scorecardresearch

ശുക്രൻ മകരം, കുംഭം രാശികളിൽ

Venus Transit to Capricorn Aquarius Astrological Predictions: പന്ത്രണ്ട് രാശികളിൽ / കൂറുകളിൽ ജനിച്ചവർക്ക് ശുക്രഫലം എപ്രകാരമായിരിക്കുമെന്ന് നോക്കാം

ശുക്രൻ മകരം, കുംഭം രാശികളിൽ

Venus Transit to Capricorn Aquarius Astrological Predictions: ശുക്രനെ Venus എന്നാണ് പാശ്ചാത്യർ വിളിക്കുന്നത്. സൗമ്യപ്രകൃതിയായ ഒരു ഗ്രഹമെന്ന പ്രതീതിയാണ് ശുക്രന് ഉള്ളത്. ശുക്രൻ ഗ്രഹനിലയിൽ ബലവാനാണെങ്കിൽ ആ വ്യക്തിയുടെ ജീവിതം ഐശ്വര്യ പൂർണമാകും. ശബളാഭമായ ജീവിതം നയിക്കാൻ അയാൾക്കാവും. ന്യായമായ ആവശ്യങ്ങൾ മിക്കതും നിറവേറപ്പെടും. സ്ഥാനമാനങ്ങൾ വന്നുചേരും. സൗന്ദര്യതൃഷ്ണ, കലാവാസന എന്നിവ ജന്മസിദ്ധമായിരിക്കും. ജീവിതത്തെ പ്രേമസുരഭിലമായ കണ്ണുകളോടെ നോക്കിക്കാണും. വലിയ കുടുംബ സ്നേഹിയായിരിക്കും. വിദേശയാത്ര കൊണ്ടു നേട്ടങ്ങൾ സ്വന്തമാക്കും. മനസ്സിനിണങ്ങിയ ധരാളം ചങ്ങാതിമാരുണ്ടാവും.

ഗോചരാൽ ശുക്രൻ ശരാശരി 25 മുതൽ 30 ദിവസം വരെയാണ് ഓരോ രാശിയിലും സഞ്ചരിക്കുക. ഇപ്പോൾ മകരം രാശിയിലാണ്. ജനുവരി 22 ന് കുംഭത്തിലേക്ക് കടക്കുന്നു. ഫെബ്രുവരി 15വരെ അവിടെ തുടരും. മീനം രാശിയാണ് ശുക്രന്റെ ഉച്ചരാശി. ഉച്ചത്തിലേക്ക് പോകുന്നതിനാൽ മകരം – കുംഭം രാശികളിലെ ശുക്രനെ ‘ആരോഹി’ എന്നു വിശേഷിപ്പിക്കുന്നു. ബലവാനാണ് ശുക്രൻ. കൂടാതെ ബന്ധുഗ്രഹമായ ശനിയുടെ രാശികളായ മകരം-കുംഭം രാശികളിലായാണ് സഞ്ചാരവും. ഇതെല്ലാം ശുക്രന് പൊതുവേ ബലമുണ്ടെന്നതിനെ കുറിക്കുന്നു. 6, 7, 10 എന്നീ ഭാവങ്ങളിലൊഴികെ മറ്റ് എല്ലാ രാശികളിലും ബലവാനും ഉന്നതഫലദാതാവും ആണ് ശുക്രൻ. അങ്ങനെ നോക്കിയാൽ ജനുവരി 22 വരെ ചിങ്ങം, കർക്കടകം, മേടം എന്നീ കൂറുകാർക്കും തുടർന്ന് ഫെബ്രുവരി 15 വരെ കന്നി, ചിങ്ങം, ഇടവം എന്നീ കൂറുകാർക്കും പ്രായേണ പ്രതികൂല ഫലങ്ങളാണ്. തുടർന്ന് പന്ത്രണ്ട് രാശികളിൽ / കൂറുകളിൽ ജനിച്ചവർക്കും ശുക്രഫലം എപ്രകാരമായിരിക്കും എന്ന് നോക്കാം.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ജനുവരി 22 വരെ തൊഴിൽ രംഗം അശാന്തമാവും. സഹപ്രവർത്തകരുമായി വിയോജിപ്പുകൾ വന്നേക്കാം. സ്നേഹിതരുടെ പിന്തുണ ഉദ്ദേശിച്ചതു പോലെ ഭവിക്കണമെന്നില്ല. കച്ചവടക്കാർക്ക് ഉപഭോക്താക്കളുടെ പ്രീതിയും സല്പേരും കുറയാം. ജനുവരി 22 ന് ശേഷം സാമ്പത്തികമെച്ചം ഉണ്ടാവും. വിദേശധനം കൈവശം വന്നുചേരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കലാപരമായി ഉയർച്ച / സമ്മാനം എന്നിവ ലഭിക്കാം. സൗഹൃദങ്ങൾ പുഷ്ടിപ്പെടും. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം.

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): ജനുവരി 22 വരെ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ദേവീക്ഷേത്രത്തിൽ ദർശനഭാഗ്യം ഉണ്ട്. പിതാവിന് രോഗമുക്തിയുണ്ടാവും. സമൂഹമദ്ധ്യത്തിൽ സ്വന്തം കഴിവുകൾ ബഹുമാനിക്കപ്പെടും. ധനപരമായി നേട്ടങ്ങൾ, ഭാഗ്യപുഷ്ടി എന്നിവയും ഫലങ്ങൾ. തുടർന്ന് ഫെബ്രുവരി 15 വരെ കാര്യതടസ്സം, സർക്കാർ കാര്യങ്ങളിൽ പ്രതികൂലത എന്നിവയുണ്ടാവാം. കടം വാങ്ങാനുള്ള പ്രേരണയുണ്ടാവും. കർമ്മരംഗത്ത് തിളക്കം കുറയും.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): ഭൗതിക സമൃദ്ധിയുണ്ടാവും. കർമ്മപുഷ്ടിയുള്ള കാലമാണ്. ചെയ്യുന്നതിൽ നൂറുമേനി വിളവെടുക്കും. നേതൃസിദ്ധി അംഗീകരിക്കപ്പെടും. മനസ്സിനിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാവും. ഫെബ്രുവരി പകുതിക്ക്‌ ശേഷം കൂടുതൽ നല്ല അനുഭവങ്ങൾ ഉണ്ടാവും. പ്രണയസാഫല്യം, വിവാഹകാര്യത്തിൽ തീരുമാനം എന്നിവ ഭവിക്കാം. വിദേശത്ത് നിന്ന് പാരിതോഷികങ്ങൾ ലഭിക്കും. സകുടുംബമുള്ള വിനോദ യാത്രകൾ നടത്തും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാവും.

കർക്കടകക്കൂറിന് ( പുണർതം നാലാം പാദം, പൂയം, ആയില്യം): ശുക്രൻ ഏഴിൽ സഞ്ചരിക്കുകയാൽ പ്രണയ പരാജയം, ദാമ്പത്യകലഹം എന്നിവ സംഭവിക്കാം. കൂട്ടുകച്ചവടത്തിൽ അപ്രതീക്ഷിത പ്രതിസന്ധി വരാം. മുൻകൂട്ടി നിശ്ചയിച്ചിരുന്ന യാത്രകൾ മാറ്റിവെക്കേണ്ടതായ സാഹചര്യം ഉടലെടുക്കാം. ജനുവരി അവസാന ആഴ്ച മുതൽ കാലം അനുകൂലം. ഭോഗസിദ്ധി, സൗഭാഗ്യം, കാര്യവിജയം എന്നിവയുണ്ടാവും. ധനവരവ് അധികരിക്കും. സഹപ്രവർത്തകരിൽ നിന്നും ഉയർന്ന പിന്തുണ ലഭിക്കും.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ശത്രുക്കളുടെ ഉപദ്രവം ഏറാം. പല തീരുമാനങ്ങളും സാക്ഷാൽക്കരിക്കാനാവാതെ വിഷമിക്കും. മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് ഉയരാൻ കഴിയാത്ത വിഷമം വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കുമുണ്ടാവും. ചോരശല്യം, മറവി മൂലം വില കൂടിയ വസ്തുക്കൾ നഷ്ടമാവുക മുതലായവ സംഭവിക്കാം. ജനുവരി നാലാം ആഴ്ചമുതൽ ശുക്രൻ ഏഴിൽ സഞ്ചരിക്കുകയാൽ പ്രണയ ശൈഥില്യം, ദാമ്പത്യ ക്ലേശങ്ങൾ എന്നിവ സാധ്യതകൾ. ക്രയവിക്രയങ്ങളിൽ പരാജയം സംഭവിക്കാം.

കന്നിക്കൂറിന് (ഉത്രം 1,2,3 അത്തം, ചിത്തിര 1,2 പാദങ്ങൾ ): സന്താനങ്ങൾ പരീക്ഷകളിലും കലാമത്സരങ്ങളിലും ഉന്നത വിജയം നേടും. ഭാവനാപൂർവം സർഗസൃഷ്ടി നടത്തും. ബൗദ്ധികമായ സമീപനം മൂലം തൊഴിലിൽ ആദരം നേടും. കുടുംബാംഗങ്ങളിൽ നിന്നും ഊഷ്മളമായ പെരുമാറ്റം വരും. ജനുവരി നാലാം പാദം മുതൽ ധനക്ലേശം ഏറാം. രോഗങ്ങൾക്ക് ചികിൽസ വേണ്ടി വന്നേക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ വലയ്ക്കാം. സമയബന്ധിതമായി തീർക്കേണ്ട കാര്യങ്ങളിൽ വിളംബം ഭവിക്കാം.

തുലാക്കൂറിന് (ചിത്തിര 3,4 , ചോതി, വിശാഖം 1,2,3 പാദങ്ങൾ): ഗാർഹിക സൗഖ്യം ഉണ്ടാവും. വീടുപണി പൂർത്തിയാക്കും. ആഢംബരവസ്തുക്കൾ വാങ്ങും. കലഹം നീങ്ങി ബന്ധുക്കൾ ഇണക്കത്തിലാവും. മാനസിക പിരിമുറുക്കത്തിന് അയവ് വരും. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാന മാർഗമെങ്കിലും വന്നുചേരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നേറ്റമുണ്ടാവും. മാതാവിന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് മികച്ച ചികിൽസ കിട്ടും. ഉദ്യോഗസ്ഥർക്ക് പദവിയിൽ തിളങ്ങാനാവും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): സന്തോഷകരമായ അനുഭവങ്ങൾ വന്നുചേരും. ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. അണികളുടെ പിന്തുണയോടെ രാഷ്ട്രീയത്തിൽ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കും. ധനപരമായി ഉയർച്ചയുണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിച്ചേക്കും. ഗൃഹത്തിൽ പുതിയ നിർമ്മിതികൾ നടത്തും. മാതൃബന്ധുക്കളെ സന്ദർശിക്കും. സഹോദരരുടേയും തൽസ്ഥാനീയരുടെ സ്നേഹാദരങ്ങൾ ലഭിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ലാഭം വർദ്ധിക്കും. കഫരോഗികൾ ജാഗ്രത പുലർത്തണം.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): വാക്സിദ്ധി പ്രശംസിക്കപ്പെടും. പഠനത്തിൽ പ്രാഗല്ഭ്യം തെളിയിക്കും. നേത്ര രോഗത്തിന് ശമനമുണ്ടാകും. വിലകൂടിയ മുഖാലങ്കാരങ്ങൾ (മൂക്കുത്തി, കമ്മൽ, കണ്ണട ഇത്യാദി) വാങ്ങും. കുടുംബ ജീവിതം രമ്യമായിത്തുടരും. ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെടും മുൻപ് കാണാത്ത സ്ഥലങ്ങളിലേക്ക് കൂട്ടുകാരോടൊപ്പം / കുടുംബത്തോടൊപ്പം വിനോദ യാത്ര പോകും. പൊതുവേ ഭാഗ്യപുഷ്ടിയും മനസ്സമാധാനവും ഉണ്ടാകും.

മകരക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): അദ്ധ്വാനത്തിന് ഇരട്ടി പ്രതിഫലം കിട്ടും. ഭോഗസൗഖ്യം ഭവിക്കും. മനസ്സിനെ സന്തോഷിപ്പിക്കുന്ന അനുഭവങ്ങളുണ്ടാകും. പ്രണയികൾക്ക് വിവാഹ സാഫല്യമുണ്ടാകും. വിദേശ യാത്രക്കൊരുങ്ങുന്നവർക്ക് അതിനുള്ള അവസരം സഞ്ജാതമാകും. കലാപ്രവർത്തനത്തിൽ വിജയിക്കും. നൂതന വസ്ത്രാഭരണാദികൾ വാങ്ങുകയോ പാരിതോഷികം കിട്ടുകയോ ചെയ്യും. നന്നായി വിശ്രമിക്കാനും ഇഷ്ടഭക്ഷണങ്ങൾ ആസ്വദിക്കാനും കാഴ്ചകളിൽ അഭിരമിക്കാനും ഉചിതസന്ദർഭമാണ്.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): വീട്ടിൽ നിന്നും അകന്ന് നിൽക്കേണ്ട സാഹചര്യം വരാം. നല്ല കാര്യങ്ങൾക്കായി പണച്ചെലവുണ്ടാകും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ വന്നുചേരുന്നതാണ്. കുടുംബാംഗങ്ങളുടെ ഐക്യത്തിനായി പ്രവർത്തിച്ച് വിജയിക്കും. പുതിയ പാദരക്ഷകൾ, പാദാഭരണങ്ങൾ മുതലായവ വാങ്ങും. സർഗ്ഗ പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കും. അവിവാഹിതർക്ക് വിവാഹ ബന്ധം ഉറയ്ക്കുന്നതാണ്. ബിസിനസ്സ് സംബന്ധിച്ച ആലോചനകൾ യാഥാർത്ഥ്യമാകും. ആരോഗ്യകാര്യങ്ങളിൽ ആലസ്യം അരുത്.

മീനക്കൂറിന് (പൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി): ധനപരമായി നേട്ടങ്ങളുണ്ടാകും. കച്ചവടത്തിൽ ലാഭം വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് ഇഷ്ടദിക്കിലേക്ക് സ്ഥലം മാറ്റം കിട്ടും. ഉപരിപഠനത്തിനായി വിദേശത്ത് പോകാനാകും. സർക്കാരിൽ നിന്നും ധനസഹായം , ബാങ്കുകളിൽ നിന്നും വായ്പ മുതലായവ ലഭിക്കാൻ സാധ്യതയുണ്ട്. ഗൃഹത്തിൽ പുണ്യകർമ്മങ്ങൾ നടത്തും. കലാരംഗത്തുള്ളവർക്ക് വലിയ തോതിലുള്ള പ്രോത്സാഹനം ലഭിക്കുന്നതാണ്. സുഹൃദ് ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. പഴയ സതീർത്ഥ്യരെ കണ്ടുമുട്ടാനും കുടുംബയോഗങ്ങളിൽ പങ്കെടുക്കാനും സന്ദർഭമുണ്ടാകും. ആരോഗ്യപരമായി തരക്കേടില്ലാത്ത കാലമാണ്. എന്നാലും ജീവിത ശൈലീ രോഗങ്ങളുള്ളവർ കരുതൽ പുലർത്തണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Venus transit to capricorn aquarius astrological predictions