scorecardresearch

September 17- September 23, 2023: വാരഫലം, അശ്വതി മുതൽ രേവതി വരെ: Weekly Horoscope, Astrological Predictions

September 17-September 23, 2023: Weekly Horoscope Astrological Predictions Aswathi to Revathi: അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ വാരഫലമിങ്ങനെ

September 17-September 23, 2023: Weekly Horoscope Astrological Predictions Aswathi to Revathi: അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ വാരഫലമിങ്ങനെ

author-image
S. Sreenivas Iyer
New Update
Astrology | Horoscope| Weekly Horoscope

വാരഫളം സമ്പൂർണ്ണം

September 17-September 23, 2023: Weekly Horoscope Astrological Predictions Aswathi to Revathi: സെപ്തംബർ 17 ഞായറാഴ്ച ഉച്ചക്ക് സൂര്യൻ കന്നിരാശിയിലേക്ക് സംക്രമിക്കുന്നു. സൂര്യൻ ചിങ്ങം- കന്നി രാശികളിലായി വരുന്ന ഉത്രം നക്ഷത്രമണ്ഡലത്തിലൂടെ സഞ്ചരിക്കുകയാൽ ഉത്രം ഞാറ്റുവേല തന്നെ തുടരുകയുമാണ്. ചാന്ദ്രമാസമായ ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ ദ്വിതീയാ തിഥി മുതൽ അഷ്ടമി തിഥി വരെയാണ് ചന്ദ്രസഞ്ചാരം.

Advertisment

അത്തം നാളിൽ തുടങ്ങി മൂലം നാളുവരെ ചന്ദ്രൻ നക്ഷത്രമണ്ഡല സഞ്ചാരം നടത്തുന്നു. ചന്ദ്രൻ ക്രമേണ പക്ഷബലത്തിലേക്ക് വന്നെത്തുകയാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും വക്രസഞ്ചാരം നടത്തുന്നു. രാഹു മേടത്തിൽ അശ്വതിയിലും കേതു തുലാത്തിൽ ചിത്തിരയിലും അപസവ്യഗതി തുടരുകയാണ്.

ചൊവ്വ കന്നി രാശിയിൽ അത്തം നക്ഷത്രത്തിലും ബുധൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും ശുക്രൻ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലുമാണ്. ബുധന് വക്രമോ മൗഢ്യമോ ഇല്ലെന്നതും പ്രസ്താവ്യമാണ്. ഈയാഴ്ചയിൽ ഞായറാഴ്ച കുംഭക്കൂറുകാരുടെയും തിങ്കൾ, ചൊവ്വ മീനക്കൂറുകാരുടെയും ബുധൻ, വ്യാഴം, വെള്ളി ( സായാഹ്നം വരെ) മേടക്കൂറുകാരുടെയും തുടർന്ന് ഇടവക്കൂറുകാരുടെയും അഷ്ടമരാശിക്കൂറാകുന്നു. ചന്ദ്രൻ ജന്മരാശിയുടെ അഥവാ ജനിച്ച കൂറിന്റെ എട്ടാമത്തെ കൂറിൽ സഞ്ചരിക്കുന്ന രണ്ടേകാൽ ദിവസങ്ങളെയാണ് അഷ്ടമരാശി എന്നു പറയുന്നത്. പ്രായേണ ശരീരമനക്ലേശങ്ങൾക്ക് വഴിവെക്കുന്ന ദിവസങ്ങളായാണ് അഷ്ടമരാശിക്കൂറ് വിലയിരുത്തപ്പെടുന്നത്.

മുകളിലെ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ വാരഫലം പരിശോധിക്കാം.

Advertisment

അശ്വതി

ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളും. യാത്രകൾ വിജയകരമാവുന്നതാണ്. എതിർപ്പുകളെ തൃണവൽഗണിച്ച് മുന്നേറും. തൊഴിൽപരമായി ശുഭകാലം തന്നെയാണ്. ആ നിലയ്ക്കുള്ള അന്വേഷണങ്ങൾ വിജയം കാണും. ഭൂമി സംബന്ധിച്ച ഇടപാടുകൾ തടസ്സം കൂടാതെ നടന്നു കിട്ടും. അവയിൽ നല്ല ലാഭം ഭവിക്കുകയും ചെയ്യും. ബുധൻ, വ്യാഴം തീയതികൾക്ക് മേന്മ കുറയും.

ഭരണി

വസ്തു തർക്കങ്ങളിൽ അനുകൂലവിധി പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ ദുരവസ്ഥക്ക് മാറ്റം വന്നേക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് പുതിയ ഊർജ്ജം കൈവരുന്നതാണ്. തൊഴിൽ വളർച്ച കരുതിയതിലുപരി യാവും. മക്കളുടെ കാര്യത്തിൽ സന്തോഷിക്കാനവസരമുണ്ടാവും. ചില കടബാധ്യതകൾ പരിഹരിക്കാനാവും. കരാർ പണികൾ പുതുക്കിക്കിട്ടുന്നതാണ്. വീടുപണിക്കുള്ള ഏർപ്പാടുകൾ തുടങ്ങും. ആഴ്ച മധ്യത്തിൽ സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം.

കാർത്തിക

മേടക്കൂറുകാർക്ക് ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയിക്കും. അഭിമുഖങ്ങളെ ആത്മവിശ്വാസത്തോടെ നേരിടും. കച്ചവടത്തിൽ നല്ല ലാഭം ഉണ്ടായേക്കാവുന്ന കാലമാണ്. ഇടവക്കൂറുകാർ നിർബന്ധബുദ്ധിമൂലം ചില അപകടങ്ങളിൽ ചെന്നു ചാടിയേക്കും. ദാമ്പത്യത്തിൽ അനുരഞ്ജനമില്ലാത്തതിനാൽ സ്വൈരം കുറയും. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വിഷമിക്കും. നിത്യച്ചെലവുകൾ നടന്നു പോകും. ഏജൻസി പ്രവർത്തനം ഗുണകരമാവുന്നതാണ്.

രോഹിണി

സമാധാനം കിട്ടാക്കനിയാണോ എന്നു തോന്നും. പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിൽ വിജയിക്കണമെന്നില്ല. മുൻ തീരുമാനങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും പിറകോട്ടു പോയേക്കാം. പഠനത്തിൽ നേരിയ പുരോഗതി വന്നുചേരാം. നവസംരംഭങ്ങൾ ആരംഭിക്കുവാൻ ഈ വാരം അത്ര ഗുണകരമല്ല. പ്രണയികൾക്കിടയിൽ അനൈക്യം തലപൊക്കാം. സാമ്പത്തിക കാര്യങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമുണ്ട്. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.

മകയിരം

ഊർജ്ജസ്വലതയും ഉന്മേഷവും നിലനിർത്താൻ ക്ലേശിക്കും. ദൗത്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരാം. ഗാർഹികമായ സൗഖ്യം കുറയാനിടയുണ്ട്. പിതൃ-സഹോദര ബന്ധങ്ങൾ കുറച്ചൊന്ന് കലുഷിതമായേക്കാം. പ്രതീക്ഷിച്ച വരുമാനം ഭാഗികമായിട്ടാവും കൈവശം വന്നുചേരുക. ചെലവുകളിൽ നിയന്ത്രണം പാലിക്കേണ്ടതായുണ്ട്. അയൽ തർക്കങ്ങൾ ഉണ്ടാവാം. മനസ്സാന്നിദ്ധ്യത്തോടെ പെരുമാറേണ്ട സന്ദർഭമാണ്. യാത്രകളിൽ പ്രതീക്ഷിച്ച നേട്ടം ഭവിക്കണമെന്നില്ല.

തിരുവാതിര

ആത്മപരിശോധന ആവശ്യമായ കാലമാണ്. മനസ്സാക്ഷിക്കനുസൃതമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് വരാം. ശത്രുഭയം ഉണ്ടായേക്കാം. ചിലതൊക്കെ വെറും തോന്നലുമാവാം. കുടുംബാംഗങ്ങളുടെ പാരസ്പര്യം നിലനിർത്താൻ ക്ലേശിക്കേണ്ടതായി വരുന്നതാണ്. കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുമെങ്കിലും ഉദ്ദേശിച്ച ഫലം തൊഴിലിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. ചെറിയ വിജയങ്ങൾക്കും ചെറുനേട്ടങ്ങൾക്കും ജീവിതത്തിൽ അതിന്റേതായ സ്ഥാനമുണ്ടെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്.

മകം

മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ അംഗീകാരം ലഭിക്കും. കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമം തുടരും. ചിലരോട് കടുത്ത വാക്കുകൾ പറയേണ്ട സാഹചര്യം ഉണ്ടായേക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ തടസ്സം അനുഭവപ്പെടാനിടയുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയാണെന്ന് പറയാനാവില്ല. ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം.

പൂരം

ഉന്മേഷരാഹിത്യം മാറി കർമ്മരംഗത്ത് ഉണർവോടെ പ്രവർത്തിക്കാൻ സാധിച്ചേക്കും. ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കും. സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. ദാമ്പത്യജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉദയം ചെയ്യാം. വാക് സ്ഥാനത്ത് പാപഗ്രഹങ്ങളുള്ളതിനാൽ വാഗ്വാദത്തിന് സാധ്യതയുണ്ട്. കലഹ പ്രേരണകളെ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായം വേണ്ടി വന്നേക്കാം.

ഉത്രം

കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിക്കേണ്ട കാലമാണ്. സാഹചര്യങ്ങൾ അനുകൂലമല്ലെന്ന ബോധ്യം ഉണ്ടാവണം. വിദ്യാഭ്യാസത്തിൽ ആലസ്യം വരാം. തൊഴിലിൽ നിന്നും ചെറിയ നേട്ടങ്ങളും അല്പമായ സാമ്പത്തികോന്നമനവും പ്രതീക്ഷിച്ചാൽ മതി. വലിയ തോതിലുള്ള മുതൽമുടക്ക് ഇപ്പോൾ അഭിലഷണീയമല്ല. വാക്കും പ്രവൃത്തിയും രണ്ടു വഴിക്ക് നീങ്ങാനിടയുണ്ട്. മുഖരോഗങ്ങൾ ബാധിക്കാനിടയുണ്ട്.

അത്തം

ജന്മനക്ഷത്രത്തിൽ തുടരുന്ന ചൊവ്വക്കൊപ്പം ജന്മരാശിയിൽ ആദിത്യൻ കൂടി വരികയാൽ വ്യക്തപരമായി നല്ലകാലമല്ല. മനോവാക്കർമ്മങ്ങളിൽ ശ്രദ്ധയുണ്ടാവണം. ചെലവുകൾ അധികരിച്ചേക്കും. തുടങ്ങി വെച്ച പ്രവർത്തനങ്ങൾ മന്ദീഭവിക്കാം. പ്രതീക്ഷിച്ച കരാറുകൾ പുതുക്കാൻ കാലതാമസം വന്നേക്കും. ഏല്പിച്ച ദൗത്യം പൂർത്തീകരിച്ചേക്കും. എന്നാൽ ഉള്ളിൽ തൃപ്തിക്കുറവ് ഉണ്ടാവും. കുടുംബാംഗങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നതും തീരുമാനങ്ങൾ യോജിച്ചു കൈക്കൊള്ളുന്നതും സമുചിതം.

ചിത്തിര

കന്നിക്കൂറുകാർക്ക് ജന്മത്തിലും തുലാക്കൂറുകാർക്ക് പന്ത്രണ്ടിലും കുജാദിത്യന്മാർ സംഗമിക്കുന്നതിനാൽ സാമ്പത്തികം, ആരോഗ്യം, തൊഴിൽ എന്നിവയിൽ ശ്രദ്ധ വേണം. ഉപജാപങ്ങളെ നേരിടേണ്ടിവരും. കടം വാങ്ങാനുള്ള സാഹചര്യം ഉദിക്കാം. കച്ചവടത്തിൽ ചെറിയ ലാഭം പ്രതീക്ഷിക്കാം. നിത്യച്ചെലവുകൾ നടന്നുപോകും. മറ്റുള്ളവർ പിൻവാങ്ങിയ കാര്യങ്ങളിൽ വിജയം നേടും. നേതൃരംഗത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടാം.

ചോതി

പതിനൊന്നാം ഭാവത്തിലെ ബുധൻ ഭാഗ്യപുഷ്ടി, ബന്ധുഗുണം, സാമ്പത്തികനേട്ടങ്ങൾ, പഠനത്തിൽ മുന്നേറ്റം ഇവയ്ക്ക് വഴിയൊരുക്കുന്നതാണ്. എന്നാൽ ബിസിനസ്സിൽ കൂടുതൽ ധനനിക്ഷേപത്തിന് ഇപ്പോൾ കാലാനുകൂല്യം ഇല്ല. യാത്രകളോ വീടുവിട്ടു നിൽക്കേണ്ട സാഹചര്യങ്ങളോ സംജാതമാകാം. സർക്കാർ കാര്യങ്ങളിൽ പ്രതീക്ഷിച്ച ഗുണം ഉണ്ടാവില്ല. കുടുംബപരമായി സ്വച്ഛത കുറയാനിടയുണ്ട്. ദാമ്പത്യകലഹം ഒരു സാധ്യതയാണ്. ആരോഗ്യപരിശോധനകളിൽ അലംഭാവമരുത്.

വിശാഖം

ഗുണദോഷ സമ്മിശ്രമായ വാരമാണ്. ബിസിനസ്സിൽ ചില നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദങ്ങൾ ഭവിക്കുന്നതാണ്. ചില കഠിനമായ ദൗത്യങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതരാവും. സമവായചർച്ചകൾ വിജയിക്കണമെന്നില്ല. ഭൂമി സംബന്ധിച്ച കൊടുക്കൽ വാങ്ങലുകളിൽ തുലാക്കൂറുകാർക്ക് നഷ്ടം സംഭവിക്കാം. വൃശ്ചികക്കൂറുകാരായ വിശാഖം നാളുകാർക്ക് നേട്ടങ്ങളുണ്ടാകും. മത്സരങ്ങളിൽ അനായാസ വിജയം കരസ്ഥമാക്കും.

അനിഴം

പരിശ്രമങ്ങൾ ലക്ഷ്യം കാണും. അദ്ധ്വാനത്തിന് അംഗീകാരം ലഭിക്കുന്നതാണ്. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്താനാവും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അഭിമുഖങ്ങളിൽ ശോഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പ് വന്നെത്തും. ഉദ്യോഗസ്ഥർക്ക് വേതന വർദ്ധനവ് പ്രതീക്ഷിക്കാം. പൊതുവേ ആത്മവിശ്വാസം ഉയരും. പിതൃസ്വത്ത് അനുഭവത്തിലെത്തുന്നതാണ്.

തൃക്കേട്ട

എതിർപ്പുകളെ സമർത്ഥമായി മറികടക്കാനാവും. ബിസിനസ്സിൽ നിന്നും സാമ്പത്തിക മെച്ചം നേടുവാനാവും. കൃത്യമായ ആസൂത്രണ മികവ് വിജയത്തിന് കാരണമാകും. അധികാരികളുടെ അഭിനന്ദനപാത്രമാവും. ഗവേഷണപ്രബന്ധം പൂർത്തീകരിക്കാൻ കഴിയും. ബുധന് മൗഢ്യം നീങ്ങുന്നതിനാൽ ബുദ്ധിപരമായ കഴിവുകൾ വർദ്ധിക്കും. ബൗദ്ധിക വിനോദങ്ങളിൽ നേട്ടങ്ങൾ കൊയ്യാനാവും. സർക്കാരിൽ നിന്നും പഠനം/തൊഴിൽ ഇവയ്ക്ക് വായ്പ അനുവദിച്ചു കിട്ടുന്നതാണ്.

മൂലം

നേട്ടങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന വാരമാണ്. വ്യാപാരത്തോട് ഉണ്ടായിരുന്ന വിപ്രതിപത്തി നീങ്ങും. പുതിയ തൊഴിലാളികളെ / ജീവനക്കാരെ നിയമിച്ച് കർമ്മരംഗം വിപുലീകരിക്കുന്നതാണ്. ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കും. ഫ്രീലാൻസ് ജോലികളിൽ ഏർപ്പെട്ടവർക്ക് പുതുവഴികൾ തെളിയാം. സുഹൃത്സംഗമങ്ങളിൽ പങ്കെടുത്തേക്കും. മക്കളുടെ കാര്യത്തിൽ മനക്ലേശം വരാം. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം.

പൂരാടം

ഗുണവും ദോഷവും സമ്മിശ്രമായ വാരമാണ്. വാരാദ്യം സാമ്പത്തിക മെച്ചം ഉണ്ടാകും. കൈവായ്‌പകൾ മടക്കിക്കിട്ടാം. കരാർ പണികൾക്ക് പ്രതിഫലം ലഭിക്കാം. ബുധനാഴ്ച മുതൽ ചെലവ് അധികരിക്കുന്നതാണ്. യാത്രകൾ വേണ്ടി വരാം. കുടുംബാംഗങ്ങളുടെ ആവശ്യം ഉയരാം. വ്യക്തമായും വേണ്ടത്ര ആസൂത്രണം കൂടാതെ ചെയ്യുന്ന ചില കാര്യങ്ങൾ പരാജയപ്പെട്ടേക്കാം. ആശുപത്രിച്ചെലവും ഒരു സാധ്യതയത്രെ!

ഉത്രാടം

നേട്ടങ്ങൾ അനായാസം നേടുന്നതാവില്ല. ഉദ്യമങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാൻ പ്രേരണയുണ്ടായേക്കും. ആദർശത്തെ മുറുകെ പിടിക്കും. എന്നാൽ പ്രായോഗികമായി പരാജയപ്പെടാം. നിർദ്ദേശങ്ങളും നിയമാവലികളും സ്വന്തം കുടുംബത്തിൽ തന്നെ അപ്രായോഗികമാണെന്ന് ബോധ്യപ്പെടാം. സാമ്പത്തികമായി ചെറിയ നേട്ടങ്ങളുണ്ടാവുന്നതാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകാൻ സാഹചര്യം വന്നുചേരും.

തിരുവോണം

കള്ളം പറയാൻ നിർബന്ധിതരായേക്കാം പാപഗ്രഹങ്ങൾ ഭാഗ്യഭാവത്തിലിരിക്കുകയാൽ സൽകാര്യങ്ങൾ, ഉപാസനാദികൾ എന്നിവ തടസ്സപ്പെടാൻ ഇടയുണ്ട്. ആശയ വിനിമയത്തിൽ ചില അവ്യക്തതകൾ ഉണ്ടാകാം. വ്യാപാരവിപുലീകരണത്തിന് കാലം അനുകൂലമല്ല. മുതൽ മുടക്കുകൾ, നിക്ഷേപങ്ങൾ എന്നിവ ഏറ്റവും കരുതലോടെയാവണം. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ഉൽക്കണ്ഠകളുയരാം. സകൂടുംബ തീർത്ഥയാത്രകൾ മാറ്റി വെക്കേണ്ടതായി വന്നേക്കാം.

അവിട്ടം

മകരക്കൂറുകാർക്ക് തെല്ല് ഗുണം കൂടുതലും കുംഭക്കൂറുകാർക്ക് അല്പം ദോഷം കൂടുതലും ആയ വാരമാണ്. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ മറനീക്കി പുറത്തുവരും. ക്ഷമ പരീക്ഷിക്കപ്പെടും. സാമ്പത്തിക പ്രശ്നങ്ങൾ കുറച്ചൊക്കെ പരിഹൃതമാവും. പണയത്തിലൂടെ ധനം സമാഹരിച്ചേക്കും. നിലവിലെ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കുകയാവും ഉചിതം.

ചതയം

വിജയപരാജയങ്ങൾ മാറി മാറി വന്നുകൊണ്ടിരിക്കും. പിതൃസ്വത്തുക്കൾ സംബന്ധിച്ച തർക്കങ്ങൾ ഉടലെടുക്കാം. വ്യവഹാരത്തിനു പകരം അനുരഞ്ജനത്തിന്റെ മാർഗ്ഗം സ്വീകരിക്കുകയാവും ഇപ്പോൾ അഭികാമ്യം. വിദ്യാർത്ഥികളുടെ ഏകാഗ്രത നഷ്ടമാകുന്നതാണ്. തൊഴിലിടത്തിൽ അസ്വാരസ്യങ്ങൾ ഭവിക്കാം. കുടുംബജീവിതത്തിൽ ചിലപ്പോൾ സമചിത്തത നഷ്ടമാകാം. വാരാന്ത്യത്തിൽ ചില മെച്ചങ്ങൾ കണ്ടേക്കാം.

പൂരൂരുട്ടാതി

വാരത്തിന്റെ തുടക്കം ശോഭനമായിരിക്കില്ല. സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ തിരിച്ചടി വരാം. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. കളവ്/ വഞ്ചന വരാതെ നോക്കണം. ഗൃഹനിർമ്മാണം നിർത്തിവെക്കേണ്ടി വരാം. ബുധനാഴ്ച മുതൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. കച്ചവടത്തിൽ ലാഭമുണ്ടാവുന്നതാണ്. കുടുംബത്തിലെ ഇളമുറക്കാർക്ക് പുതുജോലി ലഭിച്ചേക്കും. ചിട്ടി / ലോൺ മുതലായവയിലൂടെ ആദായം സിദ്ധിക്കും.

ഉത്രട്ടാതി

ദാമ്പത്യസൗഖ്യം കുറയാം. ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്ക് വീടുവിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകാം. ജോലിയിൽ വലിയ പുരോഗതി ദൃശ്യമാകില്ല. അഞ്ചിൽ ശുക്രനും ആറിൽ ബുധനും സഞ്ചരിക്കുകയാൽ പഠനപുരോഗതി, കലാപ്രവർത്തനം കൊണ്ട് നേട്ടം, സന്താനശ്രേയസ്സ് എന്നിവ പ്രതീക്ഷിക്കാം. തിങ്കൾ, ചൊവ്വാ ദിവസങ്ങൾക്ക് മേന്മ കുറയാം. ദുഷ്പ്രേരണകൾ ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങളിൽ കൃത്യത വേണ്ടതുണ്ട്.

രേവതി

നിഷ്പ്രയോജനകരമായ സഞ്ചാരം, കാര്യക്ലേശം എന്നിവയുണ്ടാവും. ദാമ്പത്യം അത്ര സുഖകരമാവില്ല. മക്കളുടെ കാര്യത്തിൽ ചില നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനായേക്കും. പുതുവിഷയങ്ങൾ പഠിക്കുന്നതിൽ ആർജ്ജവം പ്രദർശിപ്പിക്കുന്നതാണ്. വാരാദ്യത്തിൽ ശുഭത്വം കുറഞ്ഞേക്കാം. ആരോഗ്യപ്രശ്നങ്ങളിൽ അലംഭാവമരുത്. സാമ്പത്തിക വിഷയങ്ങളിൽ നേട്ടം പ്രതീക്ഷിക്കാമെങ്കിലും പണമിടപാടുകളിൽ തികഞ്ഞ ശ്രദ്ധ വേണ്ടതുണ്ട്. ക്രമേണ കാര്യങ്ങൾ വരുതിയിലാകാം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: