scorecardresearch
Latest News

ജന്മനക്ഷത്രം പറയും നിങ്ങളുടെ നാവിന്റെ രുചി

വിവിധ നാളുകളിൽ ജനിച്ചവർക്ക് ഇഷ്ടമുള്ള വൈവിധ്യമുള്ള, കൗതുകകരമായ രുചിശീലങ്ങളെ കുറിച്ച് പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ജ്യോതിഷ ഭൂഷണം എസ്. ശ്രീനിവാസ അയ്യർ എഴുന്നു

ജന്മനക്ഷത്രം പറയും നിങ്ങളുടെ നാവിന്റെ രുചി

നവരസങ്ങളാണ് മനുഷ്യപ്രകൃതിയിൽ ഒട്ടാകെ കാണാനാവുന്നത്. അവയുടെ കാരകന്മാർ നവഗ്രഹങ്ങളാണ്. ഭോജ്യരസങ്ങൾ അഥവാ ഭക്ഷണരുചികൾ ആറെണ്ണമാണ്. അവയെ ‘ഷഡ് രസങ്ങൾ’ എന്ന് പറയുന്നു. അവയുടെയും കാരകന്മാർ നവഗ്രഹങ്ങൾ തന്നെയാണ്.

തുടികൊട്ടി വന്ന ഓണം പൂക്കളം കടന്ന്, അകത്തളത്തിലൂടെ കുശിനിയിലേക്ക് കടന്നുകഴിഞ്ഞു. സദ്യവട്ടങ്ങളുടെ മയക്കുന്ന, കൊതിപ്പിക്കുന്ന മണം ഓണ സദ്യ വാങ്ങാൻ ഹോട്ടലിന്റെ മുന്നിൽ ക്യൂ നിൽക്കുമ്പോഴും മലയാളി മറക്കില്ല. അത് അത്രമേൽ രക്തത്തിൽ ലയിച്ച ഗന്ധമാണ്, രുചിയാണ്, അല്പഭക്ഷകന്റെ വയറിനേയും പത്തായമാക്കുന്ന മൃഷ്ടാന്നതയാണ്.

വിവിധ നക്ഷത്രങ്ങളിൽ ജനിച്ച മനുഷ്യർക്കിടയിൽ വൈജാത്യങ്ങളുള്ളതുപോലെ ഭക്ഷണത്തോടുള്ള ഇഷ്ടാനിഷ്ടങ്ങളിലും വൈഭിന്ന്യം പ്രകടമായിരിക്കും. അതിനെക്കുറിച്ചാണ് ഇവിടെ അൽപ്പം കൗതുകകരമായ ഒരന്വേഷണം.

മേടക്കൂറുകാർ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) ഇലക്കറികളും ചുടുള്ള ഭക്ഷണവുമാണ് മേടക്കൂറുകാർക്കിഷ്ടം എന്ന് സാക്ഷാൽ വരാഹമിഹിരൻ തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. പക്ഷേ ഓണത്തിന് ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ അധികം ഉപയോഗിക്കുക പതിവില്ലല്ലോ? പായസം അഥവാ പ്രഥമൻ ഒഴികെ മിക്കതും പ്രഭാതത്തിൽ ഒന്നൊന്നായി തയ്യാറാക്കുന്നതിനാൽ ചൂടും കുറവായിരിക്കും. ശുക്രനും ബുധനും ഇവരുടെ ഭക്ഷണശീലത്തെ നിയന്ത്രിക്കുന്നു. പഴം നുറുക്ക്, പൂവട, പുളിയിഞ്ചി, കുറുക്ക് കാളൻ, മധുരപ്പച്ചടി ഇതൊക്കെ ഇവരുടെ പ്രിയ വിഭവങ്ങളാവും. നാലുകൂട്ടം ഉപ്പേരി ചോറിനേക്കാൾ കഴിക്കും. പുളി കലർന്ന പഴം, പാളയന്തോടൻ അഥവാ മൈസൂർ പഴം ഇവർക്ക് പ്രഥമനിൽ കുഴച്ച് കഴിക്കാൻ വലിയ താല്പര്യമാവും. ചൊവ്വ ഭരിക്കുന്ന രാശിയാണ് മേടം എന്നതിനാൽ എത്ര സ്വാദുള്ളതായിരു ന്നാലും കുറച്ചൊരു കുറ്റം പറയാതെ ഇരിക്കാനാവില്ല. ഉണ്ട് കൈകഴുകും മുൻപ് അത് പറയുകയും ചെയ്യും. “പാടത്തെ പണിക്ക് വരമ്പത്ത് കൂലി” എന്ന് വിശ്വസിക്കുന്നവരാണല്ലോ മേടക്കൂറുകാർ.

ഇടവക്കൂറുകാർ (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ) ഇടവം ഒരു ഭൂമിരാശിയാണ്. മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യരാണ്. അതിനാൽ ഭക്ഷണത്തെ ഒരിക്കലും തള്ളിപ്പറയില്ല. വിഭവങ്ങൾ നന്നായി രുചിക്കും. ഓണസദ്യയുടെ പാരമ്പര്യവും തനിമയും ഇഷ്ടപ്പെടുന്നവരാണ്. ഓരോ കറിയും ആസ്വദിക്കും. കറിവേപ്പില മാത്രമാവും ബാക്കി വെക്കുക. ഇവർ ഊണ് കഴിക്കുന്നത് തന്നെ ഒരു കലയാണ്. വി കെ എന്നി ന്റെഭാഷയിൽ പറഞ്ഞാൽ “മുക്തകണ്ഠം” ഭക്ഷിക്കും. പൊതുവേ മധുരപ്രേമികളാണ്. നാലുകൂട്ടം പ്രഥമനും തലകുലുക്കി, ചിലപ്പോൾ ‘തീൻമേശമര്യാദകൾ (Table manners) ഒക്കെ മറന്ന് കഴിക്കും. പ്രമേഹം അടുത്ത ജന്മത്തിലെ രോഗമാണ്, ഈ ജന്മത്തിലെ അല്ല എന്ന മട്ടിൽ മധുരത്തിൽ മുങ്ങിനിവരും. പ്രഥമനിൽ മുക്കിക്കഴിക്കാൻ ചിലപ്പോൾ ബോളിയോ, പപ്പടമോ , പഴമോ ഒരെണ്ണം കൂടി ചോദിച്ചെന്നും വരാം. ഭക്ഷണം പാചകം ചെയ്തവരേയും വിളമ്പുന്നവരേയും നന്നായി പ്രശംസിക്കുകയും ചെയ്യും.

മിഥുനക്കൂറുകാർ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ) ജീവിതത്തിലും മിശ്രരസക്കാരാണ് മിഥുനക്കൂറുകാർ, എപ്പോഴും! അപ്പോൾ സദ്യയുടെ കാര്യം പിന്നെ വേറിട്ട് പറയാനുണ്ടോ? മിഥുനക്കൂറുകാ ർക്ക് സംഗമവും സമന്വയവുമത്രെ പഥ്യം! പുളിയുള്ള പച്ചടിയും എരിവുള്ള കടുമാങ്ങ അച്ചാറും വേപ്പിലക്കട്ടിയും ഒരുപോലെ ആസ്വദിക്കും. ഉണ്ണിയപ്പവും ഉഴുന്നുവടയും എള്ളുണ്ടയും ഒരേ ആവേശത്തോടെ ഭക്ഷിക്കും. ഭക്ഷണത്തി ലെ തെക്കൻ, വടക്കൻ, മധ്യകേരള ശൈലിയെല്ലാം നന്നെന്ന് തന്ന തുറന്നു പറയും. തിരുവനന്തപുരത്ത് ഓണം ഉണ്ടാൽ സാമ്പാറും അവിയലും ഏറ്റവും ഗംഭീരമെന്ന് പ്രഖ്യാപിച്ച് ‘തട്ടി വിടും’. വള്ളുവനാട്ടിൽ ഓണം കൂടിയാൽ കുറുക്ക് കാളനും മധുരപ്പച്ചടിയും പാലടയും കേമമാണെന്ന് വിധിക്കും. വളപട്ടണം പുഴക്കരയിൽ ചെന്നാലോ? കടിച്ചു പറിക്കാൻ നാലുകാലില്ലെങ്കിൽ എന്തോണം? എന്നാവും ഒരു കൊക്കരക്കോ ചോദ്യം?

കർക്കടകക്കൂർ (പുണർതം നാലാംപാദം, പൂയം, ആയില്യം) ഘനഗംഭീരമായ ഖരപദാർത്ഥങ്ങളെക്കാൾ ഒഴുകിപ്പരക്കും ദ്രവപദാർത്ഥങ്ങളോടാവും ഇഷ്ടക്കൂടുതൽ. കർക്കടകം ഒരു ജലരാശിയാണെന്നതാവാം പിന്നിലെ യുക്തി. അതിനാൽ ‘ഒഴിച്ചു കൂട്ടാൻ’ വേണം; പ്രധാനം അതാണ്. പരിപ്പ് വെള്ളം പോലെ, സാമ്പാറിൽ കഷണം കുറച്ച് മതി, കാളനെക്കാൾ പുളിശ്ശേരിയാവും ഉചിതം, ഓലൻ നിർബന്ധം, രസമാണ് രസം– ഇതാണ് അവരുടെ സദ്യവട്ടം. നാളികേരം ചിരവിയതിൽ ശകലം മുളകരച്ച് തൈര് ചേർത്ത കിച്ചടി വെള്ളരി, പാവൽ, കാരറ്റ്, ബീറ്റ്റൂട്ട്– എന്നിവ നാലല്ല, അതിലധികമായാലും “ഇത്ര വേണ്ടിയിരുന്നി ല്ലെന്ന്” പറയില്ല. അരവണയെക്കാൾ ഇടിച്ചു പിഴിഞ്ഞ പായസമായാൽ സന്തോഷം. എന്നും രാത്രി കഞ്ഞി കിട്ടിയാൽ നന്ന് എന്ന് കരുതുന്ന കൂട്ടരാണ്. ഊണിന്നൊടുവിൽ ഇഞ്ചിയും കറിവേപ്പിലയും ഉപ്പും ചേർത്ത നല്ല മോര് കൊടുത്താൽ സദ്യയെക്കുറിച്ച് വാനോളം പുകഴ്ത്തും. ഉപ്പിലിട്ടത് ഇവർക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമായിരിക്കും. മറ്റുള്ളവരേക്കാൾ പൊതുവേ ഉപ്പ് കൂടുതൽ കഴിക്കുന്നവരാണ്. ഇവരെക്കൊണ്ട് കൂട്ടാന്റെ ഉപ്പ് നോക്കിച്ചാൽ മറ്റുള്ളവർ പിന്നീട് ഉപ്പ് കൂടുതൽ എന്ന് പറയും. ഇത് ഓണത്തിന് മാത്രമല്ല, എന്നത്തേക്കുമുള്ള സത്യമാണ്. ‘ഒരു Tips’ ആണെന്ന് കരുതിക്കോളു.

ചിങ്ങക്കൂറുകാർ (മകം, പൂരം, ഉത്രം ഒന്നാം പാദം) പൂരാടച്ചന്തയിൽ പോയി നാടൻ പച്ചക്കറിയും ഇലയും കുലയും വാങ്ങുന്നത് തൊട്ട് ശക്തമായ അഭിരുചി പ്രകടിപ്പിക്കുന്നവരാണ് ചിങ്ങക്കൂറുകാർ. ഓണവിഭവങ്ങൾ നിശ്ചയിക്കുന്നതും അവരാവും. അച്ചിങ്ങ കൊണ്ടുള്ള മെഴുക്കുപുരട്ടി വേണോ വറുത്തെരിശ്ശേരി വേണോ ചേമ്പ് ഉപ്പേരി വേണോ എന്നതൊക്കെ ഒരു വീട്ടിൽ ചിങ്ങക്കൂറുകാരുണ്ടെങ്കിൽ അവരാവും നിശ്ചയിക്കുക. എല്ലാവരേയും ഉണ്ണാൻ കൃത്യസ്ഥാനത്ത് ഇരുത്തുന്നതും അവരാവും. അഞ്ചുതിരിവിളക്ക് കത്തിച്ച് മാവേലിത്തമ്പുരാന് വലിയ തൂശനിലയിൽ സദ്യ പകരുമ്പോൾ ആ മുഖം ഭക്തിസാന്ദ്രമാവും. “ഇനി ഊണ് കഴിച്ചോളു” എന്ന് ഒപ്പമുള്ളവരോട് പറയുന്നതും കാരണവരുണ്ടെങ്കിലും ഇല്ലെങ്കിലും ചിങ്ങക്കൂറുകാരാവും. വിളമ്പുന്നതിൽ ക്രമം തെറ്റിയാൽ ഒച്ചയിടും. ഒന്നിനൊന്ന് തൊടാതെ വിളമ്പണം. ഓലൻ ഒന്ന് പടർന്ന് കൂട്ടുകറിയുടെ മേത്ത് തൊട്ടാൽ ചിങ്ങക്കൂറുകാരൻ / ചിങ്ങക്കൂറുകാരി വിളമ്പുന്നയാളെ ക്രൂരമായൊന്ന് നോക്കും. പൊതുവേ എരിവിനോടാവും ഇക്കൂട്ടർക്ക് ഇഷ്ടാധിക്യം.

കന്നിക്കൂറുകാർ (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ ) വെക്കാനും വിളമ്പാനും ഉണ്ണാനും ഊട്ടാനും ജന്മ സിദ്ധിയുള്ളവരാണ് കന്നിക്കൂറുകാർ. ‘റെഡിമെയ്ഡ്’ ഓണസദ്യ അധികം ഇഷ്ടപ്പെടില്ല. എല്ലാ പാചകവും സ്വയം ഏറ്റെടുക്കും. പാരമ്പര്യവിഭവങ്ങൾ വേണ്ടെന്ന് വെക്കില്ല. ഇവർക്ക് മധുരമാണ് ഇഷ്ടം. എന്നാലും പുളിയും മിശ്രരസവും ഒഴിവാക്കില്ല. താളും തകരയും ഓണത്തിനാകാമോ എന്ന് ചിലർ ചോദിച്ചേക്കും, നന്നായി പചിച്ചാൽ കഴിച്ചുകൂടെ? എന്ന് അവരോട് മറുചോദ്യം ചോദിക്കും. കൊണ്ടാട്ടം കൂടുതൽ രസിക്കും. പുളിങ്കറി ഓണവിഭവമല്ല. എന്നാലും കഴിക്കാൻ ഇഷ്ടമാണ്. മുളകീഷ്യത്തിൽ കുരുമുളക് കൂട്ടിയിടുന്നതാണ് പഥ്യം. ചേനത്തണ്ടും ചെറുപയറും ഉരുട്ടിയുണ്ണും. അധികം ഖരം ഇഷ്ടമല്ല. ഊണ് കഴിഞ്ഞിട്ട് ഒരു ഗ്ളാസ്സിൽ പ്രഥമൻ വാങ്ങി ചേനവറുത്തതും കൊറിച്ച് മൊത്തിക്കുടിക്കുന്ന കന്നിക്കൂറുകാർ ഒരുപാടുണ്ട്.

astrology, horoscope, ie malayalam
Astrology, Horoscope: ചിത്രങ്ങൾക്കു കടപ്പാട്: കേരള ടൂറിസം

Read Here: തേച്ചിട്ടു പോകുമോ? പ്രണയിനിയുടെ നക്ഷത്രം നോക്കിയാലറിയാം

തുലാക്കൂറുകാർ (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ ) “ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽപ്പോലുമില്ലാതെയായ്” എന്ന് കലി ബാധിച്ച നളനെ ഉണ്ണായിവാരിയർ വിശേഷിപ്പിച്ചു. ദുരവസ്ഥയിലും ഊണ് ആസ്വദിക്കുന്ന ജീവിതരസിക ശിരോമണികളാണ് തുലാക്കൂറുകാർ. അസ്ത്രവും മുതിരപ്പുഴുക്കും പത്തിലതോരനും ഔഷധക്കഞ്ഞിയും മൂക്കുമുട്ടെ കഴിച്ച് ഏമ്പക്കം വിടുന്നവരാണ്. പിന്നെ ഓണ സദ്യയുടെ കാര്യം പറയാനുണ്ടോ? ഭക്ഷണത്തെ ഭക്ഷണമായിത്തന്നെ കാണുന്നവരാണ്. അന്നമയകോശം എന്നത് ആനന്ദമയ കോശത്തെക്കാൾ മോശപ്പെട്ടതാണെന്ന വിചാരമിവർക്കില്ല. “അന്നം വൈ ബ്രഹ്മ:” എന്നും ‘അന്നവിചാരം മുന്നവിചാരം ‘ എന്നും ആത്മാർത്ഥമായി നിനയ്ക്കുന്നവരാണ്. അല്പം പതുക്കെയാവും ഊണിന്റെ രീതി. വെടിപ്പായിട്ടാവും ചോറും കറികളും കുഴയ്ക്കുന്നതും ഉരുട്ടി ഉണ്ണുന്നതുമെല്ലാം.

വൃശ്ചികക്കൂറുകാർ (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട ):- പ്രഥമന്റെ കൂടെ വലിയ എരിവാണ് ഏറെ ഇഷ്ടം. കണ്ണിൽ നിന്നും വെള്ളം ചാടിയാലും കാന്താരിമുളക് ചവയ്ക്കുന്നത് നിർത്തില്ല. ചീനഭരണിയിൽ സൂക്ഷിച്ചിരിക്കുന്ന കടുമാങ്ങയച്ചാർ തൊട്ടുനക്കുമ്പോൾ ഊണിന്റെ രുചി സ്വർഗീയസീമകളിൽ ചെല്ലുന്നത് അവരുടെ മുഖത്ത് നിന്നറിയാം. നേന്ത്രപ്പഴവും ശർക്കരയും ചേർത്ത ചെണ്ടമുറിയനിൽ / പഴം നുറുക്കിൽ ഇഞ്ചിത്തൈര് മുക്കും. അതാണ് അവരുടെ ചുവപ്പൻ വിപ്ളവം. ഓണരുചിയുടെ സൗന്ദര്യം, അങ്ങനെയാണ് വൃശ്ചികക്കൂറുകാർക്ക്. കുറച്ചു മാത്രം കഴിക്കുന്നവരാണ്. ഒടുവിൽ വൃശ്ചികം രാശിക്കാർ സദ്യയുടെ ഒരു സിംഹാവലോകനം നടത്തും. അത് തോറ്റ കക്ഷിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തെക്കാൾ കർക്കശമായിരിക്കുക യും ചെയ്യും.

ധനുക്കൂറുകാർ (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം) ഓണത്തെ സദ്യ മാത്രമായി ചുരുക്കേണ്ടതില്ലെന്നും അതിനുപരി അതൊരു ആദർശ സുന്ദരകാലത്തിന്റെ സുവർണസ്മരണയാണെന്നും ധനുക്കൂറുകാർ പറഞ്ഞേക്കാം. എന്നാലും ഓണ സദ്യ വെറുമൊരു വഴിപാട് സദ്യയാക്കാൻ അവരും ഇഷ്ടപ്പെടില്ല. മധുരപ്രിയരാണ്, പിന്നെ എരിവും! വയററിഞ്ഞ് കഴിക്കും. അമിതാഹാരമില്ല. പ്രാതൽ, ഊൺ നേരത്ത് ഊൺ, അത്താഴം എന്നിങ്ങനെ ക്രമഭക്ഷണക്കാരാണ്. ഇടനേരങ്ങളിൽ ‘കടിക്കാനും കൊറിക്കാനും’ ഇഷ്ടമില്ല. ഭക്ഷണത്തിന്റെ കലോറിയും പോഷകമൂല്യവും അന്വേഷിച്ചറിയും. ചൂടുള്ള ഭക്ഷണം നിർബന്ധം. സമയനിഷ്ഠയിൽ കടുകിട വ്യത്യാസമില്ല. ഓണസദ്യയായാലും ‘കലപില’ മിണ്ടി ഉണ്ണുന്നവരെ കണ്ണുരുട്ടും. പട്ടാളച്ചിട്ടക്കാരാണ്. കണക്ക് സാറിന്റെ ക്ലാസ്സിലിരിക്കുന്ന അനുഭവമാവും ‘സഹഭോജി’ കൾക്ക്.

മകരക്കൂറിന് (ഉത്രാടം 2,3,4 , തിരുവോണം, അവിട്ടം 1,2 ):- ശനിയുടെ രാശിയാണ്. മാറ്റങ്ങൾ ഇഷ്ടപ്പെടും. ഓണ സദ്യ വാങ്ങിക്കഴിച്ചാലെന്താ? പുരോഗമനം പറയും. എരിവായാലും മധുരമായാലും അല്പം മീതേ നിൽക്കണം. സാമ്പാറിൽ ചേർക്കുന്ന കായത്തിന്റെ മണം അടുത്ത പുരയിലെത്തണം. നാലുകൂട്ടം ഉപ്പേരി എന്തിനാ? ആര് കഴിക്കാനാണ്? എന്ന് ചോദിക്കും. പിന്നെ സ്വയം അത് വേണം എന്ന് വിചാരിക്കും. ഓണസദ്യയുടെ സസ്യ- സസ്യേതരങ്ങളെല്ലാം, സ്വന്തം ശീലാചാരം പോലെ പ്രിയമാണെന്ന് തെളിയിക്കും.

കുംഭക്കൂറുകാർ (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ) മാമൂൽ പ്രിയരാണ്. പണ്ടത്തെപ്പോലെ ഇന്നും വേണം എന്ന് നിർബന്ധമുണ്ട്. ഓണസദ്യയിൽ വലിയ മാറ്റം വരാത്തത് കുംഭക്കൂറുകാരുടെ വീട്ടിലായിരിക്കും. അന്ന് അമ്മുമ്മ “ഇംഗ്ലീഷ് പച്ചക്കറികൾ” ഉപയോഗിച്ചിരുന്നില്ല എന്ന് പുതുമുറ ക്കാരോട് ഉപദേശിക്കും. കാബേജ് / ബീൻസ് തോരൻ, കോളിഫ്ളവർ മസാല ചേർത്ത് വറുത്തത്, രസത്തിൽ തക്കാളിയും അവിയലിൽ കാരറ്റും ചേർക്കുന്നത് എന്നിവ കുംഭക്കൂറിലെ മനുഷ്യർ അംഗീകരിക്കില്ല. അടപ്രഥമന് അരിമാവ് ഇലയിൽ പൊതിഞ്ഞ് വേവിച്ച അടതന്നെ ഉപയോഗിക്കണം. നൊസ്റ്റാൾജിയ യുടെ ആൾരൂപമായി അവർ സൈബർ കാലത്തിലും ഓണം ഉണ്ണുകയാണ്.

മീനക്കൂറുകാർ (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി) ആർജവമാണ് മുഖമുദ്ര. നാക്കിലയെ നാല് വിഭവം കൊണ്ട് നിറയ്ക്കാൻ അറിയുന്നവരാണ്. മധുരവും എരിവും രസമുകളങ്ങളെ തൃപ്തിപ്പെടുത്തും. ഓണ സദ്യയ്ക്ക് ശർക്കരപുരട്ടിയും ചേന ഉപ്പേരിയും കിട്ടാനില്ല എന്ന് പറഞ്ഞാൽ മിക്സചറും ലഡുവും വിളമ്പിയാലോ എന്ന് ചോദിക്കും. പുത്തരിച്ചമ്പാവാണോ വെള്ള അരിയാണോ വാർക്കേണ്ടത് എന്ന് ചോദിച്ചാൽ കുക്കറിൽ ഏത് വേഗം വേവും, അത് നോക്കാം എന്ന് മറുപടി പറയും. ഒഴിച്ചു കറികൾ എല്ലാം ഇവർ ആസ്വദിക്കും. പരിപ്പും നീണ്ടിട്ടായാൽ നന്ന്. സസ്യേതര വിഭവങ്ങൾ വിളമ്പുന്ന ഇടങ്ങളിൽ ആണെങ്കിൽ ‘കടൽവാഴയ്ക്കയും’ ബഹുപഥ്യം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Star signs can tell what you prefer to eat onam ruchiyum nakshatraphalavum