ഈ ലേഖനം മനുഷ്യരുടെ വൈകാരികസത്തയെ കുറിച്ചുള്ള അന്വേഷണമാണ്. വികാരങ്ങൾ അവരിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആരായുകയാണ്. ഏത് കൂറുകാരനാണ് സമുദ്രക്ഷോഭം ഉള്ളിൽ കൊണ്ടു നടക്കുന്നത്, ഏത് കൂറുകാരനാണ് ഭൂമിയെപ്പോലെ ക്ഷമിക്കുന്നത്. അത് കണ്ടുപിടിക്കുകയാണ് ലക്ഷ്യം.
സ്വയം വിലയിരുത്താൻ ശ്രമിച്ചിട്ടില്ലെങ്കിൽ ഈ അക്ഷരക്കണ്ണാടിയിൽ നിങ്ങളുടെ മുഖം നോക്കുക. നിങ്ങളുടെ കൂറ് പറയും നിങ്ങളുടെ വൈകാരിക സ്വഭാവം.
മേടക്കൂറുകാർ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
വൈകാരികമായി ദുർബലരായിരിക്കും. ‘ക്ഷിപ്രപ്രസാദികൾ’ എന്ന് വരാഹമിഹിരൻ തന്നെ എഴുതിയിട്ടുണ്ട്. എങ്കിൽ ഊഹിക്കാം, ക്ഷിപ്രകോപികളുമായിരിക്കും എന്ന്. കാമികളുമാണെന്ന് ആചാര്യൻ എഴുതിയിരിക്കുന്നു. വികാരങ്ങളെ പൊതിഞ്ഞ് വെക്കാൻ താല്പര്യമില്ല. പറയേണ്ടത് മുഖത്ത് നോക്കിപ്പറയും. പ്രതികരണം ക്ഷണത്തിലുമാണ്. “ദിനകരരുധിരോ പ്രവേശകാലേ” എന്നുള്ള നിയമം പറയുന്നത് മേടക്കൂറിന്റെ അധിപനായ ചൊവ്വ ഏത് രാശിയിൽ പ്രവേശിച്ചാലും ഉടൻ ഫലം ചെയ്യും എന്നാണ്. അതിനാൽ മേടക്കൂറിലെ വ്യക്തികൾ വേഗത്തിൽ കരയുന്നു, വേഗത്തിൽ ചിരിക്കുന്നു. വാക്കിന് കനമുള്ള അടിയുടെ ഊക്കായിരിക്കുകയും ചെയ്യും.
ഇടവക്കൂറുകാരുടെ (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
ഭൂമിതത്ത്വരാശിയാണ് ഇടവം. ഭൂമിയെപ്പോലെ ക്ഷമിക്കും, ഇവർ. വികാരങ്ങൾ ഒട്ടൊക്കെ സ്ഥായിയായിരിക്കും. ശുക്രന്റെ ആധിപത്യമുള്ള രാശിയാകയാൽ പ്രണയികളും വാത്സല്യം, ദയ, മനുഷ്യപ്പറ്റ് തുടങ്ങിയ വികാരങ്ങൾ ഏറിയവരുമായിരിക്കും. എതിരാളി പറയുന്നത് കേട്ടിട്ട് മാത്രമാവും പ്രതികരണം. മേടക്കൂറുകാരെപ്പോലെ ചാടിക്കടിക്കാൻ നിൽക്കില്ല. എതിർലിംഗത്തിൽ ഉള്ളവരാവും ഇവരുടെ സുഹൃത്തുക്കളിൽ കൂടുതലും. സൗഹൃദം പ്രണയമായി പരിണമിക്കാം.
മിഥുനക്കൂറുകാർ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
‘നോക്കിയും കണ്ടും’ സംസാരിക്കും. ക്ഷോഭശീലം കുറവാണ്. അധികവും സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ്. ഉപദേശിക്കും, പലരേയും. ചിലപ്പോൾ വലിയ വായാടികളാണെന്നാവും ശ്രോതാവിന്റെ തോന്നൽ. എന്നാൽ ഒന്നിന്റെയും ‘മർമ്മം’ പുറത്ത് വിടില്ല. കളിയും ചിരിയും കൊണ്ട് കാര്യം സാധിക്കും. വാക്കുകളിൽ കുസൃതി കാണും. ഒരു ‘ചൊറിച്ചുമല്ലൽ’ ലൈൻ. ബുധൻ രാശിനാഥനാകയാൽ കൗശലം വികാരവിചാരങ്ങളുടെ മേൽ പൊരുന്നയിരിക്കും. കാമരാശിയാണ് മിഥുനം. കാമദേവനാണ് ദേവത. ബാക്കി പറയേണ്ടല്ലോ?
കർക്കടകക്കൂറുകാർ (പുണർതം നാലാം പാദം, പൂയം, ആയില്യം)
വികാരജീവികളാണ്. ‘അറുത്തിട്ടാൽ തുടിക്കും’ എന്ന് സി.വി. രാമൻപിള്ള എഴുതിയില്ലേ, അതു പോലെയുള്ള മനുഷ്യർ. സൗഹൃദം വലിയ ദൗർബല്യമാണ്. കൂട്ടുകാർക്കു വേണ്ടി എന്തും ചെയ്യും. പെട്ടെന്ന് കരയും, തലയിൽ കൈവെച്ച് നിലവിളിക്കും. ചന്ദ്രൻ ഭരിക്കുന്ന രാശിയാണ്. അതിനാൽ മനസ്സ്, വികാരങ്ങൾ ഒക്കെ അസ്ഥിരമാണ്. കാമം സ്ഥായിഭാവമാണ്. നാലാം രാശിയാകയാൽ അമ്മയുടെ വാത്സല്യം മനസ്സിൽ സൂക്ഷിക്കുന്നവരാണ്. ‘പരോപകാരാർത്ഥമിദം ശരീരം’ എന്ന ചിന്തയുമുണ്ട്.
ചിങ്ങക്കൂറുകാർ (മകം, പൂരം, ഉത്രം ഒന്നാം പാദം)
സിംഹഗംഭീരന്മാരും ഉജ്ജ്വല പ്രകൃതികളുമാണ് ചിങ്ങക്കൂറിലെ മനുഷ്യർ. സിംഹത്തിന്‍റെ വാലാകുന്നതിനെക്കാൾ എലിയുടെ തലയാകുന്നതാണ് ഇവർക്കിഷ്ടം. ‘ഞാനും എന്റെ തേങ്ങാവെട്ടുകാരനും മതി’ എന്നിടത്തോളം സ്വാർത്ഥമതികളായേക്കും. വലിയ കാടും പാറക്കെട്ടുകളും സിംഹാദി മൃഗനിഷേവിതവുമായ സ്ഥലരാശിയാണ് ചിങ്ങം രാശിയുടേത്. പ്രകൃതിയുടെ ആ വന്യത, ഭീകരത ചിങ്ങക്കൂറിലെ മനുഷ്യരിലും കണ്ടേക്കും. ‘താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്’ എന്ന മനോഭാവം ഒരുകാലത്തും മാറുകയുമില്ല.

കന്നിക്കൂറുകാർ (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
സ്ത്രീ രാശിയാണ് കന്നി. മൃദുത്വം ഉള്ള മനുഷ്യരാണ്. അന്തർമുഖരുമാണ്, ഒട്ടൊക്കെ. പരിസരത്തോട് ഇണങ്ങി ജീവിക്കുന്നതിൽ ആനന്ദിക്കും. ‘കൊള്ളാൻ, വല്ലതുമൊന്ന് കൊടുക്കാൻ ഇല്ലാതില്ലൊരു പൂച്ചെടിയും’ എന്ന് വൈലോപ്പിള്ളി പാടിയത് ഇവരെക്കുറിച്ചല്ലേ എന്ന് തോന്നാം. കാമവും ക്രോധവും ലോഭവുമെല്ലാം ഇവരിലുണ്ട്. പക്ഷേ അതൊന്നും മറ്റുള്ളവരെ നോവിക്കുന്ന തരത്തിലാവരുത് എന്ന കാര്യത്തിൽ ശ്രദ്ധ കാട്ടുന്നവരാണ്. കന്നിക്കൂറുകാരുടെ വിടുവായത്തം ചെടിപ്പിച്ചേക്കാം. ചിലപ്പോൾ തൊട്ടാവാടികളുമാണ്.
തുലാക്കൂറുകാരു (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
പ്രകൃതത്തിന് ‘ആറ്റിൽ കളഞ്ഞാലും അളന്ന് കളയും’ എന്ന പഴമൊഴി നന്നേ യോജിക്കും. കൈയ്യിൽ ത്രാസ്സുമേന്തി അങ്ങാടിയിൽ കച്ചവടത്തിനിരിക്കുന്ന ഒരു മനുഷ്യന്റെ സ്വരൂപമാണ് തുലാം രാശിക്ക്. എന്തിലും ഒരു ‘കച്ചവടക്കണ്ണ്’ കാണും. ചിലപ്പോൾ വലിയ നീതിബോധം പ്രകടിപ്പിക്കും; ശരിതെറ്റുകളെക്കുറിച്ചറിയാൻ ഇവർക്ക് ഒരു ‘മൂന്നാം കണ്ണ്’ തന്നെയുണ്ട്. ശുക്രൻ ഭരിക്കുന്ന രാശിയാകയാൽ അടിമുടി അനുരാഗികളാണ്. പക്ഷേ, അങ്ങനെയല്ലെന്ന് നടിച്ചേക്കും. സൗന്ദര്യതൃഷ്ണ, കലാബോധം എന്നിവയുടെ നീലജലാശയത്തിൽ ഉള്ളുകൊണ്ട് നീന്തിത്തുടിക്കുന്ന രാജഹംസങ്ങളായിരിക്കും. ആരെയും വെറുപ്പിക്കാതിരിക്കുന്നത് ഇവരുടെ ഒരു തന്ത്രമാണ്.
വൃശ്ചികക്കൂറുകാർ (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
ജനകീയ വ്യക്തിത്വമുള്ളവരാണെന്ന് വേഷം കെട്ടും. ഉളളിൽ അതിശക്തമായ കാമവും ക്രോധവും ഉണ്ട്. അധികാരപ്രിയരാണ്. ഇവരുടെ ക്ഷോഭം ചില സന്ദർഭങ്ങളിൽ മിന്നൽപ്പിണരുപോലെ വേഗത്തിലെത്തും. എതിരാളിയെ നിസ്സഹായനാക്കുകയും ചെയ്യും. പ്രണയികളാണ്, പക്ഷേ അതിൽ മേൽക്കോയ്മ വേണമെന്ന് ശഠിക്കും. ദയാലുക്കളാണ്. പരസഹായം ചെയ്യുന്നതിൽ ഒരിക്കലും നിയന്ത്രണമില്ല. ചൊവ്വയുടെ രാശിയാകയാൽ ക്രൂരത കാട്ടാൻ മുതിരും. മരപ്പൊത്ത്/കുഴി എന്നിവയൊക്കെയാണ് രാശിസ്വരൂപം. അതിൽ ക്ഷുദ്രജന്തുവായ തേളും കൂടിയിരിപ്പുണ്ട്. ഇതെല്ലാം പ്രതീകങ്ങൾ, ആർക്കും വ്യാഖ്യാനിക്കാനാവും.
ധനുക്കൂറു (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
‘സാമദാനഭേദദണ്ഡം’ എന്നീ ചതുരുപായങ്ങളിൽ സാമം കൊണ്ടല്ലാതെ വശീകരിക്കാനാവില്ല. പകുതി കുതിരയും പകുതി വില്ലേന്തിയ പുരുഷനുമാണ് ധനുരാശിസ്വരൂപം. സായുധരും സജ്ജരുമാണ്. വേണമെങ്കിൽ ഹിംസയും ആകാം എന്നാണ് കാഴ്ചപ്പാട്. അനാവശ്യമായി ആരോടും വഴക്കിനോ വക്കാണത്തിനോ മുതിരില്ല. വ്യക്തിത്വം പരിഷ്കൃതവും സംസ്കൃതവുമാണ്. തീരെ പൊറുതി മുട്ടുമ്പോൾ മാത്രമാണ് കൈയ്യാങ്കളിക്ക് മുതിരുക. മറ്റു സന്ദർഭങ്ങളിൽ ശാന്തിയുടെ മാടപ്രാവുകൾ തന്നെയാണ്.
മകരക്കൂറുകാർ (ഉത്രാടം 1,2,3 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
വേഗത്തിൽ ക്ഷുഭിതരാകും. വാക്കുകളിൽ വളവും തിരിവും ഉണ്ടെങ്കിൽ സുഹൃത്താണെങ്കിൽ പോലും കലഹിക്കും. ചിലപ്പോൾ ഭീരുക്കളെപ്പോലെ പെരുമാറും. ശനിയുടെ രാശിയാകയാൽ ‘ഗറില്ലായുദ്ധത്തിലാവും’ വിരുതെല്ലാം. പൊതുവേ കുടുംബ സ്നേഹികളാണ്. സ്വന്തബന്ധുക്കളുടെ ക്ഷേമത്തിൽ ആഗ്രഹമുള്ളവരാണ്. പ്രണയത്തിന് മുതിരുമ്പോൾ മുൻപിൻ ആലോചിക്കില്ല. കുടുംബത്തിൽ നിന്നും സമ്മർദ്ദമുയർന്നാൽ കാമുകനെ/കാമുകിയെ തള്ളിപ്പറയും. അനുരഞ്ജനം ഇവരുടെ നിഘണ്ടുവിലില്ലാത്ത പദമാണ്.
കുംഭക്കൂറുകാരെ (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ)
കുടത്തിനുള്ളിൽ എന്താണെന്ന് ആർക്കുമറിയില്ല, ഇവരുടെ മനസ്സിലും എന്താണെന്ന് എളുപ്പം കണ്ടെത്താൻ കഴിയില്ല. സാഡിസ്റ്റുകളും പെസ്സിമിസ്റ്റുകളും ആണ്, കുറച്ചൊക്കെ. ‘മർത്ത്യജന്മം ക്ഷണഭംഗുരം’ എന്ന് വിചാരിച്ച് ചിലപ്പോൾ ദർശനികതയുടെ പുറംചട്ട എടുത്തണിയും. പ്രേമം, മദം, കാമനകൾ ഒക്കെ ആ മനസ്സിൽ മൊട്ടിടുക അപൂർവ്വമാണ്. അങ്ങനെയുണ്ടായാൽ അതിന് വെള്ളവും വെളിച്ചവും ഏകി പരിപാലിക്കാനും ശ്രമിക്കുകയില്ല. ജീവിതത്തെ പുറങ്കയ്യു കൊണ്ട് നിരാകരിക്കുന്നവരാണ്. ഒഴിഞ്ഞ കുടമാണ് രാശിസ്വരൂപം. അതിനാൽ മനസ്സും ഊഷരമെന്ന് വന്നേക്കാം.
മീനക്കൂറുകാർ (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
പ്രണയികളാണ്, പിള്ളത്തൊട്ടിലിൽ കിടക്കുമ്പോൾ തന്നെ. അനുരാഗ സാക്ഷാത്ക്കാരത്തിനായി ഏതറ്റം വരെയും പോകും. കാമനകളുടെ കുതിരപ്പുറത്ത് സഞ്ചരിച്ചു കൊണ്ടിരിക്കും, വാർദ്ധക്യത്തിൽ പോലും. ‘എന്തു വന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം’ എന്ന് ചങ്ങമ്പുഴ പാടിയത് ഇവരെ ഉദ്ദേശിച്ചാവാം. ജീവിതപ്രേമം ഹൃദയസരസ്സിൽ എപ്പോഴും ഇങ്ങനെ നുരകുത്തിക്കൊണ്ടിരിക്കും. മോക്ഷരാശിയാണ് എന്ന് മീനത്തെ നിർവചിക്കാറുണ്ട്. പക്ഷേ ഇന്ദ്രിയപരതകളിലൂടെ, കാമത്തിലൂടെ മോക്ഷം എന്നാവും പ്രസ്തുത പാഠത്തിന് മീനക്കൂറുകാർ സ്വയം നൽകുന്ന സാക്ഷാത്ക്കാരം.