Venus Transit to Capricorn Aquarius Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ശുക്രനെ Venus എന്നാണ് പാശ്ചാത്യർ വിളിക്കുന്നത്. സൗമ്യപ്രകൃതിയായ ഒരു ഗ്രഹമെന്ന പ്രതീതിയാണ് ശുക്രന് ഉള്ളത്. ശുക്രൻ ഗ്രഹനിലയിൽ ബലവാനാണെങ്കിൽ ആ വ്യക്തിയുടെ ജീവിതം ഐശ്വര്യ പൂർണമാകും. ശബളാഭമായ ജീവിതം നയിക്കാൻ അയാൾക്കാവും. ന്യായമായ ആവശ്യങ്ങൾ മിക്കതും നിറവേറപ്പെടും. സ്ഥാനമാനങ്ങൾ വന്നുചേരും. സൗന്ദര്യതൃഷ്ണ, കലാവാസന എന്നിവ ജന്മസിദ്ധമായിരിക്കും. ജീവിതത്തെ പ്രേമസുരഭിലമായ കണ്ണുകളോടെ നോക്കിക്കാണും. വലിയ കുടുംബ സ്നേഹിയായിരിക്കും. വിദേശയാത്ര കൊണ്ടു നേട്ടങ്ങൾ സ്വന്തമാക്കും. മനസ്സിനിണങ്ങിയ ധരാളം ചങ്ങാതിമാരുണ്ടാവും.
ഗോചരാൽ ശുക്രൻ ശരാശരി 25 മുതൽ 30 ദിവസം വരെയാണ് ഓരോ രാശിയിലും സഞ്ചരിക്കുക. ഇപ്പോൾ മകരം രാശിയിലാണ്. ജനുവരി 22 ന് കുംഭത്തിലേക്ക് കടക്കുന്നു. ഫെബ്രുവരി 15 വരെ അവിടെ തുടരും. മീനം രാശിയാണ് ശുക്രന്റെ ഉച്ചരാശി. ഉച്ചത്തിലേക്ക് പോകുന്നതിനാൽ മകരം – കുംഭം രാശികളിലെ ശുക്രനെ ‘ആരോഹി’ എന്ന് വിശേഷിപ്പിക്കുന്നു. ബലവാനാണ് ശുക്രൻ. കൂടാതെ ബന്ധുഗ്രഹമായ ശനിയുടെ രാശികളായ മകരം-കുംഭം രാശികളിലായാണ് സഞ്ചാരവും. ഇതെല്ലാം ശുക്രന് പൊതുവേ ബലമുണ്ടെന്നതിനെ കുറിക്കുന്നു. 6, 7, 10 എന്നീ ഭാവങ്ങളിലൊഴികെ മറ്റ് എല്ലാ രാശികളിലും ബലവാനും ഉന്നതഫലദാതാവും ആണ് ശുക്രൻ. അങ്ങനെ നോക്കിയാൽ ജനുവരി 22 വരെ ചിങ്ങം, കർക്കടകം, മേടം എന്നീ കൂറുകാർക്കും തുടർന്ന് ഫെബ്രുവരി 15 വരെ കന്നി, ചിങ്ങം, ഇടവം എന്നീ കൂറുകാർക്കും പ്രായേണ പ്രതികൂല ഫലങ്ങളാണ്.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ശത്രുക്കളുടെ ഉപദ്രവം ഏറാം. പല തീരുമാനങ്ങളും സാക്ഷാൽക്കരിക്കാനാവാതെ വിഷമിക്കും. മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് ഉയരാൻ കഴിയാത്ത വിഷമം വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കുമുണ്ടാവും. ചോരശല്യം, മറവി മൂലം വില കൂടിയ വസ്തുക്കൾ നഷ്ടമാവുക മുതലായവ സംഭവിക്കാം. ജനുവരി നാലാം ആഴ്ചമുതൽ ശുക്രൻ ഏഴിൽ സഞ്ചരിക്കുകയാൽ പ്രണയ ശൈഥില്യം, ദാമ്പത്യ ക്ലേശങ്ങൾ എന്നിവ സാധ്യതകൾ. ക്രയവിക്രയങ്ങളിൽ പരാജയം സംഭവിക്കാം.
കന്നിക്കൂറിന് (ഉത്രം 1,2,3 അത്തം, ചിത്തിര 1,2 പാദങ്ങൾ ): സന്താനങ്ങൾ പരീക്ഷകളിലും കലാമത്സരങ്ങളിലും ഉന്നത വിജയം നേടും. ഭാവനാപൂർവം സർഗസൃഷ്ടി നടത്തും. ബൗദ്ധികമായ സമീപനം മൂലം തൊഴിലിൽ ആദരം നേടും. കുടുംബാംഗങ്ങളിൽ നിന്നും ഊഷ്മളമായ പെരുമാറ്റം വരും. ജനുവരി നാലാം പാദം മുതൽ ധനക്ലേശം ഏറാം. രോഗങ്ങൾക്ക് ചികിൽസ വേണ്ടി വന്നേക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ വലയ്ക്കാം. സമയബന്ധിതമായി തീർക്കേണ്ട കാര്യങ്ങളിൽ വിളംബം ഭവിക്കാം.
തുലാക്കൂറിന് (ചിത്തിര 3,4 , ചോതി, വിശാഖം 1,2,3 പാദങ്ങൾ): ഗാർഹിക സൗഖ്യം ഉണ്ടാവും. വീടുപണി പൂർത്തിയാക്കും. ആഢംബരവസ്തുക്കൾ വാങ്ങും. കലഹം നീങ്ങി ബന്ധുക്കൾ ഇണക്കത്തിലാവും. മാനസിക പിരിമുറുക്കത്തിന് അയവ് വരും. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാന മാർഗമെങ്കിലും വന്നുചേരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നേറ്റമുണ്ടാവും. മാതാവിന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് മികച്ച ചികിൽസ കിട്ടും. ഉദ്യോഗസ്ഥർക്ക് പദവിയിൽ തിളങ്ങാനാവും.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): സന്തോഷകരമായ അനുഭവങ്ങൾ വന്നുചേരും. ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. അണികളുടെ പിന്തുണയോടെ രാഷ്ട്രീയത്തിൽ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കും. ധനപരമായി ഉയർച്ചയുണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിച്ചേക്കും. ഗൃഹത്തിൽ പുതിയ നിർമ്മിതികൾ നടത്തും. മാതൃബന്ധുക്കളെ സന്ദർശിക്കും. സഹോദരരുടേയും തൽസ്ഥാനീയരുടെ സ്നേഹാദരങ്ങൾ ലഭിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ലാഭം വർദ്ധിക്കും. കഫരോഗികൾ ജാഗ്രത പുലർത്തണം.