scorecardresearch

ശനി മകരത്തിലേക്ക്; വിശദമായ ഫലങ്ങള്‍

Saturn Shani Transit to Makara impact on various Rashis: ചൊവ്വയുടെ ക്ഷിപ്രഫലദാനശക്തി ശനിക്കില്ല. എന്നാൽ ശനി നൽകുന്ന ഫലങ്ങൾ സ്ഥായിയായതായിരിക്കും എന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു

Shani Dasha, Shani Dasha calculator,Shani Dasha remedies, Shani Dasha malayalam, Shani Dasha period, Shani Dasha years, Shani Dasha effects, Shani Dasha 2022, ശനി ദശ, ശനി ദശ ഫലങ്ങള്‍, ശനി ദശ അപഹാരം, ശനി ദശ എത്ര വര്‍ഷം, ശനി ദശ പരിഹാരം

Saturn Shani Transit to Makara impact on various Rashis: വക്രഗതിയായി ശനി മകരത്തിലേക്ക് വരികയാണ്. 2022 ജൂലൈ 12 മുതൽ 2023 ജനുവരി 17 വരെ (1197 മിഥുനം 28 മുതൽ 1198 മകരം 3 വരെ) ഏതാണ്ട് ആറ് മാസക്കാലമാണ് ശനി മകരം രാശിയിൽ ഉണ്ടാവുക. ഇത് പന്ത്രണ്ട് രാശിയിൽ / പന്ത്രണ്ട് കൂറിൽ ജനിച്ചവരെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കാം.

ചൊവ്വയുടെ ക്ഷിപ്രഫലദാനശക്തി ശനിക്കില്ല. എന്നാൽ ശനി നൽകുന്ന ഫലങ്ങൾ സ്ഥായിയായതായിരിക്കും എന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. ആദ്യം കയ്പും കണ്ണീരും നൽകും; പിന്നെ മധുരവും മന്ദഹാസവും എന്നും ചിലർ പറയാറുണ്ട്. നീതിമാനായ ഗ്രഹമാണ് ശനിയെന്നും പക്ഷമുണ്ട്. മന്ദഗതിയാണ് ശനിയുടേത്. ക്ഷമയും സഹിഷ്ണുതയും പഠിപ്പിക്കുന്ന വലിയ ഒരു ഗുരുനാഥനാണ് ശനിയെന്ന് കരുതുന്നവരും ധാരാളമാണ്. ഗ്രഹനിലയിൽ ‘മ’ എന്ന അക്ഷരമാണ് (മന്ദൻ എന്നതിലെ ആദ്യാക്ഷരം) ശനിയെ രേഖപ്പെടുത്തുവാൻ സ്വീകരിച്ചിട്ടുള്ളത്, ഇനി വിശദമായ ഫലങ്ങളിലേക്ക് കടക്കാം.

Read Here: Ezhara Shani

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

പത്താം ഭാവത്തിലെ ശനി കണ്ടകശനി എന്നറിയപ്പെടുന്നു. മേടക്കൂറിൽ ജനിച്ചവർക്ക് ശനി പത്താമെടത്തിൽ വന്നിരിക്കുകയാണ്. മുഖ്യമായും ഇത് കർമ്മരംഗത്തെ ബാധിച്ചേക്കാം. തൊഴിലിൽ ഉദ്ദേശിച്ച വിധം മുന്നേറാനായില്ലെന്ന് വരും. പുതുജോലികൾ തേടുന്നവർക്ക് കാത്തിരുപ്പ് തുടരേണ്ടതായി വരും. അപരിചിത ദേശങ്ങളിലേക്ക് സ്ഥലം മാറ്റം വരാം. മേലധികാരികളുടെ അപ്രീതിയോ സഹപ്രവർത്തകരുടെ നിസ്സഹകരണമോ ഉണ്ടാവാം. ചെലവേറും. ഗൃഹത്തിൽ സമാധാനം കുറഞ്ഞേക്കാം. ദാമ്പത്യരംഗത്തിലും അപശ്രുതികൾ ഉയരാനിടയുണ്ട്.

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം ആദ്യ രണ്ടു പാദങ്ങൾ)

ഒമ്പതാമെടത്താണ് ശനി. ഭാഗ്യഭ്രംശം വരാം. ഗുരുവിനും പിതാവിനും ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. പേരക്കുട്ടികളുടെ കാര്യത്തിൽ ആശങ്കകൾ ഉണ്ടാവാം. ധർമ്മകാര്യങ്ങൾ, മതാനുഷ്ഠാനങ്ങൾ ഇവയ്ക്ക് ലോപം ഭവിച്ചേക്കാനിടയുണ്ട്. തീരുമാനിച്ച കാര്യങ്ങളിൽ നിന്നും പിൻവാങ്ങിയേക്കും. ശത്രുക്കളെ ജയിക്കാൻ ക്ലേശിക്കും. വരവുകളിൽ കുറവുണ്ടാവാം. ഉറക്കക്കുറവ് അനുഭവപ്പെടും.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

അഷ്ടമശനി എന്നു പറയുന്ന ദോഷസമയമാണ്. ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധവേണം. മനസ്സുഖം കുറയാം. വിജയം നേടാൻ കൈമെയ് മറന്ന് അധ്വാനിക്കേണ്ടിവരും. വാഹനം ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണം. അകാരണമായ ഭീതിയുണ്ടാവാം. സാഹസം ഒഴിവാക്കുന്നതാവും ഉചിതം. ധനവരവ് പ്രതീക്ഷിച്ചത്ര ഉണ്ടാവില്ല.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

ഏഴാംരാശിയിലെ ശനി, കണ്ടകശനിയായി വിശേഷിപ്പിക്കപ്പെടുന്നു. പ്രധാനമായും ദാമ്പത്യം, പ്രണയം, കൂട്ടുകച്ചവടം, വിദേശയാത്ര ഇവയെ ശനി പ്രതികൂലമായി ബാധിക്കുന്നു. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ പരസ്പരവിശ്വാസം നഷ്ടമാകാം. പ്രണയത്തിന്റെ സ്നേഹോഷ്മളത കുറഞ്ഞേക്കാം. കൃഷിയിലും കച്ചവടത്തിലും പ്രയത്നത്തിനനുസരിച്ച് ഫലം കിട്ടിയില്ലെന്ന് വരാം. പങ്കുകച്ചവടത്തിൽ കലഹസാധ്യത കാണുന്നു. വിദേശയാത്രക്ക് അനുമതി ലഭിക്കാൻ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുന്നതായിരിക്കും. കലഹവാസനയെ നിയന്ത്രിക്കേണ്ടതുണ്ട്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ശനി ആറാമെടത്തിലാണ് സഞ്ചരിക്കുന്നത്. ജീവിതം പുഷ്ടിപ്പെടുന്ന കാലമാണ്.പല തരം നേട്ടങ്ങൾ കരഗതമാവും. രോഗദുരിതങ്ങൾ കുറയും. ഋണബാധ്യതയിൽ നിന്നും മോചനമുണ്ടാകും. കർമ്മമേഖലയിൽ വലിയ അഭിവൃദ്ധി വന്നുചേരുന്നതായിരിക്കും. നെടുനാളത്തെ ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടാം. മത്സരങ്ങളിൽ വിജയം പ്രതീക്ഷിക്കാം.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

ശനിയുടെ അഞ്ചാം രാശിയിലെ സഞ്ചാരഫലമായി സന്താന ക്ലേശമുണ്ടാകാം. ആലോചനകൾ അനന്തമായി നീളും. തീരുമാനങ്ങൾ മാറിമറിയും. നല്ലകാര്യങ്ങൾ നീണ്ടുപോകാം. കലാകാരന്മാർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കണമെന്നില്ല. പൈതൃകമായ സ്വത്തിന്മേൽ ചില ആദായങ്ങളുണ്ടായേക്കും. ദാമ്പത്യജീവിതത്തിൽ പിണക്കങ്ങളോ പരിഭവങ്ങളോ വന്നുചേരാനിടയുണ്ട്. വിവേകവും വികാരവും തമ്മിലുള്ള വടംവലികൾ മനസ്സിന്റെ സ്വാസ്ഥ്യത്തെ ദുർബലപ്പെടുത്താനുള്ള സാഹചര്യം കാണുന്നു.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

നാലാം രാശിയിലാണ് ശനിയുടെ സഞ്ചാരം. ഇത് കണ്ടകശനിയാണ്. വസ്തുസംബന്ധമായി അനാവശ്യമായ തർക്കങ്ങൾ ഉയരാം. വീട്ടിൽനിന്നും വിട്ടുനിൽക്കാനുള്ള തോന്നൽ ശക്തമാകും. മാതാവിന്റെ ആരോഗ്യസ്ഥിതി ആശങ്കയുയർത്താം. സുഹൃത്തുക്കളിൽ നിന്നും ആശിച്ച വിധത്തിലുള്ള പിന്തുണ ലഭിച്ചുകൊള്ളണമെന്നില്ല. വാതരോഗങ്ങൾ ഉപദ്രവിക്കാനിടകാണുന്നു. മനസ്സുഖം മരുമരീചികയാണെന്ന് വ്യക്തമാവും. ജോലിമാറാനുള്ള തീരുമാനം, മാറ്റിവെക്കുന്നതാവും സമുചിതം.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

സാമ്പത്തികമായി ഉയർച്ചവരാം. അധികാര കേന്ദ്രങ്ങളുമായി ദൃഢസൗഹൃദം സ്ഥാപിക്കാൻ കഴിയും. പൊതുപ്രവർത്തകർ തെരഞ്ഞെടുപ്പുകളിൽ വിജയിക്കും. വിദ്യാർത്ഥികളുടെ പഠനമികവ് അംഗീകരിക്കപ്പെടും. തൊഴിലിൽ വളർച്ച ദൃശ്യമാകും. ദാമ്പത്യം പ്രേമസുരഭിലമാകുന്നതാണ്. മക്കളുടെ ശ്രേയസ്സിൽ അഭിമാനം തോന്നും. കീർത്തി ഉയരും.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

ഏഴരശനി താത്കാലികമായിട്ടാ ണെങ്കിലും വന്നു ഭവിച്ചിരിക്കുകയാണ്. മുഖരോഗങ്ങൾക്ക് ചികിത്സ വേണ്ടി വരാം. എത്ര ശ്രമിച്ചാലും ലക്ഷ്യത്തിലെത്തണമെന്നില്ല. ധനപരമായി കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യപരിപാലനത്തിൽ വീഴ്ചയരുത്. അനാവശ്യ വിവാദങ്ങളിൽ തലയിടാതെ നോക്കണം. വാക്സ്ഥാനത്താണ് ശനി എന്നതിനാൽ സത്യം പറഞ്ഞാലും നുണയായിട്ടാവും വിലയിരുത്തപ്പെടുക. പണവരവ് ഒരുവിധം തൃപ്തികരമായിരിക്കും.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

ഏഴരശനിയിലെ ജന്മശനിയും കണ്ടകശനിയും ഒക്കെ ഒരുമിച്ച് വന്നെത്തിയിരിക്കുന്ന കാലമാണ്. സർവ്വകാര്യങ്ങളിലും ശ്രദ്ധയും ജാഗ്രതയും വേണ്ടതുണ്ട്. അർഹതക്ക് അംഗീകാരം കിട്ടണമെന്നില്ല. പരീക്ഷകളിൽ വലിയ വിജയം നേടിക്കൊള്ളണം എന്നുമില്ല. വ്യക്തിബന്ധങ്ങളുടെ ഊഷ്മളത കാത്തുസൂക്ഷിക്കാൻ ഏറെ ക്ലേശിക്കും. വൈദ്യപരിശോധനകളിൽ അലംഭാവമരുത്. ക്രയവിക്രയങ്ങളിൽ ചെറിയ നേട്ടങ്ങളെങ്കിലും വന്നു ചേരുന്നതായിരിക്കും. ദീർഘയാത്രകൾ മാറ്റി വെക്കുന്നതാവും നല്ലത്.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ)

ഏഴരശനി തുടരുകയാണ്. ചെലവുകൾ ക്രമാതീതമാവും. അപ്രതീക്ഷിതമായി പ്രവാസജീവിതത്തിന് സന്ദർഭമുണ്ടാകാം. ഉദ്യോഗസ്ഥർക്ക് ദൂരദിക്കുകളിൽ സ്ഥലംമാറ്റത്തിനിടയുണ്ട്. എന്നാൽ ശത്രുക്കളുടെ പ്രവർത്തനങ്ങളെ ഫലപ്രദമായി നേരിടും. ആധിവ്യാധികളെ അതിജീവിക്കും. വാക്കും പ്രവൃത്തിയും സമന്വയിപ്പിക്കാൻ വിഷമിക്കും. കപ്പിനും ചുണ്ടിനുമിടയിൽ ചില നേട്ടങ്ങൾ ചോർന്നുപോകുന്നത് ആത്മവിശ്വാസത്തെ ഹനിക്കാം. ഗൃഹനിർമ്മാണം മന്ദഗതിയിലാകും. ഉറപ്പിച്ച കാര്യങ്ങളിൽ നിന്നും പിന്നോട്ട് പോകുന്നത് ആക്ഷേപത്തിനിടയാക്കും.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

ശനി പതിനൊന്നിലാണ്. ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാനാവും. സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും. ക്രയവിക്രയങ്ങളിൽ നേട്ടങ്ങൾ കൈവരും. പ്രണയജീവിതം ശബളാഭമാകും. അവിവാഹിതർക്ക് വിവാഹജീവിതത്തിൽ പ്രവേശിക്കാൻ കഴിയുന്നതാണ്. തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനും പദവികൾ ലഭിക്കാനും സാധ്യതയുണ്ട്. കിടപ്പ് രോഗികൾക്ക് സമാശ്വാസകാലമാണ്. ബന്ധുക്കളുടെ സ്നേഹാദരങ്ങൾക്ക് പാത്രീഭവിക്കും.

Read More Astrology Stories Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Saturn shani transit to makara impact on various rashis