scorecardresearch

Rahu Ketu Transit 2023 Star Predictions, Makam to Thrikketta Stars: രാഹു-കേതു രാശി മാറ്റം, മകം മുതൽ തൃക്കേട്ട വരെയുള്ളവരെ എങ്ങനെ ബാധിക്കും?

Rahu Ketu transit 2023 Star Predictions, Makam to Thrikketta Stars: രാഹു-കേതു രാശി മാറ്റം മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ ജീവിതത്തെ അതു എങ്ങനെ സ്വാധീനിക്കും?

Rahu Ketu transit 2023 Star Predictions, Makam to Thrikketta Stars: രാഹു-കേതു രാശി മാറ്റം മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ ജീവിതത്തെ അതു എങ്ങനെ സ്വാധീനിക്കും?

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | ജ്യോതിഷം

രാഹു-കേതു രാശി മാറ്റം, നക്ഷത്രങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ?

Rahu Ketu Transit 2023 Star Predictions  Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 ഒക്ടോബർ 30 ന് (1199 തുലാം 13 ന്) രാത്രി 9.30 ന് രാഹുവും കേതുവും രാശി മാറുന്നു. മേടം രാശിയിൽ നിന്നും മീനം രാശിയിലേക്ക് രാഹുവും, തുലാം രാശിയിൽ നിന്നും കന്നി രാശിയിലേക്ക് കേതുവും മാറുന്നു. 'അപസവ്യഗതിയിൽ' അഥവാ Anti-Clockwise രീതിയിൽ ആണ് രാഹുവും കേതുവും സഞ്ചരിക്കുന്നത് എന്നത് ഓർക്കുന്നത് ഇവിടെ സംഗതമായിരിക്കും. മറ്റു ഗ്രഹങ്ങൾ സവ്യഗതിയിൽ അഥവാ Clock Wise ആണ് സഞ്ചരിക്കുന്നത്.

Advertisment

ഒരു രാശിയിൽ ഒന്നര വർഷം അഥവാ 18 മാസം ഇരുഗ്രഹങ്ങളും പ്രതിലോമ ഗതിയിൽ സഞ്ചരിക്കുന്നു. ഇനി രാഹു 18 മാസം മീനം രാശിയിലും കേതു 18 മാസം കന്നിരാശിയിലും സഞ്ചരിക്കും. 2025 മേയ് മാസത്തിൽ രാഹു പിന്നിലേക്ക് സഞ്ചരിച്ച് കുംഭത്തിലേക്കും, കേതു പിന്നിലേക്ക് സഞ്ചരിച്ച് ചിങ്ങം രാശിയിലേക്കും മാറും.

ഗ്രഹനിലയിൽ പരസ്പരം ഏഴാം രാശിയിലാവും രാഹുകേതുക്കളുടെ നിൽപ്പും സഞ്ചാരവും. ആകെ 360 ഡിഗ്രിയാണ് രാശിചക്രത്തിന്റെ വ്യാപ്തി. ഇരുഗ്രഹങ്ങളും പരസ്പരം 180 ഡിഗ്രി അകലത്തിൽ ആവും എപ്പോഴും നിലകൊള്ളുക.

രാഹുവിനെ ശനിയോടും കേതുവിനെ ചൊവ്വയോടും ആചാര്യന്മാർ ഉപമിക്കുന്നു. ഏതു രാശിയിലാണോ നിൽക്കുന്നത് ആ രാശിയുടെ അധിപന്റെ സ്വഭാവവും പ്രകൃതവും ഈ ഗ്രഹങ്ങൾ പ്രകടിപ്പിക്കും. ഒപ്പം സഞ്ചരിക്കുന്ന ഗ്രഹം, നിൽക്കുന്ന നക്ഷത്രത്തിന്റെ അധിപനായ ഗ്രഹം എന്നിവയുടെ പ്രകൃതവും രാഹുകേതുക്കൾക്ക് ഉണ്ടാവും.

Advertisment

'Dragon's Head' എന്നിങ്ങനെ രാഹുവിനെയും 'Dragon's Tail' എന്നിങ്ങനെ കേതുവിനെയും പാശ്ചാത്യർ സംബോധന ചെയ്യുന്നു. ശാസ്ത്രജ്ഞരുടെ ഭാഷയിൽ ആരോഹണ പാതൻ അഥവാ Ascending Node ആണ് രാഹു. അവരോഹണ പാതൻ അഥവാ Descending Node ആണ് കേതു. ഗ്രഹനിലയിൽ സർപ്പൻ എന്നതിലെ ആദ്യാക്ഷരമായ 'സ' രാഹുവിനെയും, ശിഖി എന്നതിലെ ആദ്യാക്ഷരമായ 'ശി' കേതുവിനെയും സൂചിപ്പിക്കുന്നു. നവഗ്രഹങ്ങളിൽ നിഴൽ ഗ്രഹങ്ങളാണ് (Shadow Planets) രാഹുകേതുക്കൾ.

പാപഗ്രഹങ്ങൾ, അശുഭഗ്രഹങ്ങൾ, രാക്ഷസ ഗ്രഹങ്ങൾ എന്നീ വിശേഷണങ്ങളുമുണ്ട്. നിൽക്കുന്ന അഥവാ സഞ്ചരിക്കുന്ന രാശിയുടെ 3,6,11 എന്നീ ഭാവങ്ങളിൽ മാത്രമാണ് രാഹുവും അതെ, കേതുവും അതെ, ഗുണദാതാക്കളാവുന്നത്. ജന്മരാശിയിലും 8, 12 എന്നീ രാശികളിലും അതിദോഷപ്രദന്മാരാണ്. മറ്റു ഭാവങ്ങളിലും പ്രായേണ പ്രതികൂല ഫലദാതാക്കളാണ് രാഹുവും കേതുവും.

ഓരോ നക്ഷത്രത്തിലും ശരാശരി 8 മാസം ആണ് രാഹു - കേതു സഞ്ചാരം. 2023 ഒക്ടോബർ 30 മുതൽ 8 മാസം, 2024 ജൂലയ് ആദ്യ ആഴ്ച വരെ രാഹു രേവതി നാളിലും പിന്നീട് 8 മാസം ഉത്രട്ടാതിയിലും, പിന്നീട് 8 മാസം പൂരൂരുട്ടാതിയിലും എന്ന ക്രമത്തിൽ പിന്നിലേക്ക് സഞ്ചരിക്കുന്നു. കേതു തുലാം രാശിയിൽ ചിത്തിര 4,3 പാദങ്ങളിൽ സഞ്ചരിച്ച് കന്നി രാശിയിൽ ആദ്യ നാലുമാസം (2024 മാർച്ച് ആദ്യ ആഴ്ച വരെ) ചിത്തിര 2,1 പാദങ്ങളിലും തുടർന്ന് 8 മാസം (2024 നവംബർ വരെ) അത്തം നാളിലും പിന്നീട് 8 മാസം ഉത്രം നാളിലും എന്ന ക്രമത്തിൽ പിന്നിലേക്ക് നീങ്ങുന്നു.

രാഹുവിന്റെയും കേതുവിന്റെയും മീനം- കന്നി രാശികളിലെ സഞ്ചാരം മേടക്കൂറു മുതൽ മീനക്കൂറുവരെയുള്ള പന്ത്രണ്ട് രാശികളിലും അവയ്ക്കുള്ളിലെ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിലും ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന അന്വേഷണം ഇവിടെ വിശദമായി അവതരിപ്പിക്കുന്നു.

ചിങ്ങക്കൂറിന്

(മകം, പൂരം, ഉത്രം ഒന്നാം പാദം): രാഹു, ഭാഗ്യസ്ഥാനമായ ഒമ്പതാമെടത്തിൽ നിന്നും ദു:സ്ഥാനമായ എട്ടാമെടത്തിലേക്കും കേതു അനുകൂല ഭാവമായ മൂന്നാമെടത്തിൽ നിന്നും പ്രതികൂല ഭാവമായ രണ്ടാമെടത്തിലേക്കും മാറുകയാണ്. എട്ടിലെ രാഹു, ദോഷപ്രദനാണ്. നിർഭാഗ്യമനുഭവപ്പെടും. അച്ഛന്റെ സ്വത്തുക്കൾ സംബന്ധിച്ച വ്യവഹാരത്തിൽ തോൽവിയുണ്ടാകാം. അനാവശ്യമായ ഭയപ്പാടുകൾ മനസ്സിൽ നിറയാം. പൊതുവേ നിരുന്മേഷത അനുഭവപ്പെടാം.

പല പ്രവൃത്തികളും ലക്ഷ്യത്തിലെത്താൻ അകാരണമായ കാലവിളംബം ഭവിച്ചേക്കാം. ആദ്ധ്യാത്മിക കാര്യങ്ങൾ മുടങ്ങാനിടയുണ്ട്. ബന്ധുവിയോഗം, ദേഹക്ലേശം തുടങ്ങിയ അനുഭവങ്ങളും സാധ്യതയിലുണ്ട്. രണ്ടാമെടം മുഖ്യമായും വാക്-ധന- കുടുംബ സ്ഥാനമാണ്. കേതു അവിടെ സ്ഥിതി ചെയ്യുകയാൽ ധനപരമായ ക്ലേശങ്ങൾ വന്നുചേരും. പണമെടപാടുകളിൽ പഴി കേൾക്കേണ്ടതായി വന്നേക്കാം. മുഖരോഗങ്ങൾ വലയ്ക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനവൈകല്യം ഭവിക്കാം.

കന്നിക്കൂറിന്

(ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): രാഹു, കന്നിക്കൂറിന്റെ എട്ടാമെടത്തിൽ നിന്നും ഏഴാമെടത്തിലേക്ക് മാറുന്നു. കേതു, രണ്ടാമെടത്തിലായിരുന്നത് ഇനി ജന്മരാശിയിലേക്ക് പകരുന്നു. ജന്മകേതു എന്നു പറയും. എട്ടിലെ രാഹു ദുരിത കർത്താവാണ്. അങ്ങനെ നോക്കുമ്പോൾ രാഹുവിന്റെ ഏഴാം ഭാവത്തിലേക്കുള്ള മാറ്റം കന്നിക്കൂറുകാർക്ക് തെല്ല് ആശ്വാസകരമാണ്. ഏഴാമെടം പ്രണയം, ദാമ്പത്യം എന്നിവയെ കുറിക്കുന്നു. അതിനാൽ പ്രണയത്തിൽ പരാജയം വരാം. ദാമ്പത്യത്തിൽ ഇണക്കവും പിണക്കവും തുടർക്കഥയായേക്കും. ആടിയുലഞ്ഞ ബന്ധങ്ങൾ പിരിഞ്ഞേക്കാം. പങ്കുകച്ചവടത്തിൽ സ്വസ്ഥത കുറയും. വീടുവിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാവാം. ആലോചനാപൂർവ്വമായ തീരുമാനങ്ങളും കരുതലും വേണ്ടതുണ്ട്.

കേതു ജന്മരാശിയിൽ സഞ്ചരിക്കുകയാൽ രോഗാവസ്ഥ അധികരിക്കാം. സാംക്രമിക രോഗങ്ങൾക്ക് എളുപ്പം വിധേയരായേക്കും. മനസ്സിൽ പെട്ടെന്ന് ക്ഷോഭം ഉണ്ടാവുന്നതാണ്. അഗ്നി, ആയുധം, വൈദ്യുതി എന്നിവ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. യോഗ, ധ്യാനം, മനോനിയന്ത്രണ മാർഗങ്ങൾ എന്നിവ പരിശീലിക്കുന്നത് നന്നായിരിക്കും.

തുലാക്കൂറിന്

(ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ) രാഹു, തുലാക്കൂറിന്റെ ഏഴാമെടത്തിൽ നിന്നും ആറാമെടത്തിലേക്കും കേതു, ജന്മരാശിയിൽ നിന്നും പന്ത്രണ്ടാമെടത്തിലേക്കും പകരുന്നു. ഇപ്പോൾ സംഭവിക്കുന്ന രാഹുവിന്റെ രാശിമാറ്റം ഏറ്റവും ഗുണകരമാവുന്ന കൂറുകളിലൊന്ന് തുലാക്കൂറാണ്. ആറാമെടത്തിലെ പാപഗ്രഹങ്ങൾ വലിയ തോതിലുള്ള നേട്ടങ്ങൾക്ക് കാരണമാകും. രാഹുവിന്റെ കാര്യവും അപ്രകാരം തന്നെയാണ്.

ജീവിതനിലവാരം ഉയരുമെന്നതിൽ സന്ദേഹം വേണ്ടതില്ല. സാമ്പത്തിക്ലേശം നീങ്ങി, നിക്ഷേപങ്ങളുണ്ടാവും. സ്വന്തം തൊഴിലിൽ അഭ്യുദയം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി, വേതനവർദ്ധനവ് ഇവ പ്രതീക്ഷിക്കാം. രോഗദുരിതങ്ങൾ നിയന്ത്രണത്തിലാവും. ശത്രുക്കളെക്കൊണ്ടുള്ള ഉപദ്രവം വഴിമാറിപ്പോകുന്നതാണ്. കുടുംബസൗഖ്യം മറ്റൊരു പ്രധാന അനുഭവമായിരിക്കും.

ജന്മകേതു മാറുന്നത് വലിയൊരു ആശ്വാസമാണ്. എങ്കിലും പന്ത്രണ്ടിലെ കേതു ചില കഷ്ടനഷ്ടങ്ങൾ വരുത്തിയേക്കാം. ചിലർക്ക് അന്യനാട്ടിൽ ജീവിതം കരുപ്പിടിപ്പിക്കേണ്ട സാഹചര്യം സംജാതമാകും. വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസം വേണ്ടി വന്നേക്കും. ചിലപ്പോഴെങ്കിലും മനസ്സ് നന്മയിൽ നിന്നും വ്യതിചലിച്ചേക്കാം. ചെലവ് അധികരിക്കാൻ സാധ്യതയുണ്ട്. പാദരോഗങ്ങൾ ഉപദ്രവിച്ചേക്കാം.

വൃശ്ചികക്കൂറിന്

(വിശാഖാം നാലാംപാദം, അനിഴം, തൃക്കേട്ട): രാഹു, വൃശ്ചികക്കൂറിന് ആറാമെടത്തായിരുന്നു. ഇനി അഞ്ചാമെടത്തിലേക്ക് മാറുന്നു. കേതു പന്ത്രണ്ടാം രാശിയിലായിരുന്നു. ഇനി പതിനൊന്നാമെടത്തിലേക്ക് പകരുന്നു. ഗുണകരവും ക്ഷേമപ്രദവുമായ സ്ഥാനമാണ് ആറാമെടം. രാഹു അവിടെ നിന്നും അഞ്ചിലെത്തുമ്പോൾ ഗുണം കുറയുന്നു. കാര്യങ്ങളുടെ ശീഘ്രത മെല്ലെപ്പോക്കായി മാറുന്നു.

ബുദ്ധി അലസമാകുന്നു. പലതും സമയബന്ധിതമായി തീർക്കാൻ ഉത്സാഹം കാട്ടാതെ വരും. നല്ല ഉപദേശം എന്ന് കരുതി ദുർബോധനങ്ങളുടെ പിറകെ പോകും. അഞ്ചാമെടം മക്കളെ ചിന്തിക്കുന്ന ഭാവം കൂടിയാണ്. അതിനാൽ മക്കളുടെ പരിപാലനം, പഠിപ്പ് തുടങ്ങിയ കാര്യങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാണ്.
ഉദരരോഗത്തിന് ചികിൽസ വേണ്ടിവരാം.

അനിഷ്ടഭാവത്തിൽ നിന്നും നീങ്ങി ഇഷ്ടഭാവത്തിലാണ് കേതു വരുന്നത്. നേർവഴിയിലൂടെയും കുറുക്കുവഴികളിലൂടെയും സമ്പാദ്യമുണ്ടാവും. കച്ചവടത്തിൽ ആദായമുയരും. സകുടുംബം വിനോദയാത്രകൾക്കും തീർത്ഥാടനത്തിനും അവസരം സിദ്ധിക്കും. ആഢംബരവസ്തുക്കൾ വാങ്ങും. വയോജനങ്ങളുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടാവുന്നതാണ്. പൊതുരംഗത്ത് ബഹുമാന്യതയേറും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: