/indian-express-malayalam/media/media_files/uploads/2023/10/October-29-to-November-4-Weekly-Horoscope-Astrological-Predictions-Makam-to-Thriketta.jpg)
വാരഫലം, മകം മുതൽ തൃക്കേട്ട വരെ
October 29-November 4, 2023: Weekly Horoscope Astrological Predictions Makam to Thrikketta: സൂര്യൻ നീചക്ഷേത്രമായ തുലാം രാശിയിൽ, ചോതി ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ ഗ്രഹണം കഴിഞ്ഞ് വീണ്ടും ചൈതന്യം സമാർജ്ജിക്കുന്നു. പൗർണമി കഴിഞ്ഞതിനാൽ കൃഷ്ണപക്ഷ പ്രഥമ മുതൽ സപ്തമി വരെയും ഭരണി മുതൽ പൂയം വരെയും ഉള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്.
ശനി വക്രഗതിയിൽ കുംഭം രാശി അവിട്ടം നാലാം പാദത്തിൽ സഞ്ചരിക്കുന്നു. വ്യാഴം വക്രഗതിയിൽ ഭരണി നക്ഷത്രത്തിലുമാണ്. ഒക്ടോബർ 30 ന് തുലാം 13 ന്, രാഹു മേടം രാശിയിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും അപസവ്യഗതിയായി സഞ്ചരിക്കുന്നു. അടുത്ത ഒന്നരവർഷം ഈ ഗ്രഹങ്ങൾ പ്രസ്തുതരാശികളിൽ തന്നെ തുടരും. പ്രധാനപ്പെട്ട ഒരു ജ്യോതിഷ പ്രതിഭാസമാണ് രാഹു, കേതുക്കളുടെ രാശിമാറ്റം.
നവംബർ 2 ന് ശുക്രൻ നീചരാശിയായ കന്നിയിലേക്ക് വരുന്നു. ബുധൻ തുലാം രാശിയിൽ മൗഢ്യത്തിൽ തന്നെ തുടരുകയാണ്. കുജനും (ചൊവ്വ) മൗഢ്യത്തോടെ തുലാത്തിൽ സഞ്ചരിക്കുന്നു. ഈ ആഴ്ചയിൽ അഷ്ടമരാശിക്കൂറ് വരുന്നത് ആർക്കൊക്കെ എന്നുനോക്കാം. ഞായറും തിങ്കൾ ഉച്ചവരേയും കന്നിക്കൂറുകാർക്കും തുടർന്ന് ബുധൻ സായാഹ്നം വരെ തുലാക്കൂറുകാർക്കും അഷ്ടമരാശിയാകുന്നു. തദനന്തരം വെള്ളി അർദ്ധരാത്രിവരെ വൃശ്ചികക്കൂറുകാർക്കും പിന്നീട് ധനുക്കൂറുകാർക്കും അഷ്ടരാശിക്കൂറ് സംഭവിക്കുന്നു. ശുഭകാര്യങ്ങൾക്ക് അവരവർ ജനിച്ച കൂറിന്റെ എട്ടാം രാശിയായ അഷ്ടമരാശിക്കൂറ് വർജ്ജിക്കണം. അന്ന് മനോവാക്കർമ്മങ്ങളിൽ കരുതൽ കൈക്കൊള്ളുകയും വേണ്ടതാണ്.
ഈ ഗ്രഹനില സൂചിപ്പിക്കും വിധം മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
മകം
ചന്ദ്രസഞ്ചാരം ഈയാഴ്ച ഒമ്പതുമുതൽ പന്ത്രണ്ടുവരെ രാശികളിലാകയാൽ നേട്ടങ്ങളും നല്ല അനുഭവങ്ങളും മേൽക്കൈ നേടും. തൊഴിൽപരമായ കിടമത്സരങ്ങളിൽ വിജയം നേടും. ചില കരാറുകളിൽ നിന്നും നേട്ടമുണ്ടായേക്കും. സ്വന്തം പ്രവർത്തന ക്ഷമതയെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടാവും എന്നതുതന്നെ പ്രധാനം. നവസംരംഭങ്ങളിൽ ആശാസ്യമായ മുന്നേറ്റമുണ്ടാകുന്നതാണ്. അധികാര കേന്ദ്രങ്ങളുടെ പിൻബലം കൂടുതൽ കരുത്തേകും. വാരാന്ത്യത്തിൽ അപ്രതീക്ഷിത ചെലവുണ്ടാകാനിടയുണ്ട്.
പൂരം
ആദിത്യനും ചൊവ്വയും മൂന്നാമെടത്തിലാകയാൽ മാനസിക ബലം ഏറും. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനവസരം വന്നുചേരും. മേലധികാരികളുടെ പിന്തുണ സിദ്ധിക്കുന്നതാണ്. വേണ്ടത്ര ധനം കൈവശമില്ലാതിരുന്ന കാരണത്താൽ നീട്ടിവെച്ചിരുന്ന കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ ഇപ്പോൾ നിറവേറ്റാനായേക്കും. വിശിഷ്ടാതിഥികളുടെ ഗൃഹസന്ദർശനം മനസ്സന്തോഷമേകും. അഷ്ടമത്തിലേക്ക് രാഹു വരികയാൽ ആരോഗ്യകാര്യങ്ങളിൽ ചിങ്ങക്കൂറുകാർ ഏറെ ജാഗ്രത പാലിക്കേണ്ട സന്ദർഭമാണ്. സാമ്പത്തിക അച്ചടക്കവും അനിവാര്യം.
ഉത്രം
സ്വപ്രയത്നം കൊണ്ടുണ്ടാകുന്ന നേട്ടങ്ങളിൽ സന്തോഷിക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് ചില തടസ്സങ്ങൾ വരുന്നതായി അനുഭവപ്പെടും. ലോൺ, ചിട്ടി മുതലായവയുടെ ലഭ്യത പരിശോധിക്കും. വിദേശ പഠനത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് യാത്രാനുമതിക്ക് അല്പം കാത്തിരിക്കേണ്ടതായി വരും. ഭൂമി സംബന്ധിച്ച വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുകയാവും ഉത്തമം. ശുക്രൻ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ഭൗതികതൃഷ്ണകൾ പൂർത്തീകരിക്കാനായേക്കും. ഉത്രം നക്ഷത്രം ചിങ്ങക്കൂറുകാർക്കാവും കന്നിക്കൂറുകാരെക്കാൾ ഈയാഴ്ച മെച്ചം കൂടുതൽ.
അത്തം
നക്ഷത്രനാഥനായ ചന്ദ്രന് രാഹുഗ്രസ്ത ഗ്രഹണം കഴിഞ്ഞ പിറ്റേന്ന് തുടങ്ങുന്ന ഈ ആഴ്ച ചന്ദ്രാഷ്ടമത്തിലാണ് ആരംഭം. ഞായർ, തിങ്കൾ ദിവസങ്ങൾക്ക് പകിട്ട് കുറയും. ചെലവേറുന്നതാണ്. കലഹപ്രേരണയുണ്ടാവാം. ക്രമേണ കാര്യങ്ങൾ വരുതിയിൽ വന്നെത്തുമെന്ന് ആശിയ്ക്കാം. സാമ്പത്തികശോച്യത പരിഹരിക്കപ്പെടും. ഗാർഹികാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. വിരുന്നുകളിൽ പങ്കെടുത്തേക്കും. ജീവിതത്തോടുള്ള കയ്പുരസം താത്കാലികമായെങ്കിലും മാറുന്നതാണ്.
ചിത്തിര
പ്രയത്നത്തിനും ആത്മാർത്ഥതയ്ക്കും അനുസൃതമായി നേട്ടങ്ങൾ ഉണ്ടാവുന്നില്ല എന്ന ഖേദം തുടരാം. സാമ്പത്തികമായോ തൊഴിൽപരമായോ പരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുക ഉത്തമം. കന്നിക്കൂറുകാർക്ക് ജന്മകേതുവാണെങ്കിൽ തുലാക്കൂറുകാർക്ക് ജന്മത്തിൽ ചൊവ്വയും ആദിത്യനും ഒക്കെയാണ്. അതിനാൽ ക്ഷമയും നിരന്തര പരിശ്രമവും വേണ്ടതുണ്ട്. ചെറിയനേട്ടങ്ങളും അത്യാവശ്യകാര്യങ്ങൾക്കുള്ള പണവുമൊക്കെ വന്നെത്തും. അനാവശ്യമായ ഉൽക്കണ്ഠകളും മാനസിക പിരിമുറുക്കവും ഒഴിവാക്കേണ്ടതുണ്ട്.
ചോതി
ആഴ്ചയുടെ തുടക്കത്തിൽ കുടുംബസൗഖ്യം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളൊത്ത് യാത്ര, ഇഷ്ടഭക്ഷണം, സുഹൃൽ - ബന്ധു സമാഗമം ഇവ ഭവിക്കാം. ചൊവ്വ, ബുധൻ അഷ്ടമരാശിക്കൂറ് ദിവസങ്ങളാകയാൽ കരുതൽ വേണം. പ്രധാന കാര്യങ്ങൾ അന്ന് ചെയ്യാതിരിക്കുക നന്ന്. മറ്റു ദിവസങ്ങളിൽ മനസ്സുഖവും ദേഹസ്സുഖവും പ്രതീക്ഷിക്കാം. മുൻപ് തീരുമാനിച്ച കാര്യങ്ങൾ ഭംഗിയായി പൂർത്തികരിക്കാനാവും. സ്വന്തം വാക്കുകൾക്ക് വില കല്പിക്കുന്നവരുണ്ടെന്ന് ബോധ്യമാകും. പ്രതീക്ഷിച്ച ധനം കൈവശം വന്നുചേരുന്നതാണ്.
വിശാഖം
പ്രണയികൾക്ക് സന്തോഷിക്കാനാവും. വാഗ്ദാനങ്ങൾ നിറവേറുന്നതാണ്. ആവശ്യങ്ങൾ ഭംഗിയായി നിർവഹിക്കാനാവശ്യമായ ധനം വന്നു ചേരും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. ഗ്രഹാനുകൂല്യം കുറവായതിനാൽ വലിയ മുതൽ മുടക്കുകൾക്ക് തുനിയാതിരിക്കുകയാണ് അഭികാമ്യം. നിലവിലെ ജീവിത സാഹചര്യങ്ങളിൽ നിന്നും വലിയ മാറ്റം തൽകാലം ഉണ്ടാവണമെന്നില്ല. വൈകാരികക്ഷോഭം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശുഭകാര്യങ്ങൾ ഒഴിവാക്കുക ഉചിതം.
അനിഴം
കർമ്മരംഗത്ത് ശോഭിക്കാനാവും. ആത്മാർത്ഥതയും തൊഴിൽ വൈദഗ്ദ്ധ്യവും അംഗീകരിക്കപ്പെടുന്നതാണ്. പൊതുപ്രവർത്തകർക്ക് അനുയായികളുടെ പിന്തുണ ലഭിച്ചേക്കും. വിദ്യാർത്ഥികൾക്ക് പഠന മികവിനൊപ്പം കലാമത്സരങ്ങളിലും വിജയിക്കാൻ കഴിയുന്നതാണ്. കുടുംബത്തിൽ ഐക്യവും സമാധാനവും അനുഭവപ്പെടും. കച്ചവടം വിപുലീകരിക്കുന്നതിനുള്ള ശ്രമം തുടങ്ങുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയുന്നതിനാൽ സാഹസകർമ്മങ്ങൾ ഒഴിവാക്കണം.
തൃക്കേട്ട
ദേഹാലസ്യം നീങ്ങും. പാരമ്പര്യ വസ്തുക്കളുടെ വില്പനയിൽ നിന്നും ആദായമുണ്ടാകും. നക്ഷത്രനാഥന് മൗഢ്യം തുടരുകയാൽ ചില തീരുമാനങ്ങൾ ബുദ്ധിപരമായില്ലെന്ന് പിന്നീട് തോന്നിയേക്കും. ഗൃഹനിർമ്മാണത്തിൽ നേരിയ പുരോഗതിയുണ്ടാകും. അന്യനാട്ടിൽ പഠനം, തൊഴിൽ എന്നിവയ്ക്ക് ശ്രമിക്കുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ടിവരും. ഗാർഹികജീവിതത്തിൽ സംതൃപ്തിയനുഭവപ്പെടും. ഉദ്യോഗസ്ഥലത്തിൽ സഹപ്രവർത്തകരുടെ എതിർപ്പ് നേരിടേണ്ടിവരുമെങ്കിലും അവയെ പ്രത്യുല്പന്നമതിത്വത്തോടെ നേരിടാൻ കഴിയും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ ജാഗ്രത വേണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.