scorecardresearch

Rahu Ketu Transit 2023 Star Predictions, Aswathi to Ayiylam Stars:രാഹു-കേതു രാശി മാറ്റം, അശ്വതി മുതൽ ആയില്യം വരെയുള്ളവരെ എങ്ങനെ ബാധിക്കും?

Rahu Ketu transit 2023 Star Predictions, Aswathi to Ayiylam Stars: രാഹു-കേതു രാശി മാറ്റം അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ ജീവിതത്തെ അതു എങ്ങനെ സ്വാധീനിക്കും?

Rahu Ketu transit 2023 Star Predictions, Aswathi to Ayiylam Stars: രാഹു-കേതു രാശി മാറ്റം അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ ജീവിതത്തെ അതു എങ്ങനെ സ്വാധീനിക്കും?

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | ജ്യോതിഷം

രാഹു-കേതു രാശി മാറ്റം, നക്ഷത്രങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ?

Rahu Ketu Transit 2023 Star Predictions  Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 ഒക്ടോബർ 30 ന് (1199 തുലാം 13 ന്) രാത്രി 9.30 ന് രാഹുവും കേതുവും രാശി മാറുന്നു. മേടം രാശിയിൽ നിന്നും മീനം രാശിയിലേക്ക് രാഹുവും, തുലാം രാശിയിൽ നിന്നും കന്നി രാശിയിലേക്ക് കേതുവും മാറുന്നു. 'അപസവ്യഗതിയിൽ' അഥവാ Anti-Clockwise രീതിയിൽ ആണ് രാഹുവും കേതുവും സഞ്ചരിക്കുന്നത് എന്നത് ഓർക്കുന്നത് ഇവിടെ സംഗതമായിരിക്കും. മറ്റു ഗ്രഹങ്ങൾ സവ്യഗതിയിൽ അഥവാ Clock Wise ആണ് സഞ്ചരിക്കുന്നത്.

Advertisment

ഒരു രാശിയിൽ ഒന്നര വർഷം അഥവാ 18 മാസം ഇരുഗ്രഹങ്ങളും പ്രതിലോമ ഗതിയിൽ സഞ്ചരിക്കുന്നു. ഇനി രാഹു 18 മാസം മീനം രാശിയിലും കേതു 18 മാസം കന്നിരാശിയിലും സഞ്ചരിക്കും. 2025 മേയ് മാസത്തിൽ രാഹു പിന്നിലേക്ക് സഞ്ചരിച്ച് കുംഭത്തിലേക്കും, കേതു പിന്നിലേക്ക് സഞ്ചരിച്ച് ചിങ്ങം രാശിയിലേക്കും മാറും.

ഗ്രഹനിലയിൽ പരസ്പരം ഏഴാം രാശിയിലാവും രാഹുകേതുക്കളുടെ നിൽപ്പും സഞ്ചാരവും. ആകെ 360 ഡിഗ്രിയാണ് രാശിചക്രത്തിന്റെ വ്യാപ്തി. ഇരുഗ്രഹങ്ങളും പരസ്പരം 180 ഡിഗ്രി അകലത്തിൽ ആവും എപ്പോഴും നിലകൊള്ളുക.

രാഹുവിനെ ശനിയോടും കേതുവിനെ ചൊവ്വയോടും ആചാര്യന്മാർ ഉപമിക്കുന്നു. ഏതു രാശിയിലാണോ നിൽക്കുന്നത് ആ രാശിയുടെ അധിപന്റെ സ്വഭാവവും പ്രകൃതവും ഈ ഗ്രഹങ്ങൾ പ്രകടിപ്പിക്കും. ഒപ്പം സഞ്ചരിക്കുന്ന ഗ്രഹം, നിൽക്കുന്ന നക്ഷത്രത്തിന്റെ അധിപനായ ഗ്രഹം എന്നിവയുടെ പ്രകൃതവും രാഹുകേതുക്കൾക്ക് ഉണ്ടാവും.

Advertisment

'Dragon's Head' എന്നിങ്ങനെ രാഹുവിനെയും 'Dragon's Tail' എന്നിങ്ങനെ കേതുവിനെയും പാശ്ചാത്യർ സംബോധന ചെയ്യുന്നു. ശാസ്ത്രജ്ഞരുടെ ഭാഷയിൽ ആരോഹണ പാതൻ അഥവാ Ascending Node ആണ് രാഹു. അവരോഹണ പാതൻ അഥവാ Descending Node ആണ് കേതു. ഗ്രഹനിലയിൽ സർപ്പൻ എന്നതിലെ ആദ്യാക്ഷരമായ 'സ' രാഹുവിനെയും, ശിഖി എന്നതിലെ ആദ്യാക്ഷരമായ 'ശി' കേതുവിനെയും സൂചിപ്പിക്കുന്നു. നവഗ്രഹങ്ങളിൽ നിഴൽ ഗ്രഹങ്ങളാണ് (Shadow Planets) രാഹുകേതുക്കൾ.

പാപഗ്രഹങ്ങൾ, അശുഭഗ്രഹങ്ങൾ, രാക്ഷസ ഗ്രഹങ്ങൾ എന്നീ വിശേഷണങ്ങളുമുണ്ട്. നിൽക്കുന്ന അഥവാ സഞ്ചരിക്കുന്ന രാശിയുടെ 3,6,11 എന്നീ ഭാവങ്ങളിൽ മാത്രമാണ് രാഹുവും അതെ, കേതുവും അതെ, ഗുണദാതാക്കളാവുന്നത്. ജന്മരാശിയിലും 8, 12 എന്നീ രാശികളിലും അതിദോഷപ്രദന്മാരാണ്. മറ്റു ഭാവങ്ങളിലും പ്രായേണ പ്രതികൂല ഫലദാതാക്കളാണ് രാഹുവും കേതുവും.

ഓരോ നക്ഷത്രത്തിലും ശരാശരി 8 മാസം ആണ് രാഹു - കേതു സഞ്ചാരം. 2023 ഒക്ടോബർ 30 മുതൽ 8 മാസം, 2024 ജൂലയ് ആദ്യ ആഴ്ച വരെ രാഹു രേവതി നാളിലും പിന്നീട് 8 മാസം ഉത്രട്ടാതിയിലും, പിന്നീട് 8 മാസം പൂരൂരുട്ടാതിയിലും എന്ന ക്രമത്തിൽ പിന്നിലേക്ക് സഞ്ചരിക്കുന്നു. കേതു തുലാം രാശിയിൽ ചിത്തിര 4,3 പാദങ്ങളിൽ സഞ്ചരിച്ച് കന്നി രാശിയിൽ ആദ്യ നാലുമാസം (2024 മാർച്ച് ആദ്യ ആഴ്ച വരെ) ചിത്തിര 2,1 പാദങ്ങളിലും തുടർന്ന് 8 മാസം (2024 നവംബർ വരെ) അത്തം നാളിലും പിന്നീട് 8 മാസം ഉത്രം നാളിലും എന്ന ക്രമത്തിൽ പിന്നിലേക്ക് നീങ്ങുന്നു.

രാഹുവിന്റെയും കേതുവിന്റെയും മീനം- കന്നി രാശികളിലെ സഞ്ചാരം മേടക്കൂറു മുതൽ മീനക്കൂറുവരെയുള്ള പന്ത്രണ്ട് രാശികളിലും അവയ്ക്കുള്ളിലെ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിലും ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന അന്വേഷണം ഇവിടെ വിശദമായി അവതരിപ്പിക്കുന്നു.

മേടക്കൂറിന്

(അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ജന്മരാശിയിൽ നിന്നും പന്ത്രണ്ടാം രാശിയിലേക്ക് രാഹുവും ഏഴാം രാശിയിൽ നിന്നും ആറാം രാശിയിലേക്ക് കേതുവും മാറുന്നു. രാഹുവിന്റെ ജന്മരാശിയിൽ നിന്നുള്ള മാറ്റം വലിയൊരാശ്വാസം തന്നെയാവും. എന്നാൽ മുഴുവനും ഗുണകരമാണെന്നും പറയുക വയ്യ. പന്ത്രണ്ടിലെ രാഹു പാഴ്ച്ചെലവുകൾ, അനാവശ്യ യാത്രകൾ, നാടുവിട്ടുപോകൽ, പാപകർമ്മങ്ങളോട് ആസക്തി, സ്ഥാനഭ്രംശം, ദാമ്പത്യ ക്ലേശങ്ങൾ എന്നിവയ്ക്ക് കാരണമാകാറുണ്ട്. ഇതിൽ നിന്നും മേടക്കൂറുകാർക്ക് രാഹുമാറ്റം അത്രമേൽ ഗുണകരമല്ലെന്ന് വ്യക്തം.

ഏഴാമെടത്തിൽ നിന്നും ആറാമെടത്തിലേക്കുള്ള കേതുമാറ്റം അത്യന്തം ഗുണപ്രദമാണ്. പ്രണയ പരാജിതർക്കും ദാമ്പത്യ ക്ലേശിതർക്കും അവരുടെ വിഷമം നീങ്ങും. മനസ്സ് വീണ്ടും അനുരാഗസുരഭിലമാകുന്നതാണ്. കർമ്മരംഗം ഉണരും. തടഞ്ഞുവെച്ച ഉദ്യോഗക്കയറ്റം നിലവിൽ വരും. രാഷ്ട്രീയവിജയം, രോഗമുക്തി, ധനലാഭം എന്നിവയും പ്രതീക്ഷിക്കാം.

ഇടവക്കൂറിന്

(കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): രാഹു, ഇടവക്കൂറിന്റെ പന്ത്രണ്ടാം ഭാവത്തിൽ നിന്നും പതിനൊന്നിലേക്കും കേതു, ഇടവക്കൂറിന്റെ ആറാം ഭാവത്തിൽ നിന്നും അഞ്ചാം ഭാവത്തിലേക്കും മാറുകയാണ്. പന്ത്രണ്ടിലെ രാഹു കഴിഞ്ഞ ഒന്നരവർഷമായി ഇടവക്കൂറുകാർക്ക് പലതരം കഷ്ടനഷ്ടങ്ങൾക്കും മാനസിക ദു:ഖങ്ങൾക്കും കാരണമായിരുന്നിരിക്കാം. ആ ദു:സ്ഥിതി മാറി രാഹു കച്ചവടത്തിൽ നേട്ടം, ഉദ്യോഗത്തിൽ വലുതായ ഉയർച്ച, ധനോന്നതി, ഭോഗസുഖം, പഠിപ്പിൽ വളർച്ച, മത്സര വിജയം, കാര്യസിദ്ധി, വ്യവഹാരത്തിൽ മേൽക്കൈ എന്നിവ സമ്മാനിക്കും.

ഗുണകരമായ ഭാവത്തിൽ നിന്നും സമ്മർദ്ദമേകുന്ന ഭാവത്തിലേക്ക് കേതു മാറുന്നതിനാൽ കുടുംബസുഖം കുറയാം. മക്കളുടെ കാര്യത്തിൽ വിഷമം വരാം. സ്വയം ശാഠ്യം പുലർത്താം. നല്ല തീരുമാനങ്ങളെടുക്കാൻ മനസ്സിന് ശക്തിയുണ്ടാവില്ലെന്ന സ്ഥിതിയും വന്നേക്കാം. തെറ്റായ ഉപദേശങ്ങൾ കേൾക്കുക, തെറ്റായ ഉപദേശങ്ങൾ നൽകേണ്ടിവരിക എന്നതും കേതുമാറ്റത്താൽ സംഭവിച്ചേക്കാം.

മിഥുനക്കൂറിന്

(മകയിരം3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): രാഹു, മിഥുനക്കൂറിന്റെ പതിനൊന്നാമെടത്തിൽ നിന്നും പത്താമെടത്തിലേക്കും കേതു അഞ്ചാമെടത്തിൽ നിന്നും നാലാമെടത്തിലേക്കും പകരുന്നു. നല്ല അനുഭവങ്ങൾ ആണ് രാഹു സമ്മാനിച്ചിരുന്നത്. എന്നാൽ പത്തിലെ രാഹുവിൽ നിന്നും പ്രതികൂലാനുഭവങ്ങൾ ഏറും. മുഖ്യമായും തൊഴിൽ രംഗത്തെ ബാധിക്കാനിടയുണ്ട്. ഉദ്യോഗസ്ഥർക്ക് അർഹമായ സ്ഥാനക്കയറ്റം കിട്ടാനിടയില്ല. കച്ചവടക്കാർക്ക് ലാഭം കുറയും. തൊഴിലാളികളിൽ നിന്നും പ്രശ്നങ്ങൾ ഉണ്ടാവാം. പൊതുപ്രവർത്തനത്തിൽ ജനപിന്തുണ കുറയുന്നതാണ്.

കേതുവിന്റെ നാലിലെ സ്ഥിതി മൂലം ഗാർഹിക ജീവിതത്തിൽ സ്വസ്ഥത കുറയാനിടവരാം. വീട്, വാഹനം ഇവയ്ക്ക് അറ്റകുറ്റപ്പണി വേണ്ടി വന്നേക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ ലഭിച്ചേക്കില്ല. മനസ്സിൽ പിരിമുറുക്കങ്ങൾ കൂടാം. അമ്മയുടെ ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. ഉപരിവിദ്യാഭ്യാസ സാധ്യതകൾക്ക് മങ്ങലേൽക്കുന്നതാണ്.

കർക്കടകക്കൂറിന്

(പുണർതം നാലാം പാദം, പൂയം, ആയില്യം): രാഹു പത്താം ഭാവത്തിൽ നിന്നും ഒമ്പതാം ഭാവത്തിലേക്കും, കേതു നാലാം ഭാവത്തിൽ നിന്നും മൂന്നാം ഭാവത്തിലേക്കും മാറുന്നു. കർമ്മരംഗത്ത് തടസ്സം സൃഷ്ടിച്ചു കൊണ്ടിരുന്ന രാഹു ഭാഗ്യസ്ഥാനത്തേക്കാണ് വരുന്നത്. തന്മൂലം കർക്കടകക്കൂറുകാരുടെ ഭാഗ്യവും ദൈവാധീനവും തടസ്സപ്പെടാം. കപ്പിനും ചുണ്ടിനുമിടയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടേക്കാം. മൂല്യാധിഷ്ഠിതമായ സമീപനം കൈക്കൊള്ളില്ലെന്ന ആരോപണമുയർന്നേക്കും. സർക്കാരിൽ നിന്നും കിട്ടേണ്ട നേട്ടങ്ങൾ അല്പം മന്ദഗതിയിലാകാൻ സാധ്യത കാണുന്നു. പിതാവിന്റെ ആരോഗ്യത്തിൽ ജാഗ്രത വേണം. വ്രതം, അനുഷ്ഠാനം, ഉപാസന എന്നിവയിൽ തടസ്സങ്ങൾ വരാം.

മൂന്നിലെ കേതു ഗുണദാതാവാണ്. കർമ്മരംഗത്തെ ഉദാസീനത മാറും. പുതുസംരംഭങ്ങൾ വേഗം വിജയപഥത്തിലെത്തും. അധികാരമുള്ള പദവികൾ ലഭിക്കാനിടയുണ്ട്. പ്രമുഖ വ്യക്തിത്വങ്ങൾ പിന്തുണച്ചേക്കും. സ്വയം ഒരു തിരുത്തൽ ശക്തി ആവാനും കഴിയും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: