിയില്ല. എന്നാൽ പെട്ടെന്ന് ചില പ്രധാനകാര്യങ്ങൾ നിർവഹിക്കാനുമാവും.

മകയിരം: നക്ഷത്രനാഥനായ ചൊവ്വയുടെ വക്രഗതി മൂലം പഴയ നിലപാടുകളിൽ നിന്നും പിന്നോട്ടുപോകും. സംരംഭങ്ങൾ തുടങ്ങുന്നത് പിന്നീടത്തേക്കാക്കും. ധനസ്ഥിതി മോശമാവില്ല. ഗൃഹനിർമ്മാണം, ജീർണോദ്ധാരണം, പുരയിടം നന്നാക്കുക തുടങ്ങിയ കാര്യങ്ങൾക്കായി ചെലവുണ്ടാകുന്ന സമയമാണ്. കടബാധ്യത പരിഹരിക്കാൻ ശ്രമം തുടരും. ബന്ധുക്കളുടെ പിന്തുണ വന്നുചേരും. തീർത്ഥാടനയോഗമുണ്ട്. ആരോഗ്യപരിരക്ഷയിൽ ശ്രദ്ധ വേണ്ട കാലമാണ്. കർമ്മരംഗത്ത് മുന്നേറ്റമുണ്ടാകും. ചെറുകിട കച്ചവടക്കാർക്ക് നേട്ടങ്ങൾ വർധിക്കും.

തിരുവാതിര: പ്രവാസജീവിതം നയിക്കുന്നവർക്ക് ജന്മനാട്ടിലേക്ക് വരാൻ കഴിയും. വിദ്യാഭ്യാസത്തിൽ നേട്ടങ്ങൾ വന്നുചേരും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്ത കേൾക്കാനാവും. അഷ്ടമത്തിലെ ശനി സ്ഥിതിമൂലം ദേഹാലസ്യം, പരാശ്രയത്വം, മാനസിക സംഘർഷം എന്നിവ അനുഭവപ്പെടാം. കാര്യവിജയത്തിന് കൂടുതൽ വിയർപ്പൊഴുക്കേണ്ടതായി വന്നേക്കും. ഭൂമി / വസ്തു ഇടപാടുകളിൽ നഷ്ടം സംഭവിക്കാം. സഹോദരബന്ധം രമ്യമായിക്കൊള്ളണം എന്നില്ല. സർക്കാർകാര്യങ്ങൾ കുറച്ചൊക്കെ അനുകൂലമായിവരാം. രോഗപ്രതിരോധശക്തി കുറയുന്ന സമയവുമാണ്.

പുണർതം: ഇച്ഛാജ്ഞാനക്രിയാശക്തികളുടെ ഏകോപനം ദുഷ്കരമായേക്കും. വാക്കുപാലിക്കാൻ കഴിയാത്തത് മനപ്രയാസം ഉണ്ടാക്കും. തൊഴിലിടത്തിൽ സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതായി തോന്നാം. കരാറുകൾ വീണ്ടും പുതുക്കിക്കിട്ടുന്നത് ആശ്വാസത്തിന് കാരണമാകും. ദൂരദിക്കുകളിൽ നിന്നും ശുഭവാർത്തയെത്തും. പരീക്ഷയിൽ അനുമോദനാർഹമായ വിജയം കൈവരിക്കും. ഗൃഹസൗഖ്യം ശരാശരിയായിരിക്കും. വായ്പ / ചിട്ടി എന്നിവയിലൂടെ സാമ്പത്തിക പരാധീനതയ്ക്ക് താൽക്കാലികമായി പരിഹാരം കാണും.

പൂയം: പ്രൊഫഷണലുകൾക്ക് വലിയ വെല്ലുവിളികളെ നേരിടേണ്ടി വരാം. ശത്രുപക്ഷം , കരുതിയതിനേക്കാൾ ശക്തമാണെന്ന് അനുഭവത്തിൽ നിന്നുമറിയും. രാഷ്ട്രീയക്കാർക്ക് വിശ്വാസത കുറഞ്ഞേക്കും. ആർഭാടം ഒഴിവാക്കി ജീവിക്കാൻ തീരുമാനിക്കുമെങ്കിലും ചെലവ് കാര്യമായി കുറഞ്ഞേക്കില്ല. വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് അവസരമുണ്ടാകും. അവിവാഹിതർക്ക് വിവാഹകാര്യത്തിൽ തടസ്സങ്ങൾ തുടർന്നേക്കും. ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്ക് വൈദ്യപരിശോധന വേണ്ടിവരുന്നതായിരിക്കും. കണ്ടകശനിയുടെ പാരുഷ്യം ദാമ്പത്യത്തിൽ പ്രതിഫലിച്ചേക്കാം. വൃശ്ചിക മാസത്തിന്റെ രണ്ടാംപകുതി മുതൽ വ്യാഴത്തിന്റെ വക്രം തീരുന്നതിനാൽ കാര്യങ്ങൾ കൂടുതൽ അനുകൂലമാവാം.

ആയില്യം: സഹിഷ്ണുതയോടെ പ്രവർത്തിക്കേണ്ട കാലമാണ്. കലഹം, വാഗ്വാദം എന്നിവയിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നതാവും ഉചിതം. നാലിലെ കേതുവും അഞ്ചിലെ ആദിത്യനും ഏഴിലെ ശനിയും ചില മനോ വൈഷമ്യങ്ങൾ സൃഷ്ടിച്ചേക്കാം. തോൽവികളെ വിജയത്തിന്റെ ചവിട്ടുപടിയായി കാണാനുള്ള പക്വതയിൽ ചിലപ്പോൾ വിള്ളൽ വീണേക്കാം. കലാകാരന്മാർക്ക് അംഗീകാരം കിട്ടാൻ ഇനിയും കാത്തിരിപ്പ് വേണ്ടിവരും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി ഉണ്ടാവും. ജോലിതേടുന്നവർക്ക് അന്യനാടുകളിൽ ചെറിയ അവസരങ്ങൾ ലഭിക്കാനിടയുണ്ട്. വിവാഹാർത്ഥികൾക്ക് ഇണങ്ങുന്ന ആലോചനകൾ വന്നെത്തും. വൃശ്ചികമാസത്തിന്റെ രണ്ടാംപകുതി മുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Vrischikam month 2022 astrological predictions for aswathi bharani karthika rohini makayiram thiruvathira punartham pooyam ayiylam stars