scorecardresearch

September 24- September 30, 2023: വാരഫലം, അശ്വതി മുതൽ ആയില്യം വരെ: Weekly Horoscope, Astrological Predictions

September 24- September 30, 2023: Weekly Horoscope Astrological Predictions Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ വാരഫലം

September 24- September 30, 2023: Weekly Horoscope Astrological Predictions Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ വാരഫലം

author-image
S. Sreenivas Iyer
New Update
horoscope | astrology| september horoscope| weekly horoscope

വാരഫലം; അശ്വതി മുതൽ ആയില്യം വരെ

September 24- September 30, 2023: Weekly Horoscope Astrological Predictions Aswathi to Ayilyam: സൂര്യൻ കന്നിരാശിയിൽ ഉത്രം, അത്തം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ വെള്ളിയാഴ്ച വരെ വെളുത്തപക്ഷത്തിലാണ്. വെള്ളിയാഴ്ച പൗർണമിയുമാണ്. ശനിയാഴ്ച മുതൽ കൃഷ്ണപക്ഷത്തിലൂടെയുള്ള യാത്ര തുടങ്ങുന്നു. പൂരാടം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രൻ സഞ്ചരിക്കുന്നത്. ശനി കുംഭം രാശിയിൽ ചതയം നാളിലും വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും വക്ര സഞ്ചാരത്തിലുമാണ്. രാഹു മേടത്തിൽ അശ്വതിയിലും കേതു തുലാത്തിൽ ചിത്തിരയിലും തുടരുന്നു.

Advertisment

ചൊവ്വ കന്നി രാശിയിൽ ചിത്തിര നക്ഷത്രത്തിലാണ്. ശുക്രൻ കർക്കടകത്തിൽ ആയില്യം നക്ഷത്രത്തിൽ തുടരുന്നു. ബുധൻ ചിങ്ങം രാശിയിൽ പൂരം, ഉത്രം നക്ഷത്രങ്ങളിലായി സഞ്ചരിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ വാരഫലം പരിശോധിക്കാം.

അശ്വതി

ധനപരമായി മെച്ചപ്പെട്ട വാരമാണ്. തിങ്കൾ മുതൽ വ്യാഴം വരെ ഗുണപരത കൂടും. തൊഴിലിൽ മുന്നേറാനും അധൃഷ്യത തെളിയിക്കാനുമാവും. ഉദ്യോഗാർത്ഥികൾക്കും അനുകൂല സമയമാണ്. ഗാർഹികമായി സ്വൈരമനുഭവപ്പെടും. സുഹൃത്തുക്കളിൽ നിന്നും നന്മയുണ്ടാവുന്നതാണ്. വാഹനം വാങ്ങാനോ വീട് മോടി പിടിപ്പിക്കാനോ സാധിച്ചേക്കാം. ഒളിഞ്ഞും തെളിഞ്ഞുമുള്ള ശത്രുക്കളുടെ പ്രവർത്തനം തിരിച്ചറിയും. പൊതുവേ പറഞ്ഞാൽ ആത്മവിശ്വാസം ഉയരുന്ന വാരമാണ്.

ഭരണി

മനക്ലേശങ്ങൾ അകലും. മനസ്സിൽ കരുപ്പിടിപ്പിച്ചു വെച്ചിട്ടുള്ള കാര്യങ്ങൾ ഒരുവിധം ഭംഗിയായി പൂർത്തീകരിക്കാനാവും. കച്ചവടത്തിൽ മെച്ചമുണ്ടാവുന്നതാണ്. വായ്പാ തിരിച്ചടവുകൾ മുടങ്ങില്ല. ഉദ്യോഗത്തിലിരിക്കുന്നവർക്ക് അധികാരികളുടെ 'നല്ല പുസ്തകത്തിൽ' ഇടം പിടിക്കാനായേക്കും. ഇഷ്ടവസ്തുക്കൾ വാങ്ങാൻ കഴിയും. ദാമ്പത്യത്തിൽ സംതൃപ്തി അനുഭവപ്പെടുന്നതാണ്. ഭോഗസുഖമുണ്ടാവും. നിക്ഷേപങ്ങൾ/സമ്പാദ്യങ്ങൾ വർദ്ധിക്കും.

Advertisment

കാർത്തിക

വാരാദ്യത്തിൽ മതക്ലേശം, ഗൃഹകലഹം ധനപരമായ അലട്ടലുകൾ എന്നിവ ഭവിക്കാം. ചൊവ്വാഴ്ച മുതൽ ആശ്വസിക്കാനും സന്തോഷിക്കാനും കഴിയും. ഭൗതികവും ആത്മീയവുമായ താത്പര്യങ്ങൾ നിറവേറപ്പെടും. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. ഗൃഹപാഠങ്ങൾ ഭംഗിയായി പൂർത്തിയാക്കും. കലാപരമായ സിദ്ധികൾ പ്രശംസിക്കപ്പെടുന്നതാണ്. യാത്രകൾ ഗുണപ്രദമായിത്തീരാം. പാചക നൈപുണ്യം പ്രശംസിക്കപ്പെടും.

രോഹിണി

ആഴ്ചയുടെ തുടക്കം മോശമാവാം. അഷ്ടമരാശിക്കൂറാകയാൽ ഗുണം കുറയും. മനസ്സ് വിക്ഷോഭത്തിലായേക്കും. തുടർന്നുള്ള ദിവസങ്ങളിൽ സാമ്പത്തികമെച്ചം, ഗൃഹസമാധാനം, തൊഴിൽ രംഗത്ത് പുത്തനുണർവ്വ് എന്നിവ പ്രതീക്ഷിക്കാം. സർക്കാർ കാര്യങ്ങളിലെ വിഘ്നം നീങ്ങുന്നതാണ്. കുടുംബത്തിലെ സ്ത്രീകളുടെ ഉറച്ച പിന്തുണ ലഭിക്കും. പഞ്ചമഭാവത്തിൽ സൂര്യകുജന്മാർ സഞ്ചരിക്കുകയാൽ കുഞ്ഞുങ്ങളുടെ എല്ലാക്കാര്യങ്ങളിലും ജാഗ്രത വേണം.

മകയിരം

ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് ഞായർ, തിങ്കൾ ദിവസങ്ങളിലും മിഥുനക്കൂറുകാർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലും പ്രതീക്ഷിച്ച കാര്യങ്ങളുടെ നിറവേറൽ സുസാധ്യമാവില്ല. മറ്റു ദിവസങ്ങളിൽ ന്യായമായ ആവശ്യങ്ങൾ നേടാനാവും. പണവരവ് മോശമാവില്ല. ഏല്പിച്ച ദൗത്യങ്ങൾ സ്തുത്യർഹമായി പൂർത്തീകരിക്കും. കുടുംബാംഗങ്ങളൊത്ത് ഉല്ലാസയാത്രകൾക്ക് അവസരം ഉണ്ടാവും. ശുഭവാർത്തകൾ, ശുഭകാര്യങ്ങളിൽ ഒത്തുചേരൽ എന്നിവ ഭവിക്കാം. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.

തിരുവാതിര

പ്രയത്നത്തിന് പ്രതിഫലം കിട്ടും. പ്രതിസന്ധികളെ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടക്കും. ബന്ധങ്ങളുടെ ദൃഢത കാത്തുസൂക്ഷിക്കാൻ ക്ലേശിക്കേണ്ടിവരും. മക്കളുടെ പ്രവർത്തനങ്ങളെ തിരുത്തേണ്ടതായ സാഹചര്യം ഉദിക്കാം. ധനവരവ് മോശമാകില്ല. പഴയ കടം മടക്കിക്കിട്ടാം. വ്യാപാരകാര്യത്തിനായി യാത്രകൾ വേണ്ടിവരും. പുതിയ തൊഴിലാളികളെ നിയമിക്കുന്നതിൽ സന്ദിഗ്ദ്ധത തോന്നാം. ബൗദ്ധികവിനോദങ്ങൾക്ക് സമയം കണ്ടെത്തും. വ്യാഴാഴ്ച മുതൽ കൂടുതൽ അനുകൂലസമയം.

പുണർതം

നക്ഷത്രനാഥനായ വ്യാഴത്തിന് വക്രഗതിയുളളതിനാൽ മുന്നോട്ടുവെച്ച കാൽ പിറകോട്ടെടുക്കേണ്ട സാഹചര്യം വന്നേക്കാം. ഏതുകാര്യവും ചിന്തിച്ച് സാക്ഷാല്ക്കരിക്കുവാൻ ശ്രമിക്കേണ്ടതാണ്. തടസ്സങ്ങളുണ്ടായാലും അതിജീവനത്തിനും കരുത്തുണ്ടാവും. വ്യാപാരക്കരാറുകൾ പുതുക്കപ്പെടാം. പക്ഷേ നിബന്ധനകൾ ശ്രദ്ധാപൂർവം മനസ്സിലാക്കണം. വാഹനം സൂക്ഷിച്ച് ഉപയോഗിക്കണം. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ വരാം. അകാരണമായ ഭയം മനസ്സിനെ ബാധിക്കാം.
വ്യാഴാഴ്ച മുതൽ കുറെശ്ശേ സ്ഥിതി മെച്ചപ്പെടാം.

പൂയം

വാരത്തിന്റെ തുടക്കത്തിൽ നല്ല അനുഭവങ്ങൾ വന്നുചേരും. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ മാറും. മംഗളകർമ്മങ്ങൾ, ഈശ്വര കാര്യങ്ങൾ എന്നിവയ്ക്ക് യാത്രകൾ ഉണ്ടാവും. ബന്ധുസമാഗമം സന്തോഷമേകും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ആദായം കുറയില്ല. വളഞ്ഞ വഴികളിലൂടെ ധനാഗമത്തിനും സാധ്യതയുണ്ട്. വാരമധ്യം മുതൽ പണച്ചെലവേറാം. കളവ്, ഉപജാപം ഇവയ്ക്ക് എതിരെ കരുതൽ പുലർത്തേണ്ടതുണ്ട്. നവസംരംഭങ്ങൾക്ക് അനുകൂല സന്ദർഭമല്ല.

ആയില്യം

പ്രബലന്മാരുടെ പിന്തുണ ലഭിക്കും. ആ സ്വാധീനം ഫലപ്രദമായുപയോഗിച്ച് ചില ദുസ്സാധ്യങ്ങളായിട്ടുള്ള കാര്യങ്ങൾ നേടിയേക്കും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സുഖഭോഗങ്ങളിലും ആഢംബരത്തിലും ഭ്രമമേറുന്നതാണ്. എതിർപ്പുകളെ അനായാസേന മറികടക്കും. ഏല്പിച്ച ദൗത്യങ്ങൾ സ്തുത്യർഹമാം വിധം നിർവഹിക്കും. തിങ്കൾ, ചൊവ്വാ ദിവസങ്ങൾക്ക് മേന്മ കുറയാം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: