ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
വ്യക്തിപരമായി നേട്ടങ്ങൾക്ക് മുൻതൂക്കമുള്ള വർഷമാണ്. ഏഴര ശനി ഒഴിയുന്നതും വ്യാഴം 4, 5 ഭാവങ്ങളിൽ സഞ്ചരിക്കുന്നതും അനുകൂലമാണ്. വർഷത്തിന്റെ രണ്ടാം പകുതി ഗുണപ്രധാനമായിരിക്കും. കുടുംബപ്രശ്നങ്ങൾ മിക്കതും പരിഹരിക്കാനാവും. വാഹനം വാങ്ങാനോ ഗൃഹം നവീകരിക്കാനോ ഉള്ള ശ്രമങ്ങൾ വിജയിക്കും. ധനപരമായി കുറച്ചു കാലമായി ഉണ്ടായിരുന്ന ആശങ്കകൾ ഒഴിയും. രോഗാതുരതകൾക്ക് ലഘുത്വമോ ശമനമോ ഭവിക്കും. സന്താനങ്ങളുടെ ശ്രേയസ്സ് സന്തോഷമേകും. ആത്മവിശ്വാസത്തോടെ നവസംരംഭങ്ങൾ തുടങ്ങും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധയും വിശ്വാസവും വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിലെ അനൈക്യങ്ങൾ മാറും. ചെറുകിട വ്യപാരികൾ നേട്ടങ്ങൾ ഉണ്ടാക്കും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
കർമ്മരംഗത്ത് ഉത്കർഷമുണ്ടാകും. വിവാദങ്ങളെ സമർത്ഥമായി മറികടക്കും. ഊഹക്കച്ചവടത്തിൽ ലാഭം കിട്ടുന്നതാണ്. സഹോദരാനുകൂല്യം ഭവിക്കും. കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തും. സൗഹൃദങ്ങൾ മനസ്സന്തോഷത്തിന് വഴിതുറക്കും. അനാവശ്യമായ യാത്രകൾ ഒഴിവാക്കുകയാവും ഉചിതം. ഗൃഹനിർമ്മാണത്തിന് അനുമതി കിട്ടും. എതിർപ്പുകളെ അവഗണിക്കും, അയൽബന്ധങ്ങളിൽ രമ്യത കുറയാം. വിജ്ഞാന സമ്പാദനത്തിനും സാങ്കേതികവിദ്യ നേടാനും സമയം കണ്ടെത്തും. ആരോഗ്യപരമായി കൂടുതൽ ജാഗ്രത പുലർത്തേണ്ട വർഷമാണ്.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം , പൂരുട്ടാതി 1,2,3 പാദങ്ങൾ)
വായ്പ, ചിട്ടി എന്നിവ മൂലം ധനക്കമ്മി പരിഹരിക്കുവാൻ ശ്രമിക്കും. തൊഴിലിൽ ചില അശാന്തികൾ ഉണ്ടായേക്കാം. വസ്തുതർക്കങ്ങൾ നീണ്ടുപോയേക്കാം. അന്യന്റെ കാര്യത്തിനായി സമയവും ഊർജ്ജവും കൂടുതൽ ചെലവഴിക്കുന്ന പ്രവണതയെ നിയന്ത്രിക്കേണ്ടതുണ്ട്. പ്രൊഫഷണലുകൾ വെല്ലുവിളികളെ മറികടക്കും. വിദേശയാത്രക്ക് കാലതാമസം ഏർപ്പെടാം. കരാറുകൾ പുതുക്കിക്കിട്ടും. ഏജൻസികൾ / ഫ്രാഞ്ചൈസികൾ എന്നിവ നടത്തുന്നവർക്ക് ചെറിയ ലാഭമെങ്കിലും വന്നുചേരാതിരിക്കില്ല. രാഷ്ട്രീയക്കാർക്ക് സ്ഥാനഭ്രംശമോ നേതൃത്വത്തിൽ നിന്നും ശാസനയോ നേരിടേണ്ടിവരും. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.
മീനക്കൂറിന് (പൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
വരവുചെലവുകൾ തുല്യമായിരിക്കും. ചില നിക്ഷേപങ്ങൾ പിൻവലിക്കാനും ലാഭകരമായ ചില മുതൽ മുടക്കുകൾ നടത്താനും ശ്രമിക്കും. വർഷത്തിന്റെ രണ്ടാംപകുതി മുതൽ ഏഴര ശനിക്കാലമാകയാൽ ക്രയവിക്രയങ്ങളിൽ ശ്രദ്ധ വേണം. സാമൂഹികമായി അംഗീകാരവും മാന്യതയും കൂടും. വിവാഹാവസരം വന്നുചേരും. കലാകായിക മത്സരങ്ങളിൽ വിജയം ഭവിക്കുന്നതാണ്. മാധ്യമരംഗം, അധ്യാപനം, സാങ്കേതിക തൊഴിൽ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം ഉണ്ടാവും. അഷ്ടമകേതു മൂലം ചില അവിചാരിതമായ ക്ലേശങ്ങൾ ഉണ്ടാവാം. കഠിനപ്രയത്നത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കും. മുഖ,പാദ രോഗങ്ങൾക്ക് ചികിത്സ വേണ്ടി വരുന്നതായിരിക്കും. ആസൂത്രണമികവ് അഭിനന്ദിക്കപ്പെടും.