scorecardresearch
Latest News

മേയ് പതിനാല് വരെ ഈ നാളുകാരായ വിദ്യാർത്ഥികൾക്ക് പഠനത്തിൽ അനുകൂല കാലം

മേടമാസത്തെ ഗ്രഹസ്ഥിതി അനുസരിച്ച് ഭരണി, തിരുവാതിര, പൂയം, മകം, ഉത്രം, ഉത്രാടം, തൃക്കേട്ട എന്നീ ഏഴ് നക്ഷത്രക്കാരുടേയും മേടമാസത്തെ പൊതുഫലം വായിക്കാം.

astrology, horoscope, ie malayalam

വിഷു ആഘോഷിക്കുന്ന മേടമാസത്തിന് മുപ്പത് ദിവസമാണുള്ളത്. ഈ വർഷം ഏപ്രിൽ 15 നാണ് മേടം ഒന്ന്. അത് മേയ് പതിനാലിന് അവസാനിക്കുന്നു. ഏപ്രിൽ 14 ന് ഉച്ചതിരിഞ്ഞായിരുന്നു സൂര്യന്റെ മേടസംക്രമണം. മേയ് 15 ന് രാവിലെ ആണ് സൂര്യൻ ഇടവത്തിലേക്ക് മാറും. മേടം ഒന്നിന് തിരുവോണം നക്ഷത്രമാണ്.മേടം 30 ന് ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചതയം നാളിൽ സഞ്ചരിക്കുന്നു.

മേടം ഏഴിനാണ് വ്യാഴത്തിന്റെ സംക്രമം. മീനത്തിൽ നിന്നും മേടത്തിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും മേടത്തിലും തുലാത്തിലുമായി തുടരുകയാണ്. മിഥുനം രാശിയിൽ ഉള്ള ചൊവ്വ മേടം 26 ന് കർക്കടകം രാശിയിലേക്ക് മാറുന്നു. ശനി കുംഭം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ മേടമാസം മുഴുവൻ മേടം രാശിയിലുണ്ട്. ശുക്രൻ ഇടവത്തിലാണ്. മേടം 18 ന് മിഥുനത്തിലേക്ക് പകരുന്നു.

ഈ ഗ്രഹസ്ഥിതി അനുസരിച്ച് ഭരണി, തിരുവാതിര, പൂയം, മകം, ഉത്രം, ഉത്രാടം, തൃക്കേട്ട എന്നീ ഏഴ് നക്ഷത്രക്കാരുടേയും മേടമാസത്തെ പൊതുഫലമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

ഭരണി: നക്ഷത്രനാഥൻ ശുക്രൻ സ്വക്ഷേത്രത്തിൽ നിൽക്കുകയാൽ മനോവാക്കർമ്മങ്ങൾക്ക് ബലമുണ്ടാവും. മൂന്നിലെ ചൊവ്വ സഹപ്രവർത്തകരിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കാൻ കാരണമാകും. വസ്തുക്കൾ, നിക്ഷേപങ്ങൾ ഇവയിൽ നിന്നും വരുമാനം വർദ്ധിച്ചേക്കാം. അവിവാഹിതർക്ക് വിവാഹതീരുമാനം ഭവിക്കുന്നതാണ്. തൊഴിലിൽ നൂതനത്വം വരുത്തും. മുഖാഭരണങ്ങൾ, കണ്ണട എന്നിവ വാങ്ങാനോ പാരിതോഷികമായി ലഭിക്കുവാനോ സാധ്യതയുണ്ട്.. സുഖഭോഗങ്ങളുണ്ടാകുന്നതാണ്. കലാപ്രവർത്തനം പുരസ്കൃതമാകും. വിദ്യാർത്ഥികൾക്ക് ആഗ്രഹത്തിനനുസരിച്ച വിഷയങ്ങളിൽ ഉപരിപഠനം സിദ്ധിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് വീടിനടുത്തേക്ക് സ്ഥലം മാറ്റം കിട്ടാം. ആരോഗ്യകാര്യത്തിൽ അശ്രദ്ധയരുത്. മേടം മൂന്നാം ആഴ്ച മുതൽ അലച്ചിലേറും.

തിരുവാതിര: പതിനൊന്നാം രാശിയിലെ ഗ്രഹാധിക്യം ഗുണമേകും. ചിരകാലത്തെ ആഗ്രഹങ്ങൾ നിറവേറപ്പെടാം. സാമ്പത്തികമായ സുസ്ഥിതിയുണ്ടാകുന്നതാണ്. സമൂഹത്തിൽ സ്വാധീനശക്തി വർദ്ധിക്കും. സഹപ്രവർത്തകരുടെ വക്താവോ നേതാവോ ആയി മുൻനിരയിൽ നിൽക്കാൻ അവസരമുണ്ടാകും. ഭാഗ്യപുഷ്ടിയുള്ള സമയവുമാണ്. പരീക്ഷാവിജയം, ഇഷ്ടവിഷയങ്ങളിൽ ഉന്നതപഠനാരംഭം എന്നിവയും സാധ്യതകൾ. വ്യാപാര വ്യവസായികൾക്ക് ലാഭമധികരിക്കും. എന്നാൽ ആർഭാടങ്ങൾക്കായി ചെലവും വന്നുചേരുന്നതാണ്. കലഹപ്രേരണ, ആരോഗ്യ സൗഖ്യക്കുറവ്, വീഴ്ച, മുറിവ് തുടങ്ങിയവയ്ക്ക് രാശിസ്ഥിതനായ ചൊവ്വ കാരണമാകാം. കരുതൽ വേണം.

പൂയം: കർമ്മരംഗത്ത് വളർച്ച പ്രതീക്ഷിക്കാം. അധികാരികളുടെ അനുമോദനത്തിന് അർഹരാവും. തൊഴിലിടത്തിലെ പ്രതികൂല സാഹചര്യങ്ങളെ സമർത്ഥമായി മറികടക്കും. പഠന ഗവേഷണങ്ങളിൽ ഉണർന്ന് പ്രവർത്തിക്കും. കലാപരമായി ഉയർച്ചയുണ്ടാകുന്നതാണ്. കടബാധ്യതകൾ കുറയും. അധ്വാനവും സമർപ്പണവും വിലമതിക്കപ്പെടും. സൗഹൃദങ്ങൾ ഗാഢമാകുന്നതാണ്. പ്രണയം സഫലമാകും. കുടുംബഭദ്രത പ്രതീക്ഷിക്കാം. മക്കളുടെ ശ്രേയസ്സ് സന്തോഷമേകും. ഭൂമി സംബന്ധിച്ച ചില തർക്കങ്ങൾ ഒരു സാധ്യതയാണ്. ആരോഗ്യപരിരക്ഷയിൽ അലംഭാവമരുത്.

മകം: ക്ലേശങ്ങൾ കുറയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. വ്യക്തി ജീവിതത്തിലും കർമ്മരംഗത്തും അതിന്റെ പ്രതിഫലനം അറിയാൻ കഴിയും. ഉദ്യോഗസ്ഥർ അധികാര സ്ഥാനങ്ങളിലേക്ക് ഉയർത്തപ്പെടും. സംഘടനകളുടെ / കക്ഷികളുടെ മുൻനിരയിൽ എത്തും. വ്യാപാരം- വ്യവസായം എന്നിവയിൽ പുരോഗതിയുണ്ടാകും. സ്വാശ്രയത്വത്തിൽ ആഹ്ലാദിക്കാനാവും. ഗുരുജനങ്ങളുടെ അനുഗ്രഹം നേടാനും പഴയ സുഹൃത്തുക്കളെ കാണാനും സന്ദർഭം വന്നെത്തും. പുരോഗതിക്ക് എതിരാകുന്ന ചില പ്രതികൂല സാഹചര്യങ്ങളെ അകറ്റാനാവും. ധനസ്ഥിതി മെച്ചപ്പെടുന്നതാണ്. പഠനത്തിൽ മുന്നിലെത്തും. മാസാന്ത്യം ക്രയവിക്രയം, ആരോഗ്യം ഇവയിൽ അതീവ ശ്രദ്ധ പാലിക്കണം.

ഉത്രം: നക്ഷത്രനാഥനായ ആദിത്യന്റെ ഉച്ചരാശ്യധിപത്യം നിങ്ങളുടെ ആത്മപ്രഭാവം വർദ്ധിപ്പിക്കും. ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാനാവും. കർമ്മമേഖലയിൽ നേട്ടങ്ങളുണ്ടാകുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണ കരുത്തേകും. സാഹചര്യങ്ങൾ വിപരീതമായാലും അവയെ നിർഭയം നേരിടും. ഗാർഹികാന്തരീക്ഷത്തിലെ കാലുഷ്യങ്ങൾ അകലും. മേടം രണ്ടാം പകുതി മുതൽ ധനസ്ഥിതി മെച്ചപ്പെടുന്നതാണ്. വിദ്യാർത്ഥികൾക്ക് അഭിനന്ദനീയമായ പരീക്ഷാ വിജയം സിദ്ധിക്കും. കലാപ്രവർത്തനത്തിന് വീട്ടിനകത്തും പുറത്തും മാന്യത വന്നുചേരുന്നതാണ്. ഭൂമിസംബന്ധിച്ച ഇടപാടുകളിൽ അമളി പിണയരുത്. സർക്കാർ ആനുകൂല്യങ്ങൾ, വായ്പ, ചിട്ടി എന്നിവയിലൂടെ ധനം വന്നുചേരുന്നതാണ്.

ഉത്രാടം: ആശയങ്ങൾ പലതും ആവിഷ്കരിക്കുക എളുപ്പമല്ലെന്നറിയും. അവസരങ്ങളെ ഭംഗിയായി പ്രയോജനപ്പെടുത്തുകയാവും കരണീയം എന്ന് തിരിച്ചറിയും. ധനാഗമം മോശമാവില്ല. നക്ഷത്രനാഥൻ ആദിത്യൻ ഉച്ചരാശിയിൽ ആവുകയാൽ ആത്മവിശ്വാസം ഏറും. കുടുംബത്തിലും കർമ്മമേഖലയിലും അംഗീകരിക്കപ്പെടും. പുതുപദവികളും ചുമതലകളും വന്നുചേരുന്നതാണ്. പിൻതലമുറക്കാരെയോർത്ത് വ്യാകുലപ്പെട്ടേക്കും. വാഗ്ദാനങ്ങൾ ഭംഗിയായി നിറവേറ്റാനാവും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ അഭിമാനാർഹമായ വിജയം സിദ്ധിക്കുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കുകൊള്ളും. ഭോഗസിദ്ധി, വിനോദയാത്രകൾ, ആഢംബര വസ്തുക്കൾ വാങ്ങുക എന്നിവയും ഭവിക്കാം.

തൃക്കേട്ട: പ്രവർത്തനോർജം വർദ്ധിക്കും. നവസംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്. സമൂഹമാധ്യമങ്ങളുടെ പിൻബലം വ്യാപാരവിജയത്തിന് സ്വീകരിക്കും. ഉദ്യോഗസ്ഥർക്ക് ഉന്നതസ്ഥാനങ്ങൾ കിട്ടിയേക്കും. ‘മറഞ്ഞ ബുധന് നിറഞ്ഞ വിദ്യ’ എന്ന പ്രമാണപ്രകാരം പഠനത്തിൽ നല്ലവളർച്ച പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. ദാമ്പത്യ ജീവിതത്തിൽ സമാധാനമുണ്ടാകും. യാത്രകൾ തൊഴിൽപരമായും വ്യക്തിപരമായും നേട്ടങ്ങൾക്ക് കാരണമാകുന്നതാണ്. അഷ്ടമകുജൻ മാസാന്ത്യത്തോടെ സ്ഥാനം മാറുകയാൽ ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത കുറഞ്ഞേക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Up to may 14th this is a good time for students in their studies