/indian-express-malayalam/media/media_files/uploads/2023/10/October-29-to-November-4-Weekly-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
വാരഫലം, മൂലം മുതൽ രേവതി വരെ
October 29-November 4, 2023: Weekly Horoscope Astrological Predictions Moolam to Revathi: സൂര്യൻ നീചക്ഷേത്രമായ തുലാം രാശിയിൽ, ചോതി ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ ഗ്രഹണം കഴിഞ്ഞ് വീണ്ടും ചൈതന്യം സമാർജ്ജിക്കുന്നു. പൗർണമി കഴിഞ്ഞതിനാൽ കൃഷ്ണപക്ഷ പ്രഥമ മുതൽ സപ്തമി വരെയും ഭരണി മുതൽ പൂയം വരെയും ഉള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്.
ശനി വക്രഗതിയിൽ കുംഭം രാശി അവിട്ടം നാലാം പാദത്തിൽ സഞ്ചരിക്കുന്നു. വ്യാഴം വക്രഗതിയിൽ ഭരണി നക്ഷത്രത്തിലുമാണ്. ഒക്ടോബർ 30 ന് തുലാം 13 ന്, രാഹു മേടം രാശിയിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും അപസവ്യഗതിയായി സഞ്ചരിക്കുന്നു. അടുത്ത ഒന്നരവർഷം ഈ ഗ്രഹങ്ങൾ പ്രസ്തുതരാശികളിൽ തന്നെ തുടരും. പ്രധാനപ്പെട്ട ഒരു ജ്യോതിഷ പ്രതിഭാസമാണ് രാഹു, കേതുക്കളുടെ രാശിമാറ്റം.
നവംബർ 2 ന് ശുക്രൻ നീചരാശിയായ കന്നിയിലേക്ക് വരുന്നു. ബുധൻ തുലാം രാശിയിൽ മൗഢ്യത്തിൽ തന്നെ തുടരുകയാണ്. കുജനും (ചൊവ്വ) മൗഢ്യത്തോടെ തുലാത്തിൽ സഞ്ചരിക്കുന്നു. ഈ ആഴ്ചയിൽ അഷ്ടമരാശിക്കൂറ് വരുന്നത് ആർക്കൊക്കെ എന്നുനോക്കാം. ഞായറും തിങ്കൾ ഉച്ചവരേയും കന്നിക്കൂറുകാർക്കും തുടർന്ന് ബുധൻ സായാഹ്നം വരെ തുലാക്കൂറുകാർക്കും അഷ്ടമരാശിയാകുന്നു. തദനന്തരം വെള്ളി അർദ്ധരാത്രിവരെ വൃശ്ചികക്കൂറുകാർക്കും പിന്നീട് ധനുക്കൂറുകാർക്കും അഷ്ടരാശിക്കൂറ് സംഭവിക്കുന്നു. ശുഭകാര്യങ്ങൾക്ക് അവരവർ ജനിച്ച കൂറിന്റെ എട്ടാം രാശിയായ അഷ്ടമരാശിക്കൂറ് വർജ്ജിക്കണം. അന്ന് മനോവാക്കർമ്മങ്ങളിൽ കരുതൽ കൈക്കൊള്ളുകയും വേണ്ടതാണ്.
ഈ ഗ്രഹനില സൂചിപ്പിക്കും വിധം മൂലം മുതൽ രേവതി വരെയുള്ള 27 നാളുകളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
മൂലം
കർമ്മവിളംബും മനക്ലേശവുമൊക്കെ വരാം, വാരത്തിന്റെ തുടക്കത്തിൽ. ആശയക്കുഴപ്പം വ്യക്തിജീവിതത്തിലും തുടരും. ചൊവ്വ മുതൽ വെള്ളിവരെ മികച്ച അനുഭവങ്ങൾ പ്രതീക്ഷിക്കാം. കാര്യവിജയം വന്നുചേരും. സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ഉണ്ടാകും. മുൻപ് നിശ്ചയിച്ച ലക്ഷ്യം ഈ ദിവസങ്ങൾ കൊണ്ട് നേടിയെടുക്കാനാവും. പ്രണയികൾക്ക് ഭാവിതീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിഞ്ഞേക്കും. ജീവിത പങ്കാളിയുടെ അകമഴിഞ്ഞപിന്തുണ കരുത്തേകും.
പൂരാടം
നക്ഷത്രനാഥനായ ശുക്രൻ ആഴ്ച മധ്യത്തിൽ നീചനായി കർമ്മഭാവമായ പത്താമെടത്തിലേക്ക് പോകുന്നത് തൊഴിൽ സംബന്ധിച്ച ചില ക്ലേശങ്ങൾക്ക് കാരണമായേക്കാം. ലക്ഷ്യം നേടാൻ ഇരട്ടി അദ്ധ്വാനിക്കേണ്ടി വരാം. സൂര്യകുജന്മാർ പതിനൊന്നാം ഭാവത്തിൽ തുടരുകയാൽ സാമ്പത്തികമായി മെച്ചമുണ്ടാകുന്നതാണ്. ഉദ്യോഗസ്ഥർക്കും സ്ഥിരശമ്പളക്കാർക്കും ഏതുനിലയ്ക്കും മെച്ചപ്പെട്ട വാരമായിരിക്കും. സ്വതന്ത്ര ജോലികളിൽ ഏർപ്പെട്ടവർക്ക് മുൻകൂർ ആയി കുറച്ച് തുക കിട്ടിയേക്കാം. സ്വയം തീരുമാനം കൈക്കൊള്ളുന്നതിലും സ്വയം അത് നടപ്പിലാക്കുന്നതിലും വിജയിക്കുന്നതാണ്.
ഉത്രാടം
വലിയ നേട്ടങ്ങളോ കോട്ടങ്ങളോ അനുഭവപ്പെടണമെന്നില്ല. സ്വന്തം തൊഴിലിൽ മാറ്റങ്ങൾ വരുത്താനുള്ള ശ്രമം പ്രാവർത്തികമായിത്തീരാൻ കുറച്ചുകൂടി സമയം വേണ്ടിവരുന്നതാണ്. പ്രയത്നത്തിന് അർഹമായ വരുമാനം ലഭിക്കും. പിതാവിൽ നിന്നും ധനം വന്നുചേരാനിടയുണ്ട്. കുടുംബബന്ധങ്ങളിൽ പിണക്കവും ഇണക്കവും ആവർത്തിച്ചേക്കും. നവമാധ്യമങ്ങളിലെ . പരിശ്രമങ്ങൾക്ക് പിന്തുണ കൂടണമെന്നില്ല. ധനുക്കൂറുകാർക്ക് നാലിൽ രാഹു വരുന്നതിനാൽ അയൽ ബന്ധങ്ങൾ വഷളാകാതെ നോക്കേണ്ടതുണ്ട്.
തിരുവോണം
നക്ഷത്രാധിപനായ ചന്ദ്രന് സാമാന്യം കാര്യങ്ങൾ ഒരുവിധം വരുതിയിലായേക്കും. വാരത്തിന്റെ തുടക്കത്തിലെ രണ്ടുദിവസം ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാനോ അവ പ്രാവർത്തികമാക്കാനോ സാധിച്ചേക്കില്ല. മറ്റു ദിവസങ്ങളിൽ സ്വതന്ത്രമായി കർമ്മരംഗത്ത് വ്യാപരിക്കാനാവും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കാം. അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം കൈവശം വന്നുചേരുകയാൽ സമയവും ഊർജ്ജവും നന്നായി വിനിയോഗിക്കും. വായ്പാ തിരിച്ചടവ് സുഗമമാവും. ദാമ്പത്യത്തിൽ സമാധാനം പുലരും.
അവിട്ടം
സഹോദരഗുണം ഉണ്ടാകും. വ്യവഹാരത്തെക്കുറിച്ച് പുനശ്ചിന്ത നടത്തും. ഇടയ്ക്ക് മനസ്സ് ചഞ്ചലമാവും. ഉദരരോഗമുപദ്രവിച്ചേക്കാം.
വിവാഹാനന്തരം ചില പൊരുത്തക്കേടുകൾ വരാം. ഭൗതികകാര്യങ്ങളിലെ നേട്ടക്കുറവിന് പോംവഴി ആരായും. വിരോധികളുണ്ടെന്ന് സങ്കല്പിച്ച് മുൻകരുതൽ വാക്കിലും പ്രവൃത്തിയിലും കൈക്കൊള്ളും. പഠിച്ച ജോലിക്കനുസരിച്ചതല്ല എന്ന ന്യായത്താൽ തൊഴിലവസരം ഉപേക്ഷിക്കും. എന്നാൽ ഉൽകർഷേച്ഛ ഉള്ളതിനാൽ അലസരാവില്ല. തെറ്റായ ഉപദേശങ്ങളെ തിരിച്ചറിയും. അത്യാവശ്യങ്ങൾ നിർവഹിക്കാൻ ധനക്ലേശം അനുഭവപ്പെടുന്നതല്ല.
ചതയം
പ്രൊഫഷണലുകളുടെ വൈദഗ്ദ്ധ്യത്തിന് അംഗീകാരം ലഭിക്കും. ഏജൻസികളോ ഫ്രാഞ്ചൈസികളോ നടത്തുന്നവർക്ക് വിപണിമൂല്യം ഉള്ള ഉല്പന്നങ്ങളുടെ വിതരണാവകാശം കൈവരുന്നതാണ്. പണം ചെലവഴിക്കുന്നതിലെ മിടുക്ക് പിശുക്കായി ചിത്രീകരിക്കപ്പെടാം. അതിഥികളെ നന്നായി സൽക്കരിക്കുവാൻ സാധിച്ചേക്കും. പാചകനൈപുണ്യം പ്രശംസിക്കപ്പെടാം. കുടുംബാംഗങ്ങളുടെ പിടിവാശിക്കുമുന്നിൽ തോറ്റുകൊടുക്കുന്നതാണ്. നവമാധ്യമങ്ങളിൽ രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങൾ വിമർശന വിധേയമായേക്കാം.
പൂരൂരുട്ടാതി
പഴയ സഹായവാഗ്ദാനങ്ങൾ നിറവേറപ്പെടാം. നിരുന്മേഷത നീങ്ങി മനസ്സ് കർമ്മോന്മുഖമാകുന്നതാണ്. ആശിച്ചതുപോലെ എല്ലാം ഉടച്ചുവാർക്കാനൊന്നും കഴിഞ്ഞേക്കില്ല. സ്വജീവിതത്തിൽ ചില പുതുമകൾ കൊണ്ടുവരാനായേക്കുമെന്നുമാത്രം. വ്യാഴം സഹായ സ്ഥാനത്ത് സഞ്ചരിക്കുകയാൽ സജ്ജനങ്ങളുടെ പിന്തുണയുണ്ടാവുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാവുന്നത് നന്ന്. ബിസിനസ്സ് യാത്രകൾ പ്രയോജനകരമാവും. നിലവിലെ തൊഴിൽ ഉപേക്ഷിച്ച് മറ്റൊരു തൊഴിൽ തേടാൻ സമയം ഒട്ടും അനുകൂലമല്ലെന്നത് മറക്കരുത്.
ഉത്രട്ടാതി
വാക്കുകളുടെ നന്മയും നേർമ്മയും കൊണ്ട് ചില കാര്യങ്ങൾ നേടിയേക്കും. പഠനത്തിലും കലാശിക്ഷണത്തിലും ശ്രദ്ധയുണ്ടാവും. വൈകാരികക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. പ്രണയികൾക്ക് ഇച്ഛാഭംഗത്തിനിടവരാം. കുടുംബത്തിൽ നിന്നും, ചിലപ്പോൾ ബന്ധുക്കളിൽ നിന്നും ശകാരം കേൾക്കാൻ സാധ്യതയുണ്ട്. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതാണ്. സർക്കാർ കാര്യങ്ങളിൽ വല്ല തടസ്സവും ഉണ്ടായേക്കാം. അമിത പ്രതീക്ഷകളെക്കാൾ പ്രായോഗിക വീക്ഷണമാണ് ജീവിതത്തിനുതകുന്നത് എന്ന തിരിച്ചറിവുണ്ടാകും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതാണ്.
രേവതി
ജന്മരാശിയിലേക്കും ജന്മനക്ഷത്രത്തിലേക്കും രാഹു പകരുന്ന ആഴ്ചയാണ്. അതിന്റെ ഫലം ഉടനെ വ്യക്തമാവുകയില്ലെങ്കിലും കരുതൽ വേണ്ടതായ കാലമാണ്. വാരാദ്യം അല്പം സാമ്പത്തിക ഞെരുക്കം വന്നേക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ന്യായമായ ആവശ്യങ്ങൾ നിറവേറ്റപ്പെടും. പണവരവ് പ്രതീക്ഷിച്ചത്ര തന്നെയാവും. തുടർ ദിവസങ്ങളിലും കർമ്മരംഗം മികച്ചതായി തുടരും. ഏഴിലെ കേതു ചില ഗാർഹിക ക്ലേശങ്ങൾ സൃഷ്ടിച്ചെന്ന് വരാം. ബിസിനസ്സിൽ പങ്കാളികളെ ചേർക്കുന്നത് രണ്ടുവട്ടം ചിന്തിച്ചിട്ടാവണം. പ്രണയികൾക്കിടയിൽ പൊരുത്തക്കേടുകൾ തലപൊക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.