Venus Transit Virgo 2022 Astrological Predictions: 2022 സെപ്തംബർ 24 ന് , കൊല്ലവർഷം 1198 കന്നിമാസം 8 ന് ശുക്രൻ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് പകരുകയാണ്. ശരാശരി 25 ദിവസക്കാലം ശുക്രൻ കന്നിരാശിയിലുണ്ട്. ഒക്ടോബർ 18 ന് തുലാം ഒന്നാം തീയതി ശുക്രൻ കന്നിയിൽ നിന്നും തുലാം രാശിയിലേക്ക് സംക്രമിക്കുകയുമാണ്.
കന്നിരാശിയിലെ സ്ഥിതി ശുക്രനെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഗ്രഹങ്ങളുടെ ബലം ഏറ്റവും നിസ്സാരമോ ശൂന്യമോ ആയിത്തീരുന്നത് അവ നീചം, മൗഢ്യം എന്നീ രണ്ട് അവസ്ഥകളിലൂടെ നീങ്ങുമ്പോഴാണ്. ഇത് രണ്ടും ശുക്രന് ഇപ്പോൾ ഒരുമിച്ചു സംഭവിക്കുകയാണ്. കന്നിരാശി ശുക്രന്റെ ശക്തി ഏറ്റവും ശോച്യതയിലെത്തുന്ന നീചരാശിയാകുന്നു. “കൂനിന്മേൽ കുരു” എന്ന വണ്ണം സൂര്യ സാമീപ്യത്താൽ ശുക്രന് മൗഢ്യം സംഭവിക്കുകയുമാണ്. ഇപ്പോൾ മുതൽ രണ്ട് മാസക്കാലത്തേക്ക്. അതിനാൽ ശുക്രന്റെ ബലം കാറ്റിലെ അപ്പുപ്പൻ താടി പോലെ പാറിപ്പറക്കുകയാവും. ശുക്രനുമായി ബന്ധപ്പെട്ട മനുഷ്യരെയെല്ലാം ഇക്കാര്യങ്ങൾ ഓരോ വിധത്തിൽ പ്രതിലോമമായി സ്വാധീനിക്കുകയും ചെയ്യും.
ശുക്രൻ കലയുടെ കാരകഗ്രഹമാണ്. നാടകം, സംഗീതം, താളമേളങ്ങൾ, സിനിമ, ചിത്രകല, ലളിതകലകൾ എന്നിവയുമായി ബന്ധപ്പെട്ട കലാകാരന്മാർക്ക് ഇത് അത്ര മെച്ചപ്പെട്ട കാലമായിരിക്കില്ല. പ്രണയികൾക്കും കുറേ പ്രതികൂലതകളെ നേരിടേണ്ടി വരാം. അവരുടെ ഇടയിൽ സ്നേഹവും സന്തോഷവും നീങ്ങി കലഹവും ദ്വേഷവും ഉയിർക്കാം. ദമ്പതികൾക്കിടയിലും അനൈക്യകാലമാണ്. ഛിദ്രവാസന പത്തിവിടർത്തും. കച്ചവടം, സ്വർണാഭരണം, വസ്ത്രം, സൗന്ദര്യ വർദ്ധകവസ്തുക്കൾ, ഫാൻസി സ്റ്റോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടവർക്കും ശുക്രന്റെ ഈ നീച- മൗഢ്യ കാലം പ്രഹരശേഷിയുള്ളതാകാനിടയുണ്ട്.
ഇക്കാലയളവിൽ ശുക്രനും വ്യാഴവും പരസ്പരം നോക്കുന്നതിനാൽ, (ഇരുഗ്രഹങ്ങളും 180 ഡിഗ്രി അകലത്തിൽ സ്ഥിതിചെയ്യുന്നു) ഇതിനെ ‘ഗുരു ശുക്ര പരസ്പര ദൃഷ്ടിദോഷകാലം ‘ എന്ന് വ്യവഹരിക്കുന്നു. ഇക്കാലത്ത് വിവാഹനിശ്ചയം, വിവാഹം, ഗൃഹപ്രവേശം, വ്യാപാരാരംഭം തുടങ്ങിയ ശുഭകാര്യങ്ങൾ നടത്തരുത് എന്നും നിയമങ്ങളിലുണ്ട്.
മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ ശുക്രഫലം
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): പത്താം ഭാവത്തിലാണ് ശുക്രസ്ഥിതി. മുഴുവനായും അനുകൂലാവസ്ഥയാണെന്ന് പറയാൻ കഴിയില്ല. പ്രധാനമായും കർമ്മരംഗത്തെ വിപരീതമായി ബാധിക്കാനിടയുണ്ട്. ഉദ്യോഗത്തിലിരിക്കുന്നവർക്ക് ജോലിഭാരം അധികമാവും. ശ്രദ്ധിച്ചില്ലെങ്കിൽ വീഴ്ചകൾ സംഭവിക്കാം. കൃത്യവിലോപത്തിന്റെ പേരിൽ മേലധികാരികളിൽ നിന്നും വല്ല നടപടിയും ഉണ്ടായിക്കൂടെന്നുമില്ല. മത്സരങ്ങളിൽ കഷ്ടിച്ച് കടന്നുകൂടിയേക്കും. വായ്പ, സർക്കാർ ധനസഹായം എന്നിവക്കായുള്ള ശ്രമം പരാജയപ്പെടാം. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നേക്കും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ഒമ്പതാമെടത്താണ് ശുക്രൻ. നേട്ടങ്ങൾക്ക് നേരിയ മേൽക്കൈ വന്നുചേരും. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പരവിശ്വാസം വർദ്ധിക്കും. മാതാപിതാക്കൾക്ക് ആരോഗ്യപരമായി മെച്ചം ഉണ്ടാകും. ഉപാസനാദികളിൽ ശ്രദ്ധയും താത്പര്യവും കൂടും. ക്ഷേത്രാടനയോഗം പ്രബലമായുണ്ട്. ആപത്തുകളെ അതിജീവിക്കും. വസ്ത്രം, ആഭരണം, ലേപനങ്ങൾ, സിനിമ, സംഗീതം, ചിത്രകല എന്നിവയുമായി ബന്ധപ്പെട്ടവർക്ക് അംഗീകാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സൗഹൃദങ്ങൾ വർദ്ധിക്കും.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): പൊതുവേ ദു:സ്ഥാനമെന്ന് പറയുന്ന എട്ടാം രാശിയിലാണ് ശുക്രസ്ഥിതി. എന്നാൽ അഷ്ടമ ശുക്രൻ ഗുണവാനെന്നത്രെ പ്രമാണം. ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ കുറയും. പലതരം നേട്ടങ്ങൾ വന്നെത്തും. ഭോഗസിദ്ധി, കാമനകളുടെ പൂർത്തീകരണം, ഇന്ദ്രിയ സൗഖ്യം എന്നിവ പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ കർമ്മമേഖലയിൽ മുഴുകും. സാമ്പത്തികസ്ഥിതി മോശമാവില്ല. അവിവാഹിതർക്ക് അനുകൂലമായ ആലോചനകൾ വരും. ചില കാഴ്ചപ്പാടുകൾ മാറ്റും. കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കും.
മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ഏഴിലെ ശുക്രൻ പ്രണയകാര്യങ്ങളിൽ വിഘാതം സൃഷ്ടിച്ചേക്കാം. പങ്ക്കച്ചവടത്തിൽ പടലപ്പിണക്കങ്ങൾ ഉദിക്കാം. ദീർഘയാത്രകൾ പുന:ക്രമീകരിക്കേണ്ടി വരും. പുതിയ കാര്യങ്ങൾ തുടങ്ങാൻ തടസ്സങ്ങൾ ഉണ്ടാവും. ദാമ്പത്യത്തിൽ ഊഷ്മളത കുറയുന്നതായി തോന്നും. ധനപരമായി നേട്ടങ്ങൾ വരാം. ചില കർത്തവ്യങ്ങൾ ക്ലേശിച്ചുകൊണ്ടാണെങ്കിലും പൂർത്തീകരിക്കും. കിടപ്പ് രോഗികൾക്ക് നേരിയ ആശ്വാസത്തിന് വകയുണ്ട്. ജീവിതശൈലീ രോഗങ്ങൾ ക്ലേശപ്രദമാവും. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
Read More