/indian-express-malayalam/media/media_files/uploads/2023/09/October-22-to-October-28-Weekly-Horoscope-.jpg)
വാരഫലം, അശ്വതി മുതൽ രേവതി വരെ
October 22 - October 28, 2023 Weekly Horoscope Astrological Predictions Aswathi to Revathi: സൂര്യൻ തുലാം രാശിയിൽ നീചാവസ്ഥയിൽ, ചിത്തിര, ചോതി ഞാറ്റുവേലകളിലൂടെ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിൽ അഷ്ടമി മുതൽ പൗർണമി വരെയുള്ള തിഥികളിലൂടെയും ഉത്രാടം മുതൽ രേവതി / അശ്വതി വരെയുള്ള നക്ഷത്രങ്ങളിലൂടെയും സഞ്ചരിക്കുന്നു. ഒക്ടോബർ 28 ന് ശനി രാത്രി പൗർണമിയും അശ്വതി നക്ഷത്രത്തിൽ ചന്ദ്രഗ്രഹണവും സംഭവിക്കുന്നുണ്ട് എന്നതും പ്രസ്താവ്യമാണ്.
ബുധൻ തുലാം രാശിയിൽ സഞ്ചരിക്കുന്നു. പക്ഷേ ബുധമൗഢ്യം തുടരുകയാണ്. ചൊവ്വയും തുലാം രാശിയിൽ തന്നെയുണ്ട്, അതും മൗഢ്യത്തോടെ. ശുക്രൻ ചിങ്ങം രാശിയിൽ തുടരുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിലാണ്. അവിട്ടം നാലാം പാദത്തിലായാണ് സഞ്ചാരം. വ്യാഴം വക്രഗതിയിൽ, ഭരണി നക്ഷത്രത്തിലുമാണ്.
രാഹു, മേടം രാശിയിൽ അശ്വതി നക്ഷത്രത്തിന്റെ ആരംഭബിന്ദുവിനടുത്തും കേതു തുലാം രാശിയിൽ ചിത്തിര മൂന്നാം പാദത്തിന്റെ തുടക്കത്തിലും ആണ്. ഒക്ടോബർ 30 ന് രാഹു, മേടത്തിൽ നിന്നും മീനത്തിലേക്കും, കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും അപസവ്യഗതിയായി പകരുന്നതിന്റെ
തൊട്ടു മുന്നിലുള്ള ദിവസങ്ങളാകയാൽ രാഹു-കേതുക്കളുടേത് രാശിസന്ധിയിലെ സ്ഥിതിയാണ്.
ഞായർ, തിങ്കൾ ദിവസങ്ങൾ മിഥുനക്കൂറുകാരുടേയും ചൊവ്വ, ബുധൻ ദിവസങ്ങൾ കർക്കടകക്കൂറുകാരുടേയും, വ്യാഴം, വെള്ളി ദിവസങ്ങൾ ചിങ്ങക്കൂറുകാരുടേയും അഷ്ടമരാശിക്കൂറ് ദിവസങ്ങളാണ്. ശനിയാഴ്ച മുതൽ കന്നിക്കൂറുകാരുടെ അഷ്ടമരാശി തുടങ്ങുകയുമാണ്. ഏറ്റവും കൂടുതൽ കരുതൽ വേണ്ട ദിവസങ്ങളാണ് അഷ്ടമരാശിക്കൂറ് ദിവസങ്ങൾ എന്നത് ഓർക്കുമല്ലോ?
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
അശ്വതി
കർമരംഗത്ത് ചുവടുറപ്പിക്കാനാവും. ലക്ഷ്യത്തിലെത്താൻ സാധിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മോശമാവില്ല. അധ്വാനിക്കാനുള്ള മനസ്സ് അംഗീകരിക്കപ്പെടും. കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും പിന്തുണ ലഭിക്കുന്നതാണ്. പാചക നൈപുണ്യം അതിഥികളുടെ പ്രശംസ നേടും. വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം കലാകായികമായ അഭിരുചികളിലും ശോഭിക്കാൻ സാധിക്കുന്നതാണ്. സൽകർമ്മങ്ങൾക്ക് മുൻകൈയ്യെടുക്കും. വാരാന്ത്യത്തിലെ ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
ഭരണി
അനുകൂലമായ കാലമാണ്. അകർമ്മണ്യത കളഞ്ഞ് പ്രവർത്തിക്കുന്ന പക്ഷം നേട്ടങ്ങൾ ഉണ്ടാക്കാനാവും. വ്യക്തിജീവിതത്തിലെ വിഷാദം പ്രസാദമാകാം. സ്വന്തം തൊഴിലിന്റെ വിപുലീകരണത്തിന് ഉചിതമായ അവസരമാണിത്. കരാറുപണികൾ ചെയ്യുന്നവർക്ക് വരുമാനമുണ്ടാകുന്നതായിരിക്കും. പൊതുപ്രവർത്തകർക്ക് അനുകൂലസാഹചര്യം ഉദിച്ചേക്കും. സംവാദങ്ങളിൽ കൈക്കൊള്ളുന്ന നിലപാട് കൈയ്യടി നേടും. വാരാന്ത്യത്തിൽ ചെലവധികരിക്കാം. അലച്ചിലുണ്ടാകുന്നതാണ്.
കാർത്തിക
നക്ഷത്രനാഥനായ ആദിത്യന് നീചം, പാപഗ്രഹയോഗം എന്നിവ വരികയാൽ ദുർജനസംസർഗം ഉണ്ടായേക്കും. കഴിവുകളുണ്ടായാലും അവ പുറത്തെടുക്കാൻ കഴിയാത്ത സ്ഥിതി വരാം. ഇല്ലാത്ത അധികാരം പ്രയോഗിച്ച് ഇളിഭ്യരാവാം. ആരോഗ്യപരമായി അത്ര നല്ല സമയമല്ല. പഠനത്തിൽ ഏകാഗ്രത കുറയാം. കച്ചവടം ചെയ്യുന്നവർക്ക് സാമ്പത്തിക ലാഭം ഉണ്ടായിക്കൂടെന്നില്ല. വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച സമ്മർദ്ദം നീങ്ങാം. ഗാർഹിക കാര്യങ്ങളിൽ കുറച്ചൊക്കെ സംതൃപ്തിയനുഭവപ്പെടാം.
രോഹിണി
നേട്ടങ്ങളുടെ ആഴ്ചയാണ് മുന്നിൽ. നക്ഷത്രാധിപനായ ചന്ദ്രന് പക്ഷബലം ഉള്ളതിനാൽ മനോബലമുണ്ടാവും. വാക്കിലും കർമ്മത്തിലും ഉറച്ച് നിൽക്കാനായേക്കും. വീട്ടിലെ സ്ത്രീകളുടെ സ്ഥിതി ഉയരുന്നതാണ്. അമ്മ, മുത്തശ്ശി തുടങ്ങിയവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടേക്കാം. കൃഷിയിൽ നിന്നും എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാവും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ മുൻകൂട്ടി തിരിച്ചറിയാനാവുന്നതാണ്. ന്യായമായ ആവശ്യങ്ങൾക്കും അതിലുപരിയായും ധനാഗമം പ്രതീക്ഷിക്കാം.
മകയിരം
ഇടവക്കൂറുകാർക്ക് ആഴ്ച മുഴുവൻ അനുകൂല ഫലം തന്നെയാണ്. മിഥുനക്കൂറുകാർക്ക് ആദ്യ രണ്ടു ദിവസങ്ങൾക്ക് ശേഷം ഗുണം അനുഭവപ്പെട്ടു തുടങ്ങും. അധികം വിയർപ്പൊഴുക്കാതെ തന്നെ പലതും നേടാനാവും. ബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കും. ജീവിതം മൂല്യാധിഷ്ഠിതമായിരിക്കാൻ ആത്മാർത്ഥമായ ശ്രമം തുടരുന്നതാണ്. കലാകാരന്മാർക്ക് അവസരങ്ങൾ തേടി വരും. ബൗദ്ധിക വിനോദങ്ങൾക്ക് സമയം കണ്ടെത്തും. കുടുംബപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്.
തിരുവാതിര
പുതിയ ഭാഷയോ, സാങ്കേതിക വിഷയങ്ങളോ ഒഴിവ് നേരത്ത് പഠിക്കുവാൻ ഉദ്യമിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സം നീങ്ങുന്നതാണ്. ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂടിയേക്കാം. ബന്ധുക്കളുടെ പിന്തുണ നേടുന്നതിൽ വിജയിക്കുന്നതാണ്. അയൽ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിച്ചേക്കും. വ്യവഹാരാദികൾക്ക് മുതിരാതിരിക്കുകയാവും അഭികാമ്യം. കുട്ടികളുടെ ഭാവികാര്യങ്ങളിൽ ചില തീരുമാനങ്ങൾ കൈക്കൊള്ളാൻ നിർബന്ധിതരായിത്തീരും. സകുടുംബം തീർത്ഥാടനത്തിന് പോവാൻ പദ്ധതിയിടും. സാമ്പത്തികമായി ഗുണമുളള വാരമാണ്.
പുണർതം
അഷ്ടമരാശിക്കൂറിലാണ് ഞായർ, തിങ്കൾ ദിവസങ്ങൾ. കരുതൽ വേണം. വാക്കും കർമ്മവും സമന്വയിപ്പിക്കുക എളുതാവില്ല. സാഹസകർമ്മങ്ങൾ ഒഴിവാക്കണം. സന്താനങ്ങളുടെ കാര്യത്തിൽ ചില മനക്ലേശങ്ങൾ വരാം. മറ്റു ദിവസങ്ങളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. വ്യാപാര ചർച്ചകളിൽ പുരോഗതിയുണ്ടാവും. ഊഹക്കച്ചവടത്തിൽ ലാഭം വന്നുചേരും. തൊഴിൽ അന്വേഷണത്തിൽ പുരോഗതിയുണ്ടാകുന്നതാണ്. കായിക മത്സരങ്ങളിലും ബൗദ്ധിക വ്യായാമങ്ങളിലും വിജയിക്കുവാൻ കഴിഞ്ഞേക്കും.
പൂയം
കുടുംബ ജീവിതത്തിൽ സന്തോഷമനുഭവപ്പെടുന്നതാണ്. ഗാർഹികമായ ചിട്ടയും വെടിപ്പും മറ്റും വേണ്ടപ്പെട്ടവരുടെ പ്രശംസനേടും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട യാത്രകൾ ഉണ്ടായേക്കാം. വസ്തുവില്പനയെ ചൊല്ലിയുള്ള തർക്കങ്ങളുടെ വ്യവഹാര സാധ്യത തള്ളിക്കളയുവാൻ കഴിയില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അനാവശ്യ യാത്രകളോ പാഴ്ച്ചെലവുകളോ ഭവിക്കാം. ഉദ്യോഗസ്ഥർക്ക് ദൗത്യം പൂർത്തീകരിക്കുന്നതിൽ വീഴ്ചയുണ്ടാവും. വാരാന്ത്യത്തിൽ മംഗളകർമ്മങ്ങളിൽ പങ്കെടുത്തേക്കും.
ആയില്യം
നക്ഷത്രനാഥനായ ബുധൻ ഉച്ചത്തിലുമാണ്; എന്നാൽ മൗഢ്യത്തിലുമാണ് എന്നതിനാൽ വലിയ നേട്ടങ്ങൾ ഭവിക്കും. എന്നാൽ അവ കൈക്കൊള്ളാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകാം. ബുദ്ധിശക്തിയാൽ എതിർപ്പുകളെ മറികടക്കും. ബന്ധുക്കളിൽ ചിലർ ശത്രുക്കളായി മാറാം. നന്നായി സംസാരിച്ച് കാര്യം നേടാൻ സാഹചര്യം വന്നുചേരും. ഗൃഹവാഹനാദികൾ പുതുക്കാനായി പണച്ചെലവുണ്ടാകും. വാരത്തിന്റെ മധ്യദിവസങ്ങളിൽ ക്രയവിക്രയങ്ങളിൽ നഷ്ടം വരാതെ നോക്കണം. ചില മമതാബന്ധങ്ങൾ മനപ്രയാസത്തിന് കാരണമാകാം.
മകം
പല നിലയ്ക്കും അനുകൂലമായ വാരമാണ്. സഹായ വാഗ്ദാനങ്ങൾ നിറവേറപ്പെടാം. കുടുംബാംഗങ്ങൾക്കിടയിൽ നിലനിന്ന പ്രശ്നങ്ങൾക്ക് മുഖം നോക്കാതെ പരിഹാരം കൈക്കൊള്ളും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ നിർലോഭമായ പിന്തുണ ലഭിക്കുന്നതാണ്. ചെറുകിട കച്ചവടക്കാർക്ക് പ്രതീക്ഷിച്ചതിലും ലാഭം വന്നെത്തും. നിയമപ്രശ്നങ്ങളിൽ നേരിയ മുൻതൂക്കം കിട്ടും. വാസനാശാലികൾ ആയിട്ടുള്ള വിദ്യാർത്ഥികൾക്ക് കലാപഠനം തുടങ്ങുവാൻ അവസരം ഉണ്ടാകുന്നതാണ്.
പൂരം
കുട്ടിക്കാലം ചെലവഴിച്ച നാടോ വീടോ സന്ദർശിക്കും. ബാല്യകാല സുഹൃത്തുക്കളെ കാണാനാവും.
ജീവിതനിലവാരം മെച്ചപ്പെടും. സാമ്പത്തികമായി തരക്കേടില്ലാത്ത വാരമാണ്. ചെലവും ഉണ്ടാകും. ആഢംബര വസ്തുക്കൾ / ഗൃഹോപകരണങ്ങൾവാങ്ങാൻ കഴിയും. ഭോഗസുഖം ഭവിക്കും. അധികാരികളുടെ അനുകൂലതയുണ്ടാവും. രാഷ്ട്രീയ പ്രതിയോഗികളുടെ ഉപജാപം തിരിച്ചറിയും. ഗാർഹിക പ്രശ്നങ്ങളിൽ ബന്ധുക്കളുടെ അകമഴിഞ്ഞ പിന്തുണ കൈവരുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയും. സാഹസങ്ങൾ ഒഴിവാക്കുന്നത് ഉത്തമം.
ഉത്രം
'പിന്നീടുചെയ്യാം' എന്ന് മാറ്റിവെച്ച കാര്യങ്ങൾ പൂർത്തിയാക്കും. ഉദ്യോഗസ്ഥർ പുതിയ ചുമതലകൾ ഏറ്റെടുക്കും. നവസംരംഭങ്ങൾ ആശാവഹമായിത്തന്നെ മുന്നോട്ടു പോകും. നവമാധ്യമങ്ങളിൽ കൂടുതൽ 'പിൻതുടർച്ചക്കാരെ' ലഭിച്ചേക്കും. സക്രിയമായ ഇടപെടലുകൾക്ക് അംഗീകാരം കിട്ടുന്നതാണ്. സാഹിത്യകാരന്മാർക്ക് കലാപ്രവർത്തനം കൊണ്ട് മെച്ചമുണ്ടാകും. പുതിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാതിരിക്കുകയാവും അഭികാമ്യം.
അത്തം
സംവാദങ്ങളിലും ചർച്ചകളിലും പങ്കെടുക്കും. മനസ്സിനെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കിട്ടിയേക്കും. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കലാവിഷയങ്ങളിൽ പരിശീലനവും ലഭിച്ചേക്കാം. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾക്ക് കാലതാമസം വരുന്നതാണ്. പിതാവിന്റെ ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ വേണം. ധനപരമായി അനുഭവപ്പെട്ടിരുന്ന ഞെരുക്കം കുറഞ്ഞുതുടങ്ങുന്നതാണ്. പ്രത്യുല്പന്നമതിത്വം കൊണ്ട് പ്രശ്നങ്ങളിൽ നിന്നും പുറത്തുകടക്കും.
വാരാന്ത്യത്തിന് മേന്മ കുറയാം.
ചിത്തിര
സമ്മിശ്രമായ അനുഭവങ്ങൾക്കാവും മുൻതൂക്കം. മാനസിക പിരിമുറുക്കം കൂടുന്നതാണ്. വീട്ടുകാര്യങ്ങളിൽ ചിലത് അപരിഹൃതമായി തുടർന്നേക്കും. മക്കളുടെ കാര്യത്തിൽ ചില നേരിയ ഇച്ഛാഭംഗങ്ങൾ വന്നേക്കാം. പണക്കഷ്ടത്തിന് കുറച്ചൊന്ന് അയവ് വന്നേക്കും. ന്യായമായ ആവശ്യങ്ങൾ മിക്കതും ഒരുവിധം നടന്നുകൂടും. മത്സരങ്ങളിൽ വിജയ പ്രതീക്ഷ നിലനിർത്താൻ കഴിയുന്നതാണ്. പരുഷവാക്കുകൾ പറയേണ്ട സാഹചര്യങ്ങൾ വന്നാൽ അത്ഭുതപ്പെടാനില്ല. വിനോദപരിപാടികളിൽ പങ്കെടുത്തേക്കും.
ചോതി
പന്ത്രണ്ടിലും ജന്മത്തിലും ആയി സൂര്യനും കുജനും കേതുവും സഞ്ചരിക്കുകയാൽ മനസ്സമാധാനം കിട്ടാക്കനിയാവും. ചന്ദ്രന്റെ 4,5 രാശികളിലെ സഞ്ചാരവും ദേഹ-മനക്ലേശങ്ങൾക്ക് ഇടവരുത്തും. കഴിവതും ക്ഷമയും സഹിഷ്ണുതയും പുലർത്തുക. പുതുസംരംഭങ്ങൾക്കോ മുതൽമുടക്കിനോ ഗ്രഹാനുകൂല്യം ഇല്ല. ദിവസ വേതനക്കാർക്ക് ഗുണമുണ്ടാകുന്നതാണ്. സാധാരണച്ചെലവുകൾക്ക് പണം വന്നു ചേരും. പതിനൊന്നിലെ ശുക്രസ്ഥിതി ചില മോഹങ്ങളെ ഉണർത്തും. അനുരാഗികൾക്ക് ഹൃദയൈക്യം ഭവിക്കാം. വാരാന്ത്യദിനങ്ങളിൽ ഗുണമേറുന്നതാണ്.
വിശാഖം
ചിന്തയും വാക്കും പ്രവൃത്തിയും സമന്വയിപ്പിക്കുന്നതിൽ ക്ലേശിക്കും. ലക്ഷ്യത്തിൽ നിന്നും ഇടയ്ക്ക് തെന്നിമാറാം. അനാവശ്യമായേക്കാവുന്ന കാര്യങ്ങൾക്കായി സമയവും ഊർജ്ജ്വവും പാഴാക്കാം. വസ്തുക്കളുടെ, വിഷയങ്ങളുടെ ഗുരുലഘുത്വങ്ങൾ ചിലപ്പോൾ തെറ്റിദ്ധരിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്നും സമ്മർദ്ദമേറും. ഗാർഹികമായ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിയുന്നതായി ജീവിതപങ്കാളി വിമർശിച്ചേക്കാം. വ്യാഴാഴ്ച മുതൽ കുറശ്ശേ കാര്യങ്ങൾക്ക് ഗുണപരമായ മാറ്റം വരാം. ന്യായമായ ആവശ്യങ്ങൾക്ക് പണം കൈവശമെത്തുന്നതാണ്.
അനിഴം
ആശയപരമായ അവ്യക്തത തുടരും. തീരുമാനം കൈക്കൊള്ളുന്നതിൽ സമ്മർദ്ദമുണ്ടാകുന്നതാണ്. പന്ത്രണ്ടിലെ പാപഗ്രഹാധിക്യം കാരണം ചെലവ് കൂടിക്കൊണ്ടിരിക്കും. യാത്രകൾ വർദ്ധിക്കുന്നതാണ്. എന്നാൽ എല്ലാ യാത്രയും ലക്ഷ്യം കാണുമെന്ന് പറയാനാവില്ല. ദേഹക്ലേശവും ഭവിച്ചേക്കും. മനസ്സിന്റെ ഏകാഗ്രത കുറയുന്നതിനാൽ ചെയ്തത് ശരിയോ തെറ്റോ എന്നത് അലട്ടലാവും. വീട്ടിൽ നിന്നും ഭാഗികമായ പിന്തുണ ലഭിച്ചേക്കാം. പുതിയ സംരംഭം തുടങ്ങുക അല്പം നീട്ടിവെക്കുകയാവും ഉചിതം. മക്കളുടെ ആവശ്യങ്ങൾ സാധിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതായിരിക്കും.
തൃക്കേട്ട
വ്യക്തമായ ലക്ഷ്യബോധവും നിരന്തര അദ്ധ്വാനവും ഏറ്റവും ആവശ്യമായ സന്ദർഭമാണ്.
ശ്രദ്ധ ചിതറാനും ആലസ്യം പിടികൂടാനും സാധ്യതയുള്ള ഗ്രഹസ്ഥിതിയാണിപ്പോൾ. പണം കിട്ടേണ്ടത് കിട്ടിയേക്കും. എന്നാൽ ചെലവ് നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ആരോഗ്യപരമായും നല്ല ജാഗ്രത വേണം. ഭാഗ്യനാഥനായ ചന്ദ്രന് പക്ഷബലം ഉള്ളതിനാൽ അർഹമായതും അനർഹമായതും ഒക്കെ അനുഭവത്തിൽ വന്നേക്കാം. അവ നിലനിർത്താൻ പ്രയത്നം അനിവാര്യമാണ്. നിലവിലെ ജോലി ഇപ്പോൾ വേണ്ടെന്ന് വെക്കുന്നത് അഭിലഷണീയമല്ല. കുടുംബത്തിന്റെ പിന്തുണ കുറയില്ല.
മൂലം
നേട്ടങ്ങൾക്കും ഗുണാനുഭവങ്ങൾക്കും മുൻതൂക്കം കിട്ടുന്ന വാരമാണ്. കർമ്മഭാവാധിപതി ലാഭഭാവത്തിൽ നിൽക്കുകയാൽ ചെയ്യുന്ന തൊഴിൽ എന്തു തന്നെയായാലും അതിൽ സന്തോഷവും സംതൃപ്തിയും കൈവരിക്കും. ദൗത്യങ്ങൾ തടസ്സം കൂടാതെ പൂർത്തിയാക്കും. ശാസ്ത്രം, മാധ്യമം, നീതിന്യായം, ഗവേഷണം, അധ്യാപനം തുടങ്ങിയ മേഖലകളിലുള്ളവർക്ക് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കും. ദാമ്പത്യജീവിതം ആഹ്ളാദകരമാവുന്നതാണ്. വാരാന്ത്യത്തിൽ മാനസികോന്മേഷം കുറയാം.
പൂരാടം
താത്വികമായും പ്രായോഗികമായും തന്റെ പക്ഷത്താണ് ന്യായം എന്ന് ഒപ്പമുള്ളവരെക്കൊണ്ട് പറയിക്കത്തക്കവിധം പ്രവർത്തനങ്ങൾ നടത്തും. കൂടുതൽ അദ്ധ്വാനിക്കും. അതനുസരിച്ച് നേട്ടങ്ങൾ ഉണ്ടാവും. ധനപരമായി വളരെ മെച്ചമുണ്ടാകുന്ന വാരമാണ്. കലാപ്രവർത്തനത്തിനും സമയം കണ്ടെത്തും. പ്രണയികൾക്ക് സന്തോഷിക്കാനാവും. ഗാർഹിക / ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയേക്കും. ഭൂമിയിൽ നിന്നും ആദായം ഉണ്ടാകുന്നതാണ്. മക്കളെയോർത്ത് അഭിമാനിക്കാനാവും.
ഉത്രാടം
ജന്മനക്ഷത്രം തൊട്ട് വാരം ആരംഭിക്കുന്നു. മംഗളകർമ്മങ്ങളിലും വിരുന്നുകളിലും പങ്കെടുക്കും. ആത്മാഭിമാനം ഉയരുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നതാണ്. ധനുക്കൂറുകാർക്ക് നേട്ടങ്ങൾ വർദ്ധിക്കുന്നതാണ്. തൊഴിൽ വിപുലീകരിക്കാൻ ആവശ്യമായ മൂലധനം സ്വരൂപിക്കും. അധികാരികൾ അനുകൂല നിലപാടെടുക്കും. രാഷ്ട്രീയ പിന്തുണ നേടും. മകരക്കൂറുകാർക്ക് കാര്യങ്ങൾ മന്ദഗതിയിലാവും. ന്യായമായ ആവശ്യങ്ങൾ നടന്നു കിട്ടുന്നതാണ്.
തിരുവോണം
ക്ലേശകരമാവും, നേടാൻ എന്നു കരുതിയവ വേഗത്തിൽ കൈവരും. ലഘുത്വത്തോടെ സമീപിച്ചവ നേടുക എളുപ്പമല്ലെന്നും വരാം. നയതന്ത്രം, വീട്ടിലായാലും പുറമേയ്ക്കായാലും സൂക്ഷിച്ച് ഉപയോഗിക്കണം. സാമ്പത്തികമായി ശോച്യത പറയാനാവില്ല. മിക്ക ന്യായമായ ചെലവുകൾക്കും പണം വന്നെത്തും. ഉദ്യോസ്ഥർക്ക് മനസ്സില്ലാമനസ്സോടെ ചുമതലകൾ ഏറ്റെടുക്കേണ്ടി വരാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ നല്ല അനുഭവങ്ങൾ കൂടും. ആത്മവിശ്വാസം ഏറുന്നതാണ്.
അവിട്ടം
വെല്ലുവിളി പല രൂപത്തിലുണ്ടാവും. ഉള്ളിലും പുറത്തും എതിർപ്പുകൾ ഉയരാം. കരുനീക്കങ്ങൾ ശ്രദ്ധയോടെ വേണം. ജീവിതം പുരോഗതിയുടെ പാതയിൽ തന്നെയാവും. പക്ഷേ ആഗ്രഹിച്ച വിധത്തിലാണോ എന്നതിൽ സംശയം വരാം. കരാറുകൾ നേടാനുള്ള ശ്രമം വിജയിച്ചേക്കും. ഫ്രാഞ്ചൈസി പോലുള്ള ഏർപ്പാടുകളിൽ നിന്നും ധനാഗമം ഉണ്ടാവുന്നതാണ്. മിതവ്യയം ശീലമാക്കേണ്ടതാണ്. ഊഹക്കച്ചവടത്തിലും ഭാഗ്യപരീക്ഷണങ്ങളിലും വിജയിക്കണമെന്നില്ല. മക്കളുടെ കാര്യങ്ങൾക്കായി യാത്രകൾ ഉണ്ടായേക്കും.
ചതയം
ഗുണം, ദോഷം, സമ്മിശ്രം എന്നിങ്ങനെ അനുഭവങ്ങൾ മാറി മാറി വരുന്ന ആഴ്ചയാണ്. മനസ്സും ചഞ്ചലമായിക്കൊണ്ടിരിക്കും. ഒമ്പതാം ഭാവത്തിൽ പാപഗ്രഹങ്ങളുടെ തേർവാഴ്ചയാണ്. ഭാഗ്യം, കപ്പിനും ചുണ്ടിനുമിടയിൽ വഴുതാം. ഉപാസനകൾ മുടങ്ങാം. നല്ലകാര്യങ്ങൾ നടന്നുകിട്ടുക എളുപ്പമല്ല. പിതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. സർക്കാർ കാര്യങ്ങൾ നടന്നുകിട്ടാൻ വലിയ പരിശ്രമം വേണ്ടി വന്നേക്കാം. കച്ചവടത്തിൽ ലാഭം പ്രതീക്ഷിച്ചത്ര ഉണ്ടാവില്ല. കുടുംബജീവിതത്തിലും ആരോഗ്യകാര്യത്തിലും കരുതലുണ്ടാവണം.
പൂരൂരുട്ടാതി
കുംഭം - മീനം കൂറുകാരായ പൂരൂരുട്ടാതി നാളുകാർക്ക് ഒരുപോലെ ലാഭവും നഷ്ടവും മാറി മാറി അനുഭവത്തിൽ വരും. പ്രിയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ കഴിയുന്നതാണ്. ബന്ധുക്കൾ പിണക്കം മറന്ന് ഇണങ്ങിയേക്കും. കുടുംബ വിഷയങ്ങളിൽ അധികാരം പ്രയോഗിക്കും. ഗൃഹനിർമ്മാണം മെല്ലെയായേക്കും. സ്വന്തം തൊഴിൽ പുഷ്ടിപ്പെടുത്താനുള്ള മാർഗങ്ങൾ ഗാഢമായി വിചിന്തനം ചെയ്യും. വാഹനം ഏറ്റവും കരുതലോടെ ഉപയോഗിക്കണം. ആഢംബര കാര്യങ്ങൾക്ക് കടം വാങ്ങിയേക്കും. മനസ്സിന്റെ ശക്തി ദുർബലമാവാതെ നോക്കേണ്ടതുണ്ട്.
ഉത്രട്ടാതി
ചൊവ്വാഴ്ചവരെ നേട്ടങ്ങൾക്കാവും ആധിക്യം. കിട്ടാക്കടങ്ങൾ ഭാഗികമായെങ്കിലും വന്നുചേരും. തൊഴിലിടത്തിൽ ആദരം വർദ്ധിക്കും. തൊഴിൽ തേടുന്നവരും മറ്റും അഭിമുഖങ്ങളിൽ നന്നായി ശോഭിക്കുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെലവേറാം. കുടുംബാംഗങ്ങളോട് കലഹിക്കാനിടയുണ്ട്. പ്രയോജനപ്രദമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെടും. വെള്ളിയും ശനിയും മനശ്ശാന്തിയുണ്ടാവുന്നതാണ്. സദ്വാർത്തകൾ കേൾക്കും. ആഗ്രഹിച്ച വസ്തുക്കൾ സമ്മാനമായി ലഭിക്കാനിടയുണ്ട്.
രേവതി
തീരുമാനങ്ങൾ പലത് കൈക്കൊള്ളും. പക്ഷേ അവയിൽ മിക്കതും അപ്രായോഗികമാവും. ചില ഗുണാനുഭവങ്ങൾ വന്നുചേരും. പക്ഷേ അവ നിലനിർത്താൻ ക്ലേശിക്കുന്നതാണ്. ഉപരിപഠനത്തിനോ ചെറിയ കാലയളവിലേക്കുള്ള കോഴ്സുകളിലേക്കോ ചേരാനായേക്കും. പുതുസംരംഭങ്ങൾക്ക് കാലം തീർത്തും അനുകൂലമല്ല. ഉദ്യോഗസ്ഥർക്ക് സമ്മർദ്ദമുള്ള ചില നിലപാടുകളും പ്രവർത്തനങ്ങളും കൈക്കൊള്ളേണ്ടതായി വരാം. അന്യനാടുകളിൽ കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.