/indian-express-malayalam/media/media_files/uploads/2023/09/September-10-to-september-16-Weekly-Horoscope-Astrological-Predictions-Makam-to-Thriketta.jpg)
വാരഫലം; മകം മുതൽ തൃക്കേട്ട വരെ
September 10- September 16, 2023: Weekly Horoscope Astrological Predictions Makam to Thrikketta: ആദിത്യൻ ചിങ്ങം രാശിയിൽ പൂരം, ഉത്രം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. വാരാന്ത്യത്തിൽ അമാവാസിയും തുടർന്ന് ശുക്ല പ്രഥമയും സംഭവിക്കുന്നു. പുണർതം മുതൽ ഉത്രം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രന്റെ സഞ്ചാരം. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്ര സഞ്ചാരം തുടരുകയാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. രാഹു മേടത്തിൽ അശ്വതി ഒന്നാം പാദത്തിലും കേതു തുലാത്തിൽ ചിത്തിര മൂന്നാം പാദത്തിലുമായി അപസവ്യഗതിയിൽ ( Anti clockwise) നീങ്ങുന്നു.
കുജൻ കന്നിയിൽ അത്തം നക്ഷത്രത്തിലും, ബുധൻ വക്രമൗഢ്യത്തിൽ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും, ശുക്രൻ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിൽ നേർഗതിയിലും സഞ്ചരിക്കുന്നു. ചിങ്ങമാസം ദൈർഘ്യമേറിയതാണ്, ഈയ്യാണ്ട്. 32 തീയതികൾ അഥവാ ദിവസങ്ങളുണ്ട്, ചിങ്ങമാസത്തിന്.
സെപ്തംബർ 17 വരെ ചിങ്ങമാസം തുടരുകയാണ്. സെപ്തംബർ 16 ന്, ശുക്ലപക്ഷ പ്രഥമ തിഥിയിൽ ഭാദ്രപദം എന്ന ചാന്ദ്രമാസം തുടങ്ങുകയുമാണ്.. മുകളിൽ വിവരിച്ച ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ അനുഭവങ്ങൾ ഇവിടെ അപഗ്രഥിക്കുകയും വിശകലനം ചെയ്യുകയുമാണ്.
മകം
വാരാദ്യം അലച്ചിലും നല്ല കാര്യങ്ങൾക്കായി ചെലവുമേറും. പ്രവൃത്തികളിൽ ശ്രദ്ധ കുറയുന്നതാണ്. രണ്ടാമെടത്തിൽ ചൊവ്വ നിൽക്കുകയാൽ വാഗ്വാദങ്ങൾക്ക് മുതിർന്നേക്കാം. ക്രമേണ മനസ്സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങൾ വന്നുചേരും. ഗാർഹികമായും തൊഴിൽപരമായും സ്വസ്ഥത പ്രതീക്ഷിക്കാം. ചുമതലകൾ ഭംഗിയായി നിർവഹിക്കുവാനാവും. കുടുംബജീവിതത്തിൽ പിടിവാശി മാറ്റിവെയ്ക്കപ്പെടുന്നതിനനുസൃതമായി നല്ലത് പ്രതീക്ഷിക്കാം. ഊഹക്കച്ചവടം വിജയിക്കണം എന്നില്ല.
പൂരം
കാര്യങ്ങളിൽ അനുകൂലത കുറയുന്ന വാരമാണ്. ലക്ഷ്യം നേടിയെടുക്കാൻ സഹിഷ്ണുതക്കൊപ്പം കഠിനാദ്ധ്വാനവും ആവശ്യമായി വരും. പ്രവർത്തനങ്ങളിൽ ഏർപ്പെടും മുൻപ് അതിന്റെ വരുംവരായ്കകൾ അറിയുകയും വേണം. കുടുംബകാര്യങ്ങളിൽ പൊരുത്തക്കേടുകൾ കാണപ്പെടും. സാമ്പത്തിക ഗുണം പ്രതീക്ഷിക്കാം. വായ്പകൾ അനുവദിച്ചു കിട്ടുന്നതാണ്. സംഘടനാപരമായ ചില ഒത്തുചേരലുകൾക്ക് കളം ഒരുങ്ങുന്നതാണ്.
ഉത്രം
ജന്മനക്ഷത്രത്തിനു മേൽ ഇപ്പോൾ പാപഗ്രഹങ്ങളുടെ സ്വാധീനം ശക്തമാണ്. അതിനാൽ ചിന്തയുടെയും കർമ്മത്തിന്റെയും പവിത്രത നിലനിർത്തുക എളുപ്പമാവില്ല. ധനപരമായി ഞെരുക്കമനുഭവപ്പെടാനിടയുണ്ട്. ആഢംബര ച്ചെലവുകൾ കുറയ്ക്കേണ്ടതാണ്. ആരോഗ്യപരമായി ശ്രദ്ധ വേണം. പഠന ഗവേഷണാദികളിൽ ഏകാഗ്രത കുറഞ്ഞേക്കാം. നിലവിലെ തൊഴിൽ ഉപേക്ഷിക്കാതിരിക്കുകയാവും ഇപ്പോൾ കരണീയം. ഗ്രഹങ്ങൾ മാറുന്നതിനനുസരിച്ച് ഫലങ്ങളിൽ ഗുണപരത പ്രതീക്ഷിക്കാം.
അത്തം
ചൊവ്വ ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ക്ലേശങ്ങൾ വർദ്ധിക്കും.ആരോഗ്യപ്രശ്നങ്ങൾ വരാം. സാമ്പത്തിക വിഷമങ്ങൾ കുറയില്ല. കുടുംബ ജീവിതത്തിലും സ്വൈരം നാമമാത്രമായേക്കും. പതിനൊന്നിൽ ശുക്രൻ തുടരുകയാൽ കലാകാരന്മാർക്കും കച്ചവടക്കാർക്കും നല്ല സമയമാണ്. പ്രതിഭാവിലാസം കീർത്തിക്കപ്പെടും. ആദായമുണ്ടാകും. ബസുക്കൾ എതിർപക്ഷത്ത് ചേർന്നേക്കും. രാഷ്ട്രീയ പ്രവർത്തനത്തിൽ വിമർശനങ്ങൾ ഉയരാം. ഭൂമി സംബന്ധിച്ച വ്യവഹാരങ്ങൾക്ക് ചെലവേറുന്നതാണ്.
ചിത്തിര
കന്നിക്കൂറുകാർക്ക് വാരത്തിന്റെ തുടക്കവും തുലാക്കൂറുകാർക്ക് വാരത്തിന്റെ പകുതി മുതലും നല്ല ഫലങ്ങൾ. പ്രണയികൾക്ക് എതിർപ്പുകളെ നേരിടേണ്ടി വരുന്നതാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ തിളങ്ങാനാവും. സ്വാശ്രയത്വത്തിൽ ശക്തി നേടും. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച് അനുകൂലത പ്രതീക്ഷിക്കാം. വായന, വിനോദ പരിപാടികൾ, സുഹൃൽ സംഗമം എന്നിങ്ങനെ ചില മാനസികോല്ലാസങ്ങൾ ഉണ്ടായേക്കാം. കുടുംബപ്രശ്നങ്ങളിൽ 'തൊട്ടും തൊടാതെയും' ഉള്ള നിലപാടുകൾ കൈക്കൊള്ളും.
ചോതി
സർക്കാർ കാര്യങ്ങൾ, പിതാവ്, രാഷ്ട്രീയം ഇവ അനുകൂല അനുഭവങ്ങൾ സൃഷ്ടിക്കുന്നതാണ്. അധികാരമുള്ള ചുമതലകൾ ലഭിച്ചേക്കാം. തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷക്ക് വകയുണ്ട്. പ്രോജക്ടുകൾക്ക് അംഗീകാരം സിദ്ധിക്കുന്നതാണ്. വ്യാപാരികൾക്ക് ലാഭം കൂടുമെങ്കിലും കച്ചവടത്തിൽ ചില പ്രതിസന്ധികൾ വന്നേക്കാം. വസ്തുസംബന്ധിച്ച തർക്കങ്ങൾ ഉടലെടുക്കാം. സഹോദരരുമായി കലഹസാധ്യത കാണുന്നു. ദാമ്പത്യത്തിലും ചില അനൈക്യങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം.
വിശാഖം
നക്ഷത്രനാഥനായ വ്യാഴത്തിന് വക്രം വരുന്നതിനാൽ നിലപാടുകളിൽ നിന്നും അല്പം പിന്നിലേക്ക് പോയേക്കാം. ഉദ്യോഗസ്ഥർക്ക് കൂടുതൽ അദ്ധ്വാനിക്കേണ്ടിവരും. സഹപ്രവർത്തകരുടെ പിന്തുണ വേണ്ടത്ര ലഭിച്ചേക്കില്ല. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കണം. കടം വാങ്ങുന്ന കാര്യത്തിൽ പുനരാലോചന വേണ്ടതുണ്ട്. എല്ലാത്തിനും കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും. ബന്ധുക്കൾ/ സുഹൃത്തുക്കൾ തുടങ്ങിയവർക്കായി ജാമ്യം നിൽക്കുക വേണ്ടത്ര ആലോചിച്ചിട്ടാവണം.
അനിഴം
അവിവാഹിതർക്ക് വിവാഹാലോചനകൾ വരാം. പ്രണയത്തിലെ വിഘ്നങ്ങൾ അകലുന്നതാണ്. മംഗളകാര്യങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.
പിണങ്ങി നിന്ന കുടുംബാംഗങ്ങളെ ഇണക്കിച്ചേർക്കുന്നതിൽ വിജയിക്കും. യോഗം, സമാജം തുടങ്ങിയവ കാര്യങ്ങളിൽ മുഖ്യപങ്കുവഹിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അംഗീകാരം കൈവരും. നവസംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. സംഘടനാരംഗത്ത് നേതൃപദവി ലഭിച്ചേക്കും.
തൃക്കേട്ട
തൊഴിൽ രംഗത്തെ പരീക്ഷണങ്ങൾക്ക് ഉചിതസന്ദർഭമാണ്. നവമാധ്യമങ്ങളിലൂടെ പ്രശസ്തിയുണ്ടാവും. വിശ്വസിച്ചേല്പിച്ച കൃത്യങ്ങളിൽ വിജയം നേടുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നേറാൻ സാധിക്കും. കലാപരമായ പ്രവർത്തനങ്ങൾക്ക് പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്.
ഭൂമി സ്വന്തമാക്കാനുള്ള ശ്രമം വിജയം കാണുന്നതാണ്. വിദേശയാത്രകൾക്ക് അനുമതി കൈവരും. യുവാക്കളുടെ വിവാഹാലോചനകളിൽ തീർപ്പുണ്ടാകും. ഉപാസനാദികൾ തടസ്സം കൂടാതെ നിറവേറപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.