scorecardresearch

Monthly Horoscope September 2023: സെപ്റ്റംബർ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

September Month 2023 Astrological Predictions for stars Moolam to Revathy: മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 സെപ്റ്റംബർ മാസത്തെ നക്ഷത്രഫലം

September Month 2023 Astrological Predictions for stars Moolam to Revathy: മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 സെപ്റ്റംബർ മാസത്തെ നക്ഷത്രഫലം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrological Predictions | September 2023 Horoscope

2023 സെപ്റ്റംബർ മാസത്തെ നക്ഷത്രഫലം

September Month 2023 Astrological Predictions for stars Moolam to Revathy: 2023: സെപ്തംബർ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം. സൂര്യൻ ചിങ്ങം- കന്നി രാശികളിലായി സഞ്ചരിക്കുന്നു. പൂരം, ഉത്രം, അത്തം എന്നീ ഞാറ്റുവേലകൾ കടന്നുവരുന്നു. ചന്ദ്രൻ സെപ്തംബർ ഒന്നാം തീയതി കൃഷ്ണപക്ഷ ദ്വീതയയിൽ പൂരുരുട്ടാതി നക്ഷത്രത്തിലാണ്. സെപ്തംബർ 30 ന് ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി കൃഷ്ണപക്ഷ പ്രഥമയിലും രേവതി നക്ഷത്രത്തിലുമാണ്.

Advertisment

1139 ചിങ്ങം 16 ന് സെപ്തംബർ ഒന്നാം തീയതി വരുന്നു. സെപ്തംബർ 18 ന് കന്നിമാസം തുടങ്ങുകയാണ്. ചിങ്ങം 32 തീയതികളുണ്ട്, ഈ വർഷം. 1139 ൽ 32 തീയതികൾ വരുന്ന രണ്ടുമാസങ്ങൾ ചിങ്ങവും കർക്കടകവുമത്രെ! സെപ്തംബർ 30 എന്നത് കന്നിമാസം 13-ാം തീയതിയത്രെ! ശനി വക്രഗതിയിൽ ചതയത്തിന്റെ ഒന്നാം പാദത്തിൽ സഞ്ചരിക്കുകയാണ്, സെപ്തംബർ മുഴുവൻ. സെപ്തംബർ ആദ്യവാരം മുതൽ വ്യാഴത്തിനും വക്രം സംഭവിക്കുന്നുണ്ട്. സെപ്തംബർ 7 മുതൽ അടുത്ത വർഷം ജനുവരി 2 വരെ നീളുന്നതാണ് വ്യാഴത്തിന്റെ വക്ര സഞ്ചാരം.

ഭരണി മൂന്നാം പാദത്തിലാണ് ഈ മാസം മുഴുവൻ വ്യാഴത്തിന്റെ വക്രഗതി. രാഹു മേടംരാശിയിൽ അപസവ്യഗതിയായി അശ്വതി ഒന്നാം പാദത്തിലും, കേതു തുലാംരാശിയിൽ ചിത്തിര മൂന്നാം പാദത്തിലും തുടരുന്നു. ചൊവ്വ ചിങ്ങം രാശിയിലാണ്. സെപ്തംബർ 4 മുതൽ 24 വരെ അത്തം നക്ഷത്രത്തിലാണ്. ബുധന് സെപ്തംബർ15 വരെ വക്രമൗഢ്യവും പിന്നീട് ക്രമമൗഢ്യവുമുണ്ട്. ബുധൻ ഈ മാസം മുഴുവൻ ചിങ്ങം രാശിയിലാണ്.

ശുക്രൻ ഈ മാസം കർക്കടകം രാശിയിൽ തുടരുന്നു. ആദ്യ ആഴ്ച മുതൽ ക്രമസഞ്ചാരത്തിൽ, ആയില്യം നക്ഷത്രത്തിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 സെപ്റ്റംബർ മാസത്തെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്. ഗുണദോഷങ്ങൾ എങ്ങനെ അനുഭവത്തിലെത്തുന്നു എന്നത് പരിശോധിക്കപ്പെടുന്നു.

Advertisment

മൂലം

പ്രവർത്തനരംഗം മന്ദീഭവിച്ചേക്കും. കച്ചവടത്തിൽ മുതൽമുടക്കിയത് തിരിച്ചുകിട്ടാൻ കാലതാമസമുണ്ടാവാം. പണവരവ് കുറയുന്നതാണ്. ചിലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. ഭാഗ്യം കൊണ്ടു മാത്രം ആപത്തുകളെ അതിജീവിക്കും. രാഷ്ട്രീയ പ്രവർത്തനത്തിൽ എതിർപ്പുകൾ കൂടുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ വേണം. കുടുംബജീവിതത്തിലെ താളപ്പിഴകൾ പരിഹരിക്കാനാവും.

പൂരാടം

നല്ല കാര്യങ്ങൾക്ക് സമയം കണ്ടെത്താനാവും. അവയിൽ സക്രിയമായ ഇടപെടലുകൾ നടത്തും. സാമ്പത്തികമായി അല്പം ഞെരുക്കമുളള സമയമാണ്. ആഢംബരത്തിന് നിയന്ത്രണം വേണം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥികൾ വിഷമിക്കും. കലാപ്രവർത്തനത്തിന് പുതിയ ഊർജ്ജം കൈവരിക്കാനാവും. കുടുംബസംഗമത്തിൽ, സുഹൃൽസദസ്സുകളിൽ സജീവമായി പങ്കെടുക്കും. തൊഴിൽ പരിഷ്കാരങ്ങൾക്ക് കാലം അനുകൂലമല്ല. യുവാക്കളുടെ വിവാഹ കാര്യത്തിന് വിളംബം വരാം. പുതിയ ജോലിക്ക് ശ്രമിക്കുന്നവർ അല്പകാലം കൂടി പരിശ്രമം തുടരുകയാവും ഉചിതം.

ഉത്രാടം

ഗുണദോഷസമ്മിശ്രമായ മാസമാണ്. കാര്യസാധ്യത്തിന് കുറച്ചധികം അലച്ചിലുണ്ടാവും. ഉദ്യോഗസ്ഥർക്ക് ചുമതലകളും ജോലിഭാരവും കൂടും. എന്നാൽ ആഗ്രഹിച്ച സ്ഥാനോന്നതിയുടെ സൂചന ലഭിക്കുകയുമില്ല. വരവുചെലവുകളെ പൊരുത്തപ്പെടുത്താൻ ക്ലേശിക്കുന്നതാണ്. നവസംരംഭങ്ങൾ ആരംഭിക്കുവാൻ പല തടസ്സങ്ങൾ ഉണ്ടായേക്കും. ഒപ്പം സഹകരിച്ച് പോകുന്നവരെ കണ്ടെത്തുന്നത് എളുപ്പപ്പണിയാവില്ല. കുടുംബാംഗങ്ങൾക്കൊപ്പം ഉല്ലാസയാത്രകൾ നടത്തിയേക്കും.

തിരുവോണം

ഗ്രഹങ്ങൾക്ക് അനിഷ്ടസ്ഥിതിയുള്ള കാലമായതിനാൽ നേട്ടങ്ങൾക്ക് കഠിനാദ്ധ്വാനം ആവശ്യമായിവരും. അകർമ്മണ്യത പിടികൂടാനിടയുണ്ട്. സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കുന്നതിൽ ഉത്സാഹം കുറഞ്ഞേക്കും. സാമ്പത്തിക സ്രോതസ്സുകൾ ക്ഷീണിക്കുന്നതായി അനുഭവപ്പെടാം. തർക്കങ്ങളിലും വ്യവഹാരങ്ങളിലും മാധ്യസ്ഥശ്രമങ്ങൾ ഉണ്ടായേക്കും. വിദ്യാർത്ഥികൾ പാഠ്യേതരപ്രവർത്തനങ്ങളിൽ താല്പര്യം കാട്ടും. പ്രണയികൾ സ്നേഹ-ദ്വേഷ ബന്ധം പുലർത്താം. കുടുംബജീവിതത്തിൽ ഗുണാനുഭവങ്ങൾ കുറയാം.

അവിട്ടം

അനുകൂലമാവും സാമൂഹിക ചുറ്റുപാടുകൾ. ചെലവുകൾ ഭംഗിയായി നടന്നുപോവും. എന്നാൽ മിച്ചം ഉണ്ടാക്കാനാവുമെന്ന് പറയാനാവില്ല. മകരക്കൂറുകാർക്ക് അഷ്ടമത്തിൽ ആദിത്യനും കുംഭക്കൂറുകാർക്ക് അഷ്ടമത്തിൽ കുജനുമുള്ളതിനാൽ ആപത്തുകളെക്കുറിച്ച് മുൻകരുതൽ വേണം. ദീർഘദൂരയാത്രകൾ ഒഴിവാക്കുകയാവും അഭികാമ്യം. അവിവാഹിതരുടെ വിവാഹമെന്ന സ്വപ്നം നീണ്ടേക്കാം. നവമാധ്യമരംഗത്തുള്ളവർക്ക് മോശം പ്രസ്താവനകൾ കേൾക്കേണ്ടതായി വരാം.

ചതയം

തൊഴിൽപരമായും, പ്രത്യേകിച്ച് കാരണമില്ലാതെയും കുറേ സഞ്ചരിക്കേണ്ടി വരാം. പുതിയ ഉദ്യോഗത്തിനായി ശ്രമങ്ങൾ തുടരുന്നതാണ്. പ്രണയികൾക്ക് കാലം അനുകൂലമല്ല. മനസ്സ് ഒരിടത്തും ഉറച്ച് നിൽക്കില്ല. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ ശ്രദ്ധ കുറയുന്നതാണ്. എന്നാൽ പാഠ്യേതര കാര്യങ്ങളിൽ താല്പര്യം കൂടും. വീഴ്ച, മുറിവ് ഇവയ്ക്ക് സാധ്യതയുണ്ട്. വസ്തു വില്പനയിൽ തടസ്സങ്ങളോ തർക്കങ്ങളോ ഉണ്ടാകാം. ദമ്പതികൾക്കിടയിൽ അനൈക്യം തലപൊക്കാം.

പൂരുരുട്ടാതി

ഗ്രഹങ്ങളുടെ ആനുകൂല്യം കുറവായ കാലമാണ്. ചെറുനേട്ടങ്ങൾക്കാ യിപ്പോലും ഒരുപാട് വിയർക്കേണ്ടി വരാം. എന്തിനെക്കുറിച്ചും വ്യക്തമായ ആശയമുള്ളവരാണെങ്കിലും ഇപ്പോൾ ചില ആശയക്കുഴപ്പവും ഇവരെ ഭരിക്കുന്നുണ്ട്. ദിശാബോധം കുറയും. നഷ്ടം, പരാജയം എന്നിത്തരം ഭീതികളുണ്ടാവാം. പണവരവ് കുറയാം. മിതവ്യയം ശീലിക്കേണ്ടതുണ്ട്. ഹിതോപദേശങ്ങളിൽ കയർക്കും. നിലവിലെ ജോലി / വ്യാപാരം ഉപേക്ഷിക്കരുത്. സുഹൃൽബന്ധങ്ങൾ തെല്ല് ആശ്വാസകരമായേക്കാം.

ഉത്രട്ടാതി

ഉറ്റവരെക്കുറിച്ച് വിഷാദിക്കേണ്ടിവരാം. നിലവിലെ സ്ഥിതിയിൽ അസംതൃപ്തിയുണ്ടാവുന്നതാണ്. എന്നാൽ മാറ്റത്തിനുവേണ്ടി വലുതായി ഒന്നും പ്രവൃത്തിക്കാനും കഴിഞ്ഞേക്കില്ല. ഭാവനാശാലികളുടെ സർഗാത്മകത വർദ്ധിക്കും. അഭിനയം, വര, കവിത, പാട്ട് എന്നിവ സഹൃദയ പ്രശംസ നേടാം. ജന്മരാശിയുടെ അധിപനായ വ്യാഴത്തിന് വക്രഗതി തുടങ്ങുകയാൽ മനോഭാവത്തിൽ, നിലപാടുകളിൽ പിന്നോട്ടുപോക്ക് ഉണ്ടാവാനിടയുണ്ട്. പ്രണയികൾക്ക് നല്ല കാലമല്ല. ദാമ്പത്യജീവിതത്തിലും പൊരുത്തക്കേടുകൾ തുടർന്നേക്കും.

രേവതി

ബഹുമാനം പിടിച്ചുപറ്റേണ്ടിവരും. സ്നേഹിക്കുന്നവരുടെ ഇടയിലും ചില വിയോജിപ്പുകൾ കണ്ടേക്കാം. യഥാർത്ഥവും ന്യായവുമായ കാര്യങ്ങൾക്കും ആവശ്യങ്ങൾക്കും ആണ് പണം ചെലവഴിക്കുന്നതെന്ന് സ്വയം ബോധ്യമാവണം. ന്യായരഹിതമായ കാര്യങ്ങൾക്കായി നിയമപ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസവാർത്തകൾ വന്നുചേരുന്നതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അനുമതി ലഭിക്കാം. കരാറുപണികൾ തുടരപ്പെടാം. കുടുംബത്തിന്റെ പിന്തുണ ആത്മശക്തി നിറയ്ക്കുന്നതാവും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: