Vrischikam Month 2022 Astrological Predictions: വൃശ്ചികം മാസത്തിൽ സൂര്യൻ വൃശ്ചികം രാശിയിൽ സഞ്ചരിക്കുന്നു. മൂന്നാഴ്ചയോളം ബുധശുക്രന്മാർ വൃശ്ചികത്തിൽ തന്നെയാണ്. ചൊവ്വ വക്രഗതിയായി ഇടവത്തിലും വ്യാഴം മീനത്തിലും ശനി മകരത്തിലുമാണ്. രാഹുവും കേതുവും മേടത്തിലും തുലാത്തിലും സഞ്ചരിക്കുന്നു. വൃശ്ചികം ഒന്നിന് ചന്ദ്രൻ മകം നാളിൽ; മാസാന്ത്യത്തിൽ രാശിചക്രഭ്രമണം ഒരു വട്ടം പൂർത്തിയാക്കി പൂരം നാളിൽ പ്രവേശിക്കുന്നു.
മകരവും വൃശ്ചികവും ചെറിയ മാസങ്ങൾ. 29 ദിവസങ്ങളേയുള്ളു. 2022 നവംബർ 17 ന് തുടങ്ങുന്നു, ഡിസംബർ 15 ന് അവസാനിക്കുന്നു. മാസാദ്യം ബുധനും ശുക്രനും മൗഢ്യത്തിലാണ് . പകുതിയോടെ അതുതീരുന്നു. വ്യാഴത്തിന്റെ വക്രസഞ്ചാരം അവസാനിക്കുന്നു, മാസാന്ത്യത്തിൽ എന്നതും ശ്രദ്ധേയമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 1198 വൃശ്ചികം മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം പരിശോധിക്കാം.
അശ്വതി: ആദിത്യൻ അഷ്ടമത്തിലാണെന്നതിനാൽ സർക്കാർ ഇടപാടുകൾ, അനുമതി, ധനസഹായം , ആനുകൂല്യങ്ങൾ എന്നിവ എളുപ്പമാവില്ല. അവ നേടിയെടുക്കാൻ ഒരുപാട് സമയവും ഊർജ്ജവും ചെലവഴിക്കേണ്ടിവന്നേക്കും. ശിരോരോഗങ്ങൾ ഉപദ്രവിച്ചേക്കാം. പിതാവിന്റെ ആരോഗ്യസ്ഥിതി അത്ര മെച്ചപ്പെട്ടതാവില്ല. സ്വയം തൊഴിലിൽ നേട്ടങ്ങളുണ്ടാകും. കുടുംബബന്ധത്തിൽ ഐക്യവും അനൈക്യവും മാറി മാറി കടന്നുവരും. പണം ആവശ്യത്തിന് വന്നെത്തും. കുടുംബസമേതമുളള വിനോദയാത്രകൾ സന്തോഷമേകും. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും.
ഭരണി: ചില ഉൽക്കണ്ഠകൾ സ്വൈരം കെടുത്തും. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ കൂടാം. ആദർശം നടിക്കുന്നവരുടെ വലയിൽ വീഴാനിടയുണ്ട്. ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന പല സന്ദർഭങ്ങൾ വന്നുചേരും. കുടുംബജീവിതത്തിൽ സന്തോഷം ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വിദേശയാത്രയ്ക്ക് അനുമതി കിട്ടണം എന്നില്ല. കലാകാരന്മാർക്ക് അംഗീകാരം ലഭിക്കും. പാദരോഗങ്ങൾക്ക് ചികിത്സ വേണ്ടി വന്നേക്കും.
കാർത്തിക: മേടക്കൂറുകാർക്ക് രാഹുവും ഇടവക്കൂറുകാർക്ക് ചൊവ്വയും പ്രശ്നങ്ങളുടെ പ്രഭവ കേന്ദ്രങ്ങളായേക്കാം. അനാവശ്യമായ തിടുക്കം മൂലം ചില തിരിച്ചടികൾ ഉദയം ചെയ്യാം. പരുഷമായി സംസാരിക്കും. കലഹപ്രവണത കൂടും. ഭൂമിയിൽ നിന്നും ആദായം തുച്ഛമാകും. അവിവാഹിതരുടെ ദാമ്പത്യപ്രവേശം നീളാം. ചിലർക്ക് പ്രതീക്ഷിക്കാത്ത കാര്യങ്ങളിൽ വിജയവും വരുമാനവും ഭവിക്കുന്നതായിരിക്കും. ആരോഗ്യ പരിരക്ഷ അനിവാര്യമാണ്. അനാവശ്യമായ ക്ഷോഭവും സാഹസവും ഒഴിവാക്കുന്നതാവും ഉചിതം.
രോഹിണി: പ്രണയികൾക്ക് അനുരാഗച്ചെടി പുഷ്പസുരഭിലമാകുന്ന കാലമാണ്. തർക്കങ്ങൾ ചെറുതും വലുതും ആയി ആവർത്തിക്കും. ചില മര്യാദകേടുകൾക്ക് ചുട്ടമറുപടി നൽകും. കച്ചവടത്തിൽ നേട്ടങ്ങൾ കൂടും. ഗൃഹനിർമ്മാണം പൂർത്തിയാവും. സാംക്രമികരോഗങ്ങൾക്ക് മുൻകരുതലെടുക്കേണ്ട കാലമാണ്. പണച്ചെലവ് അധികമാവും. സഹോദരരുമായി വിയോജിപ്പുകൾ വരാം. മുൻകൂട്ടി തീരുമാനിക്കുന്ന കാര്യങ്ങൾ സാക്ഷാൽകരിക്കാൻ കഴിയില്ല. എന്നാൽ പെട്ടെന്ന് ചില പ്രധാനകാര്യങ്ങൾ നിർവഹിക്കാനുമാവും.
മകയിരം: നക്ഷത്രനാഥനായ ചൊവ്വയുടെ വക്രഗതി മൂലം പഴയ നിലപാടുകളിൽ നിന്നും പിന്നോട്ടുപോകും. സംരംഭങ്ങൾ തുടങ്ങുന്നത് പിന്നീടത്തേക്കാക്കും. ധനസ്ഥിതി മോശമാവില്ല. ഗൃഹനിർമ്മാണം, ജീർണോദ്ധാരണം, പുരയിടം നന്നാക്കുക തുടങ്ങിയ കാര്യങ്ങൾക്കായി ചെലവുണ്ടാകുന്ന സമയമാണ്. കടബാധ്യത പരിഹരിക്കാൻ ശ്രമം തുടരും. ബന്ധുക്കളുടെ പിന്തുണ വന്നുചേരും. തീർത്ഥാടനയോഗമുണ്ട്. ആരോഗ്യപരിരക്ഷയിൽ ശ്രദ്ധ വേണ്ട കാലമാണ്. കർമ്മരംഗത്ത് മുന്നേറ്റമുണ്ടാകും. ചെറുകിട കച്ചവടക്കാർക്ക് നേട്ടങ്ങൾ വർദ്ധിക്കും.
തിരുവാതിര: പ്രവാസജീവിതം നയിക്കുന്നവർക്ക് ജന്മനാട്ടിലേക്ക് വരാൻ കഴിയും. വിദ്യാഭ്യാസത്തിൽ നേട്ടങ്ങൾ വന്നുചേരും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്ത കേൾക്കാനാവും. അഷ്ടമത്തിലെ ശനി സ്ഥിതിമൂലം ദേഹാലസ്യം, പരാശ്രയത്വം, മാനസിക സംഘർഷം എന്നിവ അനുഭവപ്പെടാം. കാര്യവിജയത്തിന് കൂടുതൽ വിയർപ്പൊഴുക്കേണ്ടതായി വന്നേക്കും. ഭൂമി / വസ്തു ഇടപാടുകളിൽ നഷ്ടം സംഭവിക്കാം. സഹോദരബന്ധം രമ്യമായിക്കൊള്ളണം എന്നില്ല. സർക്കാർകാര്യങ്ങൾ കുറച്ചൊക്കെ അനുകൂലമായിവരാം. രോഗപ്രതിരോധശക്തി കുറയുന്ന സമയവുമാണ്.
പുണർതം: ഇച്ഛാജ്ഞാനക്രിയാശക്തികളുടെ ഏകോപനം ദുഷ്കരമായേക്കും. വാക്കുപാലിക്കാൻ കഴിയാത്തത് മനപ്രയാസം ഉണ്ടാക്കും. തൊഴിലിടത്തിൽ സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതായി തോന്നാം. കരാറുകൾ വീണ്ടും പുതുക്കിക്കിട്ടുന്നത് ആശ്വാസത്തിന് കാരണമാകും. ദൂരദിക്കുകളിൽ നിന്നും ശുഭവാർത്തയെത്തും. പരീക്ഷയിൽ അനുമോദനാർഹമായ വിജയം കൈവരിക്കും. ഗൃഹസൗഖ്യം ശരാശരിയായിരിക്കും. വായ്പ / ചിട്ടി എന്നിവയിലൂടെ സാമ്പത്തിക പരാധീനതയ്ക്ക് താൽക്കാലികമായി പരിഹാരം കാണും.
പൂയം: പ്രൊഫഷണലുകൾക്ക് വലിയ വെല്ലുവിളികളെ നേരിടേണ്ടി വരാം. ശത്രുപക്ഷം , കരുതിയതിനേക്കാൾ ശക്തമാണെന്ന് അനുഭവത്തിൽ നിന്നുമറിയും. രാഷ്ട്രീയക്കാർക്ക് വിശ്വാസത കുറഞ്ഞേക്കും. ആർഭാടം ഒഴിവാക്കി ജീവിക്കാൻ തീരുമാനിക്കുമെങ്കിലും ചെലവ് കാര്യമായി കുറഞ്ഞേക്കില്ല. വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് അവസരമുണ്ടാകും. അവിവാഹിതർക്ക് വിവാഹകാര്യത്തിൽ തടസ്സങ്ങൾ തുടർന്നേക്കും. ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്ക് വൈദ്യപരിശോധന വേണ്ടിവരുന്നതായിരിക്കും. കണ്ടകശനിയുടെ പാരുഷ്യം ദാമ്പത്യത്തിൽ പ്രതിഫലിച്ചേക്കാം. വൃശ്ചിക മാസത്തിന്റെ രണ്ടാംപകുതി മുതൽ വ്യാഴത്തിന്റെ വക്രം തീരുന്നതിനാൽ കാര്യങ്ങൾ കൂടുതൽ അനുകൂലമാവാം.
ആയില്യം: സഹിഷ്ണുതയോടെ പ്രവർത്തിക്കേണ്ട കാലമാണ്. കലഹം, വാഗ്വാദം എന്നിവയിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നതാവും ഉചിതം. നാലിലെ കേതുവും അഞ്ചിലെ ആദിത്യനും ഏഴിലെ ശനിയും ചില മനോ വൈഷമ്യങ്ങൾ സൃഷ്ടിച്ചേക്കാം. തോൽവികളെ വിജയത്തിന്റെ ചവിട്ടുപടിയായി കാണാനുള്ള പക്വതയിൽ ചിലപ്പോൾ വിള്ളൽ വീണേക്കാം. കലാകാരന്മാർക്ക് അംഗീകാരം കിട്ടാൻ ഇനിയും കാത്തിരിപ്പ് വേണ്ടിവരും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി ഉണ്ടാവും. ജോലിതേടുന്നവർക്ക് അന്യനാടുകളിൽ ചെറിയ അവസരങ്ങൾ ലഭിക്കാനിടയുണ്ട്. വിവാഹാർത്ഥികൾക്ക് ഇണങ്ങുന്ന ആലോചനകൾ വന്നെത്തും. വൃശ്ചികമാസത്തിന്റെ രണ്ടാംപകുതി മുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം.
മകം: നിലപാടുകൾ മയപ്പെടുത്തേണ്ടിവന്നേക്കും. ദുഷ്കരമായ കടമകൾ ഒരുവിധം ഭംഗിയായി പൂർത്തിയാക്കാനാവും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ ലഭിക്കും. വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. ഗൃഹനിർമ്മാണത്തിനുള്ള അനുമതി അധികാര സ്ഥാപനങ്ങളിൽ നിന്നും നേടും. കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിന് മുഖ്യപങ്ക് വഹിക്കും. സുഖഭോഗങ്ങൾക്കും ആർഭാടത്തിനും ആയി ധനം കണ്ടെത്തും. കലാപരമായ നേട്ടങ്ങൾ, ചെറിയ ആരോഗ്യപ്രശ്നങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. തൊഴിൽരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമോപദേശം തേടാൻ ഇടയുണ്ട്.
പൂരം: കോട്ടങ്ങളും നേട്ടങ്ങളും ഇടകലരും. കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകാം. പഴയ സതീർത്ഥ്യരെ കാണാൻ കഴിയും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. വിജ്ഞാനസമ്പാദനം ശരിയായ ദിശയിലൂടെ നീങ്ങും. പ്രോജക്ടുകൾ സമയബന്ധിതമായി മുഴുമിപ്പിക്കും. എതിർപ്പുകളെ കൂസാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോകും. കിടപ്പുരോഗികൾക്ക് ചെറിയ ആശ്വാസം ലഭിക്കാം. അഷ്ടമവ്യാഴന്റെ പ്രതികൂലതമൂലം ഗുരുക്കന്മാരെ വിരോധിച്ചേക്കാം. സൽകർമ്മങ്ങളിൽ വിളംബം ഭവിക്കാം.
ഉത്രം: വിദ്യാർത്ഥികൾ പഠനത്തിൽ ഉയർച്ച നേടും. പൊതുരംഗത്തുള്ളവർക്ക് ജനങ്ങളുടെ വിശ്വാസം കൈവരും. തെരഞ്ഞെടുപ്പുകളിൽ വിജയിക്കും. ഉദ്യോഗസ്ഥർക്ക് ശമ്പളവർദ്ധന / സ്ഥാനക്കയറ്റം എന്നിവ ശക്തമായ സാധ്യതകളാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വായ്പ ലഭിച്ചേക്കും. പൈതൃക സ്വത്ത് അടുത്ത തലമുറകൾക്ക് നിയമപ്രകാരം കൈമാറാൻ ശ്രമം തുടങ്ങും. നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിച്ച ആദായം ഉണ്ടാവും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം പ്രതീക്ഷിക്കാം. വിവാദങ്ങളിൽ നിന്നും അകലം പാലിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
അത്തം: കർമ്മഗുണം ഉള്ള കാലമാണ്. പുതുസംരംഭങ്ങളുമായി മുന്നോട്ട് പോകും. വ്യാപാരികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യും. പ്രണയം, ഒരു പനിനീർചെടി പോലെ പരിമളം ചൊരിയും. ഗാർഹിക ജീവിതത്തിൽ ശാന്തിയും സന്തോഷവും നിറയും. ചെറുയാത്രകൾ പ്രയോജനമുള്ളതാവും. ധനസ്ഥിതി മോശമാവില്ല. ആത്മിക കാര്യങ്ങളിൽ ആലസ്യമോ തടസ്സമോ വരാം. വിദ്യാർത്ഥികൾ പഠനത്തിലെന്നപോലെ കലാകായിക മത്സരങ്ങളിലും കഴിവ് തെളിയിക്കും.
ചിത്തിര: പുതിയ സൗഹൃദങ്ങൾ പുലരും. കരാർ പണികളിൽ നിന്നും ധനാഭിവൃദ്ധി ഉണ്ടാകും. ആരോഗ്യമുള്ള മനസ്സിന്റെ ഉടമയാണെന്ന് അഭിമാനിക്കാവുന്ന സന്ദർഭങ്ങൾ സംജാതമാകും. സദസ്സുകളിൽ മധുരമായി സംസാരിക്കും. നവീനമായ ഗൃഹോപകരണങ്ങൾ വാങ്ങും. വിനോദപരിപാടികളിൽ സംബന്ധിക്കും. രോഗക്ലിഷ്ടർക്ക് ആശ്വാസത്തിന്റെ ദിനങ്ങളാണ്. ബുധശുക്ര ദശാപഹാരങ്ങളിലൂടെ കടന്നുപോകുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാം.
ചോതി: ജന്മകേതുവും അഷ്ടമകുജനും ചില അസന്തുഷ്ടികൾ സൃഷ്ടിച്ചേക്കാം. ആരോഗ്യപരമായി മെച്ചം കുറഞ്ഞകാലമാണ്. സ്വന്തം നിലപാടുകളെക്കുറിച്ച് സന്ദേഹികളാവും. കുടുംബാംഗങ്ങളുടെ പെരുമാറ്റം വിഷമിപ്പിച്ചേക്കാം. അവിവാഹിതർക്ക് അല്ലകാലം കൂടി കാത്തിരിപ്പ് തുടരേണ്ടിവരും. തൊഴിൽപരമായി ചില അനുകൂലതകൾ പ്രതീക്ഷിക്കാം. സാമ്പത്തികസ്ഥിതി ആശ്വാസം നൽകും. ഭൂമി, വസ്തു, വീട് ഇവയിൽ നിന്നും ആദായം കിട്ടാൻ ചെറിയ കാലം കൂടി കാത്തിരിക്കേണ്ടതുണ്ട്.
വിശാഖം: മുഖ്യതൊഴിലിനൊപ്പം ഉപതൊഴിൽ കൂടി ചെയ്യും. കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തും. ആർഭാടം വെട്ടിക്കുറച്ച് ചെലവ് നിയന്ത്രിക്കും. അധികാരികളുടെ സൗഹൃദം ആസ്വദിക്കും. വൃദ്ധജനങ്ങളുടെ പിന്തുണ സന്തോഷമേകും. മംഗളകർമ്മങ്ങളുടെ മുഖ്യ ചുമതല ഏറ്റെടുക്കും. മുഖരോഗങ്ങൾ (ഇ എൻ ടി) ഉപദ്രവിക്കാം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പ്രതീക്ഷിച്ചത്ര മാർക്ക് നേടാനാകാത്തതിൽ വിഷമം തോന്നാം. കരാർ പണികളിൽ നേട്ടമുണ്ടാകും. മക്കളുടെ കാര്യത്തിനായി ലഘു യാത്രകൾ വേണ്ടിവരാം.
അനിഴം: ജന്മരാശിയിലൂടെ മൂന്ന് ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ ചില ആശയക്കുഴപ്പങ്ങൾ വരാം. വ്യക്തിത്വത്തിൽ സംഘർഷങ്ങൾ ഉടലെടുത്തേക്കും. ആരോഗ്യപ്രശ്നങ്ങളെ വൈദ്യസഹായത്തോടെ നേരിടും. കുടുംബത്തിൽ ചില അനൈക്യങ്ങൾ
തല പൊക്കിയേക്കും. ഏഴിലെ ചൊവ്വ പ്രണയികളെ നിരാശപ്പെടുത്താനിടയുണ്ട്. ലാഭഭാവത്തിലേക്കുള്ള ഗുരുദൃഷ്ടി ചെയ്യുന്ന തൊഴിലിൽ ലാഭം വർദ്ധിക്കും എന്നതിന്റെ സൂചനയാണ്. വൈകിയാലും ചിലരുടെ ഉറച്ച സഹകരണം ഉണ്ടാകും എന്നതിന് മൂന്നാം ഭാവത്തിലെ ശനിയാണ് കാരണമാകുന്നത്. വിവേകം കൈവിടാതിരിക്കാൻ പഞ്ചമഭാവത്തിലെ വ്യാഴം സഹായിക്കുന്നു.
തൃക്കേട്ട: മാസത്തിന്റെ ആദ്യ പകുതി കുറച്ചൊക്കെ നിഷ്ക്രിയമാവാം. തീരുമാനിച്ച കാര്യങ്ങൾ തുടങ്ങാൻ അമാന്തിക്കും. രണ്ടാംപകുതി ഏറെ സക്രിയമായിരിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കപ്പെടും. സ്വന്തം ഭാവനയും ബുദ്ധിയും കൃത്യമായി പ്രയോജനപ്പെടുത്തും. സമൂഹത്തിലെ പ്രധാനികളുടെ പിന്തുണ ആവശ്യപ്പെടാതെ തന്നെ വന്നുചേരും. സാങ്കേതിക കാര്യങ്ങളിൽ ഉറച്ച പരിശീലനം നേടും. ആശയ വിനിമയത്തിലൂടെ ഒപ്പമുള്ളവരുടെ ആശങ്കകളകറ്റും. എതിർപ്പുകളെ തൃണവൽഗണിക്കും. സാംക്രമിക രോഗങ്ങൾ, ഭക്ഷ്യവിഷബാധ എന്നിവ ചില സാധ്യതകളാണ്. ആരോഗ്യ ജാഗ്രത അനിവാര്യം.
തിരുവോണം: കർമ്മകാണ്ഡം തെളിയുന്നതിന്റെ സൂചന കണ്ടുതുടങ്ങും. വ്യാപാരികൾ സ്വന്തം സ്ഥാപനം വിപുലീകരിക്കാൻ മുതിരും. സർക്കാർ/ ബാങ്ക് മുതലായവയിൽ നിന്നും ധനസഹായം ലബ്ധമാകും. ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ കൈവരും. അഞ്ചിലെ കുജൻ അനാവശ്യ ശാഠ്യങ്ങൾക്ക് കാരണമാകും. ന്യായമായ സ്ഥാനക്കയറ്റം വന്നെത്തും. ധനപരമായി മെച്ചപ്പെട്ട കാലമാണ്. കടബാധ്യതകൾ കുറഞ്ഞുതുടങ്ങും. അവിവാഹിതരുടെ ദാമ്പത്യ സ്വപ്നം സഫലമാവാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നേക്കും. ഉദരരോഗങ്ങൾ വിഷമം സൃഷ്ടിക്കാം.
അവിട്ടം: ശനി അവിട്ടം നക്ഷത്രത്തിൽ സ്ഥിതിചെയ്യുകയാൽ ശാരീരികവും മാനസികവുമായ സംഘർഷങ്ങൾ തുടരും. സഹപ്രവർത്തകരുടെ പിന്തുണ ആത്മവീര്യം പകരും. ഭവനനിർമ്മാണത്തിന് ചെലവ് വിചാരിച്ചതിലും ഏറും. വസ്തുക്കളെച്ചൊല്ലി വ്യവഹാരം ഉണ്ടാകാം. ധനവിനിമയത്തിൽ കൃത്യത വേണ്ട കാലമാണ്. സന്താനങ്ങളുടെ വാക്കോ പ്രവൃത്തിയോ വിഷമിപ്പിച്ചേക്കാം. വയോജനങ്ങൾ ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടണം. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ തീരുമാനിക്കും.
ചതയം: ദിശാബോധമുള്ള പ്രവർത്തനങ്ങളിലൂടെ നേട്ടങ്ങൾ കൈവരിക്കും. സാങ്കേതിക വിദ്യാഭ്യാസത്താൽ പുരോഗതി പ്രകടമായിരിക്കും. രാഷ്ട്രീയക്കാർ ആലസ്യം വെടിയും. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ സ്നേഹബന്ധം വളരും. വാക്കുകൾ പരുഷമായി പറയുന്ന രീതിക്ക് മാറ്റം വരുത്തും. ചെറുകിട കരാറുകാർക്ക് വായ്പകൾ ലഭ്യമാകും. നാലിലെ ചൊവ്വ ബന്ധുക്കളെ ശത്രുക്കളാക്കിയേക്കും.
പൂരുട്ടാതി: ഗുരുജനങ്ങളുടെ അനുഗ്രഹാശിസ്സുകൾ ലഭിക്കും. പ്രോജക്ടുകൾ മേലധികാരികളെ തൃപ്തിപ്പെടുത്തും. പുതിയ കാര്യങ്ങൾ തുടങ്ങാൻ വായ്പക്കായി നടത്തുന്ന ശ്രമങ്ങൾ വിജയിക്കും. മാതാവിന് ആരോഗ്യപരമായി നല്ലകാലമല്ല. ബന്ധുക്കളാൽ മനസ്സുഖം കുറയുന്ന സന്ദർഭമാണ്. കലഹസന്ദർഭങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ ശ്രമിക്കും. ദാമ്പത്യജീവിതത്തിലെ പിണക്കങ്ങൾ നീങ്ങും. ഊഹക്കച്ചവടത്തിൽ നിന്നും ആദായമുണ്ടാകും. അനുഷ്ഠാനങ്ങൾ ഭക്തിപൂർവ്വം നിറവേറ്റും.
ഉത്രട്ടാതി: പൂർവ്വികസ്വത്തു സംബന്ധിച്ച തർക്കത്തിൽ അനുകൂല വിധിയുണ്ടാവാം. കർമ്മരംഗത്തെ അശാന്തികൾക്കും അറുതി വന്നേക്കും. ദിശാബോധത്തോടെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തും. പ്രൊഫഷണൽ വിദ്യാഭ്യാസം നടത്തുന്നവർക്ക് പുതിയ പ്രോജക്ടുകൾ ക്ലേശകരമാവാം. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് ശുഭവാർത്ത കേൾക്കാനാവും. പൊതുപ്രവർത്തകർക്ക് എതിർപ്പുകളെ അതിജീവിക്കാനാവും. അഷ്ടമത്തിൽ കേതു ഉള്ളതിനാൽ എല്ലാക്കാര്യങ്ങളിലും ജാഗ്രത വേണം. രോഗികൾക്ക് ചെറിയ ആശ്വാസമെങ്കിലും വന്നുചേരുന്നതായിരിക്കും.
രേവതി: ഗൃഹത്തിൽ നിലനിന്ന അശാന്തിയും അനൈക്യവും നീങ്ങും. വഴിമുടക്കികൾ അകലുന്നതിനാൽ കർമ്മരംഗം ഉന്മേഷഭരിതമാവും. നയപരമായ ഇടപെടലുകളിലൂടെ എതിർപ്പുകളുടെ മുനയൊടിക്കും. ആത്മവിശ്വാസം വർദ്ധിക്കും. സഹോദരരുടെ പിന്തുണ ശക്തിയേകും. പൊതുപ്രവർത്തകർക്ക് നേതൃപദവി ലഭിക്കുന്നതായിരിക്കും. ധനസ്ഥിതി മോശമാവില്ല. ന്യായമായ ആവശ്യങ്ങളെല്ലാം നടന്നുകൂടും. പ്രൊഫഷണലുകൾക്ക് വലിയ നേട്ടങ്ങൾ വന്നുചേരും. ആരോഗ്യപരമായി കാലം അനുകൂലമല്ല എന്ന കാര്യം എപ്പോഴും ഓർമ്മയിലുണ്ടാവണം.