2023 ഏപ്രിൽ 15 ന് ആണ് 1198 മേടമാസം ഒന്ന് വരുന്നത്. മുപ്പത് ദിവസങ്ങളാണ് മേടമാസത്തിനുള്ളത്. മേയ് 14 ന് മേടം അവസാനിക്കുന്നു. ഏപ്രിൽ 14 ന് ഉച്ചതിരിഞ്ഞ് സൂര്യന്റെ മേടസംക്രമണം. മേയ് 15 ന് രാവിലെ ആണ് സൂര്യൻ ഇടവത്തിലേക്ക് പകരുന്നത്. മേടം ഒന്നിന് തിരുവോണം നക്ഷത്രമാണ്.മേടം 30 ന് ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചതയം നാളിൽ സഞ്ചരിക്കുന്നു.
മേടം ഏഴിനാണ് വ്യാഴത്തിന്റെ സംക്രമം. മീനത്തിൽ നിന്നും മേടത്തിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും മേടത്തിലും തുലാത്തിലുമായി തുടരുകയാണ്. മിഥുനം രാശിയിൽ ഉള്ള ചൊവ്വ മേടം 26 ന് കർക്കടകം രാശിയിലേക്ക് മാറുന്നു. ശനി കുംഭം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ മേടമാസം മുഴുവൻ മേടം രാശിയിലുണ്ട്. ശുക്രൻ ഇടവത്തിലാണ്. മേടം 18 ന് മിഥുനത്തിലേക്ക് പകരുന്നു.
ഈ ഗ്രഹസ്ഥിതി അനുസരിച്ച് രോഹിണി, ആയില്യം, അനിഴം, മകയിരം,രേവതിഎന്നീ നക്ഷത്രക്കാരുടേയും മേടമാസത്തെ പൊതുവായ ഫലങ്ങൾ വായിക്കാം.
രോഹിണി: പന്ത്രണ്ടാം രാശിയിലെ ഗ്രഹാധിക്യം ചെലവുകൾ, വിഭവനാശം, അപ്രതീക്ഷിത യാത്രകൾ തുടങ്ങിയവയ്ക്ക് വഴിതുറക്കാം. രണ്ടിലെ ചൊവ്വ വാഗ്വാദങ്ങളിലേക്ക് നയിച്ചേക്കും. ചിലപ്പോൾ കടബാധ്യതകൾ വലയ്ക്കാനും ഇടയുണ്ട്. എങ്കിലും ജന്മരാശിയിൽ സഞ്ചരിക്കുന്ന സ്വക്ഷേത്രാധിപനായ ശുക്രൻ വിശിഷ്ടമായ അനുഭവങ്ങളും നേട്ടങ്ങളും ഭോഗവും നൽകുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ കൈവരും. പ്രണയാനുഭവങ്ങൾ പുഷ്പസുരഭിലമാകും. ദാമ്പത്യത്തിലെ നീരസങ്ങൾ പിൻവാങ്ങുന്നതാണ്. പങ്കുകച്ചവടത്തിൽ നിന്നും ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം, വ്യയം എന്നിവയിൽ ജാഗ്രത പുലർത്തുന്നത് അഭിലഷണീയം.
ആയില്യം: നക്ഷത്രനാഥനായ ബുധന്റെ ചൊവ്വയുമായുള്ള പരിവർത്തനം മാസാന്ത്യം വരെ നീളുകയാൽ ചില അനിശ്ചിതത്ത്വങ്ങൾ ഉണ്ടാകാം. ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നടന്നുകിട്ടുകയും ചെയ്യും. തൊഴിലിൽ നിന്നും പ്രശസ്തിയും ആദായവും വന്നുചേരുന്നതാണ്. സ്വന്തമായി തൊഴിൽ തേടുന്നവർക്ക് ന്യായമായവരുമാന മാർഗം ലഭിച്ചേക്കും. കുടുംബഭദ്രത പ്രതീക്ഷിക്കാം. വിദേശ / അന്യദേശ യാത്രക്ക് കളമൊരുങ്ങും. വീടോ വാഹനമോ വാങ്ങാനോ, നവീകരിക്കാനോ ഉള്ള ശ്രമങ്ങൾ ഏതാണ്ട് വിജയിക്കും. വ്യവഹാരങ്ങൾക്ക് ഇത് അനുകൂലവേളയല്ല. ആരോഗ്യകാര്യത്തിൽ അനാസ്ഥയരുത്. ക്രയവിക്രയത്തിൽ ജാഗ്രത വേണ്ടതുണ്ട്.
മകയിരം: മകയിരം നക്ഷത്രത്തിന്റെ ആദ്യ പകുതി ഇടവക്കൂറിലും രണ്ടാം പകുതി മിഥുനക്കൂറിലും വരുന്നു. മിഥുനക്കൂറുകാർക്കാവും, ഈ മാസം പ്രായേണ ഗുണപ്രദം. വ്യാഴം, രാഹു, ആദിത്യൻ, ബുധൻ എന്നിവ പതിനൊന്നാമെടത്തിൽ സഞ്ചരിക്കുന്നു. ധനപരമായി നേട്ടങ്ങൾ ഉണ്ടാവും. പിതൃസ്വത്തിന്റെ അവകാശം, ഭൂമിയിൽ നിന്നും ആദായം ഇവ പ്രതീക്ഷിക്കാനാവും. പഠനത്തിൽ ഉയർന്ന വിജയം നേടും. മത്സരങ്ങളിൽ തിളങ്ങും. രാഷ്ട്രീയത്തിൽ പദവികൾ വന്നെത്തും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കും. ഇടവക്കൂറുകാർ ചെലവ് നിയന്ത്രിക്കണം. പ്രധാന തീരുമാനങ്ങൾ അൽപ്പം നീട്ടിവെക്കുകയാവും ഉചിതം. വാക്കുകളുടെ ഉപയോഗത്തിൽ ശ്രദ്ധ പുലർത്തണം. സാഹസങ്ങൾക്ക് മുതിരരുത്. വാഹനവും അഗ്നിയും ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം. എന്നാലും ശുക്രന്റെ ആനുകൂല്യത്താൽ ജീവിതം ഒട്ടൊക്കെ ആസ്വാദ്യമായിത്തീരുന്ന താണ്.
അനിഴം: മുഖ്യതൊഴിലിനൊപ്പം, ഉപതൊഴിലിൽ നിന്നും ആദായം ഉണ്ടാകും. പത്താം ഭാവധിപനായ ആദിത്യൻ ഉച്ചരാശിയിൽ സഞ്ചരിക്കുന്നതിന്റെ പ്രതിഫലനമാണത്. അധികാര പദവികൾ വഹിക്കാനിടവരും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പിന്തുണ ഏറും. മികച്ച പരീക്ഷാവിജയം കരസ്ഥമാക്കിയതിനാൽ ഇഷ്ടവിഷയങ്ങളിൽ ഉപരി വിദ്യാഭ്യാസത്തിനുള്ള വാതിൽ തുറക്കപ്പെടും. ജോലി സംബന്ധമായി അയൽ / അന്യ നാടുകളിലേക്ക് താമസം മാറേണ്ടി വരാം. നവീന സാങ്കേതികവിദ്യകൾ വ്യക്തിജീവിതത്തിലും പ്രയോജനപ്പെടുത്തുന്നതാണ്. ഗാർഹികരംഗം സ്വച്ഛന്ദമാകും. ശുക്രന്റെ ഏഴിലെ സ്ഥിതി പ്രണയാനുഭവങ്ങൾക്ക് കാരണമാകാം. ആരോഗ്യം സംരക്ഷിക്കുന്നതിൽ ജാഗ്രത കുറയ്ക്കരുത്.
രേവതി: വാഗ്‌വിലാസത്താൽ സഭകളിലും സംഘടനാവേദികളിലും കൈയ്യടി നേടും. പരീക്ഷാവിജയം ഉയർന്നതാവും. മേൽപഠനത്തിന് യഥോചിതം കളമൊരുങ്ങും. കുടുംബപ്രശ്നങ്ങൾക്ക് മാസപ്പകുതി മുതൽ രമ്യമായ തീർപ്പുകൾ ഭവിക്കുന്നതാണ്. ദീർഘയാത്രകൾ നല്ല ലക്ഷ്യങ്ങളെ നേടാൻ വേണ്ടിയുള്ളതാവും. തൊഴിലിൽ നഷ്ടപ്രതാപം, ധനഭദ്രത എന്നിവ നേടിയെടുക്കാൻ ശ്രമം തുടങ്ങും. ദിശാബോധത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. ന്യായമായ ആവശ്യങ്ങൾ നിറവേറാനുള്ള സാമ്പത്തികസ്ഥിതി കൈവരും. വാഹനം, അഗ്നി, ആയുധം ഇവയുടെ ഉപയോഗത്തിൽ ജാഗ്രത പുലർത്തണം.