scorecardresearch

സാമ്പത്തിക, ഭൂമി ഇടപാടുകളിൽ ജാഗ്രത പുലർത്തണം; മേയ് മാസം ഈ ആറ് നാളുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ നവഗ്രഹ സ്ഥിതി മുൻനിർത്തി തിരുവാതിര, മകം, മൂലം, അവിട്ടം, ചതയം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മേയ് മാസത്തെ സാമാന്യ ഫലങ്ങൾ ഇവിടെ വായിക്കാം

astrology, horoscope, ie malayalam

2023 മേയ് ഒന്നാം തീയതി 1198 മേടം 17 തിങ്കളാഴ്ചയായിരുുന്നു. മേയ് 15 ന് 1198 ഇടവമാസം. സൂര്യൻ മേടം- ഇടവം രാശികളിലായി സഞ്ചരിക്കുകയാണ്. 2023 മേയ് ഒന്നിന് ചന്ദ്രൻ പൂരം നക്ഷത്രത്തിലായിരുന്നു. മേയ് 31 ആകുമ്പോൾ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കിയ ചന്ദ്രൻ ചിത്തിര നക്ഷത്രത്തിൽ എത്തും.

വ്യാഴം മേടത്തിലും ശനി കുംഭത്തിലും സഞ്ചരിക്കുന്നു. രാഹുവും കേതുവും യഥാക്രമം മേടത്തിലും തുലാത്തിലും സഞ്ചരിക്കുന്നു. ബുധൻ ഈ മാസം മുഴുവൻ മേടം രാശിയിൽ തന്നെയാണ്. ശുക്രൻ മേയ് രണ്ടിന് ഇടവത്തിൽ നിന്നും മിഥുനത്തിലേക്കും ചൊവ്വ മേയ് 10 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്കും സംക്രമിച്ചു.

ഈ നവഗ്രഹ സ്ഥിതി മുൻനിർത്തി തിരുവാതിര, മകം, മൂലം, അവിട്ടം, ചതയം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മേയ് മാസത്തെ സാമാന്യ ഫലങ്ങൾ ഇവിടെ വായിക്കാം.

തിരുവാതിര: നല്ല അനുഭവങ്ങൾക്കാവും മുൻതൂക്കം. മാസത്തിന്റെ ആദ്യപകുതിക്ക് മെച്ചമേറും. ആദായം കൂടുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും ലാഭം വർദ്ധിക്കാം. കച്ചവടം വിപുലീകരിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നതവിജയം നേടും. ന്യായമായ ആഗ്രഹങ്ങൾ അനായാസം നടന്നുകിട്ടും. മാസത്തിന്റെ രണ്ടാം പകുതിയിൽ ചെലവേറുന്നതാണ്. ഹൃദയ / ശിരോരോഗങ്ങൾ ക്ലേശിപ്പിക്കാം. വസ്തുസംബന്ധിച്ച കലഹമോ തർക്കമോ ഉണ്ടാവാനിടയുണ്ട്. സർക്കാർ അനുമതി ലഭിക്കാൻ വൈകുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വേണ്ടതുണ്ട്.

മകം: ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ഉദ്യോഗത്തിൽ സ്ഥാനോന്നതി ഉണ്ടായേക്കും. സകുടുംബം തീർത്ഥാടനം നടത്തുന്നതാണ്. ചില തർക്കങ്ങൾക്ക് നല്ല പരിഹാരം കണ്ടെത്താൻ കഴിയും. രാഷ്ട്രീയത്തിൽ വിജയം ഭവിക്കുന്നതാണ്. ഗവേഷണ പഠനാദികൾക്ക് വായ്പാ സഹായം ലഭിക്കും. കരാറുകളിൽ ഒപ്പുവെക്കും. കൂട്ടുകച്ചവടത്തിനുള്ള ആലോചനകൾ മുന്നേറും. കൂട്ടുകാരിൽ നിന്നും നല്ല പിന്തുണ ലഭിച്ചേക്കും. ഭൂമിയിടപാടുകളിൽ നഷ്ടസാധ്യതയുണ്ട്. ആരോഗ്യപാലനത്തിൽ അലംഭാവമരുത്.

മൂലം: നാല് ഗ്രഹങ്ങൾ പതിനൊന്നാം ഭാവത്തിലേക്ക് നോക്കുന്നതിനാൽ വരുമാനം ഉയരും. സർക്കാർ ആനുകൂല്യം സിദ്ധിക്കും. കുടുംബാംഗങ്ങളുടെ സർവ്വാത്മനാ ഉള്ള പിന്തുണ കൈവരും. ന്യായമായ ആഗ്രഹങ്ങൾ നിറവേറും. പഠനം, കലാപ്രവർത്തനം എന്നിവയ്ക്ക് പാരിതോഷികം ലഭിക്കും. പ്രണയം ഹൃദയബന്ധമായി വികസിക്കും. രാഷ്ട്രീയ എതിരാളികളെ പരാജയപ്പെടുത്തും. എന്നാൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവാനുമിടയുണ്ട്. മക്കൾക്ക് ഉന്നതപഠനത്തിന് ആശിച്ച കലാലയത്തിൽ പ്രവേശനം ലഭിക്കാം. ആരോഗ്യകാര്യത്തിലും ഭൂമിയിടപാടുകളിലും ശ്രദ്ധ വേണം.

അവിട്ടം: ധാരാളം നേട്ടങ്ങൾ വന്നെത്തുന്ന കാലമാണ്. ബന്ധുമിത്രാദികളുടെ കൂടിച്ചേരലുകളിലൂടെ സന്തോഷിക്കാനവസരം കൈവരും. സാമ്പത്തികമായി മെച്ചമുണ്ടാകുന്നതാണ്. മക്കളുടെ വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരം സിദ്ധിക്കും. ഗവേഷണ പ്രബന്ധം സമർപ്പിക്കാൻ കഴിഞ്ഞേക്കും. യാത്രകൾ പ്രയോജനം ചെയ്യും. ഭൂമിയുടെ ക്രയവിക്രയത്തിൽ കൂടുതൽ ജാഗ്രത വേണം. ചിലരുടെ സഹായവാഗ്ദാനങ്ങൾ നിറവേറപ്പെടാത്തത് വിഷമിപ്പിക്കും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവന്നേക്കും,

ചതയം: വിപരീത സാഹചര്യങ്ങളെ മറികടക്കാൻ ഏറെ അധ്വാനം ആവശ്യമായി വരും. മേയ് ആദ്യപകുതിയിൽ ചിലരിൽ നിന്നും മാനസികപിന്തുണ കൈവരുന്നതാണ്.അത് നല്ല ഊർജം പകരും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പ്രീതിയുണ്ടാവും.കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടും. ചില ഉപദേശങ്ങൾക്ക് തണുത്ത പ്രതികരണമാവും ലഭിക്കുക. വായ്പകൾ, ചിട്ടി ഇവ പ്രയോജനപ്പെടുത്തും. നിലവിലെ ജോലി ഉപേക്ഷിച്ചിട്ട് പുതുജോലിതേടുക ആശ്വാസമാവില്ല. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. വലിയ തോതിലുള്ള മുതൽമുടക്കുകൾക്ക് കാലം അനുകൂലമല്ല.

ഉത്രട്ടാതി: ദാമ്പത്യത്തിലെ അലോസരങ്ങൾ നീങ്ങും. എതിർപ്പുകളെ അനുകൂലമാക്കി മാറ്റും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. നക്ഷത്രാധിപനായ ശനി ബലവാനാകയാൽ ആത്മവിശ്വാസം വർദ്ധിക്കും. മത്സരങ്ങളിൽ വിജയിക്കും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനും മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും സാധിക്കും. വലിയ മുതൽമുടക്കുകൾക്ക് കാലം ഭാഗികമായി മാത്രം അനുകൂലമാണ്. കരാറുകളിൽ നേട്ടം പ്രതീക്ഷിക്കാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Thiruvathira makam moolam avittam chathayam uthrattathi stars people may month astrological predictions