2023 മേയ് ഒന്നാം തീയതി 1198 മേടം 17 തിങ്കളാഴ്ചയായിരുന്നു. മേയ് 15 ന് 1198 ഇടവമാസമായി. സൂര്യൻ മേടം- ഇടവം രാശികളിലായി സഞ്ചരിക്കുകയാണ്. 2023 മേയ് ഒന്നിന് ചന്ദ്രൻ പൂരം നക്ഷത്രത്തിലായിരുന്നു. മേയ് 31 ആകുമ്പോൾ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കിയ ചന്ദ്രൻ ചിത്തിര നക്ഷത്രത്തിൽ എത്തും.
വ്യാഴം മേടത്തിലും ശനി കുംഭത്തിലും സഞ്ചരിക്കുന്നു. രാഹുവും കേതുവും യഥാക്രമം മേടത്തിലും തുലാത്തിലും സഞ്ചരിക്കുന്നു. ബുധൻ ഈ മാസം മുഴുവൻ മേടം രാശിയിൽ തന്നെയാണ്. ശുക്രൻ മേയ് രണ്ടിന് ഇടവത്തിൽ നിന്നും മിഥുനത്തിലേക്കും ചൊവ്വ മേയ് 10 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്കും സംക്രമിച്ചു..
ഈ നവഗ്രഹ സ്ഥിതി മുൻനിർത്തി പൂരം, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മേയ് മാസത്തെ സാമാന്യ ഫലങ്ങൾ ഇവിടെ വായിക്കാം.
പൂരം: നക്ഷത്രനാഥനായ ശുക്രൻ മാസാദ്യം തന്നെ പതിനൊന്നിലേക്ക് വരികയിൽ ചില പാരിതോഷികങ്ങൾ ലഭിച്ചേക്കും. ഇഷ്ടവ്യക്തികളുടെ സ്നേഹം നേടും. വിദേശധനം വന്നുചേരുന്നതാണ്. കുടുംബാംഗങ്ങളുടെ ഇടയിലെ അനൈക്യം നയചാതുരിയോടെ കൈകാര്യം ചെയ്യും. അധികാരികളുടെ ‘നല്ല പുസ്തകത്തിൽ’ ഇടം പിടിച്ചേക്കും. സഹപ്രവർത്തകരുടെ പിന്തുണ പ്രയോജനപ്പെടുത്തും. മുടങ്ങിക്കിടന്ന കാര്യങ്ങളിൽ തീരുമാനമുണ്ടാകുന്നതാണ്. പൊതുരംഗത്ത് സജീവമാകാൻ കഴിയും. പഠനാവശ്യങ്ങൾക്ക് യാത്ര വേണ്ടിവന്നേക്കും. വ്യാപാരമേഖല വിപുലീകരിക്കും. കിടപ്പ് രോഗികൾക്ക് പുതുചികിൽസ ആശ്വാസമേകും.
അത്തം: ബൗദ്ധികമായി ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കം അനിവാര്യം. അലച്ചിൽ കൂടാം. പ്രതീക്ഷിച്ചവ കരഗതമാവാൻ വൈകിയേക്കും. ദിവസവേതനക്കാർക്ക് മുടങ്ങാതെ തൊഴിൽ ലഭിക്കും. വ്യാപാരത്തിൽ അധ്വാനത്തിന് അനുസൃതമായി പുരോഗതിയുണ്ടാവണം എന്നില്ല. സഹായ വാഗ്ദാനങ്ങൾ ഭാഗികമായിട്ടാവും കൈവരിക. വിദ്യാർത്ഥികൾക്ക് ചിലപ്പോൾ പ്രതീക്ഷിച്ച വിഷയങ്ങളിൽ ഉന്നതപഠനം സാധ്യമായില്ലെന്ന് വരാം. കുടുംബജീവിതത്തിൽ ചില സന്തോഷാനുഭവങ്ങൾ ഭവിക്കാം. ആറാം ഭാവാധിപൻ ബലവാനാകയാൽ രോഗം, ശത്രു, കടം ഇവ കുറയാം.
തിരുവോണം: ഗാർഹികജീവിതത്തിൽ സ്വസ്ഥതയുണ്ടാവും. കുടുംബാംഗങ്ങളെ യോജിപ്പിച്ച് നിർത്തുന്നതിൽ വിജയിക്കും. മംഗളകർമ്മങ്ങളിൽ സജീവ സാന്നിധ്യമായിരിക്കും. പഴയകടങ്ങൾ തിരികെ കിട്ടുന്നതാണ്. പൊതുകാര്യങ്ങളിൽ ധൈര്യപൂർവ്വം ഇടപെടലുകൾ നടത്തും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ വരാം. പഠന ഗവേഷണാദികൾക്കായി യാത്രകൾ ചെയ്യും. അനാവശ്യതർക്കങ്ങൾ ഒഴിവാക്കണം. ചൊവ്വ ഏഴാം രാശിയിലേക്ക് മാറുന്നതിനാൽ ദാമ്പത്യരംഗം അല്പമൊന്ന് കലുഷിതമാവുന്നതാണ്.