scorecardresearch

Vishu Phalam 2023: വിഷു ഫലം 2023, മൂലം മുതൽ രേവതി വരെ

Vishu Phalam 2023: ഈ വർഷം നിങ്ങൾ ഓരോരുത്തർക്കും കരുതി വച്ചിരിക്കുന്നത് എന്താണ്? മൂലം മുതൽ രേവതി വരെയുള്ളവരുടെ വിഷുഫലം

Vishu Phalam 2023: ഈ വർഷം നിങ്ങൾ ഓരോരുത്തർക്കും കരുതി വച്ചിരിക്കുന്നത് എന്താണ്? മൂലം മുതൽ രേവതി വരെയുള്ളവരുടെ വിഷുഫലം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
മലയാളം ജ്യോതിഷം, ജ്യോതിഷ ഫലം, നക്ഷത്രഫലം, Star Predictions,Astrology, Vishuphalam, Vishu Phalam 2023, Vishu Predictions, Vishu Prediction , Vishu Horoscope, Horoscope, വിഷുഫലം , വിഷു ഫലം 2023

വിഷു ഫലം 2023, മൂലം മുതൽ രേവതി വരെ

Vishu Phalam 2023: മേടമാസത്തിൽ തുടങ്ങി മീനത്തിൽ അവസാനിക്കുന്ന പന്ത്രണ്ട് മാസങ്ങൾ (ഒരു കൊല്ലക്കാലം) ജ്യോതിഷപരമായി പ്രാധാന്യമുള്ള കാലഗണനയാണ്. കൊല്ലവർഷം കണക്കാക്കുന്നത് ചിങ്ങം തൊട്ട് കർക്കടകം വരെയാണെന്ന് നമുക്കറിയാം. എന്നാൽ രാശിക്രമവും നക്ഷത്രക്രമവും എല്ലാം മേടം മുതലും മേടക്കൂറിലെ അശ്വതി മുതലുമാണ് കണക്കാക്കുന്നത്. ബ്രഹ്മപ്രളയാനന്തരം, മന്വന്തരങ്ങളും കല്പവുമെല്ലാം സമാരംഭിക്കുന്നത് മേടം മുതലാണ്, മേടത്തിലെ 'വിഷുവത് പുണ്യകാലം' തൊട്ടാണ് എന്നാണ് ജ്യോതിഷസങ്കല്പം.

Advertisment

മനുവിന്റെ പുത്രനായ വൈവസ്വതന്റെ കാലാരംഭം, അതായത് ഇപ്പോൾ നടന്നുവരുന്ന 'വൈവസ്വതമന്വന്തരം ', മേടത്തിലാണ് തുടങ്ങിയിരിക്കുന്നതും. അങ്ങനെ പലനിലയ്ക്കും ജ്യോതിഷ വിശ്വാസികൾക്ക് വിഷുക്കാലം വരുന്ന ഒരു സംവത്സരത്തെ അറിയാൻ ഉതകുന്ന സമയബിന്ദു കൂടിയാണ്. ശനി കുംഭം രാശിയിലും, വ്യാഴം മീനത്തിലും, രാഹുകേതുക്കൾ യഥാക്രമം മേഷതുലാദികളിലും കുജൻ മിഥുനത്തിലും ബുധൻ മേടത്തിലും ശുക്രൻ ഇടവത്തിലും ആയി നിൽക്കുമ്പോഴാണ് ഈയ്യാണ്ടത്തെ വിഷുസംക്രമം ഭവിക്കുന്നത്.

1198 മീനം 31 ന്, 2023ഏപ്രിൽ 14 ന് വെള്ളിയാഴ്ച പകൽ ഇന്ത്യൻ സമയം 2 മണി 58 മിനിറ്റിന്, മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിലായി ചന്ദ്രൻ സഞ്ചരിക്കവേയാണ് സൂര്യന്റെ മേടരാശി സംക്രമം എന്ന് പഞ്ചാംഗത്തിൽ നിന്നും അറിയാനാവും. അതിന്റെ പിറ്റേദിനം വിഷുദിനമായി നാം ആഘോഷിക്കുന്നു. 1198 /2023 ലെ വിഷു മുതൽ അടുത്ത വിഷുവരെയുള്ള ഒരാണ്ടത്തെ ഫലമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

Advertisment

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): ഇടക്കാലത്തെ തടസ്സങ്ങൾക്കുശേഷം ജീവിതനദി ശാന്തമായൊഴുകുന്ന വർഷമാണ്. ന്യായമായ ആഗ്രഹങ്ങൾ മിക്കതും സഫലമാകും. സഹോദരരും ബന്ധുമിത്രാദികളും പിന്തുണയുമായി ഒപ്പമുണ്ടാവും. അസാദ്ധ്യം എന്ന് കരുതിയ കാര്യങ്ങൾ അധികം വിയർപ്പൊഴുക്കാതെ നേടിയെടുക്കും. സ്ഥിരജോലിയിൽ ഉയർച്ച, കരാറുകൾ ഉറപ്പിച്ചു കിട്ടുക, വ്യാപാരത്തിൽ മുന്നേറ്റം എന്നിവ പ്രതീക്ഷിക്കാം. സാങ്കേതികപഠനം, കലാപഠനം എന്നിവയ്ക്ക് അവസരം വന്നെത്തും. ഭൂമിയിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും ഉയർന്ന വരുമാനം പ്രതീക്ഷിക്കാം. വിദേശ വിദ്യാഭ്യാസം, വിദേശ ജോലി, വിവാഹം, സന്താനലബ്ധി എന്നിവ ശുഭസാധ്യതകളാണ്. മക്കൾക്ക് പലവിധം അഭ്യൂദയം കൈവരും. ഗൃഹം മോടി പിടിപ്പിക്കും. പുതുവാഹനം വാങ്ങും. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ മടക്കിക്കിട്ടുന്നതാണ്. കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളിൽ പ്രതികൂലാനുഭവങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ കൂടുതൽ ജാഗ്രത വേണം.

മകരക്കൂറിന് (ഉത്രാടം 2 ,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): കുടുംബ ജീവിതത്തിൽ സുഖവും സമാധാനവും അനുഭവപ്പെടും. സുഹൃത്തുക്കളും ബന്ധുക്കളും പിന്തുണയേകും. ഉപരിവിദ്യാഭ്യാസം പ്രതീക്ഷിച്ച വിഷയത്തിൽ, ഉയർന്ന സർവ്വകലാശാലയിൽ നടത്തുവാൻ സാധിക്കും. ഗവേഷണ പൂർത്തീകരണം തൊഴിൽ നേട്ടത്തിന് കാരണമാകും. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കും. കലാപ്രവർത്തനത്തിന് നല്ലരീതിയിൽ പ്രോൽസാഹനം ലഭിക്കുന്നതാണ്. കൃഷിയിൽ നവീനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. വ്യാപാരം ലാഭത്തിലേക്ക് നീങ്ങുന്നതാണ്. തൊഴിൽ തേടുന്നവർ നിരാശപ്പെടുകയില്ല. വിദേശതൊഴിൽ വലിയ സാധ്യതയാണ്. വിവാഹാഭിലാഷം നിറവേറ്റപ്പെടും. ഭൂമി വാങ്ങാൻ / ഗൃഹം നിർമ്മിക്കാൻ സന്ദർഭം സംജാതമാകുന്നതാണ്. തീർത്ഥാടനവും ദൈവ സമർപ്പണങ്ങളും മനസ്സന്തോഷത്തിന് വഴിയൊരുക്കും. ചിങ്ങം, കന്നി, ധനു, മകരം മാസങ്ങളിൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ കൂട്ടണം. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം. പുതിയ സംരംഭങ്ങൾ തുടങ്ങരുത്.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ): പ്രതീക്ഷകൾ നിറവേറുന്നത് അല്പം വൈകിയിട്ടാവും. വാഗ്ദാനങ്ങൾ പാഴായിപ്പോകാം. അദ്ധ്വാനം വർദ്ധിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങുകയെക്കാൾ എളുപ്പമാവും, ഉള്ളത് നിലനിർത്തിപ്പോകുന്നത്. നിത്യവരുമാനക്കാർ നിരാശപ്പെടുകയില്ല. കരാർ ജോലികൾ തടസ്സം കൂടാതെ മുന്നേറുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദൂരദിക്കുകളിലേക്ക് സ്ഥലം മാറ്റം ഭവിക്കും. മക്കളുടെ പഠനം, വിവാഹം ഇത്യാദികൾക്ക് നല്ല രീതിയിലുള്ള സാമ്പത്തികസഹായം കൈവരുന്നതാണ്. ഗാർഹിക ജീവിതത്തിൽ സമാധാനം പുലരും. സഹോദരരും സുഹൃത്തുക്കളും പ്രതിസന്ധികളിൽ ഉറച്ച പിന്തുണയേകും. മേടം, കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളിൽ കാര്യങ്ങൾ സുഗമവും സുലഭവുമാകും. വിദേശത്ത് പോകാനും പഠനം - തൊഴിൽ എന്നിവയിൽ ഏർപ്പെടുവാനും കാലം അനുകൂലമാണ്. കിടപ്പ് രോഗികൾ, കുടുംബത്തിലെ വൃദ്ധജനങ്ങൾ എന്നിവരുടെ സ്ഥിതി ഭേദപ്പെടുന്നതാണ്. കന്നി, തുലാം, മകരം മാസങ്ങളിൽ മനോവാക്കർമ്മങ്ങളിലും ആരോഗ്യകാര്യത്തിലും ജാഗ്രത വേണ്ടതുണ്ട്.

മീനക്കൂറിന് ( പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ഏഴരശനി തുടങ്ങിയ വർഷമാണ്. പഠനാദികൾക്കോ തൊഴിലിനോ ആയി വീടും നാടും വിട്ടുനിൽക്കേണ്ട സ്ഥിതി ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക് അകലങ്ങളിലേക്ക് സ്ഥലം മാറ്റം വരാവുന്നതാണ്. ധനക്ലേശത്തിന് ഒട്ടൊക്കെ അറുതിയാകും. കച്ചവടത്തിൽ വരുമാനം വർദ്ധിക്കുന്നതാണ്. ഏജൻസി പ്രവർത്തനം വിപുലീകരിക്കും. തൊഴിൽ തേടുന്നവർക്ക് ആശ്വസിക്കാനാവും. പഠന മികവ് അംഗീകരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, പഠനോപകരണങ്ങൾ എന്നിവ കൈവരും. പഠനകാലത്ത് ജോലി ലഭിക്കുന്ന സാഹചര്യവും വരാവുന്നതാണ്. കുടുംബാംഗങ്ങൾക്കിടയിൽ ഉള്ള അനൈക്യം അവസാനിക്കും. പ്രണയസാഫല്യം, വിവാഹയോഗം ഇവയും പ്രതീക്ഷിക്കാവുന്നതാണ്. മേടം, ഇടവം, ചിങ്ങം, ധനു, മകരം എന്നീ മാസങ്ങളിൽ സ്ഥാനലബ്ധി, അംഗീകാരം, രാഷ്ട്രീയവിജയം, ധനോന്നതി എന്നിവ ചില സാധ്യതകളാണ്. ഗൃഹനവീകരണം, പുതുവാഹനലബ്ധി എന്നിവയും അനുഭവത്തിൽ വന്നേക്കാം.

Astrology Horoscope Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: