/indian-express-malayalam/media/media_files/uploads/2023/09/September-24-to-September-30-Weekly-Horoscope-.jpg)
വാരഫലം; അശ്വതി മുതൽ രേവതി വരെ
September 24- September 30, 2023: Weekly Horoscope Astrological Predictions Aswathi to Revathi: സൂര്യൻ കന്നിരാശിയിൽ ഉത്രം, അത്തം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ വെള്ളിയാഴ്ച വരെ വെളുത്തപക്ഷത്തിലാണ്. വെള്ളിയാഴ്ച പൗർണമിയുമാണ്. ശനിയാഴ്ച മുതൽ കൃഷ്ണപക്ഷത്തിലൂടെയുള്ള യാത്ര തുടങ്ങുന്നു. പൂരാടം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രൻ സഞ്ചരിക്കുന്നത്. ശനി കുംഭം രാശിയിൽ ചതയം നാളിലും വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും വക്ര സഞ്ചാരത്തിലുമാണ്. രാഹു മേടത്തിൽ അശ്വതിയിലും കേതു തുലാത്തിൽ ചിത്തിരയിലും തുടരുന്നു.
ചൊവ്വ കന്നി രാശിയിൽ ചിത്തിര നക്ഷത്രത്തിലാണ്. ശുക്രൻ കർക്കടകത്തിൽ ആയില്യം നക്ഷത്രത്തിൽ തുടരുന്നു. ബുധൻ ചിങ്ങം രാശിയിൽ പൂരം, ഉത്രം നക്ഷത്രങ്ങളിലായി സഞ്ചരിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ വാരഫലം പരിശോധിക്കാം.
അശ്വതി
ധനപരമായി മെച്ചപ്പെട്ട വാരമാണ്. തിങ്കൾ മുതൽ വ്യാഴം വരെ ഗുണപരത കൂടും. തൊഴിലിൽ മുന്നേറാനും അധൃഷ്യത തെളിയിക്കാനുമാവും. ഉദ്യോഗാർത്ഥികൾക്കും അനുകൂല സമയമാണ്. ഗാർഹികമായി സ്വൈരമനുഭവപ്പെടും. സുഹൃത്തുക്കളിൽ നിന്നും നന്മയുണ്ടാവുന്നതാണ്. വാഹനം വാങ്ങാനോ വീട് മോടി പിടിപ്പിക്കാനോ സാധിച്ചേക്കാം. ഒളിഞ്ഞും തെളിഞ്ഞുമുള്ള ശത്രുക്കളുടെ പ്രവർത്തനം തിരിച്ചറിയും. പൊതുവേ പറഞ്ഞാൽ ആത്മവിശ്വാസം ഉയരുന്ന വാരമാണ്.
ഭരണി
മനക്ലേശങ്ങൾ അകലും. മനസ്സിൽ കരുപ്പിടിപ്പിച്ചു വെച്ചിട്ടുള്ള കാര്യങ്ങൾ ഒരുവിധം ഭംഗിയായി പൂർത്തീകരിക്കാനാവും. കച്ചവടത്തിൽ മെച്ചമുണ്ടാവുന്നതാണ്. വായ്പാ തിരിച്ചടവുകൾ മുടങ്ങില്ല. ഉദ്യോഗത്തിലിരിക്കുന്നവർക്ക് അധികാരികളുടെ 'നല്ല പുസ്തകത്തിൽ' ഇടം പിടിക്കാനായേക്കും. ഇഷ്ടവസ്തുക്കൾ വാങ്ങാൻ കഴിയും. ദാമ്പത്യത്തിൽ സംതൃപ്തി അനുഭവപ്പെടുന്നതാണ്. ഭോഗസുഖമുണ്ടാവും. നിക്ഷേപങ്ങൾ/സമ്പാദ്യങ്ങൾ വർദ്ധിക്കും.
കാർത്തിക
വാരാദ്യത്തിൽ മതക്ലേശം, ഗൃഹകലഹം ധനപരമായ അലട്ടലുകൾ എന്നിവ ഭവിക്കാം. ചൊവ്വാഴ്ച മുതൽ ആശ്വസിക്കാനും സന്തോഷിക്കാനും കഴിയും. ഭൗതികവും ആത്മീയവുമായ താത്പര്യങ്ങൾ നിറവേറപ്പെടും. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. ഗൃഹപാഠങ്ങൾ ഭംഗിയായി പൂർത്തിയാക്കും. കലാപരമായ സിദ്ധികൾ പ്രശംസിക്കപ്പെടുന്നതാണ്. യാത്രകൾ ഗുണപ്രദമായിത്തീരാം. പാചക നൈപുണ്യം പ്രശംസിക്കപ്പെടും.
രോഹിണി
ആഴ്ചയുടെ തുടക്കം മോശമാവാം. അഷ്ടമരാശിക്കൂറാകയാൽ ഗുണം കുറയും. മനസ്സ് വിക്ഷോഭത്തിലായേക്കും. തുടർന്നുള്ള ദിവസങ്ങളിൽ സാമ്പത്തികമെച്ചം, ഗൃഹസമാധാനം, തൊഴിൽ രംഗത്ത് പുത്തനുണർവ്വ് എന്നിവ പ്രതീക്ഷിക്കാം. സർക്കാർ കാര്യങ്ങളിലെ വിഘ്നം നീങ്ങുന്നതാണ്. കുടുംബത്തിലെ സ്ത്രീകളുടെ ഉറച്ച പിന്തുണ ലഭിക്കും. പഞ്ചമഭാവത്തിൽ സൂര്യകുജന്മാർ സഞ്ചരിക്കുകയാൽ കുഞ്ഞുങ്ങളുടെ എല്ലാക്കാര്യങ്ങളിലും ജാഗ്രത വേണം.
മകയിരം
ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് ഞായർ, തിങ്കൾ ദിവസങ്ങളിലും മിഥുനക്കൂറുകാർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലും പ്രതീക്ഷിച്ച കാര്യങ്ങളുടെ നിറവേറൽ സുസാധ്യമാവില്ല. മറ്റു ദിവസങ്ങളിൽ ന്യായമായ ആവശ്യങ്ങൾ നേടാനാവും. പണവരവ് മോശമാവില്ല. ഏല്പിച്ച ദൗത്യങ്ങൾ സ്തുത്യർഹമായി പൂർത്തീകരിക്കും. കുടുംബാംഗങ്ങളൊത്ത് ഉല്ലാസയാത്രകൾക്ക് അവസരം ഉണ്ടാവും. ശുഭവാർത്തകൾ, ശുഭകാര്യങ്ങളിൽ ഒത്തുചേരൽ എന്നിവ ഭവിക്കാം. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
തിരുവാതിര
പ്രയത്നത്തിന് പ്രതിഫലം കിട്ടും. പ്രതിസന്ധികളെ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടക്കും. ബന്ധങ്ങളുടെ ദൃഢത കാത്തുസൂക്ഷിക്കാൻ ക്ലേശിക്കേണ്ടിവരും. മക്കളുടെ പ്രവർത്തനങ്ങളെ തിരുത്തേണ്ടതായ സാഹചര്യം ഉദിക്കാം. ധനവരവ് മോശമാകില്ല. പഴയ കടം മടക്കിക്കിട്ടാം. വ്യാപാരകാര്യത്തിനായി യാത്രകൾ വേണ്ടിവരും. പുതിയ തൊഴിലാളികളെ നിയമിക്കുന്നതിൽ സന്ദിഗ്ദ്ധത തോന്നാം. ബൗദ്ധികവിനോദങ്ങൾക്ക് സമയം കണ്ടെത്തും. വ്യാഴാഴ്ച മുതൽ കൂടുതൽ അനുകൂലസമയം.
പുണർതം
നക്ഷത്രനാഥനായ വ്യാഴത്തിന് വക്രഗതിയുളളതിനാൽ മുന്നോട്ടുവെച്ച കാൽ പിറകോട്ടെടുക്കേണ്ട സാഹചര്യം വന്നേക്കാം. ഏതുകാര്യവും ചിന്തിച്ച് സാക്ഷാല്ക്കരിക്കുവാൻ ശ്രമിക്കേണ്ടതാണ്. തടസ്സങ്ങളുണ്ടായാലും അതിജീവനത്തിനും കരുത്തുണ്ടാവും. വ്യാപാരക്കരാറുകൾ പുതുക്കപ്പെടാം. പക്ഷേ നിബന്ധനകൾ ശ്രദ്ധാപൂർവം മനസ്സിലാക്കണം. വാഹനം സൂക്ഷിച്ച് ഉപയോഗിക്കണം. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ വരാം. അകാരണമായ ഭയം മനസ്സിനെ ബാധിക്കാം.
വ്യാഴാഴ്ച മുതൽ കുറെശ്ശേ സ്ഥിതി മെച്ചപ്പെടാം.
പൂയം
വാരത്തിന്റെ തുടക്കത്തിൽ നല്ല അനുഭവങ്ങൾ വന്നുചേരും. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ മാറും. മംഗളകർമ്മങ്ങൾ, ഈശ്വര കാര്യങ്ങൾ എന്നിവയ്ക്ക് യാത്രകൾ ഉണ്ടാവും. ബന്ധുസമാഗമം സന്തോഷമേകും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ആദായം കുറയില്ല. വളഞ്ഞ വഴികളിലൂടെ ധനാഗമത്തിനും സാധ്യതയുണ്ട്. വാരമധ്യം മുതൽ പണച്ചെലവേറാം. കളവ്, ഉപജാപം ഇവയ്ക്ക് എതിരെ കരുതൽ പുലർത്തേണ്ടതുണ്ട്. നവസംരംഭങ്ങൾക്ക് അനുകൂല സന്ദർഭമല്ല.
ആയില്യം
പ്രബലന്മാരുടെ പിന്തുണ ലഭിക്കും. ആ സ്വാധീനം ഫലപ്രദമായുപയോഗിച്ച് ചില ദുസ്സാധ്യങ്ങളായിട്ടുള്ള കാര്യങ്ങൾ നേടിയേക്കും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സുഖഭോഗങ്ങളിലും ആഢംബരത്തിലും ഭ്രമമേറുന്നതാണ്. എതിർപ്പുകളെ അനായാസേന മറികടക്കും. ഏല്പിച്ച ദൗത്യങ്ങൾ സ്തുത്യർഹമാം വിധം നിർവഹിക്കും. തിങ്കൾ, ചൊവ്വാ ദിവസങ്ങൾക്ക് മേന്മ കുറയാം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം.
മകം
തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ നേട്ടങ്ങൾക്കാകും മുൻതൂക്കം. കർമ്മരംഗത്തെ വിഘ്നങ്ങൾ നീങ്ങുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാനാവും. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകും. സാമ്പത്തിക പ്രയാസങ്ങൾ കുറയുന്നതായി അനുഭവപ്പെടും. കൂട്ടുകാരുടെ നല്ലവാക്കുകൾ പ്രചോദനമായിത്തീരാം. വാരാന്ത്യത്തിൽ മനക്ലേശത്തിനിടയുണ്ട്. ആരോഗ്യപരമായി ശ്രദ്ധ വേണം.
പൂരം
പൊതുവേ അനുകൂല വാരമാണ്. കഴിവുകൾ ഫലപ്രദമായി ഉപയോഗിക്കാനാവും. കച്ചവടത്തിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് ലക്ഷ്യം നേടാൻ കഴിയുന്നതാണ്. ദൂരദിക്കുകളിൽ നിന്നും ശുഭവാർത്തയോ, സാമ്പത്തിക സഹായമോ വന്നെത്താം. മാതൃസ്ഥാനീയരുടെ ആരോഗ്യത്തിൽ ജാഗ്രത പുലർത്തണം. പരുഷവാക്കുകൾ പറയേണ്ട സാഹചര്യം സംജാതമാകാം. മുഖരോഗങ്ങൾക്ക് സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.
ഉത്രം
കുറച്ചുനാളായി മനസ്സിൽ കരുതിയ കാര്യങ്ങൾ പൂർത്തീകരിക്കാനായേക്കും. സാങ്കേതിക നിപുണരുടെ ഉപദേശം തേടും. പണയവസ്തുക്കൾ തിരിച്ചെടുക്കാനുള്ള ശ്രമം ഭാഗികമായി വിജയിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനതാല്പര്യം കുറയാം. അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും മുതിരേണ്ടതുണ്ട്. പിതൃസ്വത്തിനെ സംബന്ധിച്ച തർക്കം സഹോദരർക്കിടയിൽ ഉടലെടുക്കാം. ദാമ്പത്യത്തിലും വിട്ടുവീഴ്ചകൾ അനിവാര്യമായ കാലമാണ്. മുറിവോ ചതവോ ഉണ്ടാകാനിടയുണ്ട്. ജാഗ്രത അനിവാര്യം.
അത്തം
വാരാരംഭത്തിൽ മനസ്സ് കുറഞ്ഞൊന്ന് മ്ലാനമാവാം. ഭാവിയെക്കുറിച്ച് ഉൽക്കണ്ഠകളുയർന്നേക്കും. ആർത്ഥികമായ ക്ലേശങ്ങളും അനുഭവപ്പെടാം. ചൊവ്വ മുതൽ അനുകൂലഫലങ്ങൾക്ക് സാധ്യത കാണുന്നു. നവോന്മേഷത്തോടെ പ്രവൃത്തികളിൽ മുഴുകാനാവും. ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചേക്കും. കുടുംബസംഗമം ആശ്വാസത്തിനും ആഹ്ളാദത്തിനും വഴിയൊരുക്കുന്നതാണ്. ന്യായമായ ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ കഴിയും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
ചിത്തിര
അദ്ധ്വാനം ആലസ്യത്തിന് വഴിമാറാം. ചിട്ടയും നിഷ്ഠയും പാലിക്കാനായേക്കില്ല. ചിന്ത കൂടും; കർമ്മം കുറയും. ആഴ്ചയുടെ തുടക്കത്തിനു ശേഷം കാര്യങ്ങൾ നേരെയാവാം. പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് ചില നേട്ടങ്ങൾ ഉണ്ടാകാം. ഉല്പന്നങ്ങൾക്ക് പ്രതീക്ഷിച്ച വില കിട്ടുന്നതാണ്. വിമർശിക്കുന്നവർക്ക് ചുട്ടമറുപടി കൊടുക്കാൻ മടിക്കില്ല. ബിസിനസ്സ് ബഹുമുഖമാക്കുന്നതിൽ ചില ചർച്ചകൾ നടന്നേക്കും. തുലാക്കൂറുകാർക്ക് യാത്ര കൂടാം. ആരോഗ്യപാലനത്തിൽ അലംഭാവമരുത്.
ചോതി
ചെറിയ വലിയ യാത്രകൾ ഉണ്ടാവാം. ചർച്ചകൾ കൊണ്ട് ബിസിനസ്സിലെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാം. പുതിയ സാമ്പത്തിക സ്രോതസ്സുകൾ തെളിയാനിടയുണ്ട്. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ തുടരാം. ഭൂമി സംബന്ധിച്ച തർക്കങ്ങളിൽ ന്യായം കിട്ടണമെന്നില്ല. ബന്ധുജനങ്ങളുടെ സഹായം പ്രതീക്ഷക്കനുസരിച്ചാവില്ല. ആവശ്യത്തിനും അനാവശ്യത്തിനും ചെലവധികരിക്കുന്നതാണ്. കിടപ്പ് രോഗികൾക്ക് തെല്ല് ആശ്വാസം വരാം. പാദരോഗങ്ങൾക്ക് വലയ്ക്കാനിടയുണ്ട്.
വിശാഖം
മത്സരങ്ങളിൽ, യാത്രകളിൽ ഒക്കെ പേര് ചേർത്തിട്ട് പിന്തിരിയാം. വേണ്ടെന്ന് വെച്ച് ചില വീണ്ടും കൂട്ടുകെട്ടുകൾ തുടങ്ങിയേക്കും. ധനവരവ് ഉണ്ടാകും. വൃശ്ചികക്കൂറുകാർക്ക് അവ സമ്പാദ്യമാക്കാൻ കഴിഞ്ഞേക്കും. തർക്കങ്ങൾക്കുള്ള സാഹചര്യങ്ങളെ ഒഴിവാക്കുകയാവും നന്ന്. വീടോ നാടോ വിട്ടുനിൽക്കാനുള്ള ആലോചനകൾ ഉണ്ടാകും. ഏകാഗ്രമായ സ്ഥിരപരിശ്രമം വേണ്ട സന്ദർഭമാണിത്. വൈകിയാലും നേട്ടങ്ങൾ വരാതിരിക്കില്ല. കുടുംബത്തിന്റെ പിന്തുണ ഭാഗികമായി പ്രതീക്ഷിക്കാം.
അനിഴം
ഗുണാനുഭവങ്ങൾക്കാണ് മുൻതൂക്കം. എന്നാലും ക്രിയാശക്തി അല്പം പിന്നിലേക്ക് പോവുന്ന വാരമാണ്. പലതും ആലോചിച്ച് കൂട്ടും. ചിലപ്പോൾ ആത്മവിശ്വാസം കുറയുന്നതായി തോന്നാം. മുഴുവൻ കഴിവുകളും പുറത്തെടുക്കാതെ തന്നെ മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കുന്ന സമയമാണ്. കച്ചവടത്തിൽ ലാഭം കണക്കുകൂട്ടിയതിലധികമാവും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. തടസ്സപ്പെട്ട കാര്യങ്ങൾ പുനരാരംഭിക്കുന്നതിന് അവസരം വന്നെത്തും.
തൃക്കേട്ട
നക്ഷത്രാധിപനായ ബുധന്റെ കേന്ദ്രസ്ഥിതി പ്രവൃത്തിയിൽ കീർത്തിയുണ്ടാക്കും. പിന്നീട് ചിന്തിക്കുമ്പോൾ ഇനിയും നന്നാക്കാമായിരുന്നു എന്ന് ചിലതിനെക്കുറിച്ച് തോന്നിയേക്കും. പണവരവ് കൂടും. വ്യവഹാരങ്ങളിൽ നേട്ടം ലഭിക്കാം. പിതാവിന്റെയും സഹോദരന്റെയും അനുകൂല നിലപാടുകൾ സന്തോഷമേകും. ശത്രുക്കളുടെ തന്ത്രങ്ങളെ മുൻകൂട്ടി കാണാൻ സാധിക്കും. ചന്ദ്രബലം ഉള്ള കാലമാകയാൽ മനോബലവും മാതൃസുഖവും ഭവിക്കും.
മൂലം
നിലവിലെ സ്ഥിതിയിൽ നിന്നും വലിയ മാറ്റമൊന്നും ഉണ്ടാവാനിടയില്ല. പുതുസംരംഭങ്ങൾക്ക് കാലം അനുകൂലമാണെന്ന് കരുതാൻ വയ്യ. മുതൽ മുടക്കുകൾ ശ്രദ്ധയോടെ വേണം. മക്കളുടെ ചില ആവശ്യങ്ങൾക്ക് പുറംതിരിഞ്ഞുനിൽക്കുകയാൽ ഗൃഹാന്തരീക്ഷം തെല്ല് കലുഷമാവാം.
സഹപ്രവർത്തകരുടെ സഹകരണം കുറഞ്ഞതായി അനുഭവപ്പെടും. ന്യായമായ ആവശ്യങ്ങൾക്ക് ധനക്ലേശം ഉണ്ടാവുകയില്ല.
പൂരാടം
അദ്ധ്വാനഭാരം കൂടാം. വീട്ടിലും കർമ്മസ്ഥലത്തും സ്ഥിതി അതുതന്നെയാവും. മുൻ നിശ്ചയിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ കൂടുതൽ ക്ലേശിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾക്കായി അലച്ചിലുണ്ടാവും. ഗൃഹനിർമ്മാണ പുരോഗതി സാമ്പത്തിക കാരണങ്ങളാൽ കുറച്ചൊന്ന് പതുക്കെയാവും. സുഹൃത്തുക്കളുടെ / ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി യാത്ര വേണ്ടിവന്നേക്കും. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾക്കാവും മെച്ചം കൂടുതൽ.
ഉത്രാടം
പ്രബലന്മാരുമായി ബിസിനസ്സ് പരമായി കൂടിക്കാഴ്ച നടത്തും. വായ്പകൾ നേടാൻ നെട്ടോട്ടമോടേണ്ടി വരാം. സാമ്പത്തിക കെണികളിൽ വീഴാതിരിക്കാൻ ജാഗ്രത കാട്ടണം. മട്ടുപ്പാവ് കൃഷി തുടങ്ങിയ കൃഷിസംരംഭങ്ങളിൽ താല്പര്യമേറുന്നതാണ്. കലാപരമായ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താനാവും. പഠനകാര്യങ്ങൾക്ക് തടസ്സം നേരിട്ടേക്കാം. ഉദ്ദേശിച്ചത്ര നേട്ടങ്ങൾ വന്നുചേരാത്ത വാരമാവും. ആരോഗ്യപരമായ പരിശോധനകളിൽ അലംഭാവമരുത്.
തിരുവോണം
പുതിയ അനുഭവങ്ങൾ പലതും ഉണ്ടാകും. അവ ഗുണകരമാണോ എന്ന് തൽകാലം അറിയാൻ കഴിഞ്ഞേക്കില്ല. ബന്ധുക്കളാൽ ചില നേട്ടങ്ങളുണ്ടാവും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. പാചകവൈഭവം പ്രശംസനേടും. മനസ്സിനിഷ്ടപ്പെടുന്ന പാരിതോഷികങ്ങൾ ലഭിക്കാം. വീട് സംബന്ധിച്ച് മെയിന്റൻസ് വേണ്ടി വന്നേക്കാം. സ്വയം തൊഴിലിൽ ലാഭവുമില്ല, നഷ്ടവുമില്ല എന്ന സ്ഥിതി തുടർന്നേക്കും. പാഴ്ച്ചെലവുകൾ നിയന്ത്രിക്കേണ്ട കാലം കൂടിയാണ്.
അവിട്ടം
ചൊവ്വ, ഈ വാരം ചൊവ്വയുടെ നക്ഷത്രമായ ചിത്തിരയിലേക്ക് പ്രവേശിക്കുന്നതിനാൽ ആത്മവിശ്വാസമേറും. പ്രവൃത്തികളിൽ ഉത്സാഹം നിറയും. ബുധനാഴ്ച തൊട്ട് അനുകൂലഫലങ്ങൾ . പ്രതീക്ഷിക്കാം. കർമ്മവിഘ്നങ്ങൾ ഒഴിയും. ധനാഗമ മാർഗങ്ങൾ സുഗമമായിത്തീരും. അധികാര സ്ഥാനത്തുള്ളവരുടെ പിന്തുണ ഉണ്ടാകും. വസ്തുതർക്കത്തിൽ അനുകൂലമായ നിലപാടുകൾ ഉരുത്തിരിയും. കുടുംബബന്ധങ്ങളിലെ ശൈഥില്യങ്ങൾ പരിഹൃതമാവും.
ചതയം
തീരുമാനങ്ങൾ എടുക്കുന്നത് ശ്രദ്ധാപൂർവ്വം ആവണം. മിക്ക ഗ്രഹങ്ങളും അനിഷ്ടസ്ഥാനങ്ങളിൽ തുടരുകയാൽ വിജയിക്കാൻ ഇരട്ടി അദ്ധ്വാനം ആവശ്യമായി വരും. തടസ്സങ്ങൾ മനക്ലേശത്തിന് കാരണമാകാം. സാമ്പത്തികമായ വിഷമം ഉണ്ടാവാനിടയുണ്ട്. ആരോഗ്യപരിപാലനത്തിൽ അശ്രദ്ധ ഉണ്ടാവരുത്. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മയുണ്ടാവും. കുടുംബാംഗങ്ങളുടെ പിന്തുണ ശക്തി പകരും.
പൂരൂരുട്ടാതി
മനോബലം ഒരുപക്ഷേ ദുർബലമാവാം. പരാജയപ്പെടും എന്നു പറയാനാവില്ലെങ്കിലും മനസ്സ് ഇടയ്ക്കിടെ ചഞ്ചലമാകുന്നതാണ്. സുഖഭോഗങ്ങൾക്ക് വിഘാതം വരാം. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ അപ്രീതി നേരിടേണ്ടി വന്നേക്കാം. പുതിയ ജോലി കിട്ടിയിട്ട് മാത്രം പഴയ ജോലി ഉപേക്ഷിക്കുന്നതാവും അഭികാമ്യം. വാഗ്ദാനങ്ങൾ നിറവേറാനാവാത്തതിനാൽ പരിഹസിക്കപ്പെടാം. ധനവരവ് സുഗമമാവണമെന്നില്ല. കുടുംബത്തിന്റെ സഹകരണം സ്വീകരിക്കേണ്ടതുണ്ട്. ആപൽകാലമാണെന്ന ബോധ്യം എപ്പോഴും ഉണ്ടാവണം.
ഉത്രട്ടാതി
ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങൾക്ക് മെച്ചമേറും. ഇഷ്ടജനങ്ങളെ കാണാൻ സാധിക്കും. ആഘോഷങ്ങളിലും വിരുന്നുകളിലും പങ്കെടുക്കാനാവും. കേസുകളിൽ അനുകൂല തീർപ്പ് പ്രതീക്ഷിക്കാവുന്നതാണ്. ഉദ്യോഗസ്ഥർ അഭിനന്ദിക്കപ്പെടും. കുടുംബജീവിതത്തിൽ അനൈക്യം നീങ്ങി സന്തുഷ്ടി നിറയുന്നതാണ്. മറ്റു ദിവസങ്ങളിൽ ക്ലേശസാധ്യതയുണ്ട്. യാത്രകൾ ഉണ്ടാവും. എന്നാൽ സമയം, ഊർജ്ജം എന്നിവ നഷ്ടമാവുക ഫലം. പണച്ചെലവ് അധികരിച്ചേക്കാം.
രേവതി
സൽകാര്യ സിദ്ധി പ്രതീക്ഷിക്കാം. കർമ്മഗുണമുണ്ടാകുന്നതാണ്. തടസ്സങ്ങളേയും എതിർപ്പുകളേയും അതിലംഘിക്കാൻ കരുത്തുണ്ടാവും. ബിസിനസ്സിൽ ലാഭം കുറയില്ല. പരീക്ഷകളിലും മത്സരങ്ങളിലും മികവ് തെളിയിക്കും. വാരത്തിന്റെ രണ്ടാം പകുതിക്ക് തിളക്കം കുറയുന്നതാണ്.
ഏഴാം ഭാവത്തിലെ പാപഗ്രഹങ്ങൾ ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കാം. വ്യാപാര കരാറുകളിൽ ചതി പറ്റാതിരിക്കാൻ കരുതൽ വേണം. വിദേശപഠനത്തിനൊരുങ്ങുന്നവർക്ക് തടസ്സമോ വിളംബമോ ഉണ്ടായേക്കാം. ഊഹക്കച്ചവടത്തിന് മുതിരാതിരിക്കുന്നത് ഉത്തമം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.