/indian-express-malayalam/media/media_files/uploads/2023/08/September-3-to-September-9-Weekly-Horoscope-Astrological-Predictions-Aswathi-to-Ayilyam.jpg)
വാരഫലം; അശ്വതി മുതൽ ആയില്യം വരെ
September 03- September 09, 2023: Weekly Horoscope Astrological Predictions Aswathi to Ayilyam: സൂര്യൻ ചിങ്ങം രാശിയിൽ, പൂരം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. ചതുർത്ഥി മുതൽ ദശമി വരെയുള്ള തിഥികളിലും, രേവതി മുതൽ തിരുവാതിര വരെയുള്ള നക്ഷത്രങ്ങളിലുമായി സഞ്ചരിക്കുന്നു.
ശനി കുംഭത്തിൽ, ചതയം നക്ഷത്രത്തിൽ വക്രസഞ്ചാരം തുടരുന്നു. വ്യാഴം ഭരണി നക്ഷത്രത്തിലാണ്. സെപ്തംബർ 7-ാം തീയതി വ്യാഴാഴ്ച മുതൽ വക്രസഞ്ചാരം തുടങ്ങുകയാണ് എന്ന പ്രത്യേകതയുമുണ്ട്. ബുധൻ ചിങ്ങം രാശിയിൽ വക്രത്തിലും മൗഢ്യത്തിലുമായി നിൽക്കുന്നു.
ചൊവ്വ കന്നിരാശിയിൽ, അത്തം നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. ശുക്രൻ കർക്കടകത്തിൽ ആയില്യം നക്ഷത്രത്തിൽ സഞ്ചാരം തുടരുന്നു. രാഹുവിന്റെ മേടത്തിലെ സഞ്ചാരം കാർത്തിക ഒന്നാം പാദം മുതൽ അശ്വതി ഒന്നാം പാദം വരെ പിന്നിലേക്കാണല്ലോ! ഇപ്പോൾ രാഹു അശ്വതി ഒന്നാം പാദത്തിലെത്തിയിരിക്കുന്നു. കേതു തുലാം രാശിയിൽ ചിത്തിര മൂന്നാം പാദത്തിലും സഞ്ചരിക്കുന്നു.
നവഗ്രഹങ്ങളുടെ ഇപ്രകാരമുള്ള രാശി-നക്ഷത്രമണ്ഡല സഞ്ചാരം അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നു എന്ന അന്വേഷണമാണ് ഇവിടെ നടത്തപ്പെടുന്നത്..
അശ്വതി
ജന്മരാശിയിലാണ് വാരാദ്യം ചന്ദ്രസഞ്ചാരം. മനസ്സന്തോഷമുണ്ടാകുന്നതാണ്. വിശിഷ്ടഭോജ്യങ്ങൾ കഴിക്കാനാവും. പാചക നൈപുണ്യം അംഗീകരിക്കപ്പെടും. പണവരവ് പ്രതീക്ഷിച്ചതിലും അധികമാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. കരാർ പണികൾ നീട്ടിക്കിട്ടാൻ സാഹചര്യമുണ്ടായേക്കും. ഇടക്കാലത്ത് തൊഴിൽ ഇല്ലാതിരുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുവാനും സാധ്യതയുണ്ട്. ഗൃഹം പുതുക്കുന്നതിൽ തീരുമാനം കൈക്കൊള്ളുന്നതാണ്.
ഭരണി
വാരാരംഭം അവിസ്മരണീയമാകും. വിരുന്നുകളിൽ പങ്കെടുക്കുന്നതാണ്. കുടുംബസംഗമം സന്തോഷമേകും. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് തിളക്കം കുറഞ്ഞേക്കാം. ചന്ദ്രശുക്രന്മാർക്ക് പരിവർത്തനം വരികയാൽ പണ വിഷയത്തിൽ നല്ല ശ്രദ്ധവേണം. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ സാമാന്യം ഉയർന്ന മാർക്ക് ലഭിച്ചേക്കാം. സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും മുൻപ് ഇരുവട്ടം ചിന്തിക്കുന്നത് ഉചിതമായിരിക്കും.
കാർത്തിക
വാരാന്ത്യത്തിൽ ചിലവേറാം. കരുതി വെച്ചിരുന്ന ധനം മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം. കുതിപ്പും കിതപ്പും കലർന്നതാണ് ജീവിതം എന്ന് ഓർക്കേണ്ട സന്ദർഭങ്ങൾ ഉടലെടുക്കാം. യാത്രകൾ വേണ്ടി വന്നേക്കും. വാരമധ്യത്തിൽ സുഖാനുഭവങ്ങൾ കൂടാം. ധാർമ്മിക ചിന്താഗതിയെക്കാൾ പ്രായോഗികതെയേയുംഅവസരവാദത്തെയും മുറുകെപിടിക്കും. തൊഴിൽ പരിഷ്കരണത്തിന് സർക്കാർ അനുമതി ലഭിച്ചേക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.
രോഹിണി
ആഘോഷങ്ങളുടെ അഭിരാമത്വം മൂലം ഉണ്ടായ ആലസ്യത്താൽ ജോലിക്കു പോകാൻ മടിച്ചേക്കും. ലീവ് നീട്ടുന്നവരും കണ്ടേക്കാം. ചിലർക്ക് ദീർഘയാത്രകൾ ചെയ്യേണ്ടിവരുന്നതാണ്. പണച്ചെലവേറുന്ന സന്ദർഭങ്ങൾ ഉണ്ടാകും. കൈവായ്പകൾ ആവശ്യത്തിനുതകാം. അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ സംഭവിച്ചേക്കും. കുടുംബത്തിലെ സ്ത്രീകളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്. കഫജന്യരോഗങ്ങൾ ഉപദ്രവിച്ചേക്കാം. അഞ്ചിൽ ചൊവ്വയുള്ളതിനാൽ ഉദര രോഗങ്ങൾ വരാം.
മകയിരം
ഗുണാനുഭവങ്ങളും ധനവരവും ഉള്ള വാരമാണ്. നഷ്ടപ്രതാപം വീണ്ടെടുക്കാനാവും. പദവികൾ തിരികെ ലഭിച്ചേക്കാം. വിട്ടുപോയ ബന്ധുക്കൾ വീണ്ടും ഇണങ്ങുന്നതാണ്. കുടുംബപ്രശ്നങ്ങൾ ഭംഗിയായി പരിഹരിക്കാൻ സാധിക്കും. വിനോദപരിപാടികളിൽ പങ്കെടുക്കാനും ആസ്വദിക്കാനും അവസരമുണ്ടാകും. വാരത്തിന്റെ മദ്ധ്യത്തിൽ ഒന്നുരണ്ട് ദിവസങ്ങൾക്ക് മേന്മ കുറഞ്ഞേക്കാം. ചിലവധികരിക്കാൻ ഇടയുണ്ട്.
തിരുവാതിര
വാരാരംഭത്തിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കിട്ടേണ്ട ധനം വന്നെത്തുന്നതാണ്. സദ് വാർത്തകൾ കേൾക്കാനാവും. പാരിതോഷികങ്ങൾ ലഭിക്കാം. ഭോഗസുഖം ഭവിക്കുന്നതാണ്. ചിലർക്ക് സ്ഥാനക്കയറ്റം കിട്ടാം. വാരത്തിന്റെ പകുതിയിൽ സമ്മർദ്ദങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു. കണക്കുകൂട്ടലിൽ ചില പിശകുകൾ വരാം. സജ്ജനങ്ങൾ വിരോധിക്കാനിടയുണ്ട്. അനാവശ്യ യാത്രകൾ സമയവും ഊർജ്ജവും നഷ്ടപ്പെടുത്തിയേക്കും.
പുണർതം
പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യാൻ അവസരമുണ്ടാകുന്നതാണ്. കഴിവുകൾ പുറത്തെടുക്കാനാവും. തന്മൂലം മനസ്സന്തോഷമുണ്ടാകുന്നതാണ്. സംവാദങ്ങളിൽ ശോഭിക്കും. ഔദ്യോഗിക കൃത്യനിർവഹണം പ്രശംസനീയമാകും. പണവരവ് മോശമാകാനിടയില്ല. എന്നാൽ വസ്തുക്കളുടെ ക്രയവിക്രയം തടസ്സപ്പെട്ടേക്കാം. വീടുമാറ്റം / വാഹനകാര്യം സജീവ പരിഗണനയിൽ വരാം. കുടുംബക്ഷേത്ര ദർശനം മുടങ്ങാനിടയുണ്ട്. തീരുമാനങ്ങൾ ഏറ്റവും നന്നായി കൈക്കൊള്ളാൻ ശ്രമിക്കണം.
പൂയം
പോയകാലത്തെ സ്നേഹിക്കുകയും നഷ്ടവസന്തങ്ങളോർത്ത് വിഷാദിക്കുകയും ചെയ്യും. കർമ്മമേഖലയ്ക്ക് പുഷ്ടിയുണ്ടാകും. വിശ്വസിച്ച് ഏല്പിച്ച ദൗത്യങ്ങൾ സ്തുത്യർഹമാം വിധം പൂർത്തിയാക്കും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. സുഖാനുഭവങ്ങൾ കുറയില്ല. പ്രണയം പുരോഗതി പ്രാപിക്കും. എതിരാളികളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. ഭാവികാര്യങ്ങൾ കുടുംബാംഗങ്ങളുടെ പിന്തുണയോടെ ഉറപ്പിക്കും. വീടുപണി ദ്രുതഗതിയിലാവും. വായ്പാ സൗകര്യം കരഗതമാവുന്നതാണ്.
ആയില്യം
ജന്മനക്ഷത്രത്തിൽ ശുക്രൻ സഞ്ചരിക്കുന്ന കാലമാണ്. ഐഹികസൗഖ്യങ്ങൾ പ്രതീക്ഷിക്കാം. ആഭരണമോ വസ്ത്രങ്ങളോ പാരിതോഷികമായി ലഭിച്ചേക്കാം. മൂന്നാം നാളിലും അഞ്ചാം നാളിലും പാപഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ മനക്ലേശവും ആരോഗ്യപശ്നങ്ങളും ഉണ്ടാവാം. വീഴ്ച/മുറിവ് ഇവ സാധ്യതകൾ. പിണക്കങ്ങൾ വലുതാവാനിടയുണ്ട്. കാര്യവിളംബവും ഉണ്ടായേക്കാം. വൈകാരികമായി സംയമനം പാലിക്കാൻ ശ്രമിക്കേണ്ടതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us