Venus Transit Virgo 2022 Astrological Predictions: 2022 സെപ്തംബർ 24 ന് , കൊല്ലവർഷം 1198 കന്നിമാസം 8 ന് ശുക്രൻ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് പകരുകയാണ്. ശരാശരി 25 ദിവസക്കാലം ശുക്രൻ കന്നിരാശിയിലുണ്ട്. ഒക്ടോബർ 18 ന്, തുലാം ഒന്നാം തീയതി ശുക്രൻ കന്നിയിൽ നിന്നും തുലാം രാശിയിലേക്ക് സംക്രമിക്കുകയുമാണ്.
കന്നിരാശിയിലെ സ്ഥിതി ശുക്രനെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഗ്രഹങ്ങളുടെ ബലം ഏറ്റവും നിസ്സാരമോ ശൂന്യമോ ആയിത്തീരുന്നത് അവ നീചം, മൗഢ്യം എന്നീ രണ്ട് അവസ്ഥകളിലൂടെ നീങ്ങുമ്പോഴാണ്. ഇത് രണ്ടും ശുക്രന് ഇപ്പോൾ ഒരുമിച്ച് സംഭവിക്കുകയാണ്. കന്നിരാശി ശുക്രന്റെ ശക്തി ഏറ്റവും ശോച്യതയിലെത്തുന്ന നീചരാശിയാകുന്നു. “കൂനിന്മേൽ കുരു” എന്ന വണ്ണം സൂര്യ സാമീപ്യത്താൽ ശുക്രന് മൗഢ്യം സംഭവിക്കുകയുമാണ് , ഇപ്പോൾ മുതൽ രണ്ട് മാസക്കാലത്തേക്ക്. അതിനാൽ ശുക്രന്റെ ബലം കാറ്റിലെ അപ്പുപ്പൻ താടി പോലെ പാറിപ്പറക്കുകയാവും. ശുക്രനുമായി ബന്ധപ്പെട്ട മനുഷ്യരെയെല്ലാം ഇക്കാര്യങ്ങൾ ഓരോ വിധത്തിൽ പ്രതിലോമമായി സ്വാധീനിക്കുകയും ചെയ്യും.
ശുക്രൻ കലയുടെ കാരകഗ്രഹമാണ്. നാടകം, സംഗീതം, താളമേളങ്ങൾ, സിനിമ, ചിത്രകല, ലളിതകലകൾ എന്നിവയുമായി ബന്ധപ്പെട്ട കലാകാരന്മാർക്ക് ഇത് അത്ര മെച്ചപ്പെട്ട കാലമായിരിക്കില്ല. പ്രണയികൾക്കും കുറേ പ്രതികൂലതകളെ നേരിടേണ്ടി വരാം. അവരുടെ ഇടയിൽ സ്നേഹവും സന്തോഷവും നീങ്ങി കലഹവും ദ്വേഷവും ഉയിർക്കാം. ദമ്പതികൾക്കിടയിലും അനൈക്യകാലമാണ്. ഛിദ്രവാസന പത്തിവിടർത്തും. കച്ചവടം, സ്വർണാഭരണം, വസ്ത്രം, സൗന്ദര്യ വർദ്ധകവസ്തുക്കൾ, ഫാൻസി സ്റ്റോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടവർക്കും ശുക്രന്റെ ഈ നീച- മൗഢ്യ കാലം പ്രഹരശേഷിയുള്ളതാകാനിടയുണ്ട്.
ഇക്കാലയളവിൽ ശുക്രനും വ്യാഴവും പരസ്പരം നോക്കുന്നതിനാൽ, (ഇരുഗ്രഹങ്ങളും 180 ഡിഗ്രി അകലത്തിൽ സ്ഥിതിചെയ്യുന്നു) ഇതിനെ ‘ഗുരു ശുക്ര പരസ്പര ദൃഷ്ടിദോഷകാലം ‘ എന്ന് വ്യവഹരിക്കുന്നു. ഇക്കാലത്ത് വിവാഹനിശ്ചയം, വിവാഹം, ഗൃഹപ്രവേശം, വ്യാപാരാരംഭം തുടങ്ങിയ ശുഭകാര്യങ്ങൾ നടത്തരുത് എന്നും നിയമങ്ങളിലുണ്ട്.
അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ ശുക്രഫലം
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാംപാദം): ശുക്രൻ ആറാം രാശിയിലാണ്. അനിഷ്ടഫലങ്ങൾക്കാവും മുൻതൂക്കം. സാമ്പത്തിക ഇടപാടുകളിൽ നഷ്ടം വരാതെ ശ്രദ്ധിക്കണം. വീട്ടിലെ അന്തരീക്ഷം അല്പം അസുഖകരമായേക്കാം.വാഗ്ദാനങ്ങൾ നിറവേറ്റാനാവാതെ കുഴങ്ങും. നൂതനസംരംഭങ്ങൾ സമാരംഭിക്കാൻ ഇത് അനുകൂല കാലമല്ല. കലാരംഗത്തുള്ളവർക്ക് ന്യായമായ പ്രതിഫലമോ അർഹതയ്ക്കുള്ള അംഗീകാരമോ ലഭിച്ചെന്ന് വരില്ല. പ്രമേഹം, കഫരോഗങ്ങൾ എന്നിവ മൂർച്ഛിക്കാം. കണ്ണ് കവർന്ന വസ്തുക്കൾ മുന്തിയ വില കൊടുത്ത് വാങ്ങും ; പിന്നീട് അവയ്ക്ക് അങ്ങനെയൊരു മൂല്യമില്ലെന്ന തിരിച്ചറിവ് മനസ്സിൽ കിടന്ന് മുരളുകയും ചെയ്യും.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): ഭാവനയും സർഗാത്മക സിദ്ധികളും കുതിച്ചുചാട്ടം നടത്തും. കലാകാരന്മാർക്ക് കീർത്തിയും അംഗീകാരവും സിദ്ധിക്കും. കർമ്മരംഗത്ത് പുത്തൻ പരിഷ്കാരങ്ങൾ കൊണ്ടുവരും. വിനോദ യാത്രകളും വ്യവസായ യാത്രകളും സഫല യാത്രകളായിത്തീരും. സന്താനങ്ങൾക്ക് പഠിപ്പ്, ജോലി, വിവാഹം എന്നിങ്ങനെ പ്രായം അനുസരിച്ചുള്ള സൽക്കാര്യങ്ങൾ നടക്കും. ഈശ്വരീയകാര്യങ്ങൾ അഭംഗുരം നിറവേറ്റും. പുതിയ വാഹനം വാങ്ങാൻ ആലോചിക്കും. കിടപ്പുമുറി കമനീയമാക്കാൻ ശ്രമിക്കും. മെത്ത, മെത്തവിരി, തലയണ,ഏ.സി, ചുമരലങ്കാരം, വിളക്കുകൾ എന്നിവ പുതുക്കും. അഥവാ പുതിയവ വാങ്ങും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണ്ട സമയമാണ്.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): മനസ്സന്തോഷം വർദ്ധിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. വിദേശത്ത് പോകാനോ, വിദേശ ധനം അനുഭവിക്കാനോ സന്ദർഭമുണ്ടാകും. ബന്ധുക്കൾ നിർലേപത വെടിഞ്ഞ് സഹകരിക്കും. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയരും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. പുതിയ കസേര, മേശ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങിക്കും.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): സഹോദരരുടെ ഇടയിൽ ഐകമത്യം ഉയരും. മുൻകൂട്ടി തീരുമാനിക്കാത്ത ചില കാര്യങ്ങൾ നടപ്പിലാക്കും. പണമിടപാടുകളിൽ ജാഗ്രത വേണ്ടതുണ്ട്. സ്വന്തം തൊഴിലിൽ അദ്ധ്വാനത്തിനനുസരിച്ച് ആദായം ലഭിക്കുന്നില്ലെന്ന് വരാം. അധികാരസ്ഥാനത്തുള്ളവരുടെ ഉപദേശം കേൾക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമോ സംഘടനകളുടെ ഭാരവാഹിത്വമോ വന്നുചേരാം. രോഗചികിത്സയ്ക്ക് പണം കണ്ടെത്തും. പ്രൊഫഷണൽ രംഗത്തുള്ളവരുടെ നൈപുണ്യം പരീക്ഷിക്കപ്പെടും.
Read More