scorecardresearch

ശനി വക്രഗതിയിൽ

Saturn Retrogression 2023 Horoscope Astrological Predictions: ശനിയുടെ വക്രഗതി അടുത്ത നാലഞ്ച് മാസക്കാലത്തേക്ക് ഏതൊക്കെ രാശിക്കാർക്ക്, ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരമാവും / ദോഷപ്രദമാവും എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്

Saturn Retrogression 2023 Horoscope Astrological Predictions: ശനിയുടെ വക്രഗതി അടുത്ത നാലഞ്ച് മാസക്കാലത്തേക്ക് ഏതൊക്കെ രാശിക്കാർക്ക്, ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരമാവും / ദോഷപ്രദമാവും എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | Shani Vakragathiyil | ശനി വക്രഗതിയിൽ

Saturn Retrogression 2023 Horoscope Astrological Predictions

Saturn Retrogression 2023 Horoscope Astrological Predictions: വക്രത്തിൽ സഞ്ചരിക്കുന്ന ഗ്രഹത്തെ, വിശേഷിച്ചും പാപഗ്രഹത്തെ ‘ശക്തൻ’ എന്നാണ് വിളിക്കുക. ശനി മൂലക്ഷേത്രമായ കുംഭം രാശിയിൽ, ചതയം നക്ഷത്രത്തിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. അത് ശനിയുടെ ഒരു ബലസ്ഥാനം ആണ്. വക്രവും കൂടിയാവുമ്പോൾ കൂടുതൽ ശക്തനാവുന്നു. ശനിയുടെ പാപത്വം കുറയും; ദോഷശക്തി ന്യൂനീകരിക്കും എന്നിവയൊക്കെയാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നത്.

Advertisment

സൂര്യനിൽ നിന്നും 108 ഡിഗ്രി പിന്നിലാവുമ്പോൾ ശനിയുടെ വക്രം തുടങ്ങും. സൂര്യൻ മിഥുനം രാശിയിൽ 3 ഡിഗ്രി 19 മിനിറ്റിലും ശനി കുംഭം രാശിയിൽ 13 ഡിഗ്രി രണ്ട് 2 മിനിറ്റിലും സഞ്ചരിക്കുമ്പോഴാണ് വക്രം തുടങ്ങുന്നത്. ഇപ്പോൾ ഇരുഗ്രഹങ്ങളും തമ്മിൽ കൃത്യം 108 ഡിഗ്രി അകലമായിക്കഴിഞ്ഞു. വക്രം തുടങ്ങിയാൽ ശനി ആറ് ഡിഗ്രി മാത്രമാണ് പിന്നിൽ പോവുക. അതിനാൽ ശനി ഇപ്പോഴത്തെ വക്രഗതിയിൽ കുംഭം രാശിയിൽ തന്നെയാണ് ഉണ്ടാവുക.

ചതയം രണ്ടാം പാദത്തിലാണിപ്പോൾ ശനി. ചതയത്തിന്റെ രണ്ടും ഒന്നും പാദങ്ങൾ പിന്നിലേക്ക് പോയി, അവിട്ടം നാലാം പാദത്തിൽ സഞ്ചരിക്കുമ്പോൾ ശനിയുടെ വക്രം അവസാനിക്കും. 2023 ജൂൺ 21 മുതൽ നവംബർ 6 വരെ ഏതാണ്ട് 140 ദിവസമാണ് ശനിയുടെ വക്രകാലം. ശനിയുടെ വക്രഗതി അടുത്ത നാലഞ്ച് മാസക്കാലത്തേക്ക് ഏതൊക്കെ രാശിക്കാർക്ക്, ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരമാവും / ദോഷപ്രദമാവും എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ഗുണഫലമാണ്, ശനി ഇപ്പോൾ നൽകി വരുന്നത്. അത് കുറച്ചുകൂടി കൂടും. ഗൃഹത്തിലെ മുതിർന്നവർക്ക് സന്തോഷം ഭവിക്കും. അവരുടെ ആരോഗ്യകാര്യത്തിൽ മെച്ചം വരാം. പൂർവ്വികസ്വത്തുക്കൾ അനുഭവത്തിലും അവകാശത്തിലും വന്നെത്തും. അതുസംബന്ധിച്ച തർക്കങ്ങൾ പരിഹൃതമാവും. മക്കൾക്ക് ശ്രേയസ്സുണ്ടാവും. തൊഴിൽ പുഷ്ടിപ്പെടാം. വരുമാനം ഉയരുന്നതാണ്. വ്യക്തി, തൊഴിൽ കാര്യങ്ങളിൽ വിജയം ഉറപ്പാണ്.

Advertisment

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): കർമ്മരംഗത്തെ സമ്മർദ്ദങ്ങൾ കുറയുന്നതാണ്. പദവിയിൽ ഉയർച്ച ലഭിച്ചേക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞേക്കും. തടസ്സപ്പെട്ട് കിടന്നിരുന ആദായ മാർഗങ്ങൾ തുറന്നു കിട്ടും. അന്യദേശത്ത് പോയി പഠിക്കാൻ സാധിക്കും. ഉപരിപ്ലവമായ ചിന്ത ഉപേക്ഷിക്കും. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്തുന്നതിൽ വിജയം കാണും. തീർത്ഥാടനത്തിനും യോഗമുണ്ട്. കുടുംബാംഗങ്ങളുടെ ഇടയിൽ പരസ്പരവിശ്വാസം വർദ്ധിക്കും. കഫവാതരോഗങ്ങളിൽ ഗുണം പ്രതീക്ഷിക്കാം.

മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ): ഭാഗ്യാഭിവൃദ്ധി പ്രതീക്ഷിക്കാം പിതൃസ്വത്തിൽ നിന്നും വരുമാനം പ്രതീക്ഷിക്കാം. മുഖ്യതൊഴിലിൽ നിന്നും അല്ലാതെയും ചില വരുമാനമാർഗം തുറക്കപ്പെടും. വിരോധികളുടെ നീക്കങ്ങളെ മുളയിലെ നുള്ളാനാവും. വ്യാപാര വിപുലീകരണത്തിന് സാധ്യതയുണ്ട്. കുടുംബകാര്യങ്ങളിൾ കൂടുതൽ ഉത്തരവാദിത്വം വന്നുചേർന്നേക്കും. ജീവകാരുണ്യപവർത്തനങ്ങളിൽ ശ്രദ്ധയുണ്ടാവും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വിജ്ഞാന സമ്പാദനം നിർവിഘ്നകരമാവും. ജീവിതശൈലീ രോഗങ്ങളുള്ളവർ അലംഭാവം വെടിയണം.

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം): ക്ലേശങ്ങൾ കുറയുന്ന കാലമാണ്. അഷ്ടമശനിയുണ്ടാക്കുന്ന ദുരിതങ്ങൾ താൽകാലികമായെങ്കിലും അവസാനിക്കും. രോഗാവസ്ഥക്ക് ചികിൽസ ലഭ്യമാകും. തൊഴിൽ നവീകരണത്തിന് പ്രബലരുടെ പിന്തുണ വന്നുചേരും. മക്കൾക്ക് അന്യദേശത്ത് പഠനമോ തൊഴിലോ സിദ്ധിക്കും. വിവാഹതടസ്സങ്ങൾ നീങ്ങുന്നതാണ്. ഭൂമിസംബന്ധിച്ച ക്രയവിക്രയങ്ങളിൽ ശ്രദ്ധയുണ്ടാവണം. കടം വാങ്ങി കാര്യം നിർവഹിക്കുന്നതിൽ നിയന്ത്രണമുണ്ടാകണം.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം കാൽ): കണ്ടകശനി തുടരുകയാണെങ്കിലും തൽസംബന്ധമായി തുടരുന്ന ദുരിതങ്ങൾക്ക് കുറവുണ്ടാകും. തടസ്സപ്പെട്ടിരുന്ന പ്രോജക്ടുകൾ അധികൃതർക്ക് സമർപ്പിക്കാനാവും. കച്ചവട കാര്യങ്ങൾക്ക് വായ്പ, ചിട്ടി, ഇൻഷ്വറൻസ് തുടങ്ങിയ വഴികളിലൂടെ ധനം വന്നെത്തും. ദിവസവേതനക്കാർക്ക് കരാർ പുതുക്കിക്കിട്ടും. വൈവാഹിക തടസ്സങ്ങൾ നീങ്ങും എന്നതും പ്രധാന ഫലമാണ്. പഠനം, തൊഴിൽ ഇവയ്ക്കായി വിദേശയാത്രയുണ്ടാവാം. ദാമ്പത്യത്തിൽ അനുഭവപ്പെട്ടിരുന്ന അനൈക്യം താൽകാലികമായെങ്കിലും അവസാനിച്ചേക്കും. ആരോഗ്യ വിഷയത്തിൽ മെച്ചം പ്രതീക്ഷിക്കാം.

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): തൊഴിലിലെ ആലസ്യം മാറും. നവോന്മേഷം സംജാതമാകും. വ്യാപാരികളുടെ കെട്ടിക്കിടക്കുന്ന ഉല്പന്നങ്ങൾ ഒരു പരിധി വരെ വിറ്റഴിക്കാൻ സാധിക്കും. സാമ്പത്തിക ദുരിതത്തിന് തെല്ലെങ്കിലും ആശ്വാസം വന്നെത്തുന്നതാണ്. രോഗാരിഷ്ടകളാൽ ദുരിതം പേറുന്നവർക്ക് ഉചിതമായ ചികിൽസക്ക് അവസരം സംജാതമാകും. പല കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്നവർക്ക് പ്രസ്തുതക്ലേശത്തിന് പരിഹാരമാവും. മുടങ്ങിക്കിടക്കുന്ന വീടുപണി തുടരാനും സന്ദർഭം ഭവിക്കും. മക്കളുടെ കാര്യത്തിലുള്ള ഉൽക്കണ്ഠകൾക്കും പരിഹാരം ലഭിക്കാം.

തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): അതിചിന്തയും കർമ്മഭംഗവും കുടുംബക്ലേശവും ജീവിതത്തെ പിന്നിലേക്ക് വിളിച്ചിരുന്ന കാലത്തിന് അവസാനം വരികയാണ്. മക്കളുടെ കാര്യത്തിൽ ഉണ്ടായിരുന്ന ആകുലതയ്ക്ക് പരിഹാരം പ്രതീക്ഷിക്കാം. സാമ്പത്തികമായ അപര്യാപ്തതകൾ നീങ്ങും. സ്വന്തം തൊഴിലിൽ നിന്നും ആദായം കൂടും. ഉപരിപഠനത്തിന് അവസരങ്ങൾ സിദ്ധിക്കും. ദാമ്പത്യത്തിൽ അനുരഞ്ജനം സാധ്യമാകും. രോഗാവസ്ഥയ്ക്ക് മാറ്റം പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വായ്പാ തിരിച്ചടവ് സാധ്യമാകും. പുതുവാഹനം വാങ്ങാൻ കഴിയുന്നതാണ്.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): കണ്ടകശനി ഏൽപ്പിച്ചു കൊണ്ടിരിക്കുന്ന പരുക്കുകൾക്ക് താൽകാലിക മോചനമാവും. കർമ്മരംഗത്താവും മുഖ്യമായും ഗുണം അനുഭവപ്പെടുക. ജോലിയിലെ ആയാസവും സമ്മർദ്ദവും കുറയുന്നതാണ്. ഉദ്യോഗസ്ഥർക്ക് വീട്ടിനടുത്തേക്ക് സ്ഥലം മാറ്റം ലഭിക്കാം. വാഹനം, പുതിയത് വാങ്ങാനുള്ള ശ്രമം വിജയിച്ചേക്കും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ മാറ്റം ഭവിക്കുന്നതാണ്. ഗാർഹികജീവിതം സമാധാനപൂർണമാകും. അയൽവഴക്കുകൾ പരിഹൃതമാകാം. വരവ് കൂടുന്നതാണ്. നല്ല കാര്യങ്ങൾക്ക് ചെലവും വന്നേക്കാം.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): മൂന്നാം ഭാവത്തിൽ ഗുണഫലദാതാവായി തുടരുന്ന ശനി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതാണ്. വിദ്യാർത്ഥികൾ മത്സരത്തിൽ വിജയം ഉറപ്പിക്കും. രാഷ്ട്രീയ പോരാട്ടങ്ങളിൽ എതിർപ്പിനെ അനായാസം മറികടക്കും. ഭാഗ്യമില്ലായ്മ കൊണ്ട് തടസ്സപ്പെട്ടിരുന്ന കാര്യങ്ങൾ നിറവേറ്റപ്പെടും. തൊഴിലിൽ അഭിവൃദ്ധി വർദ്ധിക്കും. പ്രബലന്മാരുടെ പിന്തുണ അനുഭവത്തിലെത്തും. അനാരോഗ്യം മാറി ശരീരമാനസിക ബലം തിരികെക്കിട്ടും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ വന്നുചേരുന്നതാണ്. കുടുംബാംഗങ്ങൾക്കൊപ്പം വിദേശ യാത്രകൾ, മംഗളാനുഭവങ്ങൾ എന്നിവയുണ്ടാകും.

മകരക്കൂറിന് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി): ഗാർഹികമായ ചില പ്രശ്നങ്ങൾക്ക് ആശ്വാസം അനുഭവപ്പെടും. ഉത്തരവാദിത്വങ്ങൾ പങ്കിടാൻ മറ്റു ചിലർ മുന്നോട്ടുവരും. കിട്ടാനുള്ള കടം കുറച്ചൊക്കെ വന്നെത്തും. വ്യാപാരികൾക്ക് വരുമാനം വർദ്ധിക്കും. തിരിച്ചടവുകൾ മുടങ്ങാതിരിക്കും. പങ്കുകച്ചവടത്തിലെ പ്രശ്നങ്ങൾ പരിഹൃതമാവുന്നതാണ്. വിദേശത്ത് / അന്യദേശത്ത് പഠനത്തിന് അവസരം ലബ്ധമായേക്കും. തിമിരരോഗികൾക്ക് ഫലപ്രദമായ ശസ്ത്രക്രിയ നടന്നേക്കും. വാഗ്ദാനങ്ങൾ പാലിക്കാനാവും.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ): ജന്മശനിയുടെ ധൃതരാഷ്ട്രാലിംഗനത്തിന് അയവ് വരും. സാഹചര്യങ്ങൾ അനുഗുണമാവുന്നതാണ്. എതിർപ്പ് പ്രകടിപ്പിച്ചിരുന്നവർ അനുകൂലരാവും. കുടുംബപ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം കണ്ടെത്താനാവും. മാനസികസംഘർഷത്തിന് കുറച്ചൊക്കെ അയവ് വരുന്നതാണ്. ഉദ്യോഗസ്ഥലത്ത് നീതിയും പിന്തുണയും ലഭിച്ചേക്കും. ഉദ്യോഗാർത്ഥികൾക്ക് ചെറിയ വരുമാനമാർഗമെങ്കിലും തുറന്നുകിട്ടാതിരിക്കില്ല. രോഗസന്തപ്തർക്ക് സമാശ്വാസം അനുഭവപ്പെടുന്നതാണ്. ഭാവിയെ മുന്നിൽക്കണ്ട് പ്രവർത്തനങ്ങൾ നടത്താൻ ഇത് ഏറ്റവും ഉചിതമായ സന്ദർഭമാണ്.

മീനക്കൂറിന് (പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): രഹസ്യമായും പരസ്യമായും അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങൾക്ക് ചില പരിഹാരങ്ങൾ വന്നെത്തും. വ്യവഹാരം, നിയമപ്രശ്നങ്ങൾ എന്നിവയിലകപ്പെട്ടവർക്ക് ആശ്വസിക്കാൻ കഴിയും. അലച്ചിലുകൾ കുറയും. കാര്യസാധ്യം അല്പം കൂടി സുഗമമായേക്കും. പണച്ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. വീടുവിട്ടുനിൽക്കേണ്ടി വന്നവർക്ക് കുടുംബത്തോടൊപ്പം ചേരാൻ സാധിക്കുന്നതാണ്. രോഗഗ്രസ്തർക്ക് പുതുചികിൽസകൾ സഫലമാകും. കർക്കടകം, ചിങ്ങം, കന്നിമാസങ്ങളിൽ എല്ലാരംഗത്തും നല്ലഫലങ്ങൾ പ്രതീക്ഷിക്കാം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: