മാർച്ച് മാസം തുടങ്ങുന്നത് 1198 കുംഭം 17 ന് ബുധനാഴ്ചയാണ്. മാർച്ച് 15 ന് 1198 മീനമാസം തുടങ്ങുന്നു. സൂര്യൻ കുംഭം – മീനം രാശികളിലായി സഞ്ചരിക്കുന്നു. മാർച്ച് ഒന്നിന് ചന്ദ്രൻ മകയിരം നക്ഷത്രത്തിലാണ്. 31 ന് ചന്ദ്രൻ ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി പൂയം നക്ഷത്രത്തിലെത്തുന്നു.
വ്യാഴം മീനം രാശിയിൽ തുടരുന്നു. ശനി കുംഭം രാശിയിലാണ്. ശുക്രൻ മാർച്ച് 12 വരെ ഉച്ചരാശിയായ മീനത്തിലും തുടർന്ന് മേടത്തിലും സഞ്ചരിക്കുന്നു. കഴിഞ്ഞ പത്ത്-പതിനൊന്ന് മാസമായി രാഹു മേടത്തിലും കേതു തുലാത്തിലും ആയി സഞ്ചാരം തുടരുകയാണ്.
ബുധൻ കുംഭത്തിലാണ് മാസാദ്യം. മാർച്ച് 16 മുതൽ 31 വരെ ബുധൻ തന്റെ നീചരാശിയായ മീനത്തിലൂടെയാണ് കടന്നുപോകുന്നത്. മാർച്ച് 12 വരെ ചൊവ്വ ഇടവത്തിലാണ്, പിന്നീട് മിഥുനത്തിലും. ഈ ഗ്രഹനിലയെ മുൻനിർത്തി മകം, ഉത്രം, ചിത്തിര, വിശാഖം, അനിഴം,തൃക്കേട്ട എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മാർച്ച് മാസത്തെ കുറിച്ചാണ് ഇവിടെ പരിശോധിക്കുന്നത്.
മകം: സർക്കാർ കാര്യങ്ങളിൽ അലച്ചിൽ ഉണ്ടാകാം. കച്ചവടക്കാർക്ക് പുതിയ കരാറുകൾ നേടാനും മറ്റുമായി യാത്രകൾ വേണ്ടിവരാം. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം ഉണ്ടാകും. ആടയാഭരണങ്ങൾ വാങ്ങാൻ ചെലവ് ചെയ്യും. ഇഷ്ടബന്ധുക്കളുടെ ഗൃഹം സന്ദർശിക്കും. രാഷ്ട്രീയത്തിൽ എതിർപ്പുകളെ നേരിടേണ്ടിവന്നേക്കും. ആശയവിനിമയത്തിൽ തെറ്റിദ്ധാരണ ഉണ്ടാകാം. മാസത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ ഭിന്നതകളെ നേരിടേണ്ടിവരും. എന്നാലും ജീവിതത്തിന്റെ സുഗമതയ്ക്ക് വലിയ ഇളക്കം തട്ടണമെന്നില്ല. ആരോഗ്യശ്രദ്ധയിൽ ലാഘവം പാടില്ല.
ഉത്രം: അധികാര മത്സരങ്ങളിൽ വിജയം നേടും. കരാറുകൾ വലിയ സമ്മർദ്ദം കൂടാതെ തന്നെ പുതുക്കിക്കിട്ടിയേക്കും. വിപണിയുടെ സ്വഭാവം കണ്ടറിഞ്ഞ് കച്ചവട തന്ത്രങ്ങൾ ആവിഷ്കരിക്കും. പഠിതാക്കൾ ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടും. ആഢംബരവസ്തുക്കൾ സ്വന്തമാക്കാൻ വരവിലധികം ചെലവാക്കും. സഭകളിലും സംഘടനകളിലും പ്രസംഗിക്കാൻ സന്ദർഭം ഉണ്ടാകും. അയൽബന്ധങ്ങൾ രമ്യമായിത്തീരും. ഹൃദയ- വാത രോഗങ്ങളുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.
ചിത്തിര: നല്ലവാക്കുകൾ പറഞ്ഞ് അഭിനന്ദിക്കുവാനും നല്ലവാക്കുകൾ കേട്ട് ആശ്വസിക്കുവാനും സന്ദർഭമുണ്ടാകും. ചില സഹായവാഗ്ദാനങ്ങൾ നിറവേറ്റപ്പെടും. ധനക്ലേശം കുറഞ്ഞൊന്ന് പരിഹൃതമാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കൂടും. തൊഴിൽരംഗത്ത് ഗുണകരമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. വിദേശത്ത് പഠിക്കാൻ അനുമതി ലഭിച്ചേക്കും. സർക്കാരിൽ നിന്നും കിട്ടേണ്ട ധനസഹായം നേടാൻ കൂടുതൽ പ്രയത്നം വേണ്ടതായി വരും. ആരോഗ്യസ്ഥിതി സമ്മിശ്രം.
വിശാഖം: പരിതസ്ഥിതികൾ അനുകൂലമായി വരും. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്നും പിന്തുണ കൈവരും. ഭൗതികസുഖ ഭോഗങ്ങൾ വർദ്ധിക്കും. മാസത്തിന്റെ രണ്ടാം പകുതിയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവാം. വീടുപണി ഇഴയും. സർക്കാരിൽ നിന്നും അനുമതിപത്രം ലഭിക്കാതെ വരാം. കുടുംബാംഗങ്ങൾക്കിടയിൽ കലഹവാസന പ്രത്യക്ഷപ്പെട്ടെന്ന് വരാം. ധനസ്ഥിതി അല്പം ദുർബലമാവാം. ചികിത്സാ ചെലവുകൾക്ക് പണം കണ്ടെത്തേണ്ടിവരും. അസൂത്രണം ചെയ്ത കാര്യങ്ങൾ സാക്ഷാല്ക്കരിക്കാൻ കാലവിളംബം ഭവിക്കാം.
അനിഴം: മക്കളുടെ വിവാഹാലോചനകൾ സഫലമാകും. വിദേശ പഠനത്തിന് അവസരം ഉണ്ടാകും. വായ്പ, ചിട്ടി മുതലായവയിൽ നിന്നും ധനസമാഹരണം നടത്താനുള്ള യത്നം വിജയിക്കും. കാര്യാലോചനകളിൽ ഉറച്ച അഭിപ്രായം പറയും. രാഷ്ട്രീയ രംഗത്തുള്ളവർ എതിർപ്പുകളെ തൃണവൽഗണിക്കും. സ്വന്തമായി കച്ചവടം ചെയ്യുന്നവർക്ക് പുതിയ ഉപഭോക്താക്കളെ ലഭിക്കും. സൗഹൃദം പുഷ്ടിപ്പെടും. ചൊവ്വ അഷ്ടമത്തിലേക്ക് നീങ്ങുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ കരുതൽ വേണം.
തൃക്കേട്ട: സർഗപ്രവർത്തനങ്ങളിൽ വിജയം വരിക്കും. സാങ്കേതിക വിഷയങ്ങളിൽ നൈപുണ്യം കാഴ്ചവെക്കും. കരാർ പണികൾ സ്ഥിരപ്പെട്ട് കിട്ടാൻ സാധ്യതയുള്ള കാലമാണ്. യാത്രകൾ കൊണ്ട് തൊഴിലിൽ നേട്ടങ്ങൾ കൈവരുത്താൻ കഴിയും. പ്രണയികളുടെ ഇടയിൽ ഹൃദയബന്ധം ഉറയ്ക്കും. പ്രതികൂലസാഹചര്യങ്ങളെ മാസത്തിന്റെ രണ്ടാം പകുതിയിൽ അഭിമുഖീകരിക്കേണ്ടതായി വരാം. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം ശീലമാക്കുന്നത് ഗുണം ചെയ്യും. ആരോഗ്യപരിശോധനകൾ മുടക്കരുത്.