Sun Transit in Scorpio Vrischika Rashi Astrological Predictions for Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: തുലാം രാശിയിൽ നിന്നും സൂര്യൻ നവംബർ 17 ന് വൃശ്ചിക രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇനി ഒരു മാസം, കൃത്യം 29 ദിവസം സൂര്യൻ വൃശ്ചികം രാശിയിലൂടെ സഞ്ചരിക്കുകയാണ്. തുലാം സൂര്യന്റെ നീചരാശിയാണ്. മേടം സൂര്യന്റെ ഉച്ചരാശിയും. വർഷത്തിൽ അഞ്ച്മാസം സൂര്യൻ ഉച്ചരാശിനോക്കി പ്രയാണം ചെയ്യുന്നു. വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ മാസങ്ങളിൽ സൂര്യന്റെ യാത്ര ഉച്ചക്ഷേത്രത്തിലേക്കുള്ളതാണ്. മേടമാസം മുഴുവൻ സൂര്യൻ ഉച്ചരാശിയിൽ.
ഇടവം മുതൽ കന്നിവരെ അഞ്ച് മാസം തുലാം എന്ന നീചരാശിയിലേക്കുള്ള യാത്രയിലാവും സൂര്യൻ. തുലാം മാസം മുഴുവൻ തുലാം എന്ന നീചരാശിയിലൂടെയാവും സൂര്യന്റെ പ്രയാണം. നീചരാശി കഴിയുന്നതോടെ സൂര്യന്റെ ശക്തി വർധിക്കുന്നു. പർവ്വതത്തിന്റെ നെറുക നോക്കിയുള്ള ആരോഹണം പോലെയാണത്. ഇപ്പോൾ സൂര്യൻ ആരോഹണം ആരംഭിച്ചിരിക്കുകയാണ്…
വൃശ്ചിക മാസത്തിൽ ആദ്യത്തെ മൂന്ന് / നാല് ദിനങ്ങൾ വിശാഖം ഞാറ്റുവേല തുടരും. പിന്നീട് പതിമൂന്ന് ദിവസങ്ങൾ അനിഴം ഞാറ്റുവേലയും തുടർന്ന് പതിമൂന്ന് ദിവസങ്ങൾ തൃക്കേട്ട ഞാറ്റുവേലയുമായിരിക്കും. സൂര്യൻ കടന്നുപോകുന്ന നക്ഷത്രമണ്ഡലങ്ങളുടെ പേരാണ് ഓരോ ഞാറ്റുവേലയും എന്നത് ഓർക്കണം. സൂര്യൻ വിശാഖം നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ വിശാഖം ഞാറ്റുവേലയും, അനിഴം നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ അനിഴം ഞാറ്റുവേലയും തൃക്കേട്ട നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ തൃക്കേട്ട ഞാറ്റുവേലയും സംഭവിക്കുന്നു.
മൂലം മുതല്‍ രേവതി വരെയുള്ള നാളുകാരുടെ വൃശ്ചികരാശി ഫലം
(മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): പദവികൾ നിലനിർത്താൻ ക്ലേശിക്കും. ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുക എളുപ്പമാവില്ല. ആരോഗ്യകാര്യത്തിൽ അലംഭാവം അരുത്. ശത്രുക്കളോട് നിർദ്ദയം പെരുമാറും. പഠനത്തിനും ഗവേഷണത്തിനുമായി യാത്രകൾ വേണ്ടിവരും. പുതിയ വസ്ത്രാഭരണാദികൾ വാങ്ങാൻ പണം ചെലവഴിക്കും. വിവാഹകാര്യങ്ങൾക്ക് ആശിച്ച പുരോഗതി ഉണ്ടാവില്ല. പ്രണയബന്ധത്തിൽ വിഘ്നങ്ങൾ ഏർപ്പെടാം. മുതിർന്ന വ്യക്തികളുടെ പിന്തുണ പല കാര്യത്തിലും ഗുണകരമാവും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): രാഷ്ട്രീയ പ്രവർത്തനത്തിൽ വിജയം നേടും. നിർദ്ദേശങ്ങൾ അധികാരികൾ വിശ്വാസപൂർവം ചെവിക്കൊള്ളും. സുഖഭോഗങ്ങൾ സന്തോഷമേകും. ധനാഗമമാർഗം വിപുലമാവും. മുഖ്യവരുമാനത്തിനൊപ്പം ചില ഉപതൊഴിലുകളിൽ നിന്നും ആദായം വന്നെത്തും. സിനിമ, സംഗീതം, നാടകം, ചിത്രകല എന്നിവയുമായി ബന്ധപ്പെട്ടവർ പുരസ്കൃതരാവും. സ്വന്തം കലാസൃഷ്ടി ആസ്വാദകരുടെ മുന്നിലെത്തിക്കാൻ സന്ദർഭം ലഭിക്കും. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാലമാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങും. സൗഹൃദം പുഷ്ടിപ്പെടും.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): കർമ്മരംഗം തടസ്സങ്ങൾ നീങ്ങി ഉന്മേഷത്തിലാവും. സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചയിൽ വിജയിക്കും. സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരുടെ സേവനം തൊഴിലിൽ മുതൽക്കൂട്ടാവും. ബന്ധുക്കളുടെ പിന്തുണ വ്യക്തിജീവിതത്തിന് ശക്തി പകരും. നല്ല കാര്യങ്ങൾക്കുള്ള ചെലവിൽ വിഷമം തോന്നില്ല. സകുടുംബം മറ്റൊരു നാട്ടിൽ താമസിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ദേഹസുഖത്തിന് കുറവുവരാം.
സൂര്യ- കുജ പരസ്പരദൃഷ്ടി മൂലം കുടുംബത്തിൽ, ഗാർഹിക ജീവിതത്തിൽ ചില കുഴപ്പങ്ങൾ ഏർപ്പെടാം. അമ്മയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. അഗ്നി, വൈദ്യുതി എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം.
മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. സഹോദരരുടെ പിന്തുണ ശക്തി പകരും. ഏത് വിപരീത പരിതസ്ഥിതിയിലും മനസ്സാന്നിദ്ധ്യം കൈവെടിയുകയില്ല. ഉപാസനകൾക്കും ഈശ്വരകാര്യങ്ങൾക്കും സമയം കണ്ടെത്തും. ശത്രുക്കളുടെ പ്രവർത്തനം തിരിച്ചറിയും. കുടുംബകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ അർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വന്നേക്കാം. അവിവാഹിതരുടെ ദാമ്പത്യ സ്വപ്നങ്ങൾ നീണ്ടേക്കും. വിദേശയാത്രക്ക് ഉടൻ അനുമതി ലഭിച്ചുകൊള്ളണം എന്നില്ല. അഷ്ടമകേതു ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം.