/indian-express-malayalam/media/media_files/uploads/2023/08/shukra-horoscope-4.jpg)
Sukran Vakragathiyil Venus Retrogression 2023 Horoscope Astrological Predictions Moolam to Revathi
Venus Retrogression 2023 Horoscope Astrological Predictions Moolam to Revathi: ശുക്രൻ മനുഷ്യരുടെ ഭൗതികവാഞ്ഛകളുടെ കാരകഗ്രഹമാണ്. പ്രണയം, വാത്സല്യം, സ്നേഹം, രതി, ഇന്ദ്രിയകാമനകൾ, ദാമ്പത്യസുഖം, വസ്ത്രാഭരണാദികൾ, മദ്യപാനം, ദുഷ്പ്രേരണകൾ, കവിത, സാഹിത്യം, സിനിമ, എന്നിവ ശുക്രനെ മുൻനിർത്തിയാണ് പരിഗണിക്കുക. ജീവിതത്തോട് ഏറ്റവും ഉരുമ്മിയും ഹൃദയത്തോട് ചേർന്നും നിൽക്കുന്ന ഗ്രഹമാണ് ശുക്രൻ. ശുഭഗ്രഹം എന്ന പരിഗണനയാണ് ജ്യോതിഷം ശുക്രന് നൽകിയിട്ടുള്ളത്.
ചിങ്ങം രാശിയിൽ സഞ്ചരിക്കുന്ന ശുക്രൻ വക്രഗതിയായി (Retrograde) 2023 ആഗസ്റ്റ് 7 ന്
(1198 കർക്കടകം 22 ന്) പകൽ 11:19 ന് കർക്കടകം രാശിയിലേക്ക് നിഷ്ക്രമിക്കുകയാണ്. ആഗസ്റ്റ് 8 (കർക്കടകം 23) മുതൽ ശുക്രന് മൗഢ്യം ((combustion) കൂടി സംഭവിക്കുകയാണ്. ഇത് അല്പകാലത്തേക്ക് മാത്രമാണ്. 2023 ആഗസ്റ്റ് 19 ന് /1199 ചിങ്ങം 3ന് മൗഢ്യം തീരുന്നു. എന്നാൽ വക്രം തീരുന്നതാകട്ടെ, 2023 സെപ്തംബർ 5 നാണ്. (അതായത് ചിങ്ങം 20നും). ആകയാൽ വക്രവും മൗഢ്യവും ഒരുമിച്ച് സംഭവിക്കുന്ന ആഗസ്റ്റ് 8 മുതൽ 19 വരെ ശുക്രൻ സഹജഗുണങ്ങൾ ഒന്നും നൽകില്ല. എന്നല്ല ദോഷപ്രദനാവുകയും ചെയ്യുന്നതാണ്.
2023 ആഗസ്റ്റ് 7 മുതൽ സെപ്തംബർ 5 വരെ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ടുരാശിക്കാർക്കും അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാർക്കും ശുക്രൻ നൽകുന്ന ഫലങ്ങളാണ് ഇവിടെ അപഗ്രഥിക്കുന്നത്.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): ആറും പതിനൊന്നും ഭാവങ്ങളുടെ അധിപനാണ് ശുക്രൻ. അവ അനിഷ്ടഭാവങ്ങളാണ്. ശുക്രൻ സഞ്ചരിക്കുന്നതാകട്ടെ മറ്റൊരു അനിഷ്ടഭാവമായ എട്ടാം ഇടത്തിലും. ആ സാഹചര്യം ദോഷത്തെ കുറക്കും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടായാലും അതിനെ മറികടക്കാനാവും. കടം വാങ്ങേണ്ടിവന്നേക്കും. എന്നാൽ മറ്റുചില വഴികളിലൂടെ പണം വന്നെത്തും. രോഗികൾ വിഷമിക്കാം. എന്നാൽ തുടർചികിത്സക്ക് സന്ദർഭം ഉണ്ടാവുന്നതാണ്. വിദ്യാർത്ഥികൾ പഠനത്തിൽ പിന്നിലായേക്കും. ഉദ്ദേശിച്ച വിജയം നേടാൻ കഠിനാധ്വാനം ആവശ്യമായി വരുന്നതാണ്. നിയമനം പ്രതീക്ഷിക്കുന്നവർക്ക് അല്പം കൂടി കാത്തിരിപ്പ് കൂടിയേ കഴിയൂ. വരവുണ്ടാവുമെങ്കിലും അതിനെ നല്ലകാര്യങ്ങൾക്കായിട്ടാണ് ചിലവഴിക്കുന്നതെന്ന് ഉറപ്പിച്ച് പറയാനാവില്ല. ആത്മസംയമനം, സ്ഥിരോത്സാഹം, ആരോഗ്യപരിരക്ഷ, മിതവ്യയം എന്നിവ അനിവാര്യമായ കാലമാണിത്.
മകരക്കൂറിന് (ഉത്രാടം2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): പഞ്ചമദശമ ഭാവങ്ങളുടെ അധിപനാണ് ശുക്രൻ. സപ്തമഭാവമായ കർക്കടകത്തിൽ സഞ്ചരിക്കുന്നു. വിജയപ്രതീക്ഷ ഭാഗികമായി നിറവേറും. ബിസിനസ്സ് ചർച്ചകളിൽ നേട്ടങ്ങളുണ്ടാവുന്നതാണ്. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ തുറന്നുകിട്ടാം. എന്നാൽ വലിയ മുതൽമുടക്കിന് ഇപ്പോൾ സമയം അനുകൂലമല്ല. പ്രണയത്തിൽ കയ്പുരസം നിറഞ്ഞേക്കാം. പരസ്പരവിശ്വാസം നഷ്ടമാകുന്നതായി തോന്നും. ദാമ്പത്യത്തിലും സ്ഥിതി വ്യത്യസ്തമാവണമെന്നില്ല. അനാവശ്യമായ കുറ്റപ്പെടുത്തലുകൾ പരസ്പരം ഉണ്ടായേക്കും. ഉദ്യോഗസ്ഥർക്ക് പതിവ് സമയം കഴിഞ്ഞാലും ജോലി പൂർത്തിയാക്കാൻ സാധിച്ചേക്കില്ല. വിദേശത്തുപോകാൻ കാത്തിരിക്കുന്നവർക്ക് തടസ്സങ്ങൾ ഉടലെടുത്തേക്കും. ആദായം കുറയില്ലെങ്കിലും അത്യാവശ്യങ്ങൾക്ക് മാത്രം ചെലവാക്കുന്നതിൽ കരുതൽ വേണം. കഫജന്യരോഗങ്ങൾ, പകർച്ചവ്യാധികൾ ഇവ സാധ്യതയാണ്.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1,2,3 പദങ്ങൾ): കുംഭക്കൂറുകാർക്ക് നാലും ഒമ്പതും ഭാവങ്ങളുടെ അധിപതിയാണ് ശുക്രൻ. ഭാഗ്യാധിപതിയും യോഗകാരകനും ആകയാൽ ശുക്രന്റെ മൗഢ്യം / വക്രം എന്നിവ ദോഷപ്രദമാണ്. കഴിവുകൾ തമസ്കരിക്കപ്പെടാം. സ്വന്തം കഴിച്ചകൾക്കുള്ള അംഗീകാരം മറ്റുള്ളവർ അപഹരിച്ചെന്നും വരാം. ആറാം ഭാവമായ കർക്കടകത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ ഋണബാദ്ധ്യത ക്ലേശിപ്പിക്കും. കഫ - ജല ജന്യരോഗങ്ങൾ വിഷമിപ്പിക്കാം. ആരോഗ്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാത്തവിധം മറ്റു പ്രശ്നങ്ങളും വരാം. യഥാർത്ഥ ശത്രുവിനെ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയുണ്ടാവും. തൊഴിലിൽ നിന്നും നിത്യവൃത്തിക്കാവശ്യമായ വരുമാനം മാത്രം ലഭിക്കുന്നതാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾക്ക് കൂടുതൽ ചെലവുണ്ടാകും. ബന്ധു, ശത്രുവാണോ എന്ന് സംശയിച്ചേക്കും. രണ്ടാം ഭാവത്തിന്റെ ഉച്ചാധിപൻ കൂടിയാണ് ശുക്രൻ എന്നതിനാൽ പഠനത്തെയും ശുക്രൻ കുറച്ചൊന്ന് ദുർബലപ്പെടുത്തിയേക്കാം.
മീനക്കൂറിന് (പൂരുരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി): മൂന്ന്, എട്ട് എന്നീ ദു:സ്ഥാനങ്ങളുടെ ആധിപത്യമാണ് ശുക്രന്. പഞ്ചമഭാവത്തിൽ സഞ്ചരിക്കുകയും ആണ്. അതിനാൽ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ എല്ലാവശങ്ങളും പരിഗണിക്കണം. വിവേകത്തെ അവിവേകം പുറന്തള്ളുന്ന സ്ഥിതിവരാം. നേട്ടങ്ങൾക്കായി കുറുക്കുവഴികൾ തേടും. ദുശ്ശീലങ്ങളുടെ പിടിയിൽ നിന്നും മോചനം നേടാനുള്ള ശ്രമം വിജയിക്കണമെന്നില്ല. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഉപരിപഠനം, ഗവേഷണം എന്നിവയിൽ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകാൻ മടിക്കരുത്. ഉദരരോഗങ്ങൾ, രഹസ്യാവയവ രോഗങ്ങൾ എന്നിവ ചില സാധ്യതകളാണ്. പ്രണയം, ദാമ്പത്യം, ധനകാര്യം എന്നിവയിലും ചില മനക്ലേശങ്ങൾ വന്നേക്കാം. ക്ഷമയും വിവേകവും വഴികാട്ടികളായേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.