scorecardresearch
Latest News

Sun Vrischika Rashi 2022 Astrological Predictions: സൂര്യൻ വൃശ്ചികം രാശിയിൽ

Sun Vrischika Rashi 2022 Astrological Predictions: മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശികളിൽ / കൂറുകളിൽ ജനിച്ചവർക്ക് സൂര്യന്റെ വൃശ്ചികം രാശി സഞ്ചാരം കൊണ്ടുള്ള പൊതുഫലങ്ങൾ നോക്കാം

astrology, horoscope, ie malayalam

Sun Vrischika Rashi 2022 Astrological Predictions: തുലാം രാശിയിൽ നിന്നും സൂര്യൻ നവംബർ 17 ന് വൃശ്ചിക രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇനി ഒരു മാസം, കൃത്യം 29 ദിവസം സൂര്യൻ വൃശ്ചികം രാശിയിലൂടെ സഞ്ചരിക്കുകയാണ്. തുലാം സൂര്യന്റെ നീചരാശിയാണ്. മേടം സൂര്യന്റെ ഉച്ചരാശിയും. വർഷത്തിൽ അഞ്ച്മാസം സൂര്യൻ ഉച്ചരാശിനോക്കി പ്രയാണം ചെയ്യുന്നു. വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ മാസങ്ങളിൽ സൂര്യന്റെ യാത്ര ഉച്ചക്ഷേത്രത്തിലേക്കുള്ളതാണ്. മേടമാസം മുഴുവൻ സൂര്യൻ ഉച്ചരാശിയിൽ.

ഇടവം മുതൽ കന്നിവരെ അഞ്ച് മാസം തുലാം എന്ന നീചരാശിയിലേക്കുള്ള യാത്രയിലാവും സൂര്യൻ. തുലാം മാസം മുഴുവൻ തുലാം എന്ന നീചരാശിയിലൂടെയാവും സൂര്യന്റെ പ്രയാണം. നീചരാശി കഴിയുന്നതോടെ സൂര്യന്റെ ശക്തി വർദ്ധിക്കുന്നു. പർവ്വതത്തിന്റെ നെറുക നോക്കിയുള്ള ആരോഹണം പോലെയാണത്. ഇപ്പോൾ സൂര്യൻ ആരോഹണം ആരംഭിച്ചിരിക്കുകയാണ്…

വൃശ്ചിക മാസത്തിൽ ആദ്യത്തെ മൂന്ന് / നാല് ദിനങ്ങൾ വിശാഖം ഞാറ്റുവേല തുടരും. പിന്നീട് പതിമൂന്ന് ദിവസങ്ങൾ അനിഴം ഞാറ്റുവേലയും തുടർന്ന് പതിമൂന്ന് ദിവസങ്ങൾ തൃക്കേട്ട ഞാറ്റുവേലയുമായിരിക്കും. സൂര്യൻ കടന്നുപോകുന്ന നക്ഷത്രമണ്ഡലങ്ങളുടെ പേരാണ് ഓരോ ഞാറ്റുവേലയും എന്നത് ഓർക്കണം. സൂര്യൻ വിശാഖം നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ വിശാഖം ഞാറ്റുവേലയും, അനിഴം നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ അനിഴം ഞാറ്റുവേലയും തൃക്കേട്ട നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ തൃക്കേട്ട ഞാറ്റുവേലയും സംഭവിക്കുന്നു.

മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശികളിൽ / കൂറുകളിൽ ജനിച്ചവർക്ക് സൂര്യന്റെ വൃശ്ചികം രാശി സഞ്ചാരം കൊണ്ടുള്ള പൊതുഫലങ്ങൾ ചുവടെ ചേർക്കുന്നു.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): സൂര്യൻ അഷ്ടമരാശിയിലാണ്. നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളും വരാം. പിതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകമായ ശ്രദ്ധ വേണം. ആത്മവിശ്വാസം അതിരുകടന്ന് അഹന്തയാവാം. അതുമൂലം ചില പ്രതിസന്ധികൾ ഉളവാകാം. സന്താനങ്ങളുടെ കാര്യത്തിൽ പ്രതീക്ഷ നിറവേറുന്നില്ലല്ലോ എന്ന ഖേദം ഉണ്ടാവാം. മേലധികാരികളുമായി വാഗ്വാദത്തിനിട കാണുന്നു. സർക്കാരിൽ നിന്നുമുള്ള ആനുകൂല്യങ്ങൾ വൈകാം. രാഷ്ട്രീയ പ്രവർത്തകർക്ക് ജനസമ്മതി കുറഞ്ഞേക്കും. വൈദ്യപരിശോധനകളിൽ വിളംബമരുത്. ഉദരരോഗങ്ങൾ വിഷമിപ്പിക്കാം.

ഇടവക്കൂറിന് (കാർത്തിക രണ്ടാം പാദം, രോഹിണി, മകയിരം ആദ്യ പകുതി): സൂര്യൻ ഏഴാം ഭാവത്തിണ്. ചില മുൻ തോൽവികളെ വിജയം കൊണ്ട് നികത്താൻ ശ്രമിക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ടാവും. പങ്കുകച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. ചൊവ്വയ്ക്കും സൂര്യനും പരസ്പര ദൃഷ്ടി വരികയാൽ സാഹസങ്ങളിൽ താല്പര്യമേറും. വാഹനം, അഗ്നി, ആയുധം ഇവ ഉപയോഗിക്കുമ്പോൾ വലിയ ശ്രദ്ധ വേണം. പ്രണയികൾക്ക് കാര്യങ്ങൾ നേർവഴിയിലല്ലെന്ന് തോന്നാം. ഹൃദയരോഗികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്. വഴിനടത്തം, കഠിനാദ്ധ്വാനം ഇവ മൂലം ദേഹക്ലേശം വരാം.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): മത്സരങ്ങളിലും തെരഞ്ഞെടുപ്പുകളിലും വിജയിക്കും. അധികാരമുള്ള പദവികൾ കൈവരാം. ബിസിനസ്സിൽ നല്ല മുന്നേറ്റമുണ്ടാവും. വിദേശയാത്രയ്ക്ക് അവസരം തെളിയും. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. എതിർപ്പുകളെ വകവെക്കില്ല. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് കാട്ടാൻ കഴിയും. സ്ഥിരവരുമാനമോ ജോലിയോ ഇല്ലാത്തവർക്ക് താൽകാലികമായെങ്കിലും ചില ആദായങ്ങൾ വന്നെത്താം. കുടുംബകാര്യങ്ങളിൽ സമയോചിതമായി തീരുമാനങ്ങൾ കൈക്കൊള്ളും.

കർക്കടകക്കൂറിന് (പുണർതം 4, പൂയം, ആയില്യം): പല പരീക്ഷണങ്ങളെയും നേരിടേണ്ടി വരാം. മുൻ തീരുമാനങ്ങൾ വൃഥാവിലാവും. ധനപരമായി മെച്ചപ്പെട്ട സമയമാണ്. പുതുകാര്യങ്ങൾക്കും വലിയ സംരംഭങ്ങൾക്കും മുതിരാൻ അനുകൂലമായ സന്ദർഭമല്ല. സന്താനങ്ങളുടെ കാര്യത്തിൽ വല്ല ഉൽക്കണ്ഠകളും വരാം. പഠിപ്പിൽ ശ്രദ്ധ കുറയും. വിവാഹാലോചനകൾക്ക് തടസ്സം ഭവിക്കാം. ദാമ്പത്യജീവിതത്തിൽ സൗന്ദര്യപ്പിണക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. നിർബന്ധബുദ്ധി മൂലം വേണ്ടപ്പെട്ടവരുമായി പിണങ്ങിയേക്കും. ഹൃദയ-ഉദര രോഗങ്ങൾ വിഷമിപ്പിക്കാം.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): കാര്യങ്ങൾ പൂർണമായും അനുകൂലമാകുന്ന സന്ദർഭമാണെന്ന് പറയാനാവില്ല. മനസ്സിന് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ സഹകരിക്കേണ്ട സ്ഥിതി വരാം. തൊഴിൽരംഗം അല്പമൊന്ന് അശാന്തമാകാനിടയുണ്ട്. വിരോധികളുടെ പ്രവർത്തനങ്ങൾ വിഷമിപ്പിക്കാം. വസ്തുവില്പനയിൽ ആശിച്ച ലാഭം കിട്ടുകയില്ല. കുടുംബക്ഷേത്രത്തിലെ പൂജാദികാര്യങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെടേണ്ടി വന്നേക്കാം. ഒരേ സമയം പല തൊഴിലുകൾ / പല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെങ്കിലും വിജയം ആശാവഹമാവില്ല. മാതൃസൗഖ്യക്കുറവും ഫലങ്ങളിലുണ്ട്. ബുധാദിത്യയോഗം വന്നിരിക്കുകയാൽ ബന്ധുപ്രീതി ഉണ്ടാവാം.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): അധികാരികളുടെ പിന്തുണ ലഭിക്കും. ന്യായമായ കാര്യങ്ങൾ നിറവേറാം. ഭാവിയിലേക്കുള്ള ചില പദ്ധതികൾ ആസൂത്രണം ചെയ്യും. വിദ്യാർത്ഥികൾ പഠനത്തിൽ കഴിവുകാട്ടും. കലാകാരന്മാർ അംഗീകാരം നേടും. ധനസ്ഥിതി മെച്ചപ്പെട്ടേക്കും. വ്യാപാരത്തിൽ പുരോഗതി ദൃശ്യമാകുന്നതാണ്. അവിവാഹിതർക്ക് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കാം. പ്രമുഖരുടെ പിന്തുണ പ്രചോദനമാകാം.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ): സാമ്പത്തികപ്രശ്നങ്ങൾ വലുതായിട്ടുണ്ടാവില്ല. ഒരുവിധം കാര്യങ്ങൾ നടന്നുപോകും. നല്ലകാര്യങ്ങൾ കാണാനും മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനുമാവും. സംസാരത്തിൽ പാണ്ഡിത്യവും മാധുര്യവും ഒപ്പം അധികാരവും നിറയും. അറിഞ്ഞിട്ടാവാം, അറിയാതെയുമാവാം. സർക്കാർ കാര്യങ്ങളിലെ തടസ്സം നീങ്ങാം. അച്ഛന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. പല്ല് വേദന, ഉദരവ്യാധികൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.

വൃശ്ചികക്കൂറിന് (വിശാഖം 4, അനിഴം, തൃക്കേട്ട): വേഗം തീരുമാനങ്ങളെടുക്കും. വിശേഷിച്ചും, കർമ്മസംബന്ധമായി. ചിലത് തെറ്റിയെന്ന് പിന്നീട് തോന്നാം. കർമ്മഭാവത്തെയും കർമ്മ നാഥനെയും ചൊവ്വ നോക്കുന്നതിനാൽ കർമ്മപരമായി കൂടുതൽ ശ്രദ്ധ വേണം. ദാമ്പത്യത്തിൽ ചില ‘ego’ പ്രശ്നങ്ങൾ ഉടലെടുക്കാം. ആഢംബര കാര്യങ്ങൾക്ക് പണച്ചെലവുണ്ടാകും. വിഫല യാത്രകൾക്കും സാധ്യത കാണുന്നു. കലാപ്രവർത്തനത്തിൽ നിന്നും നല്ല അനുഭവങ്ങൾ വരാം.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): പദവികൾ നിലനിർത്താൻ ക്ലേശിക്കും. ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുക എളുപ്പമാവില്ല. ആരോഗ്യകാര്യത്തിൽ അലംഭാവം അരുത്. ശത്രുക്കളോട് നിർദ്ദയം പെരുമാറും. പഠനത്തിനും ഗവേഷണത്തിനുമായി യാത്രകൾ വേണ്ടിവരും. പുതിയ വസ്ത്രാഭരണാദികൾ വാങ്ങാൻ പണം ചെലവഴിക്കും. വിവാഹകാര്യങ്ങൾക്ക് ആശിച്ച പുരോഗതി ഉണ്ടാവില്ല. പ്രണയബന്ധത്തിൽ വിഘ്നങ്ങൾ ഏർപ്പെടാം. മുതിർന്ന വ്യക്തികളുടെ പിന്തുണ പല കാര്യത്തിലും ഗുണകരമാവും.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): രാഷ്ട്രീയ പ്രവർത്തനത്തിൽ വിജയം നേടും. നിർദ്ദേശങ്ങൾ അധികാരികൾ വിശ്വാസപൂർവം ചെവിക്കൊള്ളും. സുഖഭോഗങ്ങൾ സന്തോഷമേകും. ധനാഗമമാർഗം വിപുലമാവും. മുഖ്യവരുമാനത്തിനൊപ്പം ചില ഉപതൊഴിലുകളിൽ നിന്നും ആദായം വന്നെത്തും. സിനിമ, സംഗീതം, നാടകം, ചിത്രകല എന്നിവയുമായി ബന്ധപ്പെട്ടവർ പുരസ്കൃതരാവും. സ്വന്തം കലാസൃഷ്ടി ആസ്വാദകരുടെ മുന്നിലെത്തിക്കാൻ സന്ദർഭം ലഭിക്കും. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാലമാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങും. സൗഹൃദം പുഷ്ടിപ്പെടും.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): കർമ്മരംഗം തടസ്സങ്ങൾ നീങ്ങി ഉന്മേഷത്തിലാവും. സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചയിൽ വിജയിക്കും. സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരുടെ സേവനം തൊഴിലിൽ മുതൽക്കൂട്ടാവും. ബന്ധുക്കളുടെ പിന്തുണ വ്യക്തിജീവിതത്തിന് ശക്തി പകരും. നല്ല കാര്യങ്ങൾക്കുള്ള ചെലവിൽ വിഷമം തോന്നില്ല. സകുടുംബം മറ്റൊരു നാട്ടിൽ താമസിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ദേഹസുഖത്തിന് കുറവുവരാം. സൂര്യ- കുജ പരസ്പരദൃഷ്ടി മൂലം കുടുംബത്തിൽ, ഗാർഹിക ജീവിതത്തിൽ ചില കുഴപ്പങ്ങൾ ഏർപ്പെടാം. അമ്മയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. അഗ്നി, വൈദ്യുതി എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. സഹോദരരുടെ പിന്തുണ ശക്തി പകരും. ഏത് വിപരീത പരിതസ്ഥിതിയിലും മനസ്സാന്നിദ്ധ്യം കൈവെടിയുകയില്ല. ഉപാസനകൾക്കും ഈശ്വരകാര്യങ്ങൾക്കും സമയം കണ്ടെത്തും. ശത്രുക്കളുടെ പ്രവർത്തനം തിരിച്ചറിയും. കുടുംബകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ അർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വന്നേക്കാം. അവിവാഹിതരുടെ ദാമ്പത്യ സ്വപ്നങ്ങൾ നീണ്ടേക്കും. വിദേശയാത്രക്ക് ഉടൻ അനുമതി ലഭിച്ചുകൊള്ളണം എന്നില്ല. അഷ്ടമകേതു ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Sun vrischika rashi 2022 astrological predictions