രാശിചക്രത്തിലെ ഏഴാം രാശിയാണ് തുലാം. 180 ഡിഗ്രി മുതൽ 210 ഡിഗ്രി വരെയാണ് ഈ രാശിയുടെ രാശിചക്രവ്യാപ്തി. ചിത്തിര 3, 4 പാദങ്ങൾ, ചോതി മുഴുവൻ, വിശാഖം 1, 2, 3 പാദങ്ങൾഎന്നിവ ഇതിലെ നക്ഷത്രങ്ങൾ. ശുക്രൻ ഭരിക്കുന്ന രാശിയാണിത്. തുലാം ചരരാശിയും ഓജരാശിയും പുരുഷ രാശിയു മാണ്.
ഈ രാശിയിൽ കഴിഞ്ഞ കുറേ മാസങ്ങളായി കേതു സഞ്ചരിക്കുന്നുണ്ട്. 1198 തുലാം ഒന്നാം തീയതി സൂര്യനും ശുക്രനും ഈ രാശിയിൽ പ്രവേശിച്ചു. തുലാം ഏഴാം തീയതി (ഒക്ടോബർ 24) മുതൽ ഒമ്പതാം തീയതി (ഒക്ടോബർ 26) വരെ ചന്ദ്രൻ ഈ രാശിയിലൂടെ കടന്നുപോകുന്നു. തുലാം ഒമ്പതിന് ബുധൻ ഈ രാശിയിൽ പ്രവേശിക്കുകയുമാണ്. അങ്ങനെ 4/5 ഗ്രഹങ്ങൾ തുലാം രാശിയിലുണ്ട്. മേടം മുതൽ മീനം വരെ പന്ത്രണ്ട് കൂറുകളിൽ ജനിച്ചവരെ തുലാം രാശിയിലെ ഗ്രഹാധിക്യം എങ്ങനെയെല്ലാം സ്വാധീനിക്കും എന്നറിയാം.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ഏഴാം രാശിയിലാണ് ഗ്രഹബലം കൂടുതലായിരിക്കുന്നത്. ഇണങ്ങുന്ന ഗ്രഹങ്ങളും പിണങ്ങുന്ന ഗ്രഹങ്ങളും അവിടെ സമ്മേളിക്കുന്നു. പ്രണയത്തിന് വഴിത്തിരിവുണ്ടാകും. ദാമ്പത്യത്തിലെ അനൈക്യം തീക്ഷ്ണമാകാം. മറ്റ് കുടുംബാംഗങ്ങൾ/ബന്ധുക്കൾ ഒത്തുതീർപ്പിനോ പക്ഷം പിടിച്ച് കലഹത്തിന് ഒരുമ്പെടാനോ സാധ്യതയുണ്ട്. സാമ്പത്തികസ്ഥിതി പെട്ടെന്ന് ശിഥിലമാകാം. കടബാധ്യത നിയമക്കുരുക്കിലേക്ക് നീങ്ങാം. യാത്രകൾ വലിയ പ്രയോജനം ചെയ്യാനിടയില്ല. അവധാനതയും ക്ഷമയുമാണ് ഈ സമയത്ത് കവചമാവേണ്ടതെന്ന് ഓർമ്മിക്കണം.
ഇടവക്കൂർ (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി മുഴുവൻ, മകയിരം 1,2 പാദങ്ങൾ)
ആറാമെടത്തിൽ ശുക്രനൊഴികെ മിക്കവരും അനുകൂലികൾ. അതിനാൽ ആത്മവിശ്വാസം കുന്നോളം ഉയരും. ധനസ്ഥിതി മെച്ചപ്പെടും. ശത്രുക്കളെ തോൽപ്പിക്കാൻ വ്യഗ്രതയേറും. കർമ്മരംഗത്ത് ഗുണങ്ങൾ ഒന്നല്ല, പലതായിരിക്കും. മുടങ്ങിയ പദ്ധതികൾക്ക് പിന്നെയും ജീവൻ വെക്കും. സർക്കാർ സംബന്ധമായ കാര്യങ്ങൾ തടസ്സമില്ലാതെ കലാശിക്കും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ വന്നുചേരും.
മിഥുനക്കൂർ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര മുഴുവൻ, പുണർതം 1,2,3 പാദങ്ങൾ)
ശുക്രന്റെ ക്ഷേത്രബലം മൂലം ലൗകിക കാര്യങ്ങളിൽ വിജയിക്കും. മംഗളകാര്യങ്ങൾ നടക്കും. വിലകൂടിയ ആടയാഭരണങ്ങൾ വാങ്ങും. കലാകാരന്മാരുടെ സർഗാത്മകത അനർഗളമായി പ്രവഹിക്കും. മാതാപിതാക്കൾക്ക് നല്ലകാലമായിരിക്കില്ല. ചികിത്സകൾ വേണ്ടത്ര ഗുണപ്രദമാവില്ല. ക്രയവിക്രയങ്ങൾ കുറഞ്ഞൊന്ന് മന്ദീഭവിക്കാം. സന്താനങ്ങളുടെ കാര്യത്തിൽ ചില വിഷമങ്ങൾക്ക് വകയുണ്ട്.
കർക്കടകക്കൂർ (പുണർതം നാലാം പാദം, പൂയം, ആയില്യം)
പ്രതാപശക്തി വർദ്ധിക്കും. മുഖം നോക്കാതെ നടപടികൾ കൈക്കൊള്ളും. ഗൃഹത്തിൽ തർക്കം, അനൈക്യം ഇവ തലപൊക്കാം. സുഹൃത്തുക്കളിൽ നിന്നും പലതരം സഹായം കൈവരും. എന്നാൽ ബന്ധുക്കൾ പിണങ്ങിയേക്കും. മാതാവിനോ മാതൃസ്ഥാനീയർക്കോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. വാഹനം,യാത്രകൾ, യന്ത്രം, അഗ്നി എന്നിവ കരുതലോടെയാവണം. ജലഭയത്തിനും ദുസ്സ്വപ്നം മൂലം നിദ്രാഭംഗത്തിനും ഇടയുണ്ട്.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം ഒന്നാം പാദം)
നല്ല കാലത്തിന്റെ തുടക്കമായി എന്ന് തോന്നും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് പുതുപദവികൾ കൈവന്നേക്കും. സഹോദരരുടെ പിന്തുണ മൂലം കുടുംബ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. ആരോഗ്യം ശക്തിപ്പെടാം. നല്ല സൗഹൃദങ്ങൾ ആശ്വാസകരമാവും. പഠനത്തിൽ വേണ്ടത്ര ശോഭിച്ചില്ലെന്നുവരാം. വിദ്വാന്മാരുടെ അവഹേളന പാത്രമായേക്കും. ബുധന്റെ മൂന്നാം ഭാവസ്ഥിതിയാണ് കാരണം. ധനപരമായി തരക്കേടില്ലാത്ത സമയമാണ്.
കന്നിക്കൂർ (ഉത്രം 2,3,4 പാദങ്ങൾ, അത്തം മുഴുവൻ, ചിത്തിര 1,2, പാദങ്ങൾ)
കലാവാസനയും പ്രസംഗപാടവവും ഉച്ചസ്ഥായിയിലെത്തും. പണക്കഷ്ടം കുറയും. പ്രതീക്ഷ ഉയരും. സമാജങ്ങളിലും സഭകളിലും മറ്റും ശോഭിക്കും. അധികാര സ്ഥാനത്തുള്ളവർ കണ്ണുരുട്ടാം. മുഖരോഗങ്ങൾക്ക് (ഇ എൻ ടി) സാധ്യതയുണ്ട്. പുതിയ കണ്ണട വാങ്ങാം. സൽക്കർമ്മങ്ങൾക്ക് മുതിരും. ആഹ്ലാദ കാര്യങ്ങളിൽ സംബന്ധിക്കും. ബന്ധങ്ങൾ ഊഷ്മളമാകും.
തുലാക്കൂർ (ചിത്തിര 3,4 പാദങ്ങൾ, ചോതി മുഴുവൻ, വിശാഖം 1,2,3 പാദങ്ങൾ)
സൂര്യഗ്രഹണം നടക്കുന്ന രാശിയായതിനാൽ പൊതുവേ കാര്യതടസ്സം, ധനക്ലേശം, സന്തോഷഹാനി എന്നിവയുണ്ടാകാം. കരുതൽ വേണം, ചെറുതും വലുതുമായ കാര്യങ്ങളിൽ എല്ലാം തന്നെ! തീരുമാനങ്ങൾ നടപ്പിൽ വരുത്താനാകാതെ വിഷമിക്കുന്ന സ്ഥിതി തുടർന്നേക്കും. അത്യദ്ധ്വാനം ഏറും; ആദായം ആനുപാതികമായിട്ടാവില്ല. എന്നാൽ ശുക്രസ്ഥിതി മൂലം അനുരാഗികൾ ഹൃദയൈക്യമുള്ളവരാകും. ദാമ്പത്യം കുറച്ചൊന്ന് ഊഷ്മളമായേക്കും. വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയം കൈവരും. സർക്കാരിൽ നിന്നും അനുമതി കിട്ടാതെ പദ്ധതികൾ പകുതിവഴിയിലാവും. ആശങ്കകൾ, ആപച്ഛങ്ക, വിഷാദം ഇവ ഗ്രഹണ സൂര്യന്റെ സ്ഥിതിവരുത്താം.
വൃശ്ചികക്കൂർ (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട) പന്ത്രണ്ടിലെ ഗ്രഹാധിക്യം മൂലം ചിലപ്പോൾ വീടോ നാടോ വിട്ടുനിൽക്കേണ്ടി വരാം. ചെലവേറും; വരവ് ചുരുങ്ങും. പിതാവിന്റെ / മേലധികാരിയുടെ അപ്രീതി നേടും. ബുദ്ധി, സമയോചിതമായി ഉണർന്ന് പ്രവർത്തിക്കില്ല. വൈകാരിക പ്രതികരണങ്ങളാവും അധികവും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്. ദിനചര്യകളുടെ ക്രമം തെറ്റാം. ഉറക്കം കുറയും. സൗഹൃദങ്ങൾക്ക് പോറലേൽക്കാൻ സാധ്യതയുണ്ട്.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം) നേട്ടങ്ങൾ ഘോഷയാത്രയായി വന്നെത്താം. പ്രതീക്ഷകൾ പൂവണിയും. തൊഴിൽ തേടുന്നവർക്ക് നിയമനം ലഭിക്കും. ഉദ്യോഗത്തിലുള്ളവർക്ക് പദവികൾ ഉയരും. മത്സരത്തിൽ വിജയിക്കും. സൽപ്പേര് വീണ്ടെടുക്കാനാവും. ധനക്ലേശത്തിന് പരിഹാരം കാണും. പുതിയ വീട് / വാഹനം എന്നിവയുടെ ഉടമസ്ഥാവകാശം കൈവരാം. കായികതാരങ്ങൾക്ക് അഭിമാനനേട്ടങ്ങൾ സ്വന്തമാകും.
മകരക്കൂർ (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം മുഴുവൻ, അവിട്ടം 1,2 പാദങ്ങൾ) പത്താമെടത്തിലെ ഗ്രഹണം മൂലം കർമ്മരംഗത്ത് ചില പ്രതിസന്ധികൾ വന്നാലും ക്രമേണ അവയെ മറികടക്കാൻ കഴിയും. പ്രൊഫഷണലുകൾക്ക് സ്വന്തം തട്ടകത്തിൽ വേണ്ടത്ര തിളങ്ങാനായി എന്ന് വരില്ല. ആരോഗ്യപ്രശ്നങ്ങൾ ആശങ്കപ്പെടുത്താം. ധനപരമായി ചില നഷ്ടങ്ങൾക്കും ഇടയുണ്ട്. എന്നാലും ആത്മവിശ്വാസം കുറയില്ല. എതിർപ്പുകളെ തൃണവൽഗണിക്കും. ഗൃഹനിർമ്മാണത്തിന് വായ്പ കിട്ടും. ചെലവ് വെട്ടിക്കുറയ്ക്കാൻ തീരുമാനിക്കും. തീർത്ഥാടനയോഗവുമുണ്ട്. വിരുന്നുകൾ സംഘടിപ്പിക്കും.
കുംഭക്കൂർ (അവിട്ടം 3,4 പാദങ്ങൾ, ചതയം മുഴുവൻ, പൂരുട്ടാതി 1,2,3 പാദങ്ങൾ) രോഗമുക്തിയുണ്ടാവും. ധനവരവ് മോശമാകില്ല. ഗൃഹത്തിൽ മംഗള കാര്യങ്ങൾ സംഭവിക്കും. ഒമ്പതിലെ ഗ്രഹാധിക്യം പിതൃ- മാതൃ ക്ലേശത്തിന് ഇടവരുത്താം. ക്ഷേത്രകാര്യങ്ങൾ, മതാനുഷ്ഠാനം ഇവ മുടക്കം വരാനിടയുണ്ട്. ചിലരുടെ ദുർബോധനങ്ങൾക്ക് ചെവികൊടുക്കും. രാശിനാഥനായ ശനി വക്രഗതി തീർന്ന് നേർഗതിയിലേക്ക് കടക്കുകയാൽ കാര്യതടസ്സം നീങ്ങി കർമ്മഗുണം പുഷ്ടിപ്പെടും.
മീനക്കൂർ (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
ഭൗതിക നേട്ടങ്ങൾ വർദ്ധിക്കും. തൊഴിലിൽ പുതിയ ചുവടുവെയ്പുകൾ നടത്തും. മക്കളുടെ ശ്രേയസ്സ് സന്തോഷമുണ്ടാക്കും. വിനോദത്തിന് സമയം കണ്ടെത്തും. ഗാർഹികജീവിതത്തിൽ സന്തുഷ്ടി പുലരും. സൂര്യൻ അനിഷ്ടസ്ഥാനത്തിൽ സ്ഥിതിചെയ്കയാൽ മുതിർന്നവരുടെ വിരോധം നേടും. അധികാരികളുടെ നോട്ടപ്പുള്ളിയാകും. രാഷ്ട്രീയത്തിൽ അണികളുടെ പിന്തുണ കുറയും.