2023 മാർച്ച് 15 നാണ് മീനം ഒന്നാം തീയതി. ഏപ്രിൽ 14 ന് മീനമാസം അവസാനിക്കുന്നു. (31 തീയതികൾ). മീനമാസത്തിൽ സൂര്യനും വ്യാഴവും മീനത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും രാഹുവും ശുക്രനും മേടത്തിലും കേതു തുലാത്തിലും തുടരുന്നു. ചൊവ്വ, മാസം മുഴുവൻ മിഥുനത്തിലുണ്ട്. ബുധൻ മീനം രണ്ട് മുതൽ 17 വരെ മീനത്തിലും തുടർന്ന് മേടത്തിലുമായി സഞ്ചരിക്കുന്നു.
ശുക്രൻ മീനമാസം അവസാന ആഴ്ചയിൽ ഇടവത്തിലോട്ട് പകരുന്നു. ചന്ദ്രൻ മീനം ഒന്നിന് തൃക്കേട്ടയിൽ;ലഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യം ഉത്രാടത്തിലും എത്തുന്നു. മീനം രണ്ട് മുതൽ 17 വരെ ബുധൻ നീചത്തിലും മൗഢ്യത്തിലുമാണ്. മീനം 17 മുതൽ ഗുരുവിന്റെ മൗഢ്യവും തുടങ്ങുന്നു.
ഇപ്രകാരമുള്ള സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികളെ അടിസ്ഥാനപ്പെടുത്തി അശ്വതി, ഭരണി, തിരുവാതിര, പൂയം, ആയില്യം, മൂലം എന്നീ നക്ഷത്രജാതരെ എങ്ങനെ സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാനപ്പെട്ട ഫലങ്ങൾ എന്തൊക്കെയാവാം എന്ന് ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നു.
അശ്വതി: ഗ്രഹങ്ങളുടെ ആനുകൂല്യം ജീവിതത്തിൽ പ്രതിഫലിക്കും. ശുക്രൻ ജന്മരാശിയിൽ നിൽക്കുന്നതിനാൽ ഭോഗസിദ്ധി, ലൗകികാസക്തി എന്നിവയുണ്ടാവും. പ്രേമകാര്യങ്ങളിൽ പുരോഗതിയനുഭവപ്പെടും. സർക്കാർ കാര്യങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതിയുണ്ടാവാം. ചെലവ് കൂടിയേക്കും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ കരുതൽ കൈക്കൊള്ളണം. ബുധൻ നീചത്തിലും ചൊവ്വ മൂന്നിലുമാകയാൽ സഹോദരരുമായുള്ള ബന്ധത്തിൽ വിഷമങ്ങൾ സംഭവിക്കാം.
ഭരണി: സകുടുംബം വിനോദയാത്ര നടത്തും. കലാകാരന്മാർക്ക് ആദരം ലഭിക്കും. ആർഭാടജീവിതത്തിൽ താൽപ്പര്യം കൂടം. സ്വന്തബന്ധുക്കളുമായി കലഹിക്കാൻ പ്രേരണയേറും. അധികച്ചെലവുകൾ ഒരു സാധ്യതയാണ്. ആത്മസംയമനം പുലർത്തണം. ബുധൻ നീചത്തിലാകയാൽ മാസത്തിന്റെ ആദ്യപകുതിയിൽ പ്രതീക്ഷിച്ചത്ര സഹായം കിട്ടിയെന്നുവരില്ല. കച്ചവടക്കാർ പുതിയ സംരംഭങ്ങൾ തുടങ്ങാൻ പരിശ്രമിക്കും. ആരോഗ്യപരിപാലനത്തിൽ ജാഗരൂകരാവണം.
തിരുവാതിര: ചൊവ്വ ജന്മരാശിയിലായതിനാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കലഹവാസനകളെ നിയന്ത്രിക്കണം. രാശ്യധിപനായ ബുധന് നീചമൗഢ്യാദികൾ ഉള്ളതിനാൽ ആത്മശക്തി ചോരുന്നതായി തോന്നാം. സർക്കാർ ഉദ്യോഗസ്ഥർക്ക് ഗുണാനുഭവങ്ങൾ ഭവിക്കാം. വായ്പ, ചിട്ടി ഇവയ്ക്കുള്ള അപേക്ഷകൾക്ക് പരിഗണന കൈവരും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് കാര്യസിദ്ധിയുണ്ടാവും. മാതാപിതാക്കളുടെ പരിപാലനത്തിൽ വീഴ്ചയുണ്ടാവാതെ നോക്കണം. പൊതുവേ ഗുണാനുഭവങ്ങൾക്ക് നേരിയ മുൻതൂക്കമുള്ള കാലമാണ്.
പൂയം: നക്ഷത്രനാഥനായ ശനി സ്വക്ഷേത്രത്തിലാകയാൽ പ്രതികൂലതകളെ ഭംഗിയായി മറികടക്കും. രാശിനാഥനായ ചന്ദ്രന് ആദ്യ ആഴ്ചയിൽ കൃഷ്ണപക്ഷ സഞ്ചാരം, അമാവാസി എന്നിവ വരികയാൽ പുതുസംരംഭങ്ങൾ തുടങ്ങാൻ ചെറിയ കാലവിളംബം ഏർപ്പെടാവുന്നതാണ്. ധനനക്ഷത്രാധിപനായ ബുധന് നീചമൗഢ്യാദികൾ ഉള്ളതിനാൽ മാസത്തിന്റെ പകുതിവരെ ധനക്ലേശത്തിന് വഴിയുണ്ട്. കുടുംബാംഗങ്ങളുടെ പിന്തുണ നേടാൻ പരിശ്രമിക്കേണ്ടിവരും. തെറ്റിദ്ധാരണകൾ തിരുത്താനുള്ള ശ്രമം ഭാഗികമായി വിജയിക്കും. ഗൃഹനിർമ്മാണം നീണ്ടേക്കാം.
ആയില്യം: നക്ഷത്രനാഥനായ ബുധന് മൗഢ്യം, നീചം എന്നിവയുള്ളതിനാൽ ലക്ഷ്യത്തിലെത്താൻ ക്ലേശിക്കും. ആത്മവിശ്വാസത്തിന് ചോർച്ച വരാം. ബന്ധുക്കളുടെ ദുരൂപദേശത്തിന് ചെവികൊടുത്തുപോകും. വളർത്തുമൃഗങ്ങളിൽ നിന്നും അപകടമുണ്ടാവാതെ നോക്കണം. വലിയ മുതൽമുടക്കുള്ള സംരംഭങ്ങളിൽ ഇപ്പോൾ ഏർപ്പെടാതിരിക്കുന്നതാവും നല്ലത്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിൽസ വൈകിപ്പിക്കരുത്. മാസത്തിന്റെ രണ്ടാംപകുതി മുതൽ ധനനേട്ടം, കാര്യാനുകൂല്യം, മത്സരവിജയം എന്നിവ പ്രതീക്ഷിക്കാം.
മൂലം: നാലാമെടത്ത് സൂര്യനും നീചനായ ബുധനും മൗഢ്യത്തിലുള്ള വ്യാഴവും സഞ്ചരിക്കുന്നതിനാൽ ഗാർഹികമായ ക്ലേശങ്ങൾക്ക് സാധ്യത കാണുന്നു. കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ കലഹം ഉണ്ടാകാം. ചൊവ്വ ഏഴിലേക്ക് നീങ്ങിയതിനാൽ ദാമ്പത്യപരമായി സൗഖ്യക്കുറവും ഭവിക്കാം. തൊഴിലിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാവാനിടയില്ല. മുടങ്ങിക്കിടന്ന ആത്മീയസാധനകൾ പൂർത്തിയാക്കും. ഗൃഹനിർമ്മാണ പുരോഗതി മെല്ലെയാവും. ശക്തമായ ചില പിന്തുണകൾ വലിയ ആശ്വാസം നൽകും. പഠനം /തൊഴിൽ എന്നിവ സംബന്ധിച്ച യാത്രകൾ അനിവാര്യമാകാം.