scorecardresearch
Latest News

അപരിചിതരോടുള്ള സഹവാസവും അനാവശ്യയാത്രയും ഒഴിവാക്കണം, ഏപ്രിൽ 14 വരെ ഈ നാളുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതി വരുന്ന കാലയളവിൽ സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികളെ അടിസ്ഥാനപ്പെടുത്തി കാർത്തിക, രോഹിണി, മകയിരം, പുണർതം,മകം, പൂരം എന്നീ നാളുകാരെ ജ്യോതിഷ പ്രകാരം എങ്ങനെ സ്വാധീനിക്കുന്നു

horoscope,iemalayalam

2023 മാർച്ച് 15 നായിരുന്നു മീനം ഒന്നാം തീയതി. ഏപ്രിൽ 14 ന് മീനമാസം അവസാനിക്കുന്നു. (31 ദിവസം). മീനമാസത്തിൽ സൂര്യനും വ്യാഴവും മീനത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും രാഹുവും ശുക്രനും മേടത്തിലും കേതു തുലാത്തിലും തുടരുന്നു. ചൊവ്വ, മാസം മുഴുവൻ മിഥുനത്തിലുണ്ട്. ബുധൻ മീനം രണ്ട് മുതൽ 17 വരെ മീനത്തിലും തുടർന്ന് മേടത്തിലുമായി സഞ്ചരിക്കുന്നു.

ശുക്രൻ മീനമാസം അവസാന ആഴ്ചയിൽ ഇടവത്തിലോട്ട് പകരുന്നു. ചന്ദ്രൻ മീനം ഒന്നിന് തൃക്കേട്ടയിൽ;ലഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യം ഉത്രാടത്തിലും എത്തുന്നു. മീനം രണ്ട് മുതൽ 17 വരെ ബുധൻ നീചത്തിലും മൗഢ്യത്തിലുമാണ്. മീനം 17 മുതൽ ഗുരുവിന്റെ മൗഢ്യവും തുടങ്ങുന്നു.

ഇപ്രകാരമുള്ള സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികളെ അടിസ്ഥാനപ്പെടുത്തി കാർത്തിക, രോഹിണി, മകയിരം, പുണർതം,മകം, പൂരം എന്നീ നക്ഷത്രജാതരെ എങ്ങനെ സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാനപ്പെട്ട ഫലങ്ങൾ എന്തൊക്കെയാവാം എന്ന് ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നു.

കാർത്തിക: ആത്മവിശ്വാസം വർദ്ധിക്കും. പരീക്ഷകളെയും മത്സരങ്ങളേയും സധൈര്യം നേരിടും. പുതിയസൗഹൃദങ്ങൾ വന്നുചേരും. ദൂരയാത്രകൾക്ക് പദ്ധതി തയ്യാറാക്കും. മക്കളുടെ ഭാവികാര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കും. ചെലവ് കൂടുമെങ്കിലും സാമ്പത്തികസ്ഥിതി മോശമാവില്ല. വസ്തുവിന്റെ ക്രയവിക്രയങ്ങൾ ലാഭത്തിലെത്താം. കാര്യാലോചനകളിൽ അഭിപ്രായങ്ങൾക്ക് പിന്തുണ കിട്ടും. ഉഷ്ണരോഗങ്ങളിൽ കരുതൽ വേണം.

രോഹിണി: പിതൃധനമോ സ്വത്തുക്കളോ അധീനത്തിൽ വരാം. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന അനുമതിപത്രം ലഭിക്കും. നവീനകാര്യങ്ങൾ തുടങ്ങുവാനുള്ള ആലോചനകൾ സുഗമമായി പുരോഗമിക്കും. ചിലപ്പോൾ പരുഷവാക്കുകൾ ഉപയോഗിക്കേണ്ടുന്ന സാഹചര്യം ഉദയം ചെയ്യാം. ആഢംബരവസ്തുക്കൾക്കായി ചെലവേറും. ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന അപസ്വരങ്ങളെ ബുദ്ധിപൂർവം മറികടക്കും. കഫരോഗങ്ങൾക്ക് സാധ്യത കാണുന്നു.

മകയിരം: തൊഴിൽമേഖലയിൽ സ്വാധീനം വർദ്ധിക്കും. പൊതുപ്രവർത്തകർക്ക് അണികളുടെ പിൻബലം സിദ്ധിക്കും. പ്രതികൂലസാഹചര്യങ്ങളെ കരുതലോടെ പ്രതിരോധിക്കും. ഗുരുകാരണവരുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടാവും. അവിവാഹിതർക്ക് വിവാഹബന്ധത്തിൽ പ്രവേശിക്കാൻ കഴിയും. ഉടമ്പടികളിൽ ഒപ്പുവെക്കുമ്പോൾ പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കബളിപ്പിക്കപ്പെടാതെ നോക്കണം. ആരോഗ്യപരമായ പരിശോധനകൾ നീട്ടിവെക്കരുത്.

പുണർതം: പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ആത്മീയകാര്യങ്ങൾക്ക് ഉദാരമായി ചെലവുചെയ്യും. പുതിയ സംരംഭങ്ങൾക്ക് സർക്കാർ അനുമതി കിട്ടും. പുതിയ വരുമാനമാർഗങ്ങൾ തുറന്നുകിട്ടും. പിതാവിന്റെ രോഗത്തിന് നല്ലചികിൽസ ലഭ്യമാക്കും. ചൊവ്വ, ബുധൻ, കേതു എന്നീ ഗ്രഹങ്ങൾ വിപരീതമാകയാൽ ബന്ധുജനാനുകൂല്യം കുറയും. ഉദരരോഗം വിഷമിപ്പിച്ചേക്കാം. സാഹസങ്ങളും അപരിചിതരുമായുള്ള സഹവാസവും അകാലയാത്രകളും ഒഴിവാക്കുന്നത് അഭികാമ്യം.

മകം: ഭാഗ്യ രാശിസ്ഥിതശുക്രൻ ചില ഭാഗ്യാനുഭവങ്ങൾക്ക് കാരണമാകാം. പ്രവർത്തനങ്ങൾക്ക് കുടുംബത്തിന്റെ അംഗീകാരം ലഭിക്കും. ബിസിനസ്സ് ലാഭകരമാകാം. പുതുസംരംഭങ്ങൾ തുടങ്ങിയേക്കും. പതിനൊന്നിലെ ചൊവ്വ ഭൂമിയിൽ നിന്നും ആദായത്തിന് കാരണമാകും. ഊഹക്കച്ചവടത്തിൽ ലാഭം വരാം. സർക്കാർ അനുമതി കിട്ടാൻ കാത്തിരിക്കേണ്ടതായി വരും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.

പൂരം: സാമൂഹിക പ്രവർത്തകർക്ക് അംഗീകാരം സിദ്ധിക്കും. പ്രണയികൾക്ക് നല്ലകാലമാണ്. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധവെക്കണം. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ സിദ്ധിക്കാം. അന്യരുടെകാര്യത്തിൽ ഇടപെടാതിരിക്കുന്നതാവും നല്ലത്. മക്കളുടെ ഉന്നമനത്തിനായി ചില നടപടികൾ കൈക്കൊള്ളും. ക്ഷേത്ര/ മത കാര്യങ്ങളുടെ ചുമതല സ്തുത്യർഹമായി നിർവഹിക്കും. പണച്ചെലവ് നിയന്ത്രിക്കാൻ കഴിയും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Till april 14 these stars people must carefull