2023 മാർച്ച് 15 നായിരുന്നു മീനം ഒന്നാം തീയതി. ഏപ്രിൽ 14 ന് മീനമാസം അവസാനിക്കുന്നു. (31 ദിവസം). മീനമാസത്തിൽ സൂര്യനും വ്യാഴവും മീനത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും രാഹുവും ശുക്രനും മേടത്തിലും കേതു തുലാത്തിലും തുടരുന്നു. ചൊവ്വ, മാസം മുഴുവൻ മിഥുനത്തിലുണ്ട്. ബുധൻ മീനം രണ്ട് മുതൽ 17 വരെ മീനത്തിലും തുടർന്ന് മേടത്തിലുമായി സഞ്ചരിക്കുന്നു.
ശുക്രൻ മീനമാസം അവസാന ആഴ്ചയിൽ ഇടവത്തിലോട്ട് പകരുന്നു. ചന്ദ്രൻ മീനം ഒന്നിന് തൃക്കേട്ടയിൽ;ലഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യം ഉത്രാടത്തിലും എത്തുന്നു. മീനം രണ്ട് മുതൽ 17 വരെ ബുധൻ നീചത്തിലും മൗഢ്യത്തിലുമാണ്. മീനം 17 മുതൽ ഗുരുവിന്റെ മൗഢ്യവും തുടങ്ങുന്നു.
ഇപ്രകാരമുള്ള സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികളെ അടിസ്ഥാനപ്പെടുത്തി ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം എന്നീ നക്ഷത്രജാതരെ എങ്ങനെ സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാനപ്പെട്ട ഫലങ്ങൾ എന്തൊക്കെയാവാം എന്ന് ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നു.
ഉത്രം: അഷ്ടമത്തിലെ രവിഗുരുയോഗം നിങ്ങളെ മാനസികമായി തളർത്താം. മുന്നോട്ട് വെച്ച് കാൽ പിൻവലിച്ചേക്കും. ചിലപ്പോൾ തീരുമാനങ്ങളിൽ പുനരാലോചനയുണ്ടാകും. സർക്കാരിൽ നിന്നും സഹായധനം, അനുമതിപത്രം ഇവ നേടാൻ അലച്ചിൽ ഏറും. ധനവിനിയോഗത്തിൽ സൂക്ഷ്മത വേണ്ടതുണ്ട്. സൗഹൃദങ്ങൾ അനുകൂലമാകും. വസ്തുവകകളിൽ നിന്നും ആദായം വന്നുചേരും. കുടുംബബന്ധങ്ങൾ ഊഷ്മളമായിത്തുടരും. വാതകഫരോഗങ്ങൾക്ക് ചികിൽസ ആവശ്യമായി വന്നേക്കാം.
അത്തം: എഴുത്തിൽ അക്ഷരത്തെറ്റേറും. വാക്കിൽ ദുരർത്ഥങ്ങൾ കടന്നുവരുന്നതായി പരാതി ഉണ്ടാകാം. ‘Listen to many, speak to a few ” എന്ന ഷേക്സ്പിയർ വാക്യത്തെ അനുസരിക്കുന്നതാവും തൽക്കാലം ഉചിതം. ധനപരമായി സമ്മർദ്ദം തുടർന്നേക്കും. കുടുംബജീവിതത്തിൽ കുറച്ചൊക്കെ സമാധാനം അനുഭവപ്പെടും. കർമ്മോന്നതി നേടാൻ കിണഞ്ഞ് പരിശ്രമിക്കേണ്ടതുണ്ട്. യാത്രകൾ ഗുണകരമാവും. വിദേശജോലിക്കുള്ള ശ്രമം ലക്ഷ്യം കാണുന്നതാണ്. ആർഭാടത്തിൽ ഭ്രമമേറും. ജീവിതശൈലീ രോഗങ്ങളിൽ കരുതൽ വേണ്ടതുണ്ട്.
ചിത്തിര: “call a spade a spade ” എന്ന താങ്കളുടെസ്വഭാവം ഇപ്പോൾ കൂടുതൽ ശത്രുക്കളെ സൃഷ്ടിക്കാം. കന്നിക്കൂറുകാർ മത്സരങ്ങളിൽ വലിയ വെല്ലുവിളി നേരിടും. തുലാക്കൂറിൽ ജനിച്ചവർക്ക് കുടുംബസൗഖ്യം ഉണ്ടാകും. കച്ചവടം അഭിവൃദ്ധിയിലാകും. പുതിയ കരാറുകൾ ഉറപ്പിച്ചുകിട്ടും. ആത്മീയ സാധനകൾക്ക് ഒമ്പതിലെ കുജസ്ഥിതി തടസ്സമായേക്കാം. ആരോഗ്യകാര്യത്തിൽ അലംഭാവം അരുത്.
ചോതി: നക്ഷത്രനാഥനായ രാഹുവിന് ശുക്രബന്ധം വരുകയാൽ പുതിയ സൗഹൃദങ്ങൾ ഉണ്ടാവാം. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടേക്കാം. അധികാരികളുടെ പ്രീതി കൈവരുന്നതാണ്. ഊഹക്കച്ചവടത്തിൽ നഷ്ടങ്ങൾ ഏർപ്പെടാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമല്ല. തൊഴിലാളികൾക്ക് അദ്ധ്വാനഭാരം വർദ്ധിച്ചേക്കാം. വസ്തുവിൽ നിന്നും ആദായം പ്രതീക്ഷിച്ചതുപോലെ ഉണ്ടാവില്ല. ആരോഗ്യപരമായി കരുതൽ വേണം.
വിശാഖം: തൊഴിലിൽ ഉയർച്ചയുണ്ടാകും. സാമ്പത്തികസ്ഥിതി ഒട്ടൊക്കെ അനുകൂലമാവും. വിശിഷ്ട വ്യക്തിത്വങ്ങളുമായി സൗഹൃദമുണ്ടാകുന്നതാണ്. മംഗളകർമ്മങ്ങളിൽ സകുടുംബം പങ്കെടുക്കും. പൊതുക്കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തും. കുടുംബപ്രശ്നങ്ങൾ ഭംഗിയായി പരിഹരിക്കും. നക്ഷത്രനാഥന് മൗഢ്യം വരികയാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ ക്ലേശങ്ങളേറാം. വ്യക്തിത്വ പ്രതിസന്ധികൾ ഉണ്ടായെന്നു വരാം. ആലോചനാശൂന്യമായ തീരുമാനങ്ങൾ കൈക്കൊള്ളരുത്. പാരമ്പര്യ ചികിത്സാരീതികൾ ഗുണം ചെയ്യും.
അനിഴം: വാർഷികമായ ശനിമൗഢ്യം തീർന്നതിനാൽ വ്യക്തിപരമായുള്ള മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. തൊഴിൽ വളരും. പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നവർക്ക് നല്ലകാലമാണ്. തടസ്സപ്പെട്ടുകിടന്നിരുന്ന ആലോചനകളും പ്രവർത്തനങ്ങളും പുനരാരംഭിക്കും. സാമൂഹിക പുരോഗതി ലക്ഷ്യമാക്കി ചില കാര്യങ്ങൾ കൈക്കൊള്ളും. ധനപരമായി സമ്മിശ്രമായ കാലമായിരിക്കും. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം ഉണ്ടാകും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഉചിതം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ആശ്വാസം ലഭിക്കും.