പുണർതം: ക്രയവിക്രയങ്ങൾ ആദായകരമാകും. പുതിയ വസ്തു / വാഹനം വാങ്ങാനിടയുണ്ട്. വിദേശധനം കൈവശം വന്നുചേരും. കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന രീതി അഭിനന്ദിക്കപ്പെടും. യാത്രകൾ ഗുണപ്രദമാവും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. മുഖ്യതൊഴിലിനൊപ്പം മറ്റൊരു വരുമാനം കൂടി മുന്നിൽക്കണ്ട് കരുനീക്കം നടത്തും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാവും.
ആയില്യം: മുൻ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് മറ്റൊരവസരത്തിലേക്ക് മാറ്റേണ്ടി വരാം. പ്രൊഫഷണലുകൾക്ക് പലതരം വെല്ലുവിളികളെ നേരിടേണ്ടി വന്നേക്കും. പ്രണയത്തിൽ ആത്മാർത്ഥത കുറയുന്നതായി സംശയിക്കും. കൃഷിയിൽ നിന്നും ആദായം കൂടും. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കും. യന്ത്രം, അഗ്നി, ആയുധം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടവർ കൂടുതൽ ജാഗരൂകരാവണം. ഇപ്രകാരമൊക്കെയാണെങ്കിലും ഭാഗ്യപുഷ്ടിയുള്ളതിനാൽ ന്യായമായ ആവശ്യങ്ങൾ നിറവേറ്റപ്പെടും.
തിരുവോണം: വിദ്യാർത്ഥികൾ സാങ്കേതികവിജ്ഞാനം വർദ്ധിപ്പിക്കും. കുടുംബ ജീവിതത്തിൽ ചെലവുകൾ കൂടും. സർക്കാരിൽ നിന്നും അനുമതിപത്രം / സഹായധനം എന്നിവ പ്രതീക്ഷിക്കുന്നവർക്ക് അവ കൈവരും. സജ്ജനങ്ങളുടെ പിന്തുണ കരുത്തുപകരും. ക്ഷേത്രാടനയോഗമുണ്ട്. ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കാതിരിക്കാൻ മാനസിക- ശാരീരിക വ്യായാമങ്ങൾ പിന്തുടരണം. തൊഴിൽ രംഗത്ത് ചെറിയ മുന്നേറ്റങ്ങൾ ഉണ്ടാകും. എതിർപ്പുകളെ തൃണവൽഗണിച്ച് മുന്നേറും.
ഉത്രട്ടാതി: അന്യദിക്കിലേക്ക് ജോലിമാറ്റം വരാം. ഉദ്യോഗസ്ഥർക്ക് കഠിനമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കും. ‘മെല്ലപ്പോക്ക് നയം ‘ മൂലം അധികാരികളുടെ ശാസന ലഭിക്കാം. വരവിനേക്കാൾ ചെലവ് കൂടിനിൽക്കും. ശുക്രന്റെ രാശിസ്ഥിതി മൂലം സുഖഭോഗങ്ങളിൽ ആസക്തി കൂടും. പ്രണയം പുഷ്‌ക്കലമാകും. സഹോദരരുമായി അനൈക്യം ഒരു സാധ്യതയാണ്. ഗ്രഹപ്പിഴ കാലമാകയാൽ സാഹസങ്ങൾ ഒഴിവാക്കണം. ആരോഗ്യപരിശോധനകൾ മുടക്കരുത്.
മൂലം: കാർമേഘങ്ങളൊഴിഞ്ഞ ആകാശം പോലെ പ്രസന്നമായിരിക്കും, ജീവിതം. പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കും. സാമ്പത്തികമായി നേട്ടങ്ങൾക്ക് തന്നെയാവും മുൻതൂക്കം. തൊഴിൽ തേടുന്നവർക്ക്, സംരംഭകർക്ക് , കലാകാരന്മാർക്ക് ഒക്കെ ധാരാളം അവസരങ്ങൾ വന്നുചേരും. അഭിഭാഷകവൃത്തി, ഏജൻസി ജോലികൾ, കരാർ പണികൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ആദായം ഉയരും. മുൻപ് അവഗണിച്ചിരുന്നവർ തന്നെ സഹായഹസ്തവുമായി മുന്നോട്ട് വരും. ബഹുകാര്യ പ്രസക്തമാവും ജീവിതം. കുടുംബ കാര്യങ്ങളും ഒരുവിധം ഭംഗിയായി നിർവഹിക്കപ്പെടും.
പൂരാടം: ഭരണി, പൂരം, പൂരാടം എന്നീ മൂന്ന് നക്ഷത്രങ്ങളുടെ അധിപനായ ശുക്രൻ കുംഭമാസത്തിന്റെ തുടക്കം മുതൽ ഉച്ചക്ഷേത്രത്തിലേക്ക് കടക്കുകയാൽ നാനാതരം അഭ്യുദയങ്ങൾ ഇവർക്ക് വന്നുചേരും. വിദ്യാർത്ഥികൾ പഠിപ്പിൽ മികവ് കാട്ടും. യുവാക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിച്ച തൊഴിൽ ലഭിക്കാം. ഗൃഹവാഹനാദികൾ , വസ്തുക്കൾ എന്നിവ വാങ്ങുകയോ നവീകരിക്കുകയോ ചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളും കൂടുതൽ അടുപ്പം കാണിക്കും. വ്യക്തിത്വം പ്രകീർത്തിക്കപ്പെടും.