scorecardresearch

Venus Transit Virgo 2022 Astrological Predictions: ശുക്രൻ നീചരാശിയിൽ.. അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ ശുക്രഫലം

Venus Transit Virgo 2022 Astrological Predictions: മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിൽ ജനിച്ച അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നാളുകാരുടെയും ശുക്രഫലം എപ്രകാരമാണെന്ന് നോക്കാം

Venus Transit Virgo,astrology, horoscope, ie malayalam

Venus Transit Virgo 2022 Astrological Predictions: 2022 സെപ്തംബർ 24 ന് , കൊല്ലവർഷം 1198 കന്നിമാസം 8 ന് ശുക്രൻ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് പകരുകയാണ്. ശരാശരി 25 ദിവസക്കാലം ശുക്രൻ കന്നിരാശിയിലുണ്ട്. ഒക്ടോബർ 18 ന്, തുലാം ഒന്നാം തീയതി ശുക്രൻ കന്നിയിൽ നിന്നും തുലാം രാശിയിലേക്ക് സംക്രമിക്കുകയുമാണ്.

കന്നിരാശിയിലെ സ്ഥിതി ശുക്രനെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഗ്രഹങ്ങളുടെ ബലം ഏറ്റവും നിസ്സാരമോ ശൂന്യമോ ആയിത്തീരുന്നത് അവ നീചം, മൗഢ്യം എന്നീ രണ്ട് അവസ്ഥകളിലൂടെ നീങ്ങുമ്പോഴാണ്. ഇത് രണ്ടും ശുക്രന് ഇപ്പോൾ ഒരുമിച്ച് സംഭവിക്കുകയാണ്. കന്നിരാശി ശുക്രന്റെ ശക്തി ഏറ്റവും ശോച്യതയിലെത്തുന്ന നീചരാശിയാകുന്നു. “കൂനിന്മേൽ കുരു”
എന്ന വണ്ണം സൂര്യ സാമീപ്യത്താൽ ശുക്രന് മൗഢ്യം സംഭവിക്കുകയുമാണ് , ഇപ്പോൾ മുതൽ രണ്ട് മാസക്കാലത്തേക്ക്. അതിനാൽ ശുക്രന്റെ ബലം കാറ്റിലെ അപ്പുപ്പൻ താടി പോലെ പാറിപ്പറക്കുകയാവും. ശുക്രനുമായി ബന്ധപ്പെട്ട മനുഷ്യരെയെല്ലാം ഇക്കാര്യങ്ങൾ ഓരോ വിധത്തിൽ പ്രതിലോമമായി സ്വാധീനിക്കുകയും ചെയ്യും.

ശുക്രൻ കലയുടെ കാരകഗ്രഹമാണ്. നാടകം, സംഗീതം, താളമേളങ്ങൾ, സിനിമ, ചിത്രകല, ലളിതകലകൾ എന്നിവയുമായി ബന്ധപ്പെട്ട കലാകാരന്മാർക്ക് ഇത് അത്ര മെച്ചപ്പെട്ട കാലമായിരിക്കില്ല. പ്രണയികൾക്കും കുറേ പ്രതികൂലതകളെ നേരിടേണ്ടി വരാം. അവരുടെ ഇടയിൽ സ്നേഹവും സന്തോഷവും നീങ്ങി കലഹവും ദ്വേഷവും ഉയിർക്കാം. ദമ്പതികൾക്കിടയിലും അനൈക്യകാലമാണ്. ഛിദ്രവാസന പത്തിവിടർത്തും. കച്ചവടം, സ്വർണാഭരണം, വസ്ത്രം, സൗന്ദര്യ വർദ്ധകവസ്തുക്കൾ, ഫാൻസി സ്റ്റോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടവർക്കും ശുക്രന്റെ ഈ നീച- മൗഢ്യ കാലം പ്രഹരശേഷിയുള്ളതാകാനിടയുണ്ട്.

ഇക്കാലയളവിൽ ശുക്രനും വ്യാഴവും പരസ്പരം നോക്കുന്നതിനാൽ, (ഇരുഗ്രഹങ്ങളും 180 ഡിഗ്രി അകലത്തിൽ സ്ഥിതിചെയ്യുന്നു) ഇതിനെ ‘ഗുരു ശുക്ര പരസ്പര ദൃഷ്ടിദോഷകാലം ‘ എന്ന് വ്യവഹരിക്കുന്നു. ഇക്കാലത്ത് വിവാഹനിശ്ചയം, വിവാഹം, ഗൃഹപ്രവേശം, വ്യാപാരാരംഭം തുടങ്ങിയ ശുഭകാര്യങ്ങൾ നടത്തരുത് എന്നും നിയമങ്ങളിലുണ്ട്..

മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിൽ ജനിച്ച അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നാളുകാരുടെയും ശുക്രഫലം എപ്രകാരമാണെന്ന് നോക്കാം.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാംപാദം): ശുക്രൻ ആറാം രാശിയിലാണ്. അനിഷ്ടഫലങ്ങൾക്കാവും മുൻതൂക്കം. സാമ്പത്തിക ഇടപാടുകളിൽ നഷ്ടം വരാതെ ശ്രദ്ധിക്കണം. വീട്ടിലെ അന്തരീക്ഷം അല്പം അസുഖകരമായേക്കാം.വാഗ്ദാനങ്ങൾ നിറവേറ്റാനാവാതെ കുഴങ്ങും. നൂതനസംരംഭങ്ങൾ സമാരംഭിക്കാൻ ഇത് അനുകൂല കാലമല്ല. കലാരംഗത്തുള്ളവർക്ക് ന്യായമായ പ്രതിഫലമോ അർഹതയ്ക്കുള്ള അംഗീകാരമോ ലഭിച്ചെന്ന് വരില്ല. പ്രമേഹം, കഫരോഗങ്ങൾ എന്നിവ മൂർച്ഛിക്കാം. കണ്ണ് കവർന്ന വസ്തുക്കൾ മുന്തിയ വില കൊടുത്ത് വാങ്ങും ; പിന്നീട് അവയ്ക്ക് അങ്ങനെയൊരു മൂല്യമില്ലെന്ന തിരിച്ചറിവ് മനസ്സിൽ കിടന്ന് മുരളുകയും ചെയ്യും.

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): ഭാവനയും സർഗാത്മക സിദ്ധികളും കുതിച്ചുചാട്ടം നടത്തും. കലാകാരന്മാർക്ക് കീർത്തിയും അംഗീകാരവും സിദ്ധിക്കും. കർമ്മരംഗത്ത് പുത്തൻ പരിഷ്കാരങ്ങൾ കൊണ്ടുവരും. വിനോദ യാത്രകളും വ്യവസായ യാത്രകളും സഫല യാത്രകളായിത്തീരും. സന്താനങ്ങൾക്ക് പഠിപ്പ്, ജോലി, വിവാഹം എന്നിങ്ങനെ പ്രായം അനുസരിച്ചുള്ള സൽക്കാര്യങ്ങൾ നടക്കും. ഈശ്വരീയകാര്യങ്ങൾ അഭംഗുരം നിറവേറ്റും. പുതിയ വാഹനം വാങ്ങാൻ ആലോചിക്കും. കിടപ്പുമുറി കമനീയമാക്കാൻ ശ്രമിക്കും. മെത്ത, മെത്തവിരി, തലയണ,ഏ.സി, ചുമരലങ്കാരം, വിളക്കുകൾ എന്നിവ പുതുക്കും. അഥവാ പുതിയവ വാങ്ങും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണ്ട സമയമാണ്.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): മനസ്സന്തോഷം വർദ്ധിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. വിദേശത്ത് പോകാനോ, വിദേശ ധനം അനുഭവിക്കാനോ സന്ദർഭമുണ്ടാകും. ബന്ധുക്കൾ നിർലേപത വെടിഞ്ഞ് സഹകരിക്കും. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയരും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. പുതിയ കസേര, മേശ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങിക്കും.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം ): സഹോദരരുടെ ഇടയിൽ ഐകമത്യം ഉയരും. മുൻകൂട്ടി തീരുമാനിക്കാത്ത ചില കാര്യങ്ങൾ നടപ്പിലാക്കും. പണമിടപാടുകളിൽ ജാഗ്രത വേണ്ടതുണ്ട്. സ്വന്തം തൊഴിലിൽ അദ്ധ്വാനത്തിനനുസരിച്ച് ആദായം ലഭിക്കുന്നില്ലെന്ന് വരാം. അധികാരസ്ഥാനത്തുള്ളവരുടെ ഉപദേശം കേൾക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമോ സംഘടനകളുടെ ഭാരവാഹിത്വമോ വന്നുചേരാം. രോഗചികിത്സയ്ക്ക് പണം കണ്ടെത്തും. പ്രൊഫഷണൽ രംഗത്തുള്ളവരുടെ നൈപുണ്യം പരീക്ഷിക്കപ്പെടും.

ചിങ്ങക്കൂറിന് (മകം, പൂരം , ഉത്രം ഒന്നാം പാദം): രണ്ടാമെടത്തിലാണ് ശുക്രൻ. പ്രായേണ നല്ല ഫലങ്ങളാവും അധികം. പഠനത്തിൽ ഉണർവ്, പരീക്ഷാ വിജയം ഇവയുണ്ടാകും. മധുരമായി, ശ്രോതാവിനെ മുറിവേൽപ്പിക്കാതെ സംസാരിക്കും. ഗൃഹകാര്യങ്ങളിൽ ഏറെ താൽപര്യം പുലർത്തും. പുതിയ കണ്ണടയോ, മൂക്കുത്തി, കമ്മൽ തുടങ്ങിയ മുഖാഭരണങ്ങളോ വാങ്ങും. ധനലാഭം പ്രതീക്ഷിക്കാം. അണികളും സഹപ്രവർത്തകരും ആത്മാർത്ഥത കാണിക്കും. കലാകാരന്മാർക്ക് പാരിതോഷികങ്ങളോ പുരസ്കാരങ്ങളോ ലബ്ധമാകും.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): ജന്മരാശിയിലാണ്‌ ശുക്രസ്ഥിതി. ചന്ദ്രനും ശുക്രനും ഒഴികെ മറ്റ് ഏത് ഗ്രഹങ്ങൾ ജന്മരാശിയിൽ സ്ഥിതി ചെയ്താലും ദോഷഫലങ്ങൾക്കാവും പ്രാമുഖ്യം. വസ്ത്രാഭരണാദികൾ പാരിതോഷികമായി ലഭിക്കാം. സമയം തെറ്റാതെ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സാധിക്കും. സുഹൃൽ സമാഗമം മനസ്സന്തോഷമുണ്ടാക്കും. ശുഭവാർത്തകൾ തേടിവരും. പുതിയ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് ഗാഢമായി ആലോചിക്കും. സൽകീർത്തിയുണ്ടാകും. പ്രണയത്തിൽ പുരോഗതിയും ഫലം.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ): ധനലാഭമുണ്ടാകുമെങ്കിലും നല്ലകാര്യങ്ങൾക്ക് ചെലവുമേറും. വിദേശത്ത് പോകാൻ കാത്തിരിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്. വഴി നടത്തം കൊണ്ട് ദേഹസൗഖ്യം കുറയുമെങ്കിലും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. രോഗചികിത്സ ഫലപ്രദമാവും. എതിർപ്പുകളെ അവഗണിച്ച് മുന്നേറും. പ്രൊഫഷണലുകൾ കർമ്മരംഗത്ത് ശ്രദ്ധേയമായ കരുനീക്കങ്ങൾ നടത്തും. സുഹൃത്തുക്കളുടെ നിർലോഭമായ സഹായം ലഭിക്കും. ഗൃഹവാഹനാദികൾ നവീകരിക്കാനുള്ള ശ്രമം വിജയിക്കും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): പതിനൊന്നാമെടത്ത് വൃശ്ചികക്കൂറുകാർക്ക് ശുക്രൻ മാത്രമല്ല, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളുമുണ്ട്. ഭാവകാരകനായ വ്യാഴത്തിന്റെ ദൃഷ്ടിയും പതിനൊന്നിൽ പതിയുന്നു. ധരാളം അവസരങ്ങളും നേട്ടങ്ങളും കരഗതമാവുന്ന കാലമാണ്. മുഖ്യമായും ധനവരവ് അധികരിക്കും. പഠിപ്പിൽ കീർത്തി നേടും. എതിരാളികളുടെ മേൽ ആധികാരിക ജയം കൊയ്യും. ചിലർക്ക് പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാൻ കഴിയും. സ്വയംതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കർമ്മമേഖല വികസിക്കും. വാഹനം / വീട് / വസ്തു തുടങ്ങിയവ അധീനതയിലാവാനിടയുണ്ട്. പൊതുവേ ഐശ്വര്യ പൂർണമായ സമയമാണ്. ജീവിതപങ്കാളിക്കും നേട്ടങ്ങൾ ഉണ്ടാവും.

ധനുക്കൂറിന് (മൂലം, പൂരാടം , ഉത്രാടം ഒന്നാം പാദം): പത്താം ഭാവത്തിലാണ് ശുക്രസ്ഥിതി. മുഴുവനായും അനുകൂലാവസ്ഥയാണെന്ന് പറയാൻ കഴിയില്ല. പ്രധാനമായും കർമ്മരംഗത്തെ വിപരീതമായി ബാധിക്കാനിടയുണ്ട്. ഉദ്യോഗത്തിലിരിക്കുന്നവർക്ക് ജോലിഭാരം അധികമാവും. ശ്രദ്ധിച്ചില്ലെങ്കിൽ വീഴ്ചകൾ സംഭവിക്കാം. കൃത്യവിലോപത്തിന്റെ പേരിൽ മേലധികാരികളിൽ നിന്നും വല്ല നടപടിയും ഉണ്ടായിക്കൂടെന്നുമില്ല. മത്സരങ്ങളിൽ കഷ്ടിച്ച് കടന്നുകൂടിയേക്കും. വായ്പ, സർക്കാർ ധനസഹായം എന്നിവക്കായുള്ള ശ്രമം പരാജയപ്പെടാം. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നേക്കും.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ഒമ്പതാമെടത്താണ് ശുക്രൻ. നേട്ടങ്ങൾക്ക് നേരിയ മേൽക്കൈ വന്നുചേരും. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പരവിശ്വാസം വർദ്ധിക്കും. മാതാപിതാക്കൾക്ക് ആരോഗ്യപരമായി മെച്ചം ഉണ്ടാകും. ഉപാസനാദികളിൽ ശ്രദ്ധയും താത്പര്യവും കൂടും. ക്ഷേത്രാടനയോഗം പ്രബലമായുണ്ട്. ആപത്തുകളെ അതിജീവിക്കും. വസ്ത്രം, ആഭരണം, ലേപനങ്ങൾ, സിനിമ, സംഗീതം, ചിത്രകല എന്നിവയുമായി ബന്ധപ്പെട്ടവർക്ക് അംഗീകാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സൗഹൃദങ്ങൾ വർദ്ധിക്കും.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): പൊതുവേ ദു:സ്ഥാനമെന്ന് പറയുന്ന എട്ടാം രാശിയിലാണ് ശുക്രസ്ഥിതി. എന്നാൽ അഷ്ടമ ശുക്രൻ ഗുണവാനെന്നത്രെ പ്രമാണം. ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ കുറയും. പലതരം നേട്ടങ്ങൾ വന്നെത്തും. ഭോഗസിദ്ധി, കാമനകളുടെ പൂർത്തീകരണം, ഇന്ദ്രിയ സൗഖ്യം എന്നിവ പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ കർമ്മമേഖലയിൽ മുഴുകും. സാമ്പത്തികസ്ഥിതി മോശമാവില്ല. അവിവാഹിതർക്ക് അനുകൂലമായ ആലോചനകൾ വരും. ചില കാഴ്ചപ്പാടുകൾ മാറ്റും. കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കും.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ഏഴിലെ ശുക്രൻ പ്രണയകാര്യങ്ങളിൽ വിഘാതം സൃഷ്ടിച്ചേക്കാം. പങ്ക്കച്ചവടത്തിൽ പടലപ്പിണക്കങ്ങൾ ഉദിക്കാം. ദീർഘയാത്രകൾ പുന:ക്രമീകരിക്കേണ്ടി വരും. പുതിയ കാര്യങ്ങൾ തുടങ്ങാൻ തടസ്സങ്ങൾ ഉണ്ടാവും. ദാമ്പത്യത്തിൽ ഊഷ്മളത കുറയുന്നതായി തോന്നും. ധനപരമായി നേട്ടങ്ങൾ വരാം. ചില കർത്തവ്യങ്ങൾ ക്ലേശിച്ചുകൊണ്ടാണെങ്കിലും പൂർത്തീകരിക്കും. കിടപ്പ് രോഗികൾക്ക് നേരിയ ആശ്വാസത്തിന് വകയുണ്ട്. ജീവിതശൈലീ രോഗങ്ങൾ ക്ലേശപ്രദമാവും. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

Read More

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Venus transit virgo 2022 astrological star predictions