scorecardresearch
Latest News

സൂര്യൻ കന്നി രാശിയിൽ; പന്ത്രണ്ടു കൂറുകളിൽ ജനിച്ചവരെ എങ്ങനെ ബാധിക്കും?

മേടം മുതൽ മീനം വരെ പന്ത്രണ്ടു കൂറുകളിൽ ജനിച്ച അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരെ സൂര്യന്‍റെ കന്നിരാശി സഞ്ചാരം ഏതൊക്കെ വിധത്തിലാണ് സ്വാധീനിക്കുന്നതെന്ന് പരിശോധിക്കാം

സൂര്യൻ കന്നി രാശിയിൽ; പന്ത്രണ്ടു കൂറുകളിൽ ജനിച്ചവരെ എങ്ങനെ ബാധിക്കും?

സൂര്യൻ സെപ്തംബർ 17, 2022 മുതൽ ഒക്ടോബർ 17, 2022 വരെ കന്നിരാശിയിലൂടെ സഞ്ചരിക്കുന്നു. കന്നി സൂര്യന്‍റെ സമഗ്രഹമായ ബുധന്‍റെ സ്വക്ഷേത്രമാണ്. തൊട്ടടുത്ത രാശിയായ തുലാം സൂര്യന്‍റെ നീചരാശിയാകയാൽ സൂര്യനെ ‘നീചാഭിലാഷിഗ്രഹം’ എന്ന് വിളിക്കുന്നു. നീചത്തിലേക്ക് നീങ്ങുന്ന ഗ്രഹത്തിന് ശക്തിയും ഗുണക്ഷമതയും കുറയും. അതാണ് ആ സംബോധനയുടെ പൊരുൾ.

സൂര്യൻ കന്നിരാശിയിലൂടെ സഞ്ചരിക്കുമ്പോൾ ഉത്രം ഞാറ്റുവേല, അത്തം ഞാറ്റുവേല, ചിത്തിര ഞാറ്റുവേല എന്നിവ തുടർച്ചയായി സംഭവിക്കുന്നു.

മേടം മുതൽ മീനം വരെ പന്ത്രണ്ടു കൂറുകളിൽ ജനിച്ച അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരെ സൂര്യന്‍റെ കന്നിരാശി സഞ്ചാരം ഏതൊക്കെ വിധത്തിലാണ് സ്വാധീനിക്കുന്നതെന്ന് പരിശോധിക്കാം. ബുധൻ കന്നിരാശിയിൽ തുടരുന്നുണ്ട്. അടുത്തയാഴ്ച ശുക്രൻ കന്നിയിലേക്ക് പകരുന്നു. വ്യാഴത്തിന്‍റെ ദൃഷ്ടിയും രാശിയിൽ പതിയുന്നുണ്ട്. ഇതൊക്കെ സൂര്യനെ, സൂര്യൻ നൽകുന്ന ഫലത്തെ സ്വാധീനിക്കും എന്ന് നോക്കാം.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

സൂര്യൻ ആറാം ഭാവത്തിലാണ്. നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ശത്രുക്കളെ പരാജയപ്പെടുത്തും . എല്ലാത്തരം പ്രതികൂലതകളെയും മറി കടക്കും. രോഗം കൊണ്ട് വലയുന്നവർക്ക് രോഗശാന്തിയും സമാന്തരമായി ആരോഗ്യപുഷ്ടിയും അനുഭവപ്പെടും. ഋണബാധ്യതകളിൽ നിന്നും മോചനം ഭവിക്കും. സാമ്പത്തികസ്ഥിതി ആശാസ്യമാകും.

തൊഴിലിൽ പദവി ഉയരും. അധികാരം സിദ്ധിക്കും. രാഷ്ട്രീയക്കാർക്കും വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും മത്സര വിജയം, പാരിതോഷിക സിദ്ധി, സൽകീർത്തി എന്നിവ വന്നു ചേരുന്നതായിരിക്കും.

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)

ആത്മവിശ്വാസത്തിന് ഇടിച്ചിൽ സംഭവിക്കാം. എതിരാളികളെ ഭയന്ന് കഴിയേണ്ടിവരും. ജീവിത ശൈലീ രോഗങ്ങൾ, ഉദരരോഗം എന്നിവ ഉപദ്രവിച്ചേക്കാം. പലവഴികളിലൂടെ ചെലവധികരിക്കും. ഉദ്യോഗസ്ഥർക്ക് സമ്മർദ്ദങ്ങൾ ഏറും. സന്താനങ്ങളുടെ കാര്യത്തിൽ ഉൽക്കണ്ഠയുണ്ടാകാം. മുൻ തീരുമാനങ്ങൾ ക്ലേശിച്ച് നടപ്പിലാക്കും. ഇഷ്ടജനങ്ങളുടെ പിന്തുണ വേണ്ടത്ര കിട്ടില്ല. കാലവിളംബത്തിന് പോം വഴി തെളിഞ്ഞു കിട്ടണമെന്നില്ല.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

എല്ലാത്തരം ഭോഗാനുഭവങ്ങൾക്കും മന്ദതയോ തടസ്സമോ വരാം. വഴി നടത്തം കൊണ്ടുള്ള ക്ലേശം, യാത്രാ ദുരിതം എന്നിവയുണ്ടാകാം. അനാരോഗ്യം പ്രകടമാവും. ഹൃദയരോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാതാവിന് നല്ല കാലമായിരിക്കില്ല. കുടുംബസ്വത്തിന്മേൽ തർക്കമോ വ്യവഹാരമോ ഒരു സാധ്യതയാണ്. ബന്ധുക്കൾ പക്ഷം പിടിക്കുന്നത് വേദനിപ്പിക്കും. അഭിമാനത്തിന് ക്ഷതം വരുന്ന കാര്യങ്ങൾ സംഭവിക്കാം. വീട് / വാഹനം ഇവയ്ക്ക് അറ്റകുറ്റപ്പണികൾ വേണ്ടി വന്നേക്കും.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

മൂന്നാം രാശിയിലെ ആദിത്യ സ്ഥിതി ശോഭന ഫലങ്ങൾ സൃഷ്ടിക്കും. അധികാരത്തർക്കങ്ങളിൽ വിജയിക്കും. പദവികൾ നേടിയെടുക്കും. പതറിപ്പോയ അണികളെ പിടിച്ചുനിർത്തും. രോഗങ്ങളിൽ നിന്നും മുക്തി നേടും. വ്യായാമം, യോഗ എന്നിവ പരിശീലിക്കാൻ സാധ്യതയുണ്ട്. പ്രതികൂല ശബ്ദങ്ങളെ നിശബ്ദമാക്കും. ക്രയവിക്രയങ്ങളിലും ഊഹക്കച്ചവടത്തിലും നേട്ടങ്ങൾ ഉണ്ടാക്കും. അഭിമാനത്തോടെ, തലയുയർത്തി, ജീവിതത്തിന്‍റെ സമസ്തമേഖലകളിലും ചുവടുറപ്പിക്കും.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

കാര്യങ്ങൾ അത്ര പന്തിയാവില്ല. ആസൂത്രണം ചെയ്തതു പോലെ കർമ്മമേഖലയിൽ പലതും നടന്നെന്ന് വരില്ല. ഉപജാപത്തിനും ചതിയ്ക്കും എളുപ്പം ഇരയാകും. അഭിമാനക്ഷതത്തിനുള്ള സാഹചര്യം ഉണ്ടാകാം. ദാമ്പത്യത്തിൽ അനൈക്യം തലപൊക്കിയേക്കും. നേത്രരോഗം ഒരു സാധ്യതയാണ്. സാക്ഷി പറഞ്ഞതിന്‍റെ/ പറയാത്തതിന്‍റെ പേരിൽ ചില സമ്മർദ്ദങ്ങളെ നേരിടേണ്ടി വരും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സമയമാണ്.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2, പാദങ്ങൾ)

ജന്മരാശിയിലാണ് സൂര്യൻ. ആയാസം, ശരീരമനസ്സുകളെ ബാധിക്കാം. വിഭവനാശം ഉണ്ടാകും. അത് ധനം മാത്രമല്ല ; ബൗദ്ധികമായ വെല്ലുവിളികളും അതിൽ തോൽവിയുമൊക്കെ സംഭവിക്കാം. ദിനചര്യകൾ തെറ്റാം. പ്രാർത്ഥനമുടങ്ങാം. സമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരാം. വേണ്ടാത്ത കാര്യങ്ങൾക്ക് സമയവും ഊർജ്ജവും നഷ്ടമാകും. ആരോഗ്യത്തിൽ ഏറെ ശ്രദ്ധ വേണ്ട കാലമാണ്. വൈദ്യപരിശോധനകളിൽ അലംഭാവമരുത്.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

സൂര്യൻ പന്ത്രണ്ടാം രാശിയിലാണ്. സ്ഥാനഭ്രംശം, യാത്ര, യാത്രകൾ കൊണ്ട് വിഫലത എന്നിവ പ്രത്യക്ഷഫലങ്ങൾ. കാര്യവിഘ്നം, കാര്യവിളംബം എന്നിവയുമുണ്ടാവാം. പണക്കഷ്ടം മറ്റൊരു ദുരനുഭവമാകാം. രഹസ്യശത്രുക്കളുടെ പ്രവർത്തനം പുരോഗതിക്ക് വിഘാതം സൃഷ്ടിച്ചെന്ന് വന്നേക്കാം. ക്രയവിക്രയങ്ങളിൽ പരാജയം സംഭവിക്കാനിടയുണ്ട്. കർമ്മരംഗത്തും പ്രശ്നങ്ങൾ ഉദയം ചെയ്യാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധക്കുറവ് അനുഭവപ്പെടുന്നതായിരിക്കും.

Read Here

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

പതിനൊന്നിൽ ആണ് സൂര്യസ്ഥിതി. നേട്ടങ്ങളും വിജയവും സമഗ്രപുരോഗതിയും പ്രതീക്ഷിക്കാം. മുൻപ് അകന്നിരുന്നവർ ആശ്രയം തേടിയെത്തും. അധികാരികൾ സൗഹൃദം കാട്ടും. ശത്രുക്കളുടെ നീക്കങ്ങളെ മുളയിലേ പ്രതിരോധിക്കും. മത്സരങ്ങളിൽ വിജയം നേടും. സ്ഥാനപ്രാപ്തി ഭവിക്കും. രോഗികൾക്ക് ഏറെ ആശ്വാസം വന്നെത്തും. പ്രണയസാഫല്യം, ദാമ്പത്യസൗഖ്യം, കർമ്മഗുണം, കൃഷിയിലും കച്ചവടത്തിലും നേട്ടം, ഭാഗ്യക്കുറി, ചിട്ടി, സർക്കാർ എന്നിവയിൽ നിന്നും ധനാഗമം ഇവയും ഫലങ്ങളിൽ പ്രധാനമാണ്.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

പത്താം ഭാവത്തിലാണ് സൂര്യസ്ഥിതി. അത് തോഷകവും പോഷകവുമാണ്. ചെയ്യുന്ന കാര്യങ്ങളിൽ നൂറുമേനി നേട്ടങ്ങൾ കൊയ്യും. രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും അംഗീകാരവും കീർത്തിയുമുണ്ടാവും. കലാകായികരംഗത്ത് ശ്രദ്ധേയമായ ചുവട് വെയ്പ് നടത്തും. ദാരിദ്ര്യം നീങ്ങി ധനന്നോതി ഉണ്ടാകും. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം പുന:സ്ഥാപിക്കും. നവസംരംഭങ്ങളിൽ വിജയം വരിക്കും.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

പിതാവിനോ തൽസ്ഥാനീയർക്കോ ദുരിതകാലമാവും. ഉപാസനകൾക്ക് വിഘ്നമുണ്ടാവും. ആലോചനാശൂന്യമായ പെരുമാറ്റം കൊണ്ട് ശത്രുക്കളെ സമ്പാദിക്കും. ആരോഗ്യപരമായി മെച്ചമായിരിക്കില്ല. സർക്കാർ കാര്യങ്ങളിൽ അലച്ചിലും വിളംബവും വന്നുചേരും. ഒട്ടും ഇഷ്ടമില്ലാത്തതാണെങ്കിലും ചില കാര്യങ്ങൾ നടന്നുകൂടാൻ പരാശ്രയത്വം വേണ്ടിവന്നേക്കും. കുടുംബകാര്യങ്ങൾ ശരിയാംവണ്ണം നിർവഹിക്കുന്നില്ലെന്ന് പരാതിയുയരാം.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ)

കാര്യങ്ങൾ സുഗമമായി നടന്നുകൂടില്ല. ദുർവാശി കൊണ്ട് അധികാരികളെ പിണക്കും. പലതരം ഭയപ്പാടുകൾ മനോനിലയെ നിരുന്മേഷകരമാക്കും. രോഗചികിത്സയ്ക്ക് അമാന്തം വരുത്തരുത്. സ്വയം തൊഴിൽ ചെയ്യുന്നവർ സാമ്പത്തിക പരാധീനത അനുഭവിക്കും. വിദ്യാർത്ഥികൾക്ക് പഠന വൈകല്യം സംഭവിക്കാം. വിവാഹബന്ധത്തിൽ ഉലച്ചിൽ വരാനും ഇടയുണ്ട്.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

അനിഷ്ടസ്ഥാനമായ ഏഴാമെടത്താണ് ആദിത്യ സ്ഥിതി. അതിനാൽ കൂട്ടുകച്ചവടത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. കലഹവാസന തല പൊക്കുന്ന സമയമാണ്. ദാമ്പത്യത്തിലും അനുരഞ്‌ജനം നഷ്ടമാകാനിടയുണ്ട്. പ്രണയം പരാജയത്തിൽ കലാശിക്കാം. വിദേശത്ത് പോകാൻ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. ഉദരരോഗം, വായു സംബന്ധിച്ച രോഗങ്ങൾ എന്നിവ വിഷമപ്പിക്കാനിടയുണ്ട്. കുടുംബ സ്വത്തിന്മേലുള്ള വ്യവഹാരം നീണ്ടു പോകും. മനോനിയന്ത്രണത്തിനുള്ള പരിശീലനമുറകൾ അഭ്യസിക്കുന്നത് ഉചിതമായിരിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Surya gochar 2022 sun transit in virgo stars rashi zodiac signs impact solutions in malayalam