വ്യാഴം മേടമാസം വരെ മീനം രാശിയിൽ തുടരുന്നു. ശേഷം മേടത്തിൽ. ശനി മകരം ആദ്യം വരെ മകരത്തിൽ, തുടർന്ന് കുംഭത്തിലും. രാഹു മേടത്തിലും കേതു തുലാത്തിലും തുടരുകയാണ്. ഈ മലയാള വർഷം അവർക്ക് രാശിമാറ്റം ഇല്ല. ചൊവ്വ ഇടവം രാശിയിൽ കുറച്ചധികം കാലം സഞ്ചരിക്കുന്നു. പിന്നെ മിഥുനത്തിലും കർക്കടകത്തിലുമായിട്ടാണ് സഞ്ചാരം. ഇതാണ് 1198 ലെ സുപ്രധാന ഗ്രഹസ്ഥിതികൾ.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദത്തിന്)
താരതമ്യേന മകരമാസം മുതലാവും നല്ല മാറ്റം വന്നെത്തുക. അപ്പോൾ ശനി പതിനൊന്നിലാവുകയാൽ തൊഴിലിൽ മുന്നേറ്റവും സാമ്പത്തിക മെച്ചവും ഭവിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ആദായമുയരും. വ്യാഴത്തിന്റെ സ്ഥിതി മൂലം സൽക്കർമ്മങ്ങൾക്കും മക്കളുടെ ശ്രേയസ്സിനുമായി പണം ചെലവാകും. തൊഴിലിനായോ കുടുംബത്തോടൊപ്പം ചേരാനായോ വിദേശയാത്ര ഉണ്ടാകും. രാഹു കാര്യവിളംബം, അനാരോഗ്യം, അപകീർത്തി എന്നിവയ്ക്ക് വഴിതുറക്കും. ഏഴിലെ കേതു പ്രണയികളെ ആശാഭംഗത്തിലേക്ക് നയിക്കാം. വിവാഹാലോചനകൾ തടസ്സപ്പെടാം. ഭൂമിസംബന്ധിച്ച വ്യവഹാരങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ട്. ഗൃഹനിർമ്മാണത്തിന് പ്രാരംഭ നടപടികൾ സ്വീകരിക്കും. പ്രതിബന്ധങ്ങൾ ചിലപ്പോൾ മാനസിക സമ്മർദത്തിന് കാരണമാകാം. വിദ്യാഭ്യാസം ചെയ്യുന്നവർക്ക് പഠനത്തിൽ പുരോഗതിയുണ്ടാകും. വൃദ്ധജനങ്ങളുടെ കാര്യത്തിൽ കുടുംബാംഗങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്, ഉടമ്പടികളിൽ ഒപ്പുവെക്കാൻ തുലാം മാസം വരെ കാലം അനുകൂലമല്ല.
ഇടവക്കൂറിന് (കാർത്തിക 2,3,4 , രോഹിണി, മകയിരം1,2 പാദങ്ങൾ)
ഗുണഫലങ്ങൾ കൂടുതലും ചിങ്ങം തൊട്ട് മീനം വരെയുള്ള മാസങ്ങളിലാവും. തൊഴിലിൽ ഉയർച്ച വരും. പ്രൊഫഷണലുകൾക്ക് അംഗീകാരവും ആദരവും ലഭിക്കും. രാശിയിലെ ചൊവ്വയും പന്ത്രണ്ടിലെ രാഹുവും വഴക്കിനും വക്കാണത്തിനും സന്ദർഭം സൃഷ്ടിച്ചേക്കും. ചിലർക്ക് അന്യദേശത്തേക്ക് മാറിത്താമസിക്കേണ്ടി വരാം. പുതിയ സംരംഭങ്ങളിലേർപ്പെടും. അതിന് വർഷത്തിന്റെ ആദ്യപകുതിയിലാവും സാധ്യത. കലാകായിക രംഗത്തുള്ളവർക്ക് കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങളുണ്ടാകും. രാഷ്ട്രീയത്തിലുള്ളവർക്ക് ജനപിന്തുണ വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും. സൗഹൃദ ബന്ധങ്ങൾ ദൃഢമാകും. ഋണ ബാദ്ധ്യതയിൽ നിന്നും മുക്തി നേടും.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
പൈതൃക സ്വത്തിൽ അവകാശം ഭവിക്കും. ഉപരിപഠനത്തിന് വിദേശത്ത് പോകും. തൊഴിൽ തേടുന്നവർക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ / ഏജൻസികളിൽ അവസരം ലഭിക്കും. വിദേശത്ത് നിന്ന് ശുഭവാർത്തയുണ്ടാകും. കമിതാക്കൾക്കിടയിൽ സ്നേഹം ദൃഢമാകും. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ നയോപായത്തിലൂടെ പരിഹരിക്കും. പുതുവാഹനം വാങ്ങും. സർക്കാരിൽ നിന്നും സഹായധനം വന്നുചേരും. സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്തു കൊണ്ട് തൊഴിൽ സ്ഥാപനം നവീകരിക്കും. ഉദരരോഗം വിഷമിപ്പിച്ചേക്കാം. എതിർപ്പുകളെ തന്ത്രപരമായി തുരത്തും.
കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം)
മാനസോല്ലാസവും ഭൗതിക നേട്ടങ്ങളും ഉണ്ടാകുന്ന വർഷമാണ്. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഗൃഹനവീകരണം പൂർത്തീകരിക്കും. മക്കളുടെ ശ്രേയസ്സ് സന്തോഷത്തിന് ഇടവരുത്തും. യാത്രകളിലൂടെ വ്യാപാരം അഭിവൃദ്ധിപ്പെടുത്തും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം / ശമ്പളാധിക്യം എന്നിവ വന്നുചേരാം. അഷ്ടമശനിയുടെ പ്രവർത്തനം മൂലം ചെറിയ കാലത്തേക്കെങ്കിലും ആശുപത്രിവാസം ഉണ്ടായേക്കാം. അയൽപക്കവുമായി അതിർത്തി തർക്കത്തിന്റെ സാധ്യതകൾ തള്ളിക്കളയാനാവില്ല. തിരിച്ചടവുകളുടെ കാര്യത്തിൽ ആലസ്യം അരുത്. ജനിച്ച നാടും വീടും സകുടുംബം പോയി കാണും.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ധാരാളം യാത്ര ചെയ്യേണ്ടിവരും. ബന്ധു സമാഗമം, സുഹൃത്സമാഗമം എന്നിവയുണ്ടാവും. വിദേശത്ത് കഴിയുന്നവർ ജന്മനാട്ടിലേക്ക് മടങ്ങിവന്നേക്കും. പുതുസംരംഭങ്ങൾ തുടങ്ങാൻ വർഷത്തിന്റെ രണ്ടാം പകുതി അനുകൂലമാണ്. മക്കളുടെ വിവാഹം ഭംഗിയായി നടത്തും. കൃത്യനിർവഹണത്തിന് കൂടുതൽ ജാഗ്രത വേണ്ടിവരും. ജീവിതശൈലിരോഗങ്ങൾ ഉപദ്രവിക്കാം. സഹപ്രവർത്തകരുടെ പിന്തുണ ആർജിക്കും. രാഷ്ട്രീയ നേട്ടങ്ങൾക്കായി നിലപാടുകൾതിരുത്തും. സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുന്നതായിരിക്കും.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും. വിദേശ യാത്രകൾ കൊണ്ട് നേട്ടങ്ങളുണ്ടാകും. ബിസിനസ്സിൽ പുതിയ പങ്കാളികളെ ചേർക്കും. കടബാധ്യതകൾ പരിഹരിക്കും. നീണ്ട കാലമായി തുടരുന്ന രോഗങ്ങൾക്ക് പുതുചികിത്സകൾ ഫലിക്കും. വാഗ്വാദങ്ങളിൽ പരാജയപ്പെടാം. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുന്നതിൽ വിജയിക്കണമെന്നില്ല. വ്യവഹാരങ്ങൾ വർഷാന്ത്യത്തിൽ പ്രതികൂലമായേക്കും. കലാപരമായ സിദ്ധികൾക്ക് അംഗീകാരം ലഭിക്കും. വീടോ വാഹനമോ വാങ്ങാനുള്ള ശ്രമം ലക്ഷ്യം കാണും.
തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
വർഷാരംഭത്തിൽ ചില തിരിച്ചടികളുണ്ടായാലും ക്രമേണ പല നേട്ടങ്ങളും വന്നുചേരും. പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസ്സുകാർ കർമ്മരംഗം വിപുലീകരിക്കാൻ പദ്ധതികൾ തയ്യാറാക്കും. കുടുംബസമേതം ഉല്ലാസ യാത്രനടത്തും. ഊഹക്കച്ചവടത്തിൽ ലാഭം വർദ്ധിക്കും. പൊതുപ്രവർത്തകർക്ക് പുതിയ പദവികൾ കൈവരാം.സർക്കാർ ഉദ്യോഗസ്ഥർക്ക് വീട്ടിനടുത്തേക്ക് ജോലി മാറ്റം, സ്ഥാനക്കയറ്റം എന്നിവ ലഭിച്ചേക്കും. നാല്, അഞ്ച് രാശികളിലായി സഞ്ചരിക്കുന്ന ശനി ഗാർഹിക ക്ലേശം, മാതൃസൗഖ്യക്കുറവ്, ബന്ധുവിരോധം, മക്കളെച്ചൊല്ലിയുള്ള വിഷമങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. പ്രണയികൾ വർഷാന്ത്യത്തിൽ ദാമ്പത്യത്തിൽ പ്രവേശിക്കാനിടയുണ്ട്.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
സമൂഹത്തിന്റെ ആദരവ് നേടും. പുതുസംരംഭങ്ങൾ തുടങ്ങാനും വിജയിക്കാനും കഴിയും. വിദ്യാർത്ഥികൾക്ക് സഹായ ധനം, അംഗീകാരം എന്നിവ ലഭിക്കും. മക്കളില്ലാത്ത ദമ്പതികൾക്ക് സന്താനസൗഭാഗ്യം ഉണ്ടാവും. ഗുരുജനങ്ങളുടെ അനുഗ്രഹം നേടും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകുന്ന കാലമാണ്. കരാർപണികളിൽ നിന്നും ആദായമുണ്ടാകും. തെരഞ്ഞെടുപ്പുകളിൽ വിജയിക്കും. പഴയവീടോ വാഹനമോ സ്വന്തമാക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ വേഗത്തിൽ തിരിച്ചറിയും. വർഷാന്ത്യത്തിൽ ധനപരമായും തൊഴിൽപരമായും ചില വൈഷമ്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
വ്യക്തിപരമായി നേട്ടങ്ങൾക്ക് മുൻതൂക്കമുള്ള വർഷമാണ്. ഏഴര ശനി ഒഴിയുന്നതും വ്യാഴം 4, 5 ഭാവങ്ങളിൽ സഞ്ചരിക്കുന്നതും അനുകൂലമാണ്. വർഷത്തിന്റെ രണ്ടാം പകുതി ഗുണപ്രധാനമായിരിക്കും. കുടുംബപ്രശ്നങ്ങൾ മിക്കതും പരിഹരിക്കാനാവും. വാഹനം വാങ്ങാനോ ഗൃഹം നവീകരിക്കാനോ ഉള്ള ശ്രമങ്ങൾ വിജയിക്കും. ധനപരമായി കുറച്ചു കാലമായി ഉണ്ടായിരുന്ന ആശങ്കകൾ ഒഴിയും. രോഗാതുരതകൾക്ക് ലഘുത്വമോ ശമനമോ ഭവിക്കും. സന്താനങ്ങളുടെ ശ്രേയസ്സ് സന്തോഷമേകും. ആത്മവിശ്വാസത്തോടെ നവസംരംഭങ്ങൾ തുടങ്ങും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധയും വിശ്വാസവും വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിലെ അനൈക്യങ്ങൾ മാറും. ചെറുകിട വ്യപാരികൾ നേട്ടങ്ങൾ ഉണ്ടാക്കും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം,അവിട്ടം 1,2 പാദങ്ങൾ)
കർമ്മരംഗത്ത് ഉത്കർഷമുണ്ടാകും. വിവാദങ്ങളെ സമർത്ഥമായി മറികടക്കും. ഊഹക്കച്ചവടത്തിൽ ലാഭം കിട്ടുന്നതാണ്. സഹോദരാനുകൂല്യം ഭവിക്കും. കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തും. സൗഹൃദങ്ങൾ മനസ്സന്തോഷത്തിന് വഴിതുറക്കും. അനാവശ്യമായ യാത്രകൾ ഒഴിവാക്കുകയാവും ഉചിതം. ഗൃഹനിർമ്മാണത്തിന് അനുമതി കിട്ടും. എതിർപ്പുകളെ അവഗണിക്കും. അയൽബന്ധങ്ങളിൽ രമ്യത കുറയാം. വിജ്ഞാന സമ്പാദനത്തിനും സാങ്കേതികവിദ്യ നേടാനും സമയം കണ്ടെത്തും. ആരോഗ്യപരമായി കൂടുതൽ ജാഗ്രത പുലർത്തേണ്ട വർഷമാണ്.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം , പൂരുട്ടാതി 1,2,3 പാദങ്ങൾ)
വായ്പ, ചിട്ടി എന്നിവ മൂലം ധനക്കമ്മി പരിഹരിക്കുവാൻ ശ്രമിക്കും. തൊഴിലിൽ ചില അശാന്തികൾ ഉണ്ടായേക്കാം. വസ്തുതർക്കങ്ങൾ നീണ്ടുപോയേക്കാം. അന്യന്റെ കാര്യത്തിനായി സമയവും ഊർജ്ജവും കൂടുതൽ ചെലവഴിക്കുന്ന പ്രവണതയെ നിയന്ത്രിക്കേണ്ടതുണ്ട്. പ്രൊഫഷണലുകൾ വെല്ലുവിളികളെ മറികടക്കും. വിദേശയാത്രക്ക് കാലതാമസം ഏർപ്പെടാം. കരാറുകൾ പുതുക്കിക്കിട്ടും. ഏജൻസികൾ / ഫ്രാഞ്ചൈസികൾ എന്നിവ നടത്തുന്നവർക്ക് ചെറിയ ലാഭമെങ്കിലും വന്നുചേരാതിരിക്കില്ല. രാഷ്ട്രീയക്കാർക്ക് സ്ഥാനഭ്രംശമോ നേതൃത്വത്തിൽ നിന്നും ശാസനയോ നേരിടേണ്ടിവരും. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.
മീനക്കൂറിന് (പൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
വരവുചെലവുകൾ തുല്യമായിരിക്കും. ചില നിക്ഷേപങ്ങൾ പിൻവലിക്കാനും ലാഭകരമായ ചില മുതൽ മുടക്കുകൾ നടത്താനും ശ്രമിക്കും. വർഷത്തിന്റെ രണ്ടാംപകുതി മുതൽ ഏഴര ശനിക്കാലമാകയാൽ ക്രയവിക്രയങ്ങളിൽ ശ്രദ്ധ വേണം. സാമൂഹികമായി അംഗീകാരവും മാന്യതയും കൂടും. വിവാഹാവസരം വന്നുചേരും. കലാകായിക മത്സരങ്ങളിൽ വിജയം ഭവിക്കുന്നതാണ്. മാധ്യമരംഗം, അധ്യാപനം, സാങ്കേതിക തൊഴിൽ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം ഉണ്ടാവും. അഷ്ടമകേതു മൂലം ചില അവിചാരിതമായ ക്ലേശങ്ങൾ ഉണ്ടാവാം. കഠിനപ്രയത്നത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കും. മുഖ,പാദ രോഗങ്ങൾക്ക് ചികിത്സ വേണ്ടി വരുന്നതായിരിക്കും. ആസൂത്രണമികവ് അഭിനന്ദിക്കപ്പെടും.