scorecardresearch

ഈ നാല് നാളുകാർ മെയ് പകുതി വരെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം

വിശാഖം, ചോതി, ചതയം, അത്തം എന്നീ നാല് നക്ഷത്രജാതരുടെ മേടമാസത്തെ പൊതുഫലം ഇവിടെ വായിക്കാം

astrology, horoscope, ie malayalam

വിഷു ആഘോഷിക്കുന്ന മേടമാസത്തിന് മുപ്പത് ദിവസമാണുള്ളത്. ഈ വർഷം ഏപ്രിൽ 15 നാണ് മേടം ഒന്ന്. അത് മേയ് പതിനാലിന് അവസാനിക്കുന്നു. ഏപ്രിൽ 14 ന് ഉച്ചതിരിഞ്ഞായിരുന്നു സൂര്യന്റെ മേടസംക്രമണം. മേയ് 15 ന് രാവിലെ ആണ് സൂര്യൻ ഇടവത്തിലേക്ക് മാറും. മേടം ഒന്നിന് തിരുവോണം നക്ഷത്രമാണ്.മേടം 30 ന് ആകുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചതയം നാളിൽ സഞ്ചരിക്കുന്നു.

മേടം ഏഴിനാണ് വ്യാഴത്തിന്റെ സംക്രമം. മീനത്തിൽ നിന്നും മേടത്തിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും മേടത്തിലും തുലാത്തിലുമായി തുടരുകയാണ്. മിഥുനം രാശിയിൽ ഉള്ള ചൊവ്വ മേടം 26 ന് കർക്കടകം രാശിയിലേക്ക് മാറുന്നു. ശനി കുംഭം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ മേടമാസം മുഴുവൻ മേടം രാശിയിലുണ്ട്. ശുക്രൻ ഇടവത്തിലാണ്. മേടം 18 ന് മിഥുനത്തിലേക്ക് പകരുന്നു.

ഈ ഗ്രഹസ്ഥിതി അനുസരിച്ച് വിശാഖം, ചോതി, ചതയം, അത്തം എന്നീ നാല് നക്ഷത്രജാതരുടെ മേടമാസത്തെ പൊതുഫലമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

വിശാഖം: ഉദ്യോഗസ്ഥർ ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. കച്ചവടത്തിൽ നിന്നും നേരിയ ലാഭം വന്നുതുടങ്ങുന്നതാണ്. പഠനമിടുക്കിന് വിദ്യാർത്ഥികൾക്ക് അംഗീകാരം സിദ്ധിക്കും. വ്യാഴം മൗഢ്യത്തിൽ തുടരുകയാൽ ആദ്യപകുതിയിൽ കാര്യതടസ്സം വരാം. സാമ്പത്തിക സ്വാശ്രയത്വം അനുഭവത്തിലെത്താൻ ഒന്നുരണ്ട് ആഴ്ചകൾ കൂടി വേണ്ടിവന്നേക്കാം. സാഹസങ്ങൾക്ക് മുതിരരുത്. ചില ഉപദേശങ്ങൾ മറ്റുള്ളവർക്ക് പകരും മുൻപ് തനിക്ക് ഗുണപ്രദമാണോ എന്ന് പരിശോധിക്കാൻ മറക്കരുത്. പുതിയ പ്രോജക്ടുകൾ തുടങ്ങാൻ കുറച്ച് കാലംകൂടി കാത്തിരിക്കുക ഉചിതം. ആരോഗ്യപരിരക്ഷയിൽ അലംഭാവമരുത്.

ചോതി: മനസ്സിൽ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ തോന്നും. വ്യാഴം ഹിതരാശിയിൽ വന്നുവെങ്കിലും മേടം പകുതിയോളം മൗഢ്യാവസ്ഥയിൽ തുടരുകയാണ്. ഉയർന്ന ചിന്തയിലൂടെ ഒപ്പമുള്ളവരുടെ ജീവിതത്തിൽ മാതൃകാസ്ഥാനം നേടും. ആത്മികസാധനകൾക്ക് ഭംഗം വരാം. രാശ്യധിപന്റെ സ്വക്ഷേത്രപ്രതാപം വ്യക്തിത്വത്തെ പ്രഭാവിതമാക്കുന്നതാണ്. പഠനത്തിൽ ശരാശരിക്കുമേലെയുള്ള വിജയം കൈവരിക്കും. കർമ്മരംഗം വിപുലീകരിക്കാൻ ആരംഭിക്കുന്നതാണ്. ധനാധിപൻ ചൊവ്വ ഭാവത്തിന്റെ അഷ്ടമത്തിലാകുക യാൽ പാഴ്‌ചെലവുകൾ, ആശുപത്രിചെലവുകൾ എന്നിവ സാധ്യതകൾ. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

ചതയം: പിന്തുണയും സഹായവും പല ഭാഗത്തുനിന്നുമുണ്ടാവും. അതിനനുസരിച്ച് ആത്മാർത്ഥമായ പ്രവർത്തനവും ശരിയായ ദിശയിലേക്ക് നീക്കവും നടത്തേണ്ട കാലമാണ്. ഗൃഹവാഹനാദികൾ നവീകരിക്കാനിടയുണ്ട്. കുടുംബജീവിതം സ്വസ്ഥതയുള്ളതാവും. ലാഭധനസ്ഥാനാധിപനായ വ്യാഴം മൗഢ്യത്തിലാകയാൽ മാസാദ്യം പണഞെരുക്കം വന്നേക്കാം. ഭാവിപഠനത്തിൽ വ്യക്തതയുണ്ടാവും. സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. മക്കളെച്ചൊല്ലി ചില ഉൽക്കണ്ഠകൾ ഉണ്ടാകാം. ആരോഗ്യകാര്യത്തിൽ അനാസ്ഥയരുത്.

അത്തം: അഷ്ടമരാശിയിലെ ഗ്രഹാധിക്യം കാര്യതടസ്സം, ഭാഗ്യഹാനി എന്നിവയ്ക്ക് ചെറിയ തോതിലെങ്കിലും കാരണമാകുന്നതാണ്. സുലഭവസ്തുക്കൾ ലഭിക്കാൻ കൂടുതൽ അധ്വാനം ആവശ്യമായി വന്നേക്കാം. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ട കാലമാണ്. ധനസ്ഥിതിയിൽ വലിയ മാറ്റം പ്രതീക്ഷിക്കാനില്ല. ചൊവ്വ പതിനൊന്നിലേക്ക് വരുന്നതിനാൽ മാസാവസാനം ഗുണാനുഭവങ്ങൾ ഉണ്ടാകും. വ്യവഹാരങ്ങൾ പരാജയപ്പെടാം. കരാർപണികൾ സ്ഥിരപ്പെടാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വന്നേക്കും. വലിയ മുതൽമുടക്കുകൾ ഒന്നുകൂടി ആലോചിച്ച് തുടങ്ങുകയാവും നല്ലത്. ശനിയുടെ ബലം ഒരു പരിധിവരെ ക്ലേശങ്ങളെ മറികടക്കാൻ സഹായിക്കും. ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിൽസാമാറ്റം ഗുണകരമാവുന്നതാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: These four stars people should pay more attention to health matters till mid may