/indian-express-malayalam/media/media_files/uploads/2023/10/October-29-to-November-4-Weekly-Horoscope-Astrological-Predictions-Aswathi-to-Ayilyam.jpg)
വാരഫലം, അശ്വതി മുതൽ ആയില്യം വരെ
October 29-November 4, 2023: Weekly Horoscope Astrological Predictions Aswathi to Ayilliam: സൂര്യൻ നീചക്ഷേത്രമായ തുലാം രാശിയിൽ, ചോതി ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ ഗ്രഹണം കഴിഞ്ഞ് വീണ്ടും ചൈതന്യം സമാർജ്ജിക്കുന്നു. പൗർണമി കഴിഞ്ഞതിനാൽ കൃഷ്ണപക്ഷ പ്രഥമ മുതൽ സപ്തമി വരെയും ഭരണി മുതൽ പൂയം വരെയും ഉള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്.
ശനി വക്രഗതിയിൽ കുംഭം രാശി അവിട്ടം നാലാം പാദത്തിൽ സഞ്ചരിക്കുന്നു. വ്യാഴം വക്രഗതിയിൽ ഭരണി നക്ഷത്രത്തിലുമാണ്. ഒക്ടോബർ 30 ന് തുലാം 13 ന്, രാഹു മേടം രാശിയിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും അപസവ്യഗതിയായി സഞ്ചരിക്കുന്നു. അടുത്ത ഒന്നരവർഷം ഈ ഗ്രഹങ്ങൾ പ്രസ്തുതരാശികളിൽ തന്നെ തുടരും. പ്രധാനപ്പെട്ട ഒരു ജ്യോതിഷ പ്രതിഭാസമാണ് രാഹു, കേതുക്കളുടെ രാശിമാറ്റം.
നവംബർ 2 ന് ശുക്രൻ നീചരാശിയായ കന്നിയിലേക്ക് വരുന്നു. ബുധൻ തുലാം രാശിയിൽ മൗഢ്യത്തിൽ തന്നെ തുടരുകയാണ്. കുജനും (ചൊവ്വ) മൗഢ്യത്തോടെ തുലാത്തിൽ സഞ്ചരിക്കുന്നു. ഈ ആഴ്ചയിൽ അഷ്ടമരാശിക്കൂറ് വരുന്നത് ആർക്കൊക്കെ എന്നുനോക്കാം. ഞായറും തിങ്കൾ ഉച്ചവരേയും കന്നിക്കൂറുകാർക്കും തുടർന്ന് ബുധൻ സായാഹ്നം വരെ തുലാക്കൂറുകാർക്കും അഷ്ടമരാശിയാകുന്നു. തദനന്തരം വെള്ളി അർദ്ധരാത്രിവരെ വൃശ്ചികക്കൂറുകാർക്കും പിന്നീട് ധനുക്കൂറുകാർക്കും അഷ്ടരാശിക്കൂറ് സംഭവിക്കുന്നു. ശുഭകാര്യങ്ങൾക്ക് അവരവർ ജനിച്ച കൂറിന്റെ എട്ടാം രാശിയായ അഷ്ടമരാശിക്കൂറ് വർജ്ജിക്കണം. അന്ന് മനോവാക്കർമ്മങ്ങളിൽ കരുതൽ കൈക്കൊള്ളുകയും വേണ്ടതാണ്.
ഈ ഗ്രഹനില സൂചിപ്പിക്കും വിധം അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകളുകാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
അശ്വതി
ഗുണദോഷങ്ങൾ സമ്മിശ്രമായ ആഴ്ചയാണ്. വാരാദ്യം ബന്ധുസമാഗമം, വിരുന്നുകളിൽ പങ്കെടുക്കുക തുടങ്ങിയവ ഉണ്ടായേക്കാം. വിദ്യാർത്ഥികൾ പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിൽ അലംഭാവം കൈക്കൊള്ളും. യാതൊരു പ്രയോജനവുമില്ലാത്ത കാര്യത്തെക്കുറിച്ച് വെറുതെ തർക്കത്തിലേർപ്പെടാം. നക്ഷത്രനാഥനായ കേതുവിന് നീചശുക്രനുമായി യോഗം വരികയാൽ ഭൗതികതൃഷ്ണകൾ വലയ്ക്കാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ സാമ്പത്തിക മെച്ചം, മനസ്സന്തോഷം, ശുഭവാർത്താശ്രവണം ഇവ പ്രതീക്ഷിക്കാം.
ഭരണി
ആത്മവിശ്വാസം വർദ്ധിക്കും. എന്നാൽ അത് പ്രവൃത്തിയിൽ കൊണ്ടുവരുന്നതിൽ വിജയിക്കണമെന്നില്ല. ദാമ്പത്യത്തിൽ സ്നേഹോഷ്മളത കുറയാം. പ്രണയികൾ അനൈക്യത്തിലാവും. ചർച്ചകളിൽ പുരോഗതിയൊന്നും ഉണ്ടാവില്ല. നവസംരംഭങ്ങൾക്ക് മുതൽ മുടക്കുന്നത് ഇപ്പോൾ അഭിലഷണീയമല്ല. ആഴ്ചയുടെ മദ്ധ്യത്തിൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ക്രയവിക്രയങ്ങൾ ലാഭകരമായേക്കും. ഇഷ്ടവസ്തുക്കൾ കരഗതമാവാം.
കാർത്തിക
നക്ഷത്രനാഥന് നീചം തുടരുന്നതിനാൽ ആത്മശക്തി ചോരുന്നതായി തോന്നും. ശക്തമായ നിലപാടുകൾ എടുക്കാനാവാത്ത സ്ഥിതിയുണ്ടാവും. ശത്രുക്കൾ മേൽക്കൈ നേടുന്നുണ്ടോ എന്ന് സംശയിക്കും. വരവുണ്ടാകും; ചിലവും അതുപോലെ തന്നെയാവും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. അവരുടെ ജീവിതാനുഭവങ്ങൾ ഒരു പാഠമാകാം. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ താല്പര്യപ്പെടും. വാഹനത്തിന് ചില്ലറ റിപ്പയറിംഗ് ആവശ്യമായേക്കാം.
രോഹിണി
വാരാദ്യം ചന്ദ്രൻ പന്ത്രണ്ടാം കൂറിലാവുകയാൽ ചെലവേറും. ചെറുതോ വലുതോ ആയ യാത്രകളുണ്ടായേക്കും. അതിഥികളെത്തുന്നതിനാൽ ദിനചര്യകൾക്ക് നേരനീക്കം വരാം. മനസ്സിന്റെ പ്രസന്നത കുറയുവാനുമിടയുണ്ട്. ചൊവ്വാഴ്ച മുതൽ കാര്യസാധ്യം, സുഖഭക്ഷണയോഗം എന്നിവ കാണുന്നു. തൊഴിലിടത്തിൽ ശോഭിക്കാനാവും. സഹപ്രവർത്തകരുടെ പിന്തുണ നേടിയേക്കും. സാമ്പത്തിക ക്ലേശങ്ങൾ കുറയുന്നതാണ്. മക്കളുടെ കലാപ്രവർത്തനം അഭിമാനമേകും.
ര
മകയിരം
ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ഇടവക്കൂറുകാർക്ക് സ്വസ്ഥത കുറയും. ജോലിഭാരം കൂടുന്നതാണ്. ചെലവും വർദ്ധിച്ചേക്കാം. തുടർദിവസങ്ങളിൽ മനക്ലേശം കുറയുന്നതാണ്. സ്വസ്ഥത കൈവരിക്കാനാവും. സ്വന്തം കർമ്മരംഗത്ത് പല നിലയ്ക്കും മികവ് ഭവിക്കും. വ്യത്യസ്തമാവും മിഥുനക്കൂറുകാരുടെ സ്ഥിതി. നേട്ടങ്ങൾ ആഴ്ചയുടെ ആദ്യ ദിവസങ്ങളിലാവും. ന്യായമായ ആവശ്യങ്ങൾ നടന്നു കിട്ടും. വാരാന്ത്യത്തിൽ മാനസിക പിരിമുറുക്കം ഭവിച്ചേക്കാം.
തിരുവാതിര
കർമ്മമേഖലയിലെ തടസ്സങ്ങൾ നീങ്ങും. സാമ്പത്തികമായ അരക്ഷിതാവസ്ഥയ്ക്ക് മാറ്റം വരുന്നതാണ്. കച്ചവടക്കാർക്ക് വിപണിയിൽ മുന്നേറാൻ പുതിയ ഏജൻസികൾ ഗുണകരമാവും. ഉദ്യോഗസ്ഥർക്ക് അല്പം സമ്മർദ്ദമേറിയ ചുമതലകൾ ലഭിച്ചേക്കാം. പൊതുപ്രവർത്തകർ സംഘടനാനേതൃത്വത്തിലേക്ക് ഉയർത്തപ്പെടുന്നതാണ്. ഊഹക്കച്ചവടവും ഭാഗ്യപരീക്ഷണവും വിജയിക്കണമെന്നില്ല. ഗാർഹികമായി ചില അലട്ടലുകൾ വരാം. നാലാം ഭാവത്തിലേക്ക് വരുന്ന കേതു മനക്ലേശം സൃഷ്ടിച്ചേക്കാം. വാഹനയാത്രയിൽ തികഞ്ഞശ്രദ്ധ വേണ്ടതുണ്ട്.
പുണർതം
ആശയക്കുഴപ്പങ്ങൾ സ്വയം പരിഹരിക്കും. വർദ്ധിതോത്സാഹത്തോടെ കർമ്മകാണ്ഡം ആരംഭിക്കും. മക്കളുടെ കാര്യത്തിൽ നല്ല തീരുമാനങ്ങൾ സ്വാഭാവികമായി വന്നുചേരും. വ്യാപാരത്തിൽ ഏർപ്പെട്ട നഷ്ടങ്ങൾ പരിഹരിക്കുവാൻ വഴി തെളിയുന്നതാണ്. വിലകൂടിയ വസ്ത്രമോ ആഭരണമോ വാങ്ങിയേക്കും. കുടുംബത്തിലും സമൂഹത്തിലും സ്വാധീനമുയരും. കലാകായിക മത്സരങ്ങളിൽ വിദ്യാർത്ഥികൾ നല്ല വിജയം കൈവരിക്കുന്നതാണ്. വാരാന്ത്യദിനങ്ങളിൽ മനപ്രയാസമോ അധികച്ചെലവോ ഭവിക്കാനിടയുണ്ട്.
പൂയം
ന്യായമായ ആവശ്യങ്ങൾ സഫലമാവുന്ന അനുകൂലവാരമാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കും. തൊഴിലില്ലാത്തവരുടെ പ്രതീക്ഷ നിറവേറപ്പെടാം. മുൻപ് വലിയ ദുർഘടങ്ങളായി തോന്നിയിരുന്നവയെ ഇപ്പോൾ ലാഘവബുദ്ധ്യാ സമീപിക്കാൻ സാധിക്കുന്നതാണ്. കുടുംബാന്തരീക്ഷം സംതൃപ്തി നിറഞ്ഞതാവും. മക്കളുടെ വിദ്യാഭ്യാസം ആശാവഹമാവും. അടഞ്ഞിരുന്ന സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടാം. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
ആയില്യം
നക്ഷത്രനാഥനായ ബുധന്റെ മൗഢ്യവും നാലിലെ പാപഗ്രഹങ്ങളും അഷ്ടമശനിയും പലതരത്തിലുള്ള തടസ്സങ്ങൾക്ക് കാരണമാകാം. എന്നാലും ചന്ദ്രബലവും സുസ്ഥിതിയും ചില നേട്ടങ്ങൾക്കും വഴിതുറന്നേക്കും. മുൻപ് തള്ളിക്കളഞ്ഞവരുടെ പിന്തുണ തേടിയെത്താം. മനസ്സമാധാനം കുറഞ്ഞാലും അത് കർമ്മജാഡ്യത്തിലേക്ക് നയിക്കാനിടയില്ല. തൊഴിലിൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ സാധിക്കും. അദ്ധ്വാനത്തിന് അംഗീകാരവും ന്യായമായ പ്രതിഫലവും ഭവിക്കും. ധനക്ലേശത്തിന് പരിഹാരമാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.