Sun Transit in Scorpio Vrischika Rashi Astrological Predictions for Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: തുലാം രാശിയിൽ നിന്നും സൂര്യൻ നവംബർ 17 ന് വൃശ്ചിക രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇനി ഒരു മാസം, കൃത്യം 29 ദിവസം സൂര്യൻ വൃശ്ചികം രാശിയിലൂടെ സഞ്ചരിക്കുകയാണ്. തുലാം സൂര്യന്റെ നീചരാശിയാണ്. മേടം സൂര്യന്റെ ഉച്ചരാശിയും. വർഷത്തിൽ അഞ്ച്മാസം സൂര്യൻ ഉച്ചരാശിനോക്കി പ്രയാണം ചെയ്യുന്നു. വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ മാസങ്ങളിൽ സൂര്യന്റെ യാത്ര ഉച്ചക്ഷേത്രത്തിലേക്കുള്ളതാണ്. മേടമാസം മുഴുവൻ സൂര്യൻ ഉച്ചരാശിയിൽ.
ഇടവം മുതൽ കന്നിവരെ അഞ്ച് മാസം തുലാം എന്ന നീചരാശിയിലേക്കുള്ള യാത്രയിലാവും സൂര്യൻ. തുലാം മാസം മുഴുവൻ തുലാം എന്ന നീചരാശിയിലൂടെയാവും സൂര്യന്റെ പ്രയാണം. നീചരാശി കഴിയുന്നതോടെ സൂര്യന്റെ ശക്തി വർധിക്കുന്നു. പർവ്വതത്തിന്റെ നെറുക നോക്കിയുള്ള ആരോഹണം പോലെയാണത്. ഇപ്പോൾ സൂര്യൻ ആരോഹണം ആരംഭിച്ചിരിക്കുകയാണ്…
വൃശ്ചിക മാസത്തിൽ ആദ്യത്തെ മൂന്ന് / നാല് ദിനങ്ങൾ വിശാഖം ഞാറ്റുവേല തുടരും. പിന്നീട് പതിമൂന്ന് ദിവസങ്ങൾ അനിഴം ഞാറ്റുവേലയും തുടർന്ന് പതിമൂന്ന് ദിവസങ്ങൾ തൃക്കേട്ട ഞാറ്റുവേലയുമായിരിക്കും. സൂര്യൻ കടന്നുപോകുന്ന നക്ഷത്രമണ്ഡലങ്ങളുടെ പേരാണ് ഓരോ ഞാറ്റുവേലയും എന്നത് ഓർക്കണം. സൂര്യൻ വിശാഖം നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ വിശാഖം ഞാറ്റുവേലയും, അനിഴം നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ അനിഴം ഞാറ്റുവേലയും തൃക്കേട്ട നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ തൃക്കേട്ട ഞാറ്റുവേലയും സംഭവിക്കുന്നു.
മകം മുതല്‍ തൃക്കേട്ട വരെയുള്ള നാളുകാരുടെ വൃശ്ചികരാശി ഫലം
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): കാര്യങ്ങൾ പൂർണമായും അനുകൂലമാകുന്ന സന്ദർഭമാണെന്ന് പറയാനാവില്ല. മനസ്സിന് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ സഹകരിക്കേണ്ട സ്ഥിതി വരാം. തൊഴിൽരംഗം അല്പമൊന്ന് അശാന്തമാകാനിടയുണ്ട്. വിരോധികളുടെ പ്രവർത്തനങ്ങൾ വിഷമിപ്പിക്കാം. വസ്തുവില്പനയിൽ ആശിച്ച ലാഭം കിട്ടുകയില്ല. കുടുംബക്ഷേത്രത്തിലെ പൂജാദികാര്യങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെടേണ്ടി വന്നേക്കാം. ഒരേ സമയം പല തൊഴിലുകൾ / പല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെങ്കിലും വിജയം ആശാവഹമാവില്ല. മാതൃസൗഖ്യക്കുറവും ഫലങ്ങളിലുണ്ട്. ബുധാദിത്യയോഗം വന്നിരിക്കുകയാൽ ബന്ധുപ്രീതി ഉണ്ടാവാം.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): അധികാരികളുടെ പിന്തുണ ലഭിക്കും. ന്യായമായ കാര്യങ്ങൾ നിറവേറാം. ഭാവിയിലേക്കുള്ള ചില പദ്ധതികൾ ആസൂത്രണം ചെയ്യും. വിദ്യാർത്ഥികൾ പഠനത്തിൽ കഴിവുകാട്ടും. കലാകാരന്മാർ അംഗീകാരം നേടും. ധനസ്ഥിതി മെച്ചപ്പെട്ടേക്കും. വ്യാപാരത്തിൽ പുരോഗതി ദൃശ്യമാകുന്നതാണ്. അവിവാഹിതർക്ക് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കാം. പ്രമുഖരുടെ പിന്തുണ പ്രചോദനമാകാം.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ): സാമ്പത്തികപ്രശ്നങ്ങൾ വലുതായിട്ടുണ്ടാവില്ല. ഒരുവിധം കാര്യങ്ങൾ നടന്നുപോകും. നല്ലകാര്യങ്ങൾ കാണാനും മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനുമാവും. സംസാരത്തിൽ പാണ്ഡിത്യവും മാധുര്യവും ഒപ്പം അധികാരവും നിറയും. അറിഞ്ഞിട്ടാവാം, അറിയാതെയുമാവാം. സർക്കാർ കാര്യങ്ങളിലെ തടസ്സം നീങ്ങാം. അച്ഛന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. പല്ല് വേദന, ഉദരവ്യാധികൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.
വൃശ്ചികക്കൂറിന് (വിശാഖം 4, അനിഴം, തൃക്കേട്ട): വേഗം തീരുമാനങ്ങളെടുക്കും. വിശേഷിച്ചും, കർമ്മസംബന്ധമായി. ചിലത് തെറ്റിയെന്ന് പിന്നീട് തോന്നാം. കർമ്മഭാവത്തെയും കർമ്മ നാഥനെയും ചൊവ്വ നോക്കുന്നതിനാൽ കർമ്മപരമായി കൂടുതൽ ശ്രദ്ധ വേണം. ദാമ്പത്യത്തിൽ ചില ‘ego’ പ്രശ്നങ്ങൾ ഉടലെടുക്കാം. ആഢംബര കാര്യങ്ങൾക്ക് പണച്ചെലവുണ്ടാകും. വിഫല യാത്രകൾക്കും സാധ്യത കാണുന്നു. കലാപ്രവർത്തനത്തിൽ നിന്നും നല്ല അനുഭവങ്ങൾ വരാം.