/indian-express-malayalam/media/media_files/uploads/2023/10/Rahu-Kethu-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
രാഹു-കേതു രാശി മാറ്റം, നക്ഷത്രങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ?
Rahu Ketu Transit 2023 Star Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: 2023 ഒക്ടോബർ 30 ന് (1199 തുലാം 13 ന്) രാത്രി 9.30 ന് രാഹുവും കേതുവും രാശി മാറുന്നു. മേടം രാശിയിൽ നിന്നും മീനം രാശിയിലേക്ക് രാഹുവും, തുലാം രാശിയിൽ നിന്നും കന്നി രാശിയിലേക്ക് കേതുവും മാറുന്നു. 'അപസവ്യഗതിയിൽ' അഥവാ Anti-Clockwise രീതിയിൽ ആണ് രാഹുവും കേതുവും സഞ്ചരിക്കുന്നത് എന്നത് ഓർക്കുന്നത് ഇവിടെ സംഗതമായിരിക്കും. മറ്റു ഗ്രഹങ്ങൾ സവ്യഗതിയിൽ അഥവാ Clock Wise ആണ് സഞ്ചരിക്കുന്നത്.
ഒരു രാശിയിൽ ഒന്നര വർഷം അഥവാ 18 മാസം ഇരുഗ്രഹങ്ങളും പ്രതിലോമ ഗതിയിൽ സഞ്ചരിക്കുന്നു. ഇനി രാഹു 18 മാസം മീനം രാശിയിലും കേതു 18 മാസം കന്നിരാശിയിലും സഞ്ചരിക്കും. 2025 മേയ് മാസത്തിൽ രാഹു പിന്നിലേക്ക് സഞ്ചരിച്ച് കുംഭത്തിലേക്കും, കേതു പിന്നിലേക്ക് സഞ്ചരിച്ച് ചിങ്ങം രാശിയിലേക്കും മാറും.
ഗ്രഹനിലയിൽ പരസ്പരം ഏഴാം രാശിയിലാവും രാഹുകേതുക്കളുടെ നിൽപ്പും സഞ്ചാരവും. ആകെ 360 ഡിഗ്രിയാണ് രാശിചക്രത്തിന്റെ വ്യാപ്തി. ഇരുഗ്രഹങ്ങളും പരസ്പരം 180 ഡിഗ്രി അകലത്തിൽ ആവും എപ്പോഴും നിലകൊള്ളുക.
രാഹുവിനെ ശനിയോടും കേതുവിനെ ചൊവ്വയോടും ആചാര്യന്മാർ ഉപമിക്കുന്നു. ഏതു രാശിയിലാണോ നിൽക്കുന്നത് ആ രാശിയുടെ അധിപന്റെ സ്വഭാവവും പ്രകൃതവും ഈ ഗ്രഹങ്ങൾ പ്രകടിപ്പിക്കും. ഒപ്പം സഞ്ചരിക്കുന്ന ഗ്രഹം, നിൽക്കുന്ന നക്ഷത്രത്തിന്റെ അധിപനായ ഗ്രഹം എന്നിവയുടെ പ്രകൃതവും രാഹുകേതുക്കൾക്ക് ഉണ്ടാവും.
'Dragon's Head' എന്നിങ്ങനെ രാഹുവിനെയും 'Dragon's Tail' എന്നിങ്ങനെ കേതുവിനെയും പാശ്ചാത്യർ സംബോധന ചെയ്യുന്നു. ശാസ്ത്രജ്ഞരുടെ ഭാഷയിൽ ആരോഹണ പാതൻ അഥവാ Ascending Node ആണ് രാഹു. അവരോഹണ പാതൻ അഥവാ Descending Node ആണ് കേതു. ഗ്രഹനിലയിൽ സർപ്പൻ എന്നതിലെ ആദ്യാക്ഷരമായ 'സ' രാഹുവിനെയും, ശിഖി എന്നതിലെ ആദ്യാക്ഷരമായ 'ശി' കേതുവിനെയും സൂചിപ്പിക്കുന്നു. നവഗ്രഹങ്ങളിൽ നിഴൽ ഗ്രഹങ്ങളാണ് (Shadow Planets) രാഹുകേതുക്കൾ.
പാപഗ്രഹങ്ങൾ, അശുഭഗ്രഹങ്ങൾ, രാക്ഷസ ഗ്രഹങ്ങൾ എന്നീ വിശേഷണങ്ങളുമുണ്ട്. നിൽക്കുന്ന അഥവാ സഞ്ചരിക്കുന്ന രാശിയുടെ 3,6,11 എന്നീ ഭാവങ്ങളിൽ മാത്രമാണ് രാഹുവും അതെ, കേതുവും അതെ, ഗുണദാതാക്കളാവുന്നത്. ജന്മരാശിയിലും 8, 12 എന്നീ രാശികളിലും അതിദോഷപ്രദന്മാരാണ്. മറ്റു ഭാവങ്ങളിലും പ്രായേണ പ്രതികൂല ഫലദാതാക്കളാണ് രാഹുവും കേതുവും.
ഓരോ നക്ഷത്രത്തിലും ശരാശരി 8 മാസം ആണ് രാഹു - കേതു സഞ്ചാരം. 2023 ഒക്ടോബർ 30 മുതൽ 8 മാസം, 2024 ജൂലയ് ആദ്യ ആഴ്ച വരെ രാഹു രേവതി നാളിലും പിന്നീട് 8 മാസം ഉത്രട്ടാതിയിലും, പിന്നീട് 8 മാസം പൂരൂരുട്ടാതിയിലും എന്ന ക്രമത്തിൽ പിന്നിലേക്ക് സഞ്ചരിക്കുന്നു. കേതു തുലാം രാശിയിൽ ചിത്തിര 4,3 പാദങ്ങളിൽ സഞ്ചരിച്ച് കന്നി രാശിയിൽ ആദ്യ നാലുമാസം (2024 മാർച്ച് ആദ്യ ആഴ്ച വരെ) ചിത്തിര 2,1 പാദങ്ങളിലും തുടർന്ന് 8 മാസം (2024 നവംബർ വരെ) അത്തം നാളിലും പിന്നീട് 8 മാസം ഉത്രം നാളിലും എന്ന ക്രമത്തിൽ പിന്നിലേക്ക് നീങ്ങുന്നു.
രാഹുവിന്റെയും കേതുവിന്റെയും മീനം- കന്നി രാശികളിലെ സഞ്ചാരം മേടക്കൂറു മുതൽ മീനക്കൂറുവരെയുള്ള പന്ത്രണ്ട് രാശികളിലും അവയ്ക്കുള്ളിലെ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിലും ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന അന്വേഷണം ഇവിടെ വിശദമായി അവതരിപ്പിക്കുന്നു.
ധനുക്കൂറിന്
(മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): രാഹു, ധനുക്കൂറിന്റെ അഞ്ചാമെടത്തുനിന്നും നാലാമെടത്തേക്ക് മാറുന്നു. കേതു, പതിനൊന്നാമെടത്തിൽ നിന്നും പത്താമെടത്തിലേക്ക് പകരുന്നു. നാലാമെടം കൊണ്ട് ഗൃഹവും സുഹൃത്തുക്കളും ബന്ധുക്കളും ചിന്തിക്കപ്പെടുന്നു. വാഹനം, മനസ്സ്, അമ്മ എന്നിവയും നാലാമെടം കൊണ്ടാണ് മനസ്സിലാക്കപ്പെടുക. രാഹു, നാലാം ഭാവത്തിലേക്ക് വരികയാൽ ഇവയ്ക്കെല്ലാം ചെറുതോ വലുതോ ആയ രീതിയിൽ പോരായ്മകളും പരാധീനതകളും വരുന്നതാണ്. സുഹൃത്തുക്കളും ബന്ധുക്കളും പിണങ്ങാം. സഹായവാഗ്ദാനങ്ങൾ നിറവേറപ്പെടാതെ പോകാം. ഗൃഹനിർമ്മാണം പതുക്കെയാകുന്നതാണ്. വാഹനത്തിന് മെയിന്റനൻസ് വേണ്ട സ്ഥിതിയുണ്ടാവാം. വളർത്തുമൃഗങ്ങളാൽ ഉപദ്രവം ഭവിച്ചേക്കാം. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ ഉൽക്കണ്ഠ ഉണ്ടായേക്കാം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിൽ പ്രശ്നങ്ങൾ വന്നെത്താനിടയുണ്ട്.
കേതുവിന്റെ സ്ഥിതിയും അത്ര അനുകൂലമല്ല. തൊഴിലിൽ മാന്ദ്യം, തൊഴിൽ ചെയ്യുന്നതിന് ഉത്സാഹക്കുറവ് എന്നിവ അനുഭവപ്പെട്ടേക്കാം. തൊഴിൽ തേടുന്നവരുടെ കാത്തിരിപ്പ് നീളുന്നതാണ്. ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ളവരുടെ പിന്തുണ കിട്ടിയെന്ന് വരില്ല. ചുമതലകൾ പൂർത്തിയാക്കുന്നതിൽ ക്ലേശിച്ചേക്കും. ദൂരദിക്കുകളിലേക്ക് അപ്രതീക്ഷിത സ്ഥലം മാറ്റവും ഒരു സാധ്യതയാണ്.
മകരക്കൂറിന്
(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): രാഹു, മകരക്കൂറിന് നാലാമെടുത്തു നിന്നും മൂന്നാമെടത്തിലേക്ക് പകരുന്നു. കേതു, പത്താം ഭാവത്തിൽ നിന്നും ഒമ്പതാം ഭാവത്തിലേക്കും മാറുന്നു.പാപഗ്രഹങ്ങൾ മൂന്നാം രാശിയിൽ ഗുണദാതാക്കളത്രെ! അതിനാൽ മീനത്തിലെ രാഹു, മകരക്കൂറുകാർക്ക് ധാരാളം നേട്ടങ്ങൾ സൃഷ്ടിക്കും.
പഠനത്തിൽ മികവുണ്ടാകുന്നതാണ്. ഗവേഷണം ഭംഗിയായി പൂർത്തീകരിക്കാനാവും. നവസംരംഭങ്ങൾ തുടങ്ങാനായേക്കും. നവമാധ്യമങ്ങളിൽ പുതിയ ആശയങ്ങളുമായി മുന്നോട്ടു പോകാൻ കഴിയുന്നതാണ്. നിലവിലെ ജോലിയിൽ പുരോഗമനാത്മകമായ മാറ്റം വന്നെത്തും. പ്രമുഖരുടെ ഒത്താശയുണ്ടാവും. കുടുംബജീവിതം ഐശ്വര്യപൂർണമാകുന്നതാണ്. ഗൃഹനിർമ്മാണം പൂർത്തീകരിക്കുവാൻ സാധിച്ചേക്കും. മാനസികവും ശാരീരികവും ആയ ആരോഗ്യം മെച്ചപ്പെടുന്നതാണ്.
പത്താം ഭാവത്തിൽ നിന്നും കേതു ഒമ്പതിലേക്കു വരികയാൽ ഉപാസനാദികൾക്കും ദൈവവഴിപാടുകൾക്കും തടസ്സം വരാം. സൽകർമ്മങ്ങൾ നീട്ടി വെക്കേണ്ടതായ സ്ഥിതി സംജാതമാകാം. ചില പ്രവർത്തനങ്ങൾ സജ്ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയേക്കാം. പിതാവിന്റെ വിരോധം നേടാനിടയുണ്ട്. വളരെ ചെറിയ നേട്ടങ്ങൾ വന്നുചേരുകയും ചെയ്യും.
കുംഭക്കൂറിന്
(അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ): രാഹു, കുംഭക്കൂറുകാർക്ക്, മൂന്നാം ഭാവത്തിൽ നിന്നും രണ്ടിലേക്കും, കേതു, ഒമ്പതിൽ നിന്നും എട്ടാം ഭാവത്തിലേക്കും വരുന്നു. രണ്ടാം ഭാവത്തിലേക്ക് വരുന്ന രാഹു, ദോഷപ്രദനാണ്. മാരകസ്ഥാനമാണ് രണ്ടാമെടം. കാര്യതടസ്സം ഭവിക്കുന്നതാണ്. മനസ്സിൻ ഭയപ്പാടുകൾ വരാം. സൽചിന്തകൾ മറയും. തെറ്റായ കാര്യങ്ങൾ ചെയ്യാൻ പ്രേരണയുണ്ടാകാം. അധികാരികളുടെ കണ്ണിലെ കരടാകും. കടബാധ്യത വർദ്ധിച്ചേക്കാം. വലിയ സാമ്പത്തിക മുതൽ മുടക്ക് വേണ്ട കാര്യങ്ങൾ തുടങ്ങാതിരിക്കുകയാണ് അഭികാമ്യം.
ഉയർന്ന പദവികൾ ലഭിക്കാനുള്ള ശ്രമം വിജയം കാണണമെന്നില്ല. ചെറുതും വലുതുമായ എല്ലാ പ്രവർത്തനങ്ങളും ആലോചനാപൂർവ്വം വേണം നിർവഹിക്കുവാൻ. വിദ്യാർത്ഥികൾക്ക് പഠനത്തിൽ തടസ്സം വരാനിടയുണ്ട്.
കേതു, അഷ്ടമത്തിലാകയാൽ ദോഷാധിക്യം തന്നെയാണ് ഫലം. സാഹസങ്ങൾ ഒഴിവാക്കണം. വാഹനം, അഗ്നി ഇവയുടെ ഉപയോഗം കരുതലോടെ വേണ്ടതുണ്ട്. സാംക്രമിക രോഗങ്ങൾ ബാധിക്കാൻ സാധ്യത കാണുന്നു.
മീനക്കൂറിന്
(പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): രാഹു, മീനക്കൂറിന് രണ്ടാം രാശിയിൽ നിന്നും ജന്മരാശിയിലേക്ക് പകരുന്നു. കേതു, അഷ്ടമത്തിൽ നിന്നും ഏഴാം ഭാവത്തിലേക്കും മാറുന്നു. ജന്മരാഹു, ക്ലേശാനുഭവത്തെ സൂചിപ്പിക്കുന്നു. ജന്മശനിക്ക് തുല്യമായ തിക്താനുഭവങ്ങൾ രാഹുവും നൽകിയേക്കാം. വ്യക്തിത്വപ്രതിസന്ധി ഉണ്ടാവാം. ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തേക്കാം. എല്ലാക്കാര്യത്തിലും വിശാലമായ ചിന്താഗതി പുലർത്തിയവർ അല്പം ഇടുങ്ങിയതെന്ന് പറയാവുന്ന ചിന്താഗതിയിലേക്ക് നീങ്ങാനിടയുണ്ട്. പ്രവർത്തനം മന്ദഗതിയിലായേക്കാം.
നല്ല തീരുമാനങ്ങൾ എടുക്കാനാവാതെ കുഴങ്ങുന്ന സ്ഥിതിയും ഒരു സാധ്യതയാണ്. പാപകർമ്മാസക്തിയും പറയാറുണ്ട്, ജന്മരാഹുവിന്. എട്ടാമെടത്തിൽ നിന്നും കേതു ഏഴാമെടത്തിലേക്ക് വരുന്നത് ചില കാര്യങ്ങളിലെങ്കിലും തെല്ല് ആശ്വാസകരമാണ്. ആയുർഭീതി, കാര്യവിഘ്നം, ബന്ധനം എന്നിവ നീങ്ങാം. എന്നാൽ പ്രണയം, ദാമ്പത്യം, കൂട്ടുകച്ചവടം ഇവയെ പ്രതികൂലമായി ബാധിച്ചേക്കും. വിദേശയാത്ര, അന്യദേശത്ത് പഠനം, ഭാര്യാഭർത്താക്കന്മാർ പിരിഞ്ഞുതാമസിക്കൽ എന്നിവയും ഏഴിലെ കേതു നൽകുന്ന ഫലങ്ങളിൽ ഉൾപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.