scorecardresearch

സെപ്റ്റംബർ മാസത്തെ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ നക്ഷത്രഫലം

സെപ്റ്റംബർ ഒന്നിന് ചന്ദ്രൻ ചോതി നാളിൽ നിൽക്കുന്നു. മുപ്പതിന് ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി അനിഴത്തിലും സഞ്ചരിക്കുന്നു. ഇതാണ് സെപ്റ്റംബറിലെ ഗ്രഹസ്ഥിതി

സെപ്റ്റംബർ മാസത്തെ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ നക്ഷത്രഫലം

സൂര്യൻ ചിങ്ങത്തിലും കന്നിയിലുമായി സഞ്ചരിക്കുന്നു. വ്യാഴം മീനത്തിലും ശനി മകരത്തിലുമാണ്. ഇരുഗ്രഹങ്ങളും വക്രഗതിയിലുമാണ്. രാഹു മേടത്തിൽ; കേതു തുലാത്തിൽ അതിന് മാറ്റമില്ല. ബുധൻ ഉച്ചരാശിയായ കന്നിയിലാണ്. ശുക്രൻ ചിങ്ങത്തിലും കന്നിയിലുമായി സഞ്ചരിക്കുന്നു. ചൊവ്വ ഇടവത്തിൽ തുടരുകയുമാണ്. സെപ്റ്റംബർ ഒന്നിന് ചന്ദ്രൻ ചോതി നാളിൽ നിൽക്കുന്നു. മുപ്പതിന് ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി അനിഴത്തിലും സഞ്ചരിക്കുന്നു. ഇതാണ് സെപ്റ്റംബറിലെ ഗ്രഹസ്ഥിതി. ഇവയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ സെപ്റ്റംബർ മാസത്തെ പ്രധാന ഫലങ്ങൾ നിരീക്ഷിക്കാം.

അശ്വതി: ആത്മശക്തി വർധിക്കും. മടിച്ച് മാറ്റിവെച്ചിരിക്കുന്ന കാര്യങ്ങൾ സധൈര്യം നടപ്പിലാക്കും. മക്കളുടെ നേട്ടങ്ങൾ സന്തോഷമുണ്ടാക്കും. അകൽച്ച പാലിച്ചവർ അടുക്കും. ബന്ധുക്കളുടെ നിസ്സഹകരണം അവസാനിക്കും. എതിരാളികളെ കടുത്ത ഭാഷയിൽ ഭർത്സിക്കും. ധനപരമായി നേട്ടങ്ങളുണ്ടാകുമെങ്കിലും തീർത്ഥാടനം, പഠനകാര്യം, സൽക്കർമ്മങ്ങൾ, പിതാവിന്റെ രോഗചികിത്സയ്ക്ക് എന്നിങ്ങനെ വിവിധ കാര്യങ്ങൾക്കായി ചെലവും കൂടും.

ഭരണി: പുതുമയുള്ള കാര്യങ്ങൾ ആകർഷിക്കും. ആഢംബരത്തിന് പണം ചെലവഴിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയം നേടും. പിതാവിന്റെ ആരോഗ്യനില തൃപ്തികരമായിരിക്കും. വിവാഹാലോചനകളിൽ തീരുമാനം നീളാം. ഊഹക്കച്ചവടത്തിൽ നിന്നും നേട്ടങ്ങൾ വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. നല്ല വാർത്തകൾ തേടിയെത്തും.

കാർത്തിക: ചിട്ടി, വായ്പ ഇവയിലൂടെ ധനം വന്നുചേരും. സാഹസകർമ്മങ്ങളിൽ താല്പര്യമേറും. മത്സരങ്ങളിൽ വിജയിക്കും. തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. ഗൃഹത്തിലെ അനൈക്യത്തെ തന്ത്രപരമായി പരിഹരിക്കും. വൈദ്യപരിശോധനകൾ നടത്താൻ മടിക്കരുത്. ഉദരരോഗം അലട്ടാം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ ചുമതലകൾ വന്നുചേരുന്നതായിരിക്കും.

രോഹിണി: ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കും. പാരമ്പര്യസ്വത്ത് അനുഭവത്തിൽ വരും. ഗൃഹനിർമ്മാണം പുരോഗമിക്കും. കിഴക്ക്ദിക്കിലേക്ക് യാത്ര നടത്തും. ബൗദ്ധിക പ്രവർത്തനങ്ങൾ അംഗീകാരം നേടും. പ്രൊഫഷണലുകൾക്ക് തൊഴിലിൽ മുന്നേറാനാവും. പ്രേമകാര്യങ്ങളിൽ സന്തോഷം ഉണ്ടാവും. ദമ്പതികൾക്കിടയിലെ ബന്ധം ഊഷ്മളമാകും. എതിർപ്പുകളിൽ മനസ്സ് വിഷാദിച്ചേക്കാം.

മകയിരം: ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിക്കും. കമിതാക്കൾക്കിടയിലെ വിരഹം അവസാനിക്കും. ആരോഗ്യപരമായി ആശ്വാസം കിട്ടും. ലക്ഷ്യമില്ലാത്ത യാത്രകൾ ധനവും സമയവും അപഹരിച്ചേക്കും. പുതുസംരംഭങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും. ഉദ്യോഗാർത്ഥികൾക്ക് കരാർ പണികൾ, ഏജൻസികൾ, സ്വകാര്യ സ്ഥാപനങ്ങൾക്കും എന്നിവയിൽ നിയമനം കിട്ടും. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയരും. ധനസ്ഥിതി മോശമാവില്ല.

തിരുവാതിര: ഉയർന്നപദവികൾ വന്നുചേരും. കർമ്മരംഗം ഉന്മേഷഭരിതമാകും. ആരോഗ്യപരമായി കാലം നന്നല്ല. വാഹനം, അഗ്നി, യന്ത്രം എന്നിവ ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. കിടപ്പുരോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. വിവാഹാലോചനകളിൽ പുരോഗതിയുണ്ടാവില്ല. കടം വാങ്ങാൻ പ്രവണതയേറും. ക്ഷേത്രാടനയോഗമുണ്ട്. കലാപ്രവർത്തനം ആദരിക്കപ്പെടും.

പുണർതം: തൊഴിലിൽ അഭ്യുദയം പ്രതീക്ഷിക്കാം. സർക്കാർ കാര്യങ്ങളിൽ വിജയമുണ്ടാകും. അധികാരികളുടെയും രാഷ്ട്രീയക്കാരുടേയും പിന്തുണ ലഭിക്കും. പങ്കാളിത്ത സംരംഭങ്ങളിൽ പുതിയ കരാറുകൾ എഴുതിച്ചേർക്കും. ഗൃഹവാഹനാദികൾ വാങ്ങാനുള്ള ശ്രമം വിജയിക്കും.
വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അല്പം കാലം കൂടി കാത്തിരിപ്പ് തുടരേണ്ടതായി വരും. ആരോഗ്യസ്ഥിതി സമ്മിശ്രമായിരിക്കും. ചെലവുകളിൽ നിയന്ത്രണം പുലർത്തേണ്ടതുണ്ട്.

പൂയം: ആജ്ഞാശക്തി വർദ്ധിക്കും. സ്ഥാപനങ്ങളുടെ തലപ്പത്തെത്തും. എതിർപ്പുകളെ നിഷ്പ്രഭമാക്കി മുന്നേറും. പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കും. പ്രേമകാര്യങ്ങളിൽ തിരിച്ചടികൾ വരാം. ഗാർഹികരംഗത്ത് അശാന്തികൾ ഉയരാനിടയുണ്ട്. കൃഷി, കച്ചവടം ഇവയിൽ നിന്നും വരവേറും. ധർമ്മപ്രവൃത്തികൾ ചെയ്യും. വയോജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കും.

ആയില്യം: വിശ്വസ്തരായ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. ഉദ്യോഗാർത്ഥികൾക്ക് ശുഭവാർത്ത കേൾക്കാനാവും. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ദൂരയാത്രകൾ ഒഴിവാക്കുന്നതാവും ഉചിതം. വിനോദപരിപാടികളിൽ സംഘടിപ്പിക്കുകയോ അവയിൽ പങ്കെടുക്കുകയോ ചെയ്യും. സന്താനങ്ങളുടെ ശ്രേയസ്സ് മനസ്സ് നിറയ്ക്കും, ഭൂമിയിൽ നിന്നും ആദായമുണ്ടാകും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: September 2022 star predictions aswathy to ayilyam