/indian-express-malayalam/media/media_files/uploads/2023/09/September-17-to-September-23-Weekly-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
വാരഫലം, മൂലം മുതൽ രേവതി വരെ
September 17-September 23, 2023: Weekly Horoscope Astrological Predictions Moolam to Revathi: സെപ്തംബർ 17 ഞായറാഴ്ച ഉച്ചക്ക് സൂര്യൻ കന്നിരാശിയിലേക്ക് സംക്രമിക്കുന്നു. സൂര്യൻ ചിങ്ങം- കന്നി രാശികളിലായി വരുന്ന ഉത്രം നക്ഷത്രമണ്ഡലത്തിലൂടെ സഞ്ചരിക്കുകയാൽ ഉത്രം ഞാറ്റുവേല തന്നെ തുടരുകയുമാണ്. ചാന്ദ്രമാസമായ ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ ദ്വിതീയാ തിഥി മുതൽ അഷ്ടമി തിഥി വരെയാണ് ചന്ദ്രസഞ്ചാരം.
അത്തം നാളിൽ തുടങ്ങി മൂലം നാളുവരെ ചന്ദ്രൻ നക്ഷത്രമണ്ഡല സഞ്ചാരം നടത്തുന്നു. ചന്ദ്രൻ ക്രമേണ പക്ഷബലത്തിലേക്ക് വന്നെത്തുകയാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും വക്രസഞ്ചാരം നടത്തുന്നു. രാഹു മേടത്തിൽ അശ്വതിയിലും കേതു തുലാത്തിൽ ചിത്തിരയിലും അപസവ്യഗതി തുടരുകയാണ്.
ചൊവ്വ കന്നി രാശിയിൽ അത്തം നക്ഷത്രത്തിലും ബുധൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും ശുക്രൻ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലുമാണ്. ബുധന് വക്രമോ മൗഢ്യമോ ഇല്ലെന്നതും പ്രസ്താവ്യമാണ്. ഈയാഴ്ചയിൽ ഞായറാഴ്ച കുംഭക്കൂറുകാരുടെയും തിങ്കൾ, ചൊവ്വ മീനക്കൂറുകാരുടെയും ബുധൻ, വ്യാഴം, വെള്ളി ( സായാഹ്നം വരെ) മേടക്കൂറുകാരുടെയും തുടർന്ന് ഇടവക്കൂറുകാരുടെയും അഷ്ടമരാശിക്കൂറാകുന്നു. ചന്ദ്രൻ ജന്മരാശിയുടെ അഥവാ ജനിച്ച കൂറിന്റെ എട്ടാമത്തെ കൂറിൽ സഞ്ചരിക്കുന്ന രണ്ടേകാൽ ദിവസങ്ങളെയാണ് അഷ്ടമരാശി എന്നു പറയുന്നത്. പ്രായേണ ശരീരമനക്ലേശങ്ങൾക്ക് വഴിവെക്കുന്ന ദിവസങ്ങളായാണ് അഷ്ടമരാശിക്കൂറ് വിലയിരുത്തപ്പെടുന്നത്.
മുകളിലെ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ വാരഫലം പരിശോധിക്കാം.
മൂലം
നേട്ടങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന വാരമാണ്. വ്യാപാരത്തോട് ഉണ്ടായിരുന്ന വിപ്രതിപത്തി നീങ്ങും. പുതിയ തൊഴിലാളികളെ / ജീവനക്കാരെ നിയമിച്ച് കർമ്മരംഗം വിപുലീകരിക്കുന്നതാണ്. ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കും. ഫ്രീലാൻസ് ജോലികളിൽ ഏർപ്പെട്ടവർക്ക് പുതുവഴികൾ തെളിയാം. സുഹൃത്സംഗമങ്ങളിൽ പങ്കെടുത്തേക്കും. മക്കളുടെ കാര്യത്തിൽ മനക്ലേശം വരാം. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം.
പൂരാടം
ഗുണവും ദോഷവും സമ്മിശ്രമായ വാരമാണ്. വാരാദ്യം സാമ്പത്തിക മെച്ചം ഉണ്ടാകും. കൈവായ്‌പകൾ മടക്കിക്കിട്ടാം. കരാർ പണികൾക്ക് പ്രതിഫലം ലഭിക്കാം. ബുധനാഴ്ച മുതൽ ചെലവ് അധികരിക്കുന്നതാണ്. യാത്രകൾ വേണ്ടി വരാം. കുടുംബാംഗങ്ങളുടെ ആവശ്യം ഉയരാം. വ്യക്തമായും വേണ്ടത്ര ആസൂത്രണം കൂടാതെ ചെയ്യുന്ന ചില കാര്യങ്ങൾ പരാജയപ്പെട്ടേക്കാം. ആശുപത്രിച്ചെലവും ഒരു സാധ്യതയത്രെ!
ഉത്രാടം
നേട്ടങ്ങൾ അനായാസം നേടുന്നതാവില്ല. ഉദ്യമങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാൻ പ്രേരണയുണ്ടായേക്കും. ആദർശത്തെ മുറുകെ പിടിക്കും. എന്നാൽ പ്രായോഗികമായി പരാജയപ്പെടാം. നിർദ്ദേശങ്ങളും നിയമാവലികളും സ്വന്തം കുടുംബത്തിൽ തന്നെ അപ്രായോഗികമാണെന്ന് ബോധ്യപ്പെടാം. സാമ്പത്തികമായി ചെറിയ നേട്ടങ്ങളുണ്ടാവുന്നതാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകാൻ സാഹചര്യം വന്നുചേരും.
തിരുവോണം
കള്ളം പറയാൻ നിർബന്ധിതരായേക്കാം പാപഗ്രഹങ്ങൾ ഭാഗ്യഭാവത്തിലിരിക്കുകയാൽ സൽകാര്യങ്ങൾ, ഉപാസനാദികൾ എന്നിവ തടസ്സപ്പെടാൻ ഇടയുണ്ട്. ആശയ വിനിമയത്തിൽ ചില അവ്യക്തതകൾ ഉണ്ടാകാം. വ്യാപാരവിപുലീകരണത്തിന് കാലം അനുകൂലമല്ല. മുതൽ മുടക്കുകൾ, നിക്ഷേപങ്ങൾ എന്നിവ ഏറ്റവും കരുതലോടെയാവണം. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ഉൽക്കണ്ഠകളുയരാം. സകൂടുംബ തീർത്ഥയാത്രകൾ മാറ്റി വെക്കേണ്ടതായി വന്നേക്കാം.
അവിട്ടം
മകരക്കൂറുകാർക്ക് തെല്ല് ഗുണം കൂടുതലും കുംഭക്കൂറുകാർക്ക് അല്പം ദോഷം കൂടുതലും ആയ വാരമാണ്. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ മറനീക്കി പുറത്തുവരും. ക്ഷമ പരീക്ഷിക്കപ്പെടും. സാമ്പത്തിക പ്രശ്നങ്ങൾ കുറച്ചൊക്കെ പരിഹൃതമാവും. പണയത്തിലൂടെ ധനം സമാഹരിച്ചേക്കും. നിലവിലെ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കുകയാവും ഉചിതം.
ചതയം
വിജയപരാജയങ്ങൾ മാറി മാറി വന്നുകൊണ്ടിരിക്കും. പിതൃസ്വത്തുക്കൾ സംബന്ധിച്ച തർക്കങ്ങൾ ഉടലെടുക്കാം. വ്യവഹാരത്തിനു പകരം അനുരഞ്ജനത്തിന്റെ മാർഗ്ഗം സ്വീകരിക്കുകയാവും ഇപ്പോൾ അഭികാമ്യം. വിദ്യാർത്ഥികളുടെ ഏകാഗ്രത നഷ്ടമാകുന്നതാണ്. തൊഴിലിടത്തിൽ അസ്വാരസ്യങ്ങൾ ഭവിക്കാം. കുടുംബജീവിതത്തിൽ ചിലപ്പോൾ സമചിത്തത നഷ്ടമാകാം. വാരാന്ത്യത്തിൽ ചില മെച്ചങ്ങൾ കണ്ടേക്കാം.
പൂരൂരുട്ടാതി
വാരത്തിന്റെ തുടക്കം ശോഭനമായിരിക്കില്ല. സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ തിരിച്ചടി വരാം. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. കളവ്/ വഞ്ചന വരാതെ നോക്കണം. ഗൃഹനിർമ്മാണം നിർത്തിവെക്കേണ്ടി വരാം. ബുധനാഴ്ച മുതൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. കച്ചവടത്തിൽ ലാഭമുണ്ടാവുന്നതാണ്. കുടുംബത്തിലെ ഇളമുറക്കാർക്ക് പുതുജോലി ലഭിച്ചേക്കും. ചിട്ടി / ലോൺ മുതലായവയിലൂടെ ആദായം സിദ്ധിക്കും.
ഉത്രട്ടാതി
ദാമ്പത്യസൗഖ്യം കുറയാം. ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്ക് വീടുവിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകാം. ജോലിയിൽ വലിയ പുരോഗതി ദൃശ്യമാകില്ല. അഞ്ചിൽ ശുക്രനും ആറിൽ ബുധനും സഞ്ചരിക്കുകയാൽ പഠനപുരോഗതി, കലാപ്രവർത്തനം കൊണ്ട് നേട്ടം, സന്താനശ്രേയസ്സ് എന്നിവ പ്രതീക്ഷിക്കാം. തിങ്കൾ, ചൊവ്വാ ദിവസങ്ങൾക്ക് മേന്മ കുറയാം. ദുഷ്പ്രേരണകൾ ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങളിൽ കൃത്യത വേണ്ടതുണ്ട്.
രേവതി
നിഷ്പ്രയോജനകരമായ സഞ്ചാരം, കാര്യക്ലേശം എന്നിവയുണ്ടാവും. ദാമ്പത്യം അത്ര സുഖകരമാവില്ല. മക്കളുടെ കാര്യത്തിൽ ചില നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനായേക്കും. പുതുവിഷയങ്ങൾ പഠിക്കുന്നതിൽ ആർജ്ജവം പ്രദർശിപ്പിക്കുന്നതാണ്. വാരാദ്യത്തിൽ ശുഭത്വം കുറഞ്ഞേക്കാം. ആരോഗ്യപ്രശ്നങ്ങളിൽ അലംഭാവമരുത്. സാമ്പത്തിക വിഷയങ്ങളിൽ നേട്ടം പ്രതീക്ഷിക്കാമെങ്കിലും പണമിടപാടുകളിൽ തികഞ്ഞ ശ്രദ്ധ വേണ്ടതുണ്ട്. ക്രമേണ കാര്യങ്ങൾ വരുതിയിലാകാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.