scorecardresearch

Venus Transit Virgo 2022 Astrological Predictions: ശുക്രൻ കന്നിരാശിയിൽ, മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം

Venus Kannirashiyil Astrological Predictions for Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: മകം മുതല്‍ തൃക്കേട്ട വരെയുള്ള നാളുകാരുടെ ശുക്രഫലം എപ്രകാരമാണെന്ന് നോക്കാം

Venus Transit Virgo 2022 Astrological Predictions: ശുക്രൻ കന്നിരാശിയിൽ, മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം

Venus Transit Virgo 2022 Astrological Predictions: 2022 സെപ്തംബർ 24 ന് , കൊല്ലവർഷം 1198 കന്നിമാസം 8 ന് ശുക്രൻ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് പകരുകയാണ്. ശരാശരി 25 ദിവസക്കാലം ശുക്രൻ കന്നിരാശിയിലുണ്ട്. ഒക്ടോബർ 18 ന്, തുലാം ഒന്നാം തീയതി ശുക്രൻ കന്നിയിൽ നിന്നും തുലാം രാശിയിലേക്ക് സംക്രമിക്കുകയുമാണ്.

കന്നിരാശിയിലെ സ്ഥിതി ശുക്രനെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഗ്രഹങ്ങളുടെ ബലം ഏറ്റവും നിസ്സാരമോ ശൂന്യമോ ആയിത്തീരുന്നത് അവ നീചം, മൗഢ്യം എന്നീ രണ്ട് അവസ്ഥകളിലൂടെ നീങ്ങുമ്പോഴാണ്. ഇത് രണ്ടും ശുക്രന് ഇപ്പോൾ ഒരുമിച്ച് സംഭവിക്കുകയാണ്. കന്നിരാശി ശുക്രന്റെ ശക്തി ഏറ്റവും ശോച്യതയിലെത്തുന്ന നീചരാശിയാകുന്നു.

“കൂനിന്മേൽ കുരു” എന്ന വണ്ണം സൂര്യ സാമീപ്യത്താൽ ശുക്രന് മൗഢ്യം സംഭവിക്കുകയുമാണ്. ഇപ്പോൾ മുതൽ രണ്ട് മാസക്കാലത്തേക്ക്. അതിനാൽ ശുക്രന്റെ ബലം കാറ്റിലെ അപ്പുപ്പൻ താടി പോലെ പാറിപ്പറക്കുകയാവും. ശുക്രനുമായി ബന്ധപ്പെട്ട മനുഷ്യരെയെല്ലാം ഇക്കാര്യങ്ങൾ ഓരോ വിധത്തിൽ പ്രതിലോമമായി സ്വാധീനിക്കുകയും ചെയ്യും.

ശുക്രൻ കലയുടെ കാരകഗ്രഹമാണ്. നാടകം, സംഗീതം, താളമേളങ്ങൾ, സിനിമ, ചിത്രകല, ലളിതകലകൾ എന്നിവയുമായി ബന്ധപ്പെട്ട കലാകാരന്മാർക്ക് ഇത് അത്ര മെച്ചപ്പെട്ട കാലമായിരിക്കില്ല. പ്രണയികൾക്കും കുറേ പ്രതികൂലതകളെ നേരിടേണ്ടി വരാം. അവരുടെ ഇടയിൽ സ്നേഹവും സന്തോഷവും നീങ്ങി കലഹവും ദ്വേഷവും ഉയിർക്കാം. ദമ്പതികൾക്കിടയിലും അനൈക്യകാലമാണ്. ഛിദ്രവാസന പത്തിവിടർത്തും. കച്ചവടം, സ്വർണാഭരണം, വസ്ത്രം, സൗന്ദര്യ വർദ്ധകവസ്തുക്കൾ, ഫാൻസി സ്റ്റോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടവർക്കും ശുക്രന്റെ ഈ നീച- മൗഢ്യ കാലം പ്രഹരശേഷിയുള്ളതാകാനിടയുണ്ട്.

ഇക്കാലയളവിൽ ശുക്രനും വ്യാഴവും പരസ്പരം നോക്കുന്നതിനാൽ, (ഇരുഗ്രഹങ്ങളും 180 ഡിഗ്രി അകലത്തിൽ സ്ഥിതിചെയ്യുന്നു) ഇതിനെ ‘ഗുരു ശുക്ര പരസ്പര ദൃഷ്ടിദോഷകാലം ‘ എന്ന് വ്യവഹരിക്കുന്നു. ഇക്കാലത്ത് വിവാഹനിശ്ചയം, വിവാഹം, ഗൃഹപ്രവേശം, വ്യാപാരാരംഭം തുടങ്ങിയ ശുഭകാര്യങ്ങൾ നടത്തരുത് എന്നും നിയമങ്ങളിലുണ്ട്.

മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ ശുക്രഫലം

ചിങ്ങക്കൂറിന് (മകം, പൂരം , ഉത്രം ഒന്നാം പാദം): രണ്ടാമെടത്തിലാണ് ശുക്രൻ. പ്രായേണ നല്ല ഫലങ്ങളാവും അധികം. പഠനത്തിൽ ഉണർവ്, പരീക്ഷാ വിജയം ഇവയുണ്ടാകും. മധുരമായി, ശ്രോതാവിനെ മുറിവേൽപ്പിക്കാതെ സംസാരിക്കും. ഗൃഹകാര്യങ്ങളിൽ ഏറെ താൽപര്യം പുലർത്തും. പുതിയ കണ്ണടയോ, മൂക്കുത്തി, കമ്മൽ തുടങ്ങിയ മുഖാഭരണങ്ങളോ വാങ്ങും. ധനലാഭം പ്രതീക്ഷിക്കാം. അണികളും സഹപ്രവർത്തകരും ആത്മാർത്ഥത കാണിക്കും. കലാകാരന്മാർക്ക് പാരിതോഷികങ്ങളോ പുരസ്കാരങ്ങളോ ലബ്ധമാകും.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): ജന്മരാശിയിലാണ്‌ ശുക്രസ്ഥിതി. ചന്ദ്രനും ശുക്രനും ഒഴികെ മറ്റ് ഏത് ഗ്രഹങ്ങൾ ജന്മരാശിയിൽ സ്ഥിതി ചെയ്താലും ദോഷഫലങ്ങൾക്കാവും പ്രാമുഖ്യം. വസ്ത്രാഭരണാദികൾ പാരിതോഷികമായി ലഭിക്കാം. സമയം തെറ്റാതെ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സാധിക്കും. സുഹൃൽ സമാഗമം മനസ്സന്തോഷമുണ്ടാക്കും. ശുഭവാർത്തകൾ തേടിവരും. പുതിയ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് ഗാഢമായി ആലോചിക്കും. സൽകീർത്തിയുണ്ടാകും, പ്രണയത്തിൽ പുരോഗതിയും ഫലം.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ): ധനലാഭമുണ്ടാകുമെങ്കിലും നല്ലകാര്യങ്ങൾക്ക് ചെലവുമേറും. വിദേശത്ത് പോകാൻ കാത്തിരിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്. വഴി നടത്തം കൊണ്ട് ദേഹസൗഖ്യം കുറയുമെങ്കിലും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. രോഗചികിത്സ ഫലപ്രദമാവും. എതിർപ്പുകളെ അവഗണിച്ച് മുന്നേറും. പ്രൊഫഷണലുകൾ കർമ്മരംഗത്ത് ശ്രദ്ധേയമായ കരുനീക്കങ്ങൾ നടത്തും. സുഹൃത്തുക്കളുടെ നിർലോഭമായ സഹായം ലഭിക്കും. ഗൃഹവാഹനാദികൾ നവീകരിക്കാനുള്ള ശ്രമം വിജയിക്കും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): പതിനൊന്നാമെടത്ത് വൃശ്ചികക്കൂറുകാർക്ക് ശുക്രൻ മാത്രമല്ല, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളുമുണ്ട്. ഭാവകാരകനായ വ്യാഴത്തിന്റെ ദൃഷ്ടിയും പതിനൊന്നിൽ പതിയുന്നു. ധരാളം അവസരങ്ങളും നേട്ടങ്ങളും കരഗതമാവുന്ന കാലമാണ്. മുഖ്യമായും ധനവരവ് അധികരിക്കും. പഠിപ്പിൽ കീർത്തി നേടും. എതിരാളികളുടെ മേൽ ആധികാരിക ജയം കൊയ്യും. ചിലർക്ക് പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാൻ കഴിയും. സ്വയംതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കർമ്മമേഖല വികസിക്കും. വാഹനം / വീട് / വസ്തു തുടങ്ങിയവ അധീനതയിലാവാനിടയുണ്ട്. പൊതുവേ ഐശ്വര്യ പൂർണമായ സമയമാണ്. ജീവിതപങ്കാളിക്കും നേട്ടങ്ങൾ ഉണ്ടാവും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Venus transit virgo 2022 astrological predictions makam pooram uthram atham chithira chothi vishakam anizham thrikketta stars