/indian-express-malayalam/media/media_files/uploads/2023/08/shukra-horoscope-2.jpg)
Sukran Vakragathiyil Venus Retrogression 2023 Horoscope Astrological Predictions Aswathi to Ayilyam
Venus Retrogression 2023 Horoscope Astrological Predictions Aswathi to Ayilyam: ശുക്രൻ മനുഷ്യരുടെ ഭൗതികവാഞ്ഛകളുടെ കാരകഗ്രഹമാണ്. പ്രണയം, വാത്സല്യം, സ്നേഹം, രതി, ഇന്ദ്രിയകാമനകൾ, ദാമ്പത്യസുഖം, വസ്ത്രാഭരണാദികൾ, മദ്യപാനം, ദുഷ്പ്രേരണകൾ, കവിത, സാഹിത്യം, സിനിമ, എന്നിവ ശുക്രനെ മുൻനിർത്തിയാണ് പരിഗണിക്കുക.
ജീവിതത്തോട് ഏറ്റവും ഉരുമ്മിയും ഹൃദയത്തോട് ചേർന്നും നിൽക്കുന്ന ഗ്രഹമാണ് ശുക്രൻ. ശുഭഗ്രഹം എന്ന പരിഗണനയാണ് ജ്യോതിഷം ശുക്രന് നൽകിയിട്ടുള്ളത്.
ചിങ്ങം രാശിയിൽ സഞ്ചരിക്കുന്ന ശുക്രൻ വക്രഗതിയായി (Retrograde) 2023 ആഗസ്റ്റ് 7 ന്
(1198 കർക്കടകം 22 ന്) പകൽ 11:19 ന് കർക്കടകം രാശിയിലേക്ക് നിഷ്ക്രമിക്കുകയാണ്. ആഗസ്റ്റ് 8 (കർക്കടകം 23) മുതൽ ശുക്രന് മൗഢ്യം ((combustion) കൂടി സംഭവിക്കുകയാണ്. ഇത് അല്പകാലത്തേക്ക് മാത്രമാണ്. 2023 ആഗസ്റ്റ് 19 ന് /1199 ചിങ്ങം 3ന് മൗഢ്യം തീരുന്നു. എന്നാൽ
വക്രം തീരുന്നതാകട്ടെ, 2023 സെപ്തംബർ 5 നാണ്. (അതായത് ചിങ്ങം 20നും). ആകയാൽ വക്രവും മൗഢ്യവും ഒരുമിച്ച് സംഭവിക്കുന്ന ആഗസ്റ്റ് 8 മുതൽ 19 വരെ ശുക്രൻ സഹജഗുണങ്ങൾ ഒന്നും നൽകില്ല. എന്നല്ല ദോഷപ്രദനാവുകയും ചെയ്യുന്നതാണ്.
2023 ആഗസ്റ്റ് 7 മുതൽ സെപ്തംബർ 5 വരെ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ടുരാശിക്കാർക്കും അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാർക്കും ശുക്രൻ നൽകുന്ന ഫലങ്ങളാണ് ഇവിടെ അപഗ്രഥിക്കുന്നത്.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): വാക്സ്ഥാനം, പണം, കുടുംബം, വാക്ക്, പ്രണയം, ദാമ്പത്യം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗ്രഹമാണ് മേടക്കൂറുകാർക്കു ശുക്രൻ. ഈ വിഷയങ്ങളിൽ കഷ്ടനഷ്ടങ്ങളോ പരാജയമോ സ്വസ്ഥതക്കുറവോ അസംതൃപ്തിയോ സംഭവിക്കാം. പ്രണയത്തിൽ താൽകാലിക വിരഹങ്ങൾ ഒരു സാധ്യതയാണ്. സുഹൃത്തുക്കൾ വിരോധികളാവാനിടയുണ്ട്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഹൃദയബന്ധം അല്പം മങ്ങാം. ശുക്രദശ, ശുക്രാപഹാരം എന്നിവയിലൂടെ കടന്നു പോകുന്നവർക്ക് ധനക്ലേശങ്ങൾ അധികരിച്ചേക്കും. പ്രമേഹം സംബന്ധിച്ച വൈദ്യപരിശോധനകൾ മുടക്കരുത്. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): ജന്മരാശിയുടെ, കൂറിന്റെ നാഥനാണ് ശുക്രൻ. രോഗം, ശത്രു, ചോരന്മാർ, കടബാധ്യത, കാര്യതടസ്സം എന്നിവയെ കാണിക്കുന്ന ആറാം ഭാവത്തിന്റെ (തുലാം) അധിപനുമാണ്. അതിനാൽ മൂന്നാം രാശിയായ കർക്കടകത്തിൽ മൗഢ്യം, വക്രസ്ഥിതി എന്നിവയിൽ സഞ്ചരിക്കുന്ന ശുക്രൻ കുറേ ക്ലേശങ്ങൾക്കും ആത്മഗ്ളാനിക്കും വഴിവെക്കും. ദുർവാസനകൾ / ദു:ശീലങ്ങൾ നിയന്ത്രിക്കാനാവില്ല. ജീവിതശൈലീരോഗങ്ങൾ ഉപദ്രവിച്ചേക്കാം. കടം വാങ്ങിയ തുക പറഞ്ഞ സമയത്ത് കൊടുക്കാൻ പറ്റാത്തതിന്റെ മനക്ലേശവും അധിക്ഷേപവും ഉണ്ടാവാം.
തൊഴിലിൽ ലാഭം കുറയുവാനിടയുണ്ട്. ദാമ്പത്യത്തിൽ ഇണക്കം ചുരുങ്ങും. മറഞ്ഞിരിക്കുന്ന ശത്രുവിന്റെ പ്രവർത്തനങ്ങളിൽ വിഷമിക്കും. സഹായ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടണം എന്നില്ല. മറ്റു ഗ്രഹങ്ങളുടെ ആനുകൂല്യം ഉണ്ടാകുന്ന പക്ഷം ദോഷം ലഘുകരിക്കപ്പെടുന്നതാണ്.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): അഞ്ച്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ശുക്രൻ. സന്താനം, ബുദ്ധിശക്തി, ചെലവ്, ദൂരയാത്രകൾ എന്നിവ ശുക്രനുമായി ബന്ധപ്പെട്ട വിഷയങ്ങളാകുന്നു. രണ്ടാം ഭാവമായ കർക്കടകത്തിൽ സഞ്ചരിക്കുന്നതിനാൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഒപ്പം ചില നഷ്ടങ്ങളും. ഊഹക്കച്ചവടത്തിൽ പണനഷ്ടം വരാനിടയുണ്ട്. കൃത്യമായ ആസൂത്രണമില്ലാതെ നടത്തുന്ന യാത്രകൾ പലതരം ക്ലേശങ്ങൾക്കിട വരുത്താം. നിക്ഷേപങ്ങൾ ചെറിയ കാര്യങ്ങൾക്കായി പിൻവലിക്കാനുള്ള പ്രേരണ വരാം. അത്യാവശ്യമല്ലാത്ത വസ്തുക്കൾ വാങ്ങരുത്. ധൂർത്തും പാഴ്ച്ചെലവുകളും ഇക്കാലത്ത് ഒരു സാധ്യതയാണെന്ന കാര്യം ഓർമ്മിക്കണം. മക്കളുടെ പഠനം, കൂട്ടുകെട്ട്, അവരുടെ വാഹനയാത്ര എന്നിവയെ സംബന്ധിച്ച എപ്പോഴും നിരീക്ഷണം പുലർത്തുന്നത് നന്നായിരിക്കും. നവസംരംഭങ്ങൾ, വിവാഹം എന്നിവയ്ക്ക് ഇക്കാലം അനുകൂലമല്ല.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): ശുക്രൻ പതിനൊന്ന്, നാല് എന്നീ ഭാവങ്ങളുടെ അധിപനാകുന്നു. വരവ്, സൽകീർത്തി, ഭോഗസുഖം, അംഗീകാരം, സുഹൃത്തുക്കൾ, മാതൃസൗഖ്യം, വസ്തു, ബന്ധുക്കൾ, വാഹനം എന്നീ വിഷയങ്ങളെ ശുക്രൻ സൂചിപ്പിക്കുന്നു. ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുകയാൽ നേട്ടങ്ങൾ കൂടും. സൗഹൃദം പുഷ്ടിപ്പെടാം. പലവഴികളിൽ നിന്നും ആദായം പെരുകും. പുതുവാഹനം വാങ്ങാനോ മോടിപിടിപ്പിക്കാനോ സാധ്യതയുണ്ട്. വീടിന്റെ ജീർണ്ണോദ്ധാരണം പൂർത്തിയാക്കും. ബന്ധുക്കളുടെ പിണക്കം തീരുന്നതാണ്. മനസ്സിന് സന്തോഷം തരുന്ന വസ്തുക്കൾ, വ്യക്തികൾ, വിനോദങ്ങൾ എന്നിവ അനുഭവത്തിൽ വരും. പുതിയ സാഹചര്യങ്ങളുമായി ഇണങ്ങും. ദാമ്പത്യം ശോഭനമാകുന്നതാണ്. കലാപരമായ സിദ്ധികൾ അംഗീകരിക്കപ്പെടാം. ജീവിതശൈലീ രോഗങ്ങൾ ക്ലേശിപ്പിച്ചെന്നുവരാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.